UPDATES

ട്രെന്‍ഡിങ്ങ്

ഇ അഹമ്മദ്: ഇന്ത്യയുടെ ഗള്‍ഫ് വാതില്‍; നയതന്ത്രമേഖലയിലെ സൗമ്യസാന്നിധ്യം

ഇ അഹമ്മദ് വിടവാങ്ങുമ്പോള്‍

2008-ലെ മുംബൈ ഭീകരവാദി ആക്രമണത്തിന് ശേഷം നടന്ന യു.എന്‍ സുരക്ഷാ കൌണ്‍സില്‍ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ നിയോഗിച്ചത് അന്ന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിനെയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്തം പാക്കിസ്ഥാനാണെന്ന് വ്യക്തമാക്കി അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ അന്നദ്ദേഹം നടത്തിയ ഇടപെടല്‍ ആ സംഭവത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു.

മുസ്ലിം ലീഗിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ ഏറ്റവും സൗമ്യവും ദീപ്തവുമായ മുഖങ്ങളിൽ ഒന്നായിരുന്നു എടപ്പക്കത്തു അഹമ്മദ് എന്ന ഇ അഹമ്മദ്. കണ്ണൂരിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ പിറന്ന അഹമ്മദിന്റെ രാഷ്ട്രീയ വളർച്ച കണ്ണൂരിലോ കേരളത്തിലോ മാത്രം ഒതുങ്ങിയില്ല. അത് ദേശീയ തലത്തിലേക്കും പിന്നീട് അന്തർദേശീയ തലത്തിലേക്കും വളർന്നു. ഇന്ദിര ഗാന്ധി മുതൽ നരേന്ദ്ര മോദിവരെയുള്ള പ്രധാന മാത്രിമാരുടെ വിശ്വാസം നേടിയ ഏക മലയാളി എന്ന പ്രത്യേകതയും അഹമ്മദ് സായ്‌വിനു സ്വന്തം. ഒരു പക്ഷെ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവിനുമപ്പുറം പത്തു തവണ ഐക്യ രാഷ്ട്ര സഭയിൽ ഇന്ത്യയുടെ നാവാകാൻ അഹമ്മദ് സായ്‌വിനു കഴിഞ്ഞതും ആദ്യം പറഞ്ഞ പ്രത്യേകത കൊണ്ടുകൂടിയാണ്.

മുസ്ലിം ലീഗിന്റെ അഖിലേന്ത്യ നേതാക്കളും പാർലമെന്റ് അംഗങ്ങളുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട്, ജിഎം ബനാത് വാല എന്നിവരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അഹമ്മദ്. മത ന്യൂനപക്ഷങ്ങൾക്കുവേണ്ടി സംസാരിക്കുമ്പോഴും തികഞ്ഞ മതേതരവാദിയാകാൻ അഹമ്മദ് എന്നും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് ഒരിക്കൽ അമേരിക്കയിൽ നടന്ന യു എൻ ഉച്ചകോടിയിൽ കാശ്മീർ പ്രശ്നത്തെക്കുറിച്ചു സംസാരിക്കവെ കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അതിനെ അടർത്തിമാറ്റുന്നത് ഇന്ത്യയിലെ ഒരു മുസ്ലീമിനും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചത്. അതേസമയം ഗുജറാത്തിൽ നടന്ന വംശ ഹത്യയെയും അദ്ദേഹം തുറന്നെതിർത്തു.

ബിരുദ പഠനത്തിന് ശേഷം ചന്ദ്രിക ദിന പത്രത്തിൽ സബ് എഡിറ്ററായി ജോലി ചെയ്തുവന്ന അഹമ്മദിന്റെ പ്രത്യേകതകൾ ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും സി എച് മുഹമ്മദ് കോയയും സീതി ഹാജിയുമായിരുന്നു. ഈ രണ്ടു നേതാക്കളുമായുള്ള ബന്ധം അഹമ്മദിന് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലേക്കുള്ള വാതിലുകൾ തുറന്നു കൊടുത്തു. കണ്ണൂരുകാരനായ അഹമ്മദിന് നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിക്കാൻ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങൾ ലഭിച്ചതും ഈ ബന്ധം വഴി തന്നെയായിരുന്നു.

പത്തു തവണ മലപ്പുറത്തെ വിവിധ മണ്ഡലങ്ങളിൽ നിന്നും നിയമ സഭയിലേക്കു ജയിച്ചു കയറിയ അഹമ്മദ് 1982-ൽ കേരളത്തിൽ വ്യവസായ മന്ത്രിയായി. ഇതിനിടെ ദേശീയ രാഷ്ട്രീയത്തിലേക്കു നിയോഗിക്കപ്പെട്ട അഹമ്മദിന് പാർലമെന്റിലേക്ക് മത്സരിക്കാൻ ലഭിച്ചതും മലപ്പുറത്തെ മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടകൾ തന്നെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും പേര് പറഞ്ഞു സീറ്റ് നിഷേധിക്കാൻ ചിലർ നടത്തിയ നീക്കത്തെ അതിജീവിക്കാൻ അഹമ്മദിന് തുണയായതും പാണക്കാട് തങ്ങൾ കുടുംബവുമായുള്ള അടുത്ത ബന്ധം തന്നെയായിരുന്നു. പാണക്കാട് തങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു അഹമ്മദ് നന്ദി പ്രകാശിപ്പിച്ചത് മുസ്ലിം ലീഗിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തു കൊണ്ടായിരുന്നു.

ഒന്നും രണ്ടും യുപിഎ സർക്കാരുകളിൽ കേന്ദ്ര സഹമന്ത്രി സ്ഥാനം വഹിച്ച അഹമ്മദ് മലബാറിന്റെയും കേരളത്തിന്റെയും ഉന്നമനത്തിനു വേണ്ടി തന്നാൽ ആവുന്നതത്രയും ചെയ്തു.

വിദേശ കാര്യ സഹമന്ത്രി എന്ന നിലയിൽ പ്രവാസി മലയാളികൾക്ക് അഹമ്മദ് ചെയ്ത സഹായങ്ങൾ നിരവധിയാണ്. പലപ്പോഴും ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചകൾക്ക് എതിരാളികൾ പോലും അഹമ്മദിനെ നിയോഗിച്ചിരുന്നു എന്നത് അക്കാര്യത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന കഴിവിനുള്ള അംഗീകാരം ആയിത്തന്നെ വേണം കാണാൻ.

നയതന്ത്ര രംഗത്ത് ഇ അഹമ്മദ് നടത്തിയ ഇടപെടലുകളുടെ നാള്‍വഴികള്‍:

1984- ഗള്‍ഫ് -രാജ്യങ്ങളിലേക്കുള്ള ഉന്നതതല വാണിജ്യ വ്യാപാര പ്രതിനിധി സംഘത്തെ നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ദൂതനായി ഗള്‍ഫ് രാജ്യങ്ങളുടെ ഭരണത്തലവന്‍മാരുമായി ചര്‍ച്ചകള്‍ നടത്തി.

1992-97- യുഎന്‍ പൊതുസഭയില്‍ തുടര്‍ച്ചയായി ആറുതവണ ഇന്ത്യന്‍ പ്രതിനിധി സംഘാംഗം

1995- കോപ്പന്‍ഹേഗനില്‍ നടന്ന ലോക സാമൂഹിക ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ അംഗം

1997- സൗദി അറേബ്യയിലെ മിന തീപിടിത്തം അന്വേഷിച്ച വസ്തുതാന്വേഷണ സംഘത്തിലെ അംഗം.

1995- 2001- വിവിധ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലെ അംഗം.

1998- ബ്രിട്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി ജോയിന്റ് കൊളോക്കിയത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

2000- ജോര്‍ദാനില്‍ നടന്ന പാര്‍ലമെന്ററി കോണ്‍ഫറന്‍സിനുള്ള ഇന്ത്യന്‍ സംഘത്തിലെ അംഗം.

2004- ഇറാഖ് ബന്ദി പ്രശ്‌നം കൈകാര്യം ചെയ്ത ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് ചെയര്‍മാന്‍. കൊളംബോയില്‍ ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ ഫോര്‍ റീജനല്‍ കോ-ഓപ്പറേഷന്‍ (ഐഒആര്‍-എആര്‍സി) മന്ത്രിതല യോഗം.

ഇ അഹമ്മദ് ബഹറിന്‍ രാജാവ് ഹമദ് അല്‍ഖലീഫയ്ക്കൊപ്പം

2005- നെയ്‌റോബിയില്‍ സുഡാന്‍ സമാധാന ഉടമ്പടി യോഗം, ചെറുദ്വീപുകളുടെ വികസനം സംബന്ധിച്ച് മൗറിഷ്യസില്‍ രാജ്യാന്തര ഉച്ചകോടി, അള്‍ജിയേഴ്‌സില്‍ അറബ് ലീഗ് സമ്മേളനം, ഓസ്‌ലോയില്‍ സുഡാന്‍ വികസന പങ്കാളികളുടെ യോഗം, പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി ഖത്തറില്‍ നടന്ന ജി-77 മന്ത്രിതല ഉച്ചകോടി, യുഎന്‍ വികസന സാമ്പത്തിക നടപടി അവലോകന സമ്മേളനം, സഹസ്രാബ്ദ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് ജക്കാര്‍ത്തയില്‍ നടന്ന എഷ്യ പസഫിക് മേഖലാ മന്ത്രിതല യോഗം,  ധാക്കയില്‍ സാര്‍ക്ക് ഉച്ചകോടി, ഇസ്ലാമാമാബാദില്‍ രാജ്യാന്തര വികസനപങ്കാളികളുടെ യോഗം.

2006- ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് മക്തൂം റാഷിദ് അല്‍ മക്തൂമിന്റെ സംസ്‌കാരച്ചടങ്ങില്‍ ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ് ശെഖാവത്തിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ചു. ടെഹ്‌റാനില്‍ ഐഒആര്‍- എആര്‍സി മന്ത്രിതല യോഗം. ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷന്‍ മേധാവികളുടെ രണ്ടുദിവസത്തെ യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു. ഖാര്‍ത്തുമില്‍ അറബ് ലീഗ് യോഗം.

2007- ഇന്ത്യ – ടുണീഷ്യ ജോയിന്റ് കമ്മിഷന്‍ യോഗം. സോളില്‍ നടന്ന ഐഒആര്‍-എആര്‍സി മന്ത്രിതല സമ്മേളനം. ടെഹ്‌റാനില്‍ മനുഷ്യാവകാശം സംബന്ധിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ (നാം) മന്ത്രിതല യോഗം, താഷ്‌കെന്റില്‍ ഷാങ്ഹായ് സഹകരണ സംഘടനാ യോഗം. യുഎന്‍ പൊതുസഭാ സമ്മേളനം.

2008 – ഉപരാഷ്ട്രപതിക്കൊപ്പം തുര്‍ക്കമെനിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം. പ്രധാനമന്ത്രിക്കൊപ്പം ഒമാന്‍-ഖത്തര്‍ സന്ദര്‍ശനം

2009 – കൊളംബോയില്‍ സാര്‍ക്ക് ഉച്ചകോടി, ഹവാനയില്‍ ‘നാം’ ഉച്ചകോടി

2011 – ഈജിപ്ത്, ഗ്വാട്ടിമാല, ഇക്വഡോര്‍, പാനമ, ഖത്തര്‍, സുദാന്‍, ഒമാന്‍, റമല്ല, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉഭയകക്ഷി സന്ദര്‍ശനങ്ങള്‍. ബാലിയില്‍ ‘നാം’ ഉച്ചകോടി, കുവൈത്തില്‍ എസിഡി മന്ത്രിതല സമ്മേളനം, യുഎന്‍ പൊതുസഭാ സമ്മേളനം, ഡമസ്‌കസില്‍ ഏഷ്യന്‍ സംസ്‌കാരങ്ങള്‍ സംബന്ധിച്ച രാജ്യാന്തര സമ്മേളനം.

2012 – മെക്‌സിക്കോയില്‍ ജി-20 ഉച്ചകോടി, ലണ്ടനില്‍ സൊമാലിയയുടെ പുനര്‍നിര്‍മാണം സംബന്ധിച്ച യോഗം, സൗദി അറേബ്യയില്‍ ഹജ് ഉടമ്പടി ഒപ്പുവയ്ക്കല്‍, ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാരുടെ സമ്മേളനം, സിറിയയിലും യുക്രൈനിലും ഉഭയകക്ഷി സന്ദര്‍ശനം, അബുദാബിയില്‍ ഇന്ത്യ-അറബ് ഉച്ചകോടി, റിയാദില്‍ ‘ഫ്രണ്ട്‌സ് ഓഫ് സിറിയ’ സമ്മേളനം, ബിഷ്‌കെക്, കസബ്ലാന്‍ക, തുനിസ് എന്നിവിടങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍. കുക്ക് ഐലന്‍ഡില്‍ പോസ്റ്റ് ഫോറം ഡയലോഗ് പാര്‍ട്‌ണേഴ്‌സ് യോഗം, യുഎന്‍ പൊതുസഭാ സമ്മേളനം, കുവൈത്തില്‍ എസിഡി സമ്മേളനം.

2013 – അബുദാബി, ജിദ്ദ, കുവൈത്ത് സിറ്റി, ദഷ്‌നാബെ, ട്രിപ്പോളി, അള്‍ജിയേഴ്‌സ്, ബഹ്‌റൈന്‍, ബെയ്‌റൂത്ത്, റമല്ല, അമ്മാന്‍ എന്നിവിടങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍. സൗദിയുമായി ഹജ് ഉടമ്പടി, അല്‍മാട്ടിയില്‍ ഏഷ്യ-ഇന്ത്യ സംഭാഷണം. യുഎന്‍ പൊതുസഭ, ഇന്ത്യ-ബഹ്‌റൈന്‍, എസിഡി സമ്മേളനങ്ങള്‍. ഗള്‍ഫ് മന്ത്രിസഭാ തലവന്മാരുടെ സമ്മേളനം.

2014 – അബുദാബിയില്‍ ഉഭയകക്ഷി ചര്‍ച്ച. കുവൈത്തില്‍ സിറിയന്‍ സ്ഥിതിഗതികള്‍ സംബന്ധിച്ച ഉന്നതതലയോഗം. സൗദിയില്‍ ഹജ് ഉടമ്പടി ഒപ്പുവയ്ക്കല്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍