UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലീഗില്‍ തൊട്ട് ആര്‍.എസ്.എസ് പച്ച തൊട്ടാലും ലീഗിന്റെ അവസ്ഥ എന്താവും?

Avatar

കെ എ ആന്റണി

കള്ളുവാറ്റുകാരും രാഷ്ട്രീയക്കാരും ചിലപ്പോള്‍ ഒറ്റക്കൈയാണ്. ചിലപ്പോള്‍ ഒരേപോലെ തോന്നാം. എന്നുകരുതി വാറ്റുകാര്‍ രാഷ്ട്രീയക്കാര്‍ ആണെന്ന് പറഞ്ഞു കൂടാ. അവര്‍ അവശവിഭാഗത്തില്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് കാലമെത്തുമ്പോള്‍ അവര്‍ ഒരു പക്ഷേ, ചക്കരയും ഈച്ചയും ആയതുപോലെ തന്നെ തോന്നിപ്പിക്കാം. ഇതൊക്കെ തികച്ചും സ്വാഭാവികമാണെന്ന് നാട്ടുകൂട്ടര്‍. വാറ്റുചാരായം മോന്തുകയും അവസരം കിട്ടുമ്പോഴൊക്കെ പാവം വാറ്റുകാരനെ ഭള്ള് പറയുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്ന ചിലരുണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും. ഓസിന് കിട്ടിയ ചാരായവും പോക്കറ്റില്‍ വന്നു വീണ ഗാന്ധി നോട്ടുകളും പൊലീസുകാര്‍ക്കിടയിലെ സല്‍പ്പേരും ചിലര്‍ക്ക് സൗഭാഗ്യമാണ്. അവരുടെ കുലം ഏതാണ്ട് അസ്തമിച്ച രീതിയാണ്. ബിജു രമേശ് ഉള്‍പ്പെടുന്ന ബാര്‍ക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ‘ഗാന്ധിയന്‍ സുധീര’ന്റെ പാര്‍ട്ടിയുടെ പോലീസില്ലെങ്കിലും നാട്ടുകൂട്ടം ഇപ്പോള്‍ രാഷ്ട്രീയക്കാരെ അടുത്ത് അടുപ്പിക്കില്ലെന്നതാണ് വാസ്തവം.

എന്നുകരുതി കള്ളിലും പെണ്ണിലും പണമിടപാടിലും ഭൂമിക്കച്ചവടത്തിലും എന്നു മാത്രമല്ല തെരഞ്ഞെടുപ്പ് കാലത്തെ വോട്ടു കച്ചവടത്തിലും ചില ഞഞ്ഞപിഞ്ഞ രാഷ്ട്രീയക്കാര്‍ ഓടി നടക്കുന്നുണ്ട്. അവരൊക്കെ സജീവമാണെന്നാണ് ഇക്കഴിഞ്ഞ ജനുവരി 26-ന് കോഴിക്കോട്ടെ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന അത്യന്തം കൗതുകം പകരുന്ന ഒരു കൂടിക്കാഴ്ചയെ കാണുമ്പോള്‍ തോന്നുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തയും ചിത്രയും വന്നത് ദേശാഭിമാനി പത്രത്തില്‍ ആകയാല്‍ വീണ്ടും ചില പതിവ് തെരഞ്ഞെടുപ്പുകാല ഗുസ്തികള്‍ ആര്‍ക്കും മണക്കും.

എന്നാല്‍ അന്വേഷണങ്ങള്‍ കൊണ്ടെത്തിക്കുന്നത് മുസ്ലിം ലീഗും ബിജെപി-ആര്‍ എസ് എസും മുന്‍കൈയെടുത്ത് നടത്തുന്നുവെന്ന് തോന്നിപ്പിക്കുന്ന ചില നിശബ്ദ നീക്കങ്ങളിലേക്കാണ്. ഇതാകട്ടെ കേരളത്തിലെ സാധാരണക്കാരായ മനുഷ്യരെ ആശങ്കയിലാക്കുന്നതാണ് താനും. വൃത്തിയുള്ള ജീവിതം സ്വപ്‌നം കണ്ടിരുന്ന, ജാതി-മത ഭേദമെന്യേ നടന്നിരുന്ന ഒരു സമൂഹത്തിനെ എത്രകളങ്കിതരാക്കാന്‍ പറ്റും എന്ന ചില ചില്ലറ രാഷ്ട്രീക്കാരുടെ ലാഭനോട്ടങ്ങളിലേക്കാണ് ഇന്നത്തെ അന്വേഷണവും എത്തിച്ചേര്‍ന്നത്.

പഴയ കോ-ലീ-ബി സഖ്യത്തിന്റെ തിരിച്ചു വരിനെക്കുറിച്ചാണ് ദേശാഭിമാനി പറയുന്നത്. മറുകുറി ഇന്നത്തെ ചന്ദ്രിക വായിച്ചാലും കിട്ടും. ഇതെഴുതുന്നയാള്‍ നിലവില്‍ ജന്മഭൂമി വായിച്ചിട്ടില്ല. അതിലുണ്ടല്ലോ ഞങ്ങളുടെ വിശദീകരണം എന്ന് പറയുന്നത് കേരളത്തിലെ മോഹന്‍ ഭാഗവതായ പി ഗോപാലന്‍കുട്ടിയാണ്. ‘ഞങ്ങള്‍ ജനുവരി 26 പ്രമാണിച്ച് ഒരുപാടു ആളുകളുമായി സംശയ നിവാരണം നടത്താന്‍ വേണ്ടി പോയി. ബിജെപി-ആര്‍ എസ് എസുമായി പൊതു സമൂഹത്തിനുള്ള ആശങ്കകള്‍ നിവാരണം ചെയ്യുന്ന ഒരു ഏര്‍പ്പാടാണ് ഇത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതൊക്കെ പോയി കാണുക. ഞങ്ങള്‍ നന്മയുടെ ഭാഗത്താണ് നില്‍ക്കുന്നത്’. എന്നൊക്കെ പറഞ്ഞ ഗോപാല്‍ജി പെട്ടെന്ന് ക്ഷുഭിതനായതിന്റെ രസതന്ത്രം ഇനിയും മനസ്സിലായിട്ടില്ല. എഴുപത് സീറ്റെന്ന സ്വപ്നത്തില്‍ നിന്ന് പത്ത് സീറ്റായി അത് താമരയെന്നതിലേക്ക് പോകുന്ന ഒരു ആര്‍ എസ് എസ് താത്വികന്റെ ബേജാറുകള്‍ ആ വാക്കുകളില്‍ വായിച്ചെടുത്തു.

ഇനിയപ്പോള്‍ എന്താണ് നമ്മുടെ ലീഗിന്റെ കച്ചവടം എന്നതിലേക്ക് പോകാം. ഫോണില്‍ കിട്ടിയത് ചര്‍ച്ചയ്ക്ക് ഇരുന്നുകൊടുത്ത കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല തന്നെ. ‘അവര്‍ വന്നു. കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ഒരു വിശദീകരണ പ്രശ്‌നം ആയാണ് വന്നത്. അതിന് അപ്പുറം തമ്മില്‍ നമ്മളും അവരും തമ്മില്‍ ബന്ധമൊന്നുമില്ല. ഇനിയിപ്പം നിങ്ങള്‍ പറയുമ്പോലെ എന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ നേരത്തെ തന്നെ കണ്ടത് വീരേന്ദ്ര കുമാറിനേയും വി കെ സി മുഹമ്മദ് കോയയുമല്ലേ. പിന്നെ ഞങ്ങള്‍ എന്തിന് സംശയിക്കണം.’

ഗോപാല്‍ജിയും ഉമ്മറും പറയുന്നതില്‍ എന്തൊക്കെയോ ആര്‍ക്കൊക്കയോ മണക്കുന്നുണ്ടെങ്കില്‍ അതു സിപിഐ-എമ്മിന് മാത്രമല്ല അത് കേരള രാഷ്ട്രീയത്തേയും ചരിത്രത്തേയും വീക്ഷിക്കുന്ന സുമനസ്സുകളുടേതു കൂടിയാണെന്ന് ഇവരൊക്കെ അറിഞ്ഞാല്‍ നന്ന്.

ഉത്തരേന്ത്യയിലെ മുസല്‍മാന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ലളിതവല്‍ക്കരിക്കുന്ന പതിവ് സ്വഭാവം മുസ്ലിംലീഗ് തുടരുന്നുവെന്ന് തന്നെ കരുതാന്‍. പ്രശ്‌നം ഭരണവും അധികാരവും ആകുമ്പോള്‍ പുതിയകാല മുസ്ലിം ലീഗും ഏത് ചെകുത്താനുമായും സന്ധിക്ക് പുറപ്പെടും എന്നത് പുതിയകാല വര്‍ത്തമാന രാഷ്ട്രീയമല്ല. മാറിയും മറിഞ്ഞും കളം നിറഞ്ഞ് നില്‍ക്കുമ്പോഴും പഴയൊരു കാര്‍ഷിക കലാപത്തിനെ മുസ്ലിം ലീഗ് എങ്ങനെ കണ്ടു എന്നറിയാന്‍ ആളുകള്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടാകും. കാലം മാറി. 1921-ല്‍ മുസ്ലിം കര്‍ഷകരെ ഒറ്റു കൊടുത്ത് അവര്‍ക്കിടയില്‍ ജാതി സ്പര്‍ദ്ധ പരത്തിയ വൃത്തികെട്ട സ്വഭാവം ഒരിക്കല്‍ കൂടി പാണ്ടിക്കടവത്ത്‌ നിന്ന് തിരിച്ചു വരുന്നുണ്ടോയെന്നും സംശയിച്ചേക്കാം.

ബാബ്‌റി മസ്ജിദ് പൊളിഞ്ഞകാലം മുതല്‍ വീണ്ടും കണ്ടതാണ് ലീഗിന്റെ രണ്ടാം ഇരട്ടത്താപ്പ് നയം. അവസരത്തിന് ഒത്ത് മൈലാഞ്ചിയിട്ട് ഒരുങ്ങിയിറങ്ങുന്ന ഈ ഏര്‍പ്പാട് മുസ്ലിം ലീഗിന് എന്നല്ല മുസ്ലിം സമുദായത്തിന് യോഗ്യമാണോയെന്ന് ഒന്ന് ഇരുത്തിച്ചിന്തിക്കാന്‍ പുതുകാല നേതാക്കന്‍മാര്‍ ഒന്ന് ചിന്തിച്ചാല്‍ നന്നെന്ന് മലപ്പുറം മാപ്ലിമാര്‍ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. പണ്ടത്തെ 22 സീറ്റ് ഉറപ്പിക്കുന്നതിനാണ് പഴയ ആര്‍ എസ് എസ് ബാന്ധവമെങ്കില്‍ അത് അത്യന്തം അപകടകരമായിരിക്കും എന്ന് മാപ്പിളമാര്‍ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അവരാരും പി കെ കുഞ്ഞാലിക്കുട്ടിയെന്ന മനുഷ്യനെ കണ്ട് മാപ്പിള വേദത്തില്‍ ചേര്‍ന്നവരല്ലെന്ന് തിരിച്ചറിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു.

സി എച്ച് മുഹമ്മദ് കോയയുടെ കാലം അസ്തമിച്ചു. കൊടുത്തും കൊണ്ടും തീര്‍ന്നും ലീഗ് അസ്തമിക്കുന്ന കാലത്ത് ഒരു ചന്ദ്രിക വീണ്ടും ഉയരാന്‍ ഒരു താമരയുടെ ബന്ധം ആവശ്യമുണ്ടോയെന്നാണ് പുതുകാല തലമുറക്കാരനായ എന്റെ സുഹൃത്ത് റിസ്വാന്‍ ചോദിച്ചത്. പൊന്നാനിയിലും കുറ്റിപ്പുറത്തും താമര വിളയിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് മാപ്പിളമാര്‍ കച്ചവടത്തിന് തയ്യാറാവുന്നുണ്ടെങ്കിലും ആര്‍ എസ് എസിനെ അമ്പേ അകറ്റി നിര്‍ത്തുകയാണ് നല്ലതെന്ന് റിസ്വാന്‍ ഉറപ്പിച്ചു പറയുന്നു. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കൂട്ടര്‍ പണം നല്‍കാറുണ്ട്. അതാരേയും പേടിച്ചിട്ടല്ല. ഞങ്ങള്‍ക്കും സ്‌നേഹമുള്ള പഴയ ബന്ധങ്ങള്‍ തുടരാനാണ് എന്ന് പറയുന്നതിലെ യുക്തി ആര്‍ എസ് എസുകാര്‍ക്ക് മനസ്സിലാകുമോയെന്ന് ഞങ്ങള്‍ക്ക് അറിയില്ല എന്നാണ് കൊണ്ടോട്ടി പുളിക്കലില്‍ നിന്ന് വേറൊരു മുസ്ലിം സുഹൃത്ത് പറഞ്ഞത്. കൊണ്ടോട്ടിയിലെ ഹിന്ദു ക്ഷേത്ര പുനരുദ്ധാരണം ചെയ്യുന്നതിന്റെ പേരില്‍ ഒരു മുസ്ലിം സുഹൃത്ത് നല്‍കിയ പണത്തെക്കുറിച്ച് മുസ്ലിം സമുദായം ഊറ്റം കൊള്ളുമ്പോഴും എന്തിനൊക്കെ വേണ്ടിയാണ് ഇത്തരം ദുരിത ഏര്‍പ്പാടുകള്‍ എന്ന് ചോദിക്കുന്നവരും ഉണ്ട് അക്കൂട്ടത്തില്‍. അവര്‍ ചോദിച്ചത് ക്ഷേത്രം പുനരുദ്ധാരണത്തെ കുറിച്ചല്ല. പഴയ മാപ്പിള പാട്ടിന്റെ ഉസ്താദ് മൊയീന്‍ കുട്ടി വൈദ്യരുടെയും നന്മകളുടെ സുബര്‍ക്കത്ത് ജീവിക്കുന്ന മനുഷ്യരുമാകയാല്‍ ഈ പുതിയ ഏര്‍പ്പാടുകളെ കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്ന വിഷയം മുസ്ലിം ലീഗിന് എത്രമാത്രം അപകടകരവും അപായവും ആകുമെന്ന് കുഞ്ഞാലിക്കുട്ടി സായ്വ് തീരുമാനിക്കേണ്ടതുണ്ട്.

ഈമാനുള്ള മാപ്പിളയുടെ ചെല്ലെഴുത്ത് പുതിയ ഹിന്ദുത്വ ബാന്ധവത്തില്‍ എത്രമാത്രം മാപ്പിളയ്ക്ക് വിനയാകും എന്ന ചിന്ത കുഞ്ഞാലിക്കുട്ടിക്ക് ഇല്ലെങ്കില്‍ അടുത്ത് കണ്ടോളാം എന്ന മാപ്പിള ചിന്തയും കണ്ടറിയേണ്ടതുണ്ട്. ഇനിയിപ്പോള്‍ ഈമാനുള്ള മാപ്പിളയാണോ കുഞ്ഞാലിക്കുട്ടിയാണോ ട്രോഫി കൊണ്ടു പോകുക എന്ന ചിന്ത ആലുവയില്‍ അല്ല നടക്കേണ്ടത്; മലപ്പുറത്താണ്. പണ്ടും കണ്ട കാര്യങ്ങളാണ്; കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി തോറ്റ അതേവര്‍ഷം ഇടി മുഹമ്മദ് ബഷീറും സി എച്ച് മുഹമ്മദ് കോയയുടെ മകന്‍ എം കെ മുനീറും തോറ്റു തുന്നം പാടിയ ചരിത്രവും ലീഗിനുണ്ട്. ആരും അനന്തഭദ്രമല്ല.

ഞാണിന്‍മേല്‍ കളിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. താത്രിക്കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ പോലെ സരിത ഒരുഭാഗത്ത്. നാണം കെട്ട് ഒരു സര്‍ക്കാര്‍. ജനം എങ്ങനെ ചിന്തിക്കുമെന്ന് എനിക്ക് അറിയില്ല. ഞാനീ എഴുതിയ കാര്യത്തിനോട് ഗോപാല്‍ജിക്കും ഉമ്മര്‍ പാണ്ടികശാലയ്ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും പ്രതികരിക്കാം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍