UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ക്രിസ്മസിന് ആരും തനിച്ച് ഭക്ഷണം കഴിക്കേണ്ട’-മുസ്ലീം റെസ്റ്റോറന്‍റ് ഉടമയുടെ വേറിട്ട ഓഫര്‍

എയ്മി ബി വാങ് 
(വാഷിംഗ്ടന്‍ പോസ്റ്റ്) 

ഒരു വെള്ളക്കടലാസില്‍ കൈ കൊണ്ടെഴുതിയ നോട്ടീസായാണ് ആ ലണ്ടന്‍ റെസ്റ്റോറന്‍റിലെ ഓഫര്‍ തുടങ്ങിയത്.

“ക്രിസ്മസ് ദിനത്തില്‍ ആരും ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്ന അവസ്ഥയുണ്ടാവരുത്!” എന്നായിരുന്നു ആ നോട്ടീസില്‍. ആശ്ചര്യ ചിഹ്നത്തെ ഒരു കുഞ്ഞു ഹൃദയം വരച്ച് അലങ്കരിച്ചിരുന്നു. “നിങ്ങള്‍ക്കൊപ്പമിരിക്കാന്‍ ഞങ്ങളുണ്ട്. വീടില്ലാത്തവരും വൃദ്ധരുമായ എല്ലാവര്‍ക്കും സ്വാഗതം.”

ആ ടര്‍ക്കിഷ് റെസ്റ്റോറന്‍റില്‍ ക്രിസ്മസ് ദിവസം ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 6 മണി വരെ വിളമ്പുന്ന മൂന്നു കോഴ്സ് വിഭവങ്ങളുടെ ലിസ്റ്റും നോട്ടീസിലുണ്ടായിരുന്നു (‘സൌജന്യം’ എന്ന വാക്ക് രണ്ടു തവണ അടിവരയിട്ടിട്ടുണ്ട്): സൂപ്പും കാസീക്കും (cacik- കട്ടിത്തൈരും ഔഷധച്ചെടികളും ചേര്‍ത്തുണ്ടാക്കുന്ന ഒരു ടര്‍ക്കിഷ് ഡിഷ്) തുടക്കത്തില്‍. ചിക്കന്‍/ പച്ചക്കറി സ്റ്റ്യൂ, ചിക്കന്‍ ഷിഷ്  ഇവയില്‍ നിന്ന് ഇഷ്ടാനുസരണം മെയിന്‍ കോഴ്സ് തെരഞ്ഞെടുക്കാം. മധുരത്തിന് റൈസ് പുഡ്ഡിങ്ങും.

തെക്കുകിഴക്കന്‍ ലണ്ടനിലെ മുസ്ലീം ഉടമസ്ഥതയിലുള്ള ടര്‍ക്കിഷ് ഭക്ഷണശാലയായ ഷിഷ് റെസ്റ്റോറന്‍റിന്‍റെ ജനാലകളിലൊട്ടിച്ച ഈ നോട്ടീസ് കഴിഞ്ഞ മാസം മുതലാണ് കണ്ടു തുടങ്ങിയത്. നവംബര്‍ മദ്ധ്യത്തോടെ അതിന്‍റെ ഫോട്ടോ റെസ്റ്റോറന്‍റിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തു. ക്രിസ്മസിന് ഒറ്റയ്ക്കായേക്കാവുന്നവര്‍ക്കായി ഇക്കാര്യം ഷെയര്‍ ചെയ്യാനും അവര്‍ അഭ്യര്‍ത്ഥിച്ചു.

മറ്റേതൊരു വര്‍ഷമായിരുന്നെങ്കിലും ക്രിസ്മസിന് സൌജന്യ ഭക്ഷണമെന്ന റെസ്റ്റോറന്‍റിന്‍റെ ആശയം ആഘോഷകാലത്തെ ഉദാരതയായേ കണക്കാക്കപ്പെടൂ.

എന്നാല്‍ ഈ വര്‍ഷം ഇത്തരമൊരു പ്രവര്‍ത്തിക്ക് പ്രത്യേക അര്‍ത്ഥം തന്നെ കാണണം. ജൂണിലെ ‘ബ്രെക്സിറ്റ്’ ഹിതപരിശോധനയോടനുബന്ധിച്ച് പതിവില്ലാത്ത വിധം ഇസ്ലാമോഫോബിക് പ്രശ്നങ്ങളാണ് ബ്രിട്ടനിലുണ്ടായത്. ആ പശ്ചാത്തലത്തിലാണ് മുസ്ലീങ്ങള്‍ നടത്തുന്ന ഒരു റെസ്റ്റോറന്‍റ്  കരുണയോടെ ഇങ്ങനെയൊരു വാഗ്ദാനം നല്‍കുന്നത്.

ഷിഷിലെ കൈ കൊണ്ടെഴുതിയ ആ നോട്ടീസ് പെട്ടന്നുതന്നെ തരംഗമായി. കഴിഞ്ഞ മൂന്നാഴ്ചകള്‍ കൊണ്ട് ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ആ ചിത്രത്തിനു ലഭിച്ചത്. രാജ്യത്തെ മുസ്ലീങ്ങള്‍ എതിര്‍പ്പുകളുടെ നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും ആതിഥ്യ മര്യാദയും കാരുണ്യവും പ്രകടിപ്പിക്കുന്നതിനെ അഭിനന്ദിച്ച് നൂറു കണക്കിനാളുകള്‍ കമന്‍റുകള്‍ എഴുതി.

“ഷിഷ്, ഇതെനിക്ക് അങ്ങേയറ്റം ഇഷ്ടപ്പെട്ടു. മറ്റുള്ളവരെ പഴിക്കുന്നതു നിര്‍ത്തി നമുക്കു ചുറ്റുമുള്ളവരെ സഹായിക്കാന്‍ നാം തന്നെ മുന്നിട്ടിറങ്ങണം എന്നു ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇത് വളരെ മനോഹരമായ പ്രവര്‍ത്തിയാണ്. എനിക്കറിയാവുന്നവര്‍ക്കെല്ലാം നിങ്ങളുടെ പേജ് ഷെയര്‍ ചെയ്യാന്‍ പോകുകയാണ്. നിങ്ങള്‍ വളരെ നല്ലവരാണ്; മറ്റുള്ളവര്‍ക്കും ഇതൊരു പ്രചോദനമാകുമെന്ന് കരുതാം. നിങ്ങളീ കാണിക്കുന്ന കാരുണ്യത്തിന്‍റെ 10 ഇരട്ടി നിങ്ങള്‍ക്ക് തിരിച്ചു കിട്ടുമെന്ന കാര്യം എനിക്ക് ഉറപ്പാണ്. വലിയൊരു കാര്യം തന്നെയാണ് ഇത്. പുഡിങ്ങിന്‍റെ കാര്യത്തില്‍ പിശുക്കല്ലേ,” എന്നാണ് ഫേസ്ബുക്കില്‍ സ്റ്റീഫന്‍ ഇ ലിഞ്ച് എന്നയാള്‍ എഴുതിയത്.

പേരിനും പെരുമയ്ക്കും വേണ്ടിയല്ല, കൂട്ടായ്മയുടെ പേരിലാണ് ഇങ്ങനെയൊരു കാര്യം ചെയ്യുന്നത് എന്നാണ് റെസ്റ്റോറന്‍റ് ഈ കമന്‍റിന് മറുപടി നല്‍കിയത്.

“ശരിയാണ്. നമ്മള്‍ ഒരു മനോഹര ലോകത്തൊന്നുമല്ല ഇപ്പോള്‍ ജീവിക്കുന്നത്. പരസ്പരം താങ്ങാകാന്‍ മുന്നോട്ടു വരേണ്ട സമയമാണിത്. ഞങ്ങള്‍ എന്നും ഒപ്പമുണ്ടാകും. ക്രിസ്മസ് പോലെയൊരു നല്ല അവസരത്തില്‍ എല്ലാവര്‍ക്കും സന്തോഷത്തോടെ ആഘോഷിക്കാന്‍ അവസരം ലഭിക്കണം,” ഷിഷ് തുടരുന്നു. 

ലിഞ്ചിന്‍റെ പ്രതികരണത്തിനു നന്ദി പറഞ്ഞ റെസ്റ്റോറന്‍റ് ചിരിക്കുന്ന ഇമോജിയോടെ “റൈസ് പുഡ്ഡിങ്ങിന്‍റെ കാര്യത്തില്‍ പേടിക്കേണ്ട, ഞങ്ങള്‍ പിശുക്കില്ല,” എന്നും എഴുതി.

ബുധനാഴ്ച രാവിലെ ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ ഷിഷിലെ മാനേജറോടോ ഉടമസ്ഥനോടോ ഫോണില്‍ സംസാരിക്കാന്‍ സാധിച്ചില്ല. വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ഷിഷ് 1993 മുതല്‍ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്നു; ടര്‍ക്കിഷ് മാംസ വിഭവങ്ങളാണ് അവരുടെ പ്രത്യേകത. 

“ഓട്ടോമാന്‍ സാമ്രാജ്യത്തിനു കുടക്കീഴില്‍ മറ്റനേകം സംസ്കാരങ്ങളെയും അവിടത്തെ പാചക രീതികളെയും സ്വീകരിച്ച പാരമ്പര്യത്തില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്,” അവരുടെ വെബ്സൈറ്റ് പറയുന്നു.

സി‌എന്‍എന്നിനോട് സംസാരിക്കവേ, സൌജന്യമായി ക്രിസ്മസ് ഭക്ഷണം നല്‍കുക എന്ന ആശയം എങ്ങനെ ലഭിച്ചു എന്നതിനെ പറ്റി റെസ്റ്റോറന്‍റ് മാനേജര്‍ ഇര്‍സാന്‍ കാന്‍ ജെന്‍ക്  വിവരിച്ചു. അവിടെ അടുത്തു താമസിച്ചിരുന്ന പ്രായമായ ഒരു സ്ത്രീ നവംബര്‍ ആദ്യം ഒരു ദിവസം റെസ്റ്റോറന്‍റിലെത്തി; വീട്ടിലെ ജനാല അടയ്ക്കാന്‍ ആരെങ്കിലുമോന്ന് സഹായിക്കാമോ എന്നു ചോദിക്കാനാണ് അവര്‍ വന്നത്.

അവിടത്തെ ജോലിക്കാര്‍ അവരെ സഹായിച്ചു. അവരോടു നന്ദി പറയവെ, ക്രിസ്മസിന് താന്‍ ഒറ്റയ്ക്കായിരിക്കുമെന്ന് ആ വൃദ്ധ പറഞ്ഞു.

റെസ്റ്റോറന്‍റ് ഉടമ സെര്‍ദാര്‍ കീജിലിക്ക് അവരെ കണ്ടപ്പോള്‍ ടര്‍ക്കിയിലുള്ള, അഞ്ചു വര്‍ഷമായി പോയി കാണാന്‍ സാധിച്ചിട്ടില്ലാത്ത സ്വന്തം അമ്മയെ ഓര്‍മ്മ വന്നുവെന്ന് ന്യൂസ് നെറ്റ്വര്‍ക്ക് പറയുന്നു.

അതുപോലെയുള്ള സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ക്കായി എന്തു ചെയ്യാനാകുമെന്ന് അവിടത്തെ സ്റ്റാഫ് ആലോചിച്ചു.

“ഇതില്‍ മതമോ ഭാഷയോ സംസ്കാരമോ ഒന്നുമില്ല.കൂട്ടായ്മ മാത്രമാണുള്ളത്,” ജെന്‍ക്  സി‌എന്‍എന്നിനോട് പറഞ്ഞു.

സമൂഹം ഈ ദയാവായ്പ്പിനോട് നന്നായി പ്രതികരിക്കുകയും ചെയ്തു. 40-50 പേരാണ് പാചകം ചെയ്യാനും വൃത്തിയാക്കാനുമൊക്കെ സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളതെന്ന് ജെന്‍ക്  ബി‌ബി‌സിയോടു പറഞ്ഞു. ആവശ്യക്കാരെ റെസ്റ്റോറന്‍റിലേയ്ക്കും തിരിച്ചും ഡ്രൈവ് ചെയ്യാനും അവര്‍ സഹായിക്കാം എന്നേറ്റിട്ടുണ്ട്. ചുരുങ്ങിയത് രണ്ടു പേരെങ്കിലും സൌജന്യ ഭക്ഷണത്തെ കുറിച്ചുള്ള പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തു സംഭാവനയായി നല്‍കി. അവയിപ്പോള്‍ റെസ്റ്റോറന്‍റിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

“കാരുണ്യ പ്രവര്‍ത്തികള്‍, പ്രത്യേകിച്ചും ക്രിസ്മസ് സമയത്തുള്ളവ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കും,” പോസ്റ്റര്‍ ചെയ്തു നല്‍കിയവരില്‍ ഒരാളായ ലേസി മാര്‍ട്ടിന്‍ ഫേസ്ബുക്ക് സന്ദേശത്തില്‍ പറഞ്ഞു. എത്ര പേരെയാണ് ഈ ആശയം സ്വാധീനിച്ചതെന്നു കണ്ട് താന്‍ ശരിക്കും അല്‍ഭുതപ്പെട്ടതായി അവര്‍ കൂട്ടിച്ചേര്‍ത്തു. “എത്ര പെട്ടന്നാണ് ഈ വാര്‍ത്ത പരന്നത്!”

മറ്റു റെസ്റ്റോറന്‍റുകളും സംഘങ്ങളും “പരസ്പരം സ്നേഹിക്കാനും പരിപാലിക്കാനും” പ്രചോദിതരായി മുന്നോട്ടു വരുമെന്ന് ജെന്‍ക് പ്രത്യാശ പ്രകടിപ്പിച്ചു.

“ഞങ്ങള്‍ വന്നിട്ടുള്ള സംസ്കാരം മതമോ വംശമോ നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ താല്പര്യപ്പെടുന്ന ഒന്നാണ്,” ജെന്‍ക് അസോസിയേറ്റഡ് പ്രെസ്സിനോട് പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍