UPDATES

ഗുജറാത്തില്‍ നിന്ന് മൂന്ന് പതിറ്റാണ്ടിനിടയില്‍ ലോക്‌സഭയിലെത്തിയത് ഒരു മുസ്ലീം; കാല്‍നൂറ്റാണ്ടായി മുസ്ലീങ്ങളെ തെരഞ്ഞെടുക്കാത്ത ഏഴ് സംസ്ഥാനങ്ങള്‍

നിയമനിര്‍മ്മാണ സഭകളില്‍ മുസ്ലീം പ്രാതിനിധ്യം കുറഞ്ഞുവരുന്നതായി കണക്കുകള്‍ തെളിയിക്കുന്നു.

ഇന്ത്യയിലെ നിയമനിര്‍മ്മാണ സഭകളില്‍ മുസ്ലീം പ്രാതിനിധ്യം കുറയുന്നതിന്റെ തീവ്രത കൂടുന്നു. ഹിന്ദുത്വ രാഷട്രീയത്തിന് സ്വാധീനം വര്‍ധിക്കുന്നതിന് മുമ്പ് തന്നെ കുറവായിരുന്ന മുസ്ലീം പ്രാതിനിധ്യം കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി കുടുതല്‍ കുറഞ്ഞുവെന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ലോക്‌സഭയില്‍ മുസ്ലീം പ്രാതിനിധ്യം ഏറ്റവും കുറഞ്ഞത് 2014 ലെ തെരഞ്ഞെടുപ്പോടെയാണ്. 30 വര്‍ഷത്തിനിടെ ഒരു രാഷ്ട്രീയപാര്‍ട്ടി തനിച്ച് കേവല ഭൂരിപക്ഷം നേടിയപ്പോള്‍ മുസ്ലീങ്ങളുടെ ലോക്‌സഭയിലെ എണ്ണം നാമമാത്രമായി. വെറും 22 പേര്‍. ലോക്‌സഭയിലെ മൊത്തം അംഗങ്ങളുടെ നാല് ശതമാനം മാത്രം.

എന്നാല്‍ മുസ്ലീങ്ങള്‍ അകറ്റി നിര്‍ത്തിപ്പെടുന്നതിന്റെ ഏറ്റവും വലിയ തെളിവ് ഗുജറാത്തില്‍നിന്നാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ഗുജറാത്തില്‍നിന്ന് ലോക്‌സഭയിലേക്ക് ഒരു മുസ്ലീം പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

1984 ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് അഹമ്മദ് പട്ടേല്‍ വിജയിക്കുന്നത്. പിന്നീട് 1989 ല്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. പിന്നീട് ഇന്നേവരെ ഒരു മുസ്ലീമും ഗുജറാത്തില്‍നിന്ന് ലോക്‌സഭയില്‍ എത്തിയിട്ടില്ല. ഗുജറാത്തിലെ ജനസംഖയുടെ 9.5 ശതമാനമാണ് മുസ്ലീം ജനസംഖ്യ. 1977 ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഗുജറാത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ലോക്‌സഭയിലെത്തിയത് അതും രണ്ട് പേര്‍. അഹമ്മദ് പട്ടേലും ഇഹ്‌സാന്‍ ജാഫ്രിയും. ജാഫ്രി ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെടുകയായിരുന്നു.

മുസ്ലീങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാത്തത് അല്ല കാരണം. ദേശീയ പാര്‍ട്ടികള്‍ മുസ്ലീങ്ങളെ മല്‍സരിപ്പിക്കുന്നതില്‍ താല്‍പര്യം കാണിക്കാത്തതാണ്. ബിജെപി ഇന്നേവരെ ഗുജറാത്തില്‍ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിച്ചിട്ടില്ല. കോണ്‍ഗ്രസ് 2014 വരെ മല്‍സരിപ്പിച്ചത് 15 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ്. മുസ്‌ലീം ഭൂരിപക്ഷ പ്രദേശമായ ബാറൂച്ചിലാണ് കോണ്‍ഗ്രസ് കൂടുതല്‍ തവണയും മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ ഇതില്‍ അഹമ്മദ് പട്ടേലിന് മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.

ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം മുസ്ലീങ്ങളെ മല്‍സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിനും താല്‍പര്യം കുറഞ്ഞുവെന്നാണ് സൂചന. 2014 ല്‍ ഒരു മുസ്ലീമിനെ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. മുസ്ലീം അപരവത്ക്കരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഗുജറാത്തിനെ ചൂണ്ടിക്കാണിക്കാമെങ്കിലും ലോക്‌സഭയിലെ മുസ്ലീം പ്രാതിനിധ്യവും ഒരു ഘട്ടത്തിലും ജനസംഖ്യയുടെ അനുപാതത്തിലായിരുന്നില്ല.

ഗുജറാത്തില്‍ മാത്രമല്ല, 14 സംസ്ഥാനങ്ങള്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഒരു മുസ്ലീമായ ലോക്‌സഭ അംഗത്തെയും തെരഞ്ഞെടുത്തിട്ടില്ല.

ഇന്ത്യയിലെ 15 കോടി മുസ്ലീങ്ങള്‍ ഉണ്ടെങ്കില്‍ ഇത്തവണത്തെ ലോക്‌സഭയില്‍ ഉണ്ടായിരുന്നത് 22 മുസ്ലീങ്ങള്‍ മാത്രമാണ്. 2009 ല്‍ 30 മുസ്ലീങ്ങളായിരുന്നു ലോക്‌സഭയില്‍ ഉണ്ടായിരുന്നത്. മുസ്ലീം പ്രാതിനിധ്യം മിക്ക ഘട്ടത്തിലും ലോക്‌സഭയുടെ മൊത്തം അംഗസംഖ്യയുടെ 5-6 ശതമാനം മാത്രമായിരുന്നു. 1980 ല്‍ 49 എം പി മാര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നത്. 18.5 ശതമാനം മുസ്ലീങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ചരിത്രത്തില്‍ ആദ്യമായി മുസ്ലീങ്ങള്‍ ആരും തെരഞ്ഞെടുക്കപ്പെടാതിരുന്നത് 2014 ല്‍ ആയിരുന്നു. സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിയ്ക്കുമേറ്റ തിരിച്ചടിയായിരുന്നു ഇതിന്റെ കാരണമെന്ന് കരുതുന്നു.

സമാജ് വാദി പാര്‍ട്ടി അധികാരത്തിലെത്തിയ 2012 ലെ തെരഞ്ഞെടുപ്പിലാണ് ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം പ്രാതിനിധ്യം ഉണ്ടായിരുന്നത്. സഭയിലെ 17 ശതമാനം അംഗങ്ങളും മുസ്ലീങ്ങളായിരുന്നു.

ബിജെപിയുടെ വളര്‍ച്ചയും ഹിന്ദുത്വ രാഷ്ട്രീയത്തിന് കിട്ടിയ മേല്‍ക്കൈയും മുസ്ലീം പ്രാതിനിധ്യം കുറയുന്നതിന് കാരണമായെന്ന് വേണം കരുതാന്‍. തീവ്ര ഹിന്ദുത്വത്തെ ചെറുക്കാന്‍ ഹിന്ദുത്വത്തിന്റെ വിവിധ മാത്രകള്‍ പരീക്ഷിച്ചു നോക്കുന്ന കോണ്‍ഗ്രസിനും മുസ്ലീം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ വിമുഖത കാണിക്കുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു. മധ്യപ്രദേശില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍