UPDATES

വിദേശം

മുസ്ലിം സ്ത്രീകള്‍ ഇസ്ലാമോഫോബിയയുടെ ദുരിതമനുഭവിക്കുന്ന വിധം

Avatar

റന എല്‍മിര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ വാരാന്ത്യത്തില്‍ മാന്‍ഹട്ടനിലെ വാലെന്റിനൊ സ്‌റ്റോറിനു പുറത്തു നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയുടെ തൊട്ടടുത്തു നില്‍ക്കുകയായിരുന്ന ഒരു പുരുഷന്‍ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ചുഅവരുടെ മേല്‍ക്കുപ്പായത്തിന് തീവച്ചു. തന്റെ ഇടത്തെ മാറിടത്തില്‍ ചൂട് അനുഭവപ്പെടുന്നത് അറിഞ്ഞതോടെയാണ് സ്ത്രീ അതു ശ്രദ്ധിച്ചത്. നോക്കുമ്പോള്‍ ഡ്രസ്സ് കത്തിത്തുടങ്ങിയിരുന്നു. പെട്ടെന്നു തന്നെ തീയണച്ചതിനാല്‍ വസ്ത്രം അല്‍പ്പം കരിഞ്ഞുവെങ്കിലും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ആ സ്ത്രീ ന്യൂയോര്‍ക്ക് പോലീസിനു നല്‍കിയ മൊഴിയാണിത്. അവര്‍ ഒരു മുസ്ലിമായിരുന്നു. ഹിജാബ് ധരിക്കുകയും ചെയ്തിരുന്നു. ഒരു വിദ്വേഷ കുറ്റകൃത്യമായ സംഭവം പൊലീസ് അന്വേഷിക്കുകയാണിപ്പോള്‍.

പൊതുസമൂഹത്തില്‍ സ്ത്രീയായി ജീവിക്കുന്നതിന്റെ പ്രയാസങ്ങളെ കുറിച്ച് ഏതാണ്ട് എല്ലാ സ്ത്രീകള്‍ക്കും ഒരു ദുരനുഭവത്തിന്റെ കഥയെങ്കിലും പറയാനുണ്ടാകും. അപരിചിതരുടെ കണ്ണുകള്‍, അനാവശ്യ കമന്റുകള്‍, വെറുപ്പിക്കുന്ന ലൈംഗിക ചേഷ്ടകള്‍ അല്ലെങ്കില്‍ ശാരീരിക പീഡനങ്ങള്‍ അങ്ങനെ പലതുമാകാം. എന്നാല്‍ മുസ്ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ ഒറ്റപ്പെട്ട സ്ത്രീവിരുദ്ധ സംഭവങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും അപ്പുറം ഭീഷണമായ മറ്റൊരു പ്രയാസം കൂടി പേറേണ്ടി വരുന്നു.

അമേരിക്കയിലേക്കുള്ള മുസ്ലിംകളുടെ പ്രവേശനം തന്നെ വിലക്കുമെന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന്റെ ആശയമടക്കം മുസ്ലിം വിരുദ്ധ നയസമീപനങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ടായ 2015-ലാണ് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രകടനങ്ങള്‍ അരങ്ങേറിയത്. സെപ്തംബര്‍ 11 ഭീകരാക്രമണത്തിനു ശേഷം അഞ്ചിരട്ടിയായി ഇതു വര്‍ധിച്ചു. ഈ മുസ്ലിം വിരുദ്ധ വിഷം ചീറ്റലിന് സ്ത്രീകളും പുരുഷന്‍മാരും ഇരകളാകുന്നുണ്ടെങ്കിലും ഇത് തീര്‍ത്തും ലിംഗപരമായ ഒരു പ്രതിസന്ധിയാണ്. ഇസ്ലാംപേടി എന്ന മുന്‍വിധിയുടെ ദുരിതങ്ങള്‍ ശരിക്കും പേറേണ്ടി വരുന്നത് മുസ്ലിം സ്ത്രീകള്‍ക്കാണ്.

മുസ്ലിം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രകടനങ്ങളും വിവേചനങ്ങളും എത്രത്തോളമുണ്ട് എന്നു പരിശോധിക്കണമെങ്കില്‍ അതിനുള്ള സമഗ്രമായ വിവരങ്ങള്‍ പോലും കണ്ടെത്തുക പ്രയാസമാണ്. (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ലിംഗപരമായി വേര്‍തിരിക്കുന്നില്ല.) എങ്കിലും സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച ഹിജാബോ നിഖാബോ ധരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ഒരു അധിക പീഡനം കൂടി സഹിക്കേണ്ടിവരുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. കാരണം ഹിജാബോ നിഖാബോ ധരിക്കുന്നവര്‍ മതത്തെ പ്രതിനിധീകരിക്കുന്നുവെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. അതുകൊണ്ട് തന്നെ വിവേചനത്തിനും പീഡനത്തിനും ആക്രമണങ്ങള്‍ക്കുമിരയാക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

ഹിജാബ് ധരിക്കുന്ന 69 ശതമാനം മുസ്ലിം സ്ത്രീകളും ചുരുങ്ങിയത് ഒരു തവണയെങ്കിലും വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഒരു പഠനം പറയുന്നു. ഹിജാബ് ധരിക്കാത്ത 29 ശതമാനം പേര്‍ക്കു മാത്രമെ ഈ അനുഭവമുണ്ടായിട്ടുള്ളൂ. ലോകത്ത് പലയിടങ്ങളിലായി അരങ്ങേറുന്ന മുസ്ലിം വിരുദ്ധ സംഭവങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ പറയുന്നത് മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രകടനങ്ങളില്‍ റെക്കോര്‍ഡ് വര്‍ധയുണ്ടായിട്ടുണ്ടെന്നാണ്. നെതര്‍ലാന്‍ഡില്‍ മെല്‍ഡ് ഇസ്ലാമോഫോബി റിപ്പോര്‍ട്ട് പ്രകാരം 2015-ലെ ഇസ്ലാമോഫോബിയ സംഭവങ്ങളിലെ 90 ശതമാനം ഇരകളും മുസ്ലിം സ്ത്രീകളാണ്. ഫ്രാന്‍സില്‍ 81 ശതമാനം ഇരകളും മുസ്ലിം സ്ത്രീകളാണെന്ന് കളക്ടീവ് എഗയ്ന്‍സ്റ്റ് ഇസ്ലാമോഫോബിയ റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തിലുള്ള മൊത്തം കേസുകളില്‍ പകുതിലേറെ സംഭവങ്ങളില്‍ സ്ത്രീകളാണ് ഇരയാക്കപ്പെട്ടതെന്ന് ബ്രിട്ടീഷ് സംഘടനയായ ടെല്‍ മാമ ചൂണ്ടിക്കാട്ടുന്നു. ഓരോ പഠനവും പറയുന്നത് ഹിജാബ് അല്ലെങ്കില്‍ നിഖാബ് പോലുള്ള പ്രത്യക്ഷമായ ഇസ്ലാം അടയാളങ്ങളുള്ള സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യത ഏറെയാണെന്നാണ്.

മുസ്ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ കണക്കുകള്‍ അവരുടെ യഥാര്‍ത്ഥ ജീവിതമാണ്. ഹിജാബ് ധരിക്കുന്ന എന്റെ ഒരു സുഹൃത്ത് ഈയിടെ വിമാനത്താവളത്തിലെ ബാത്ത്‌റൂമിനടത്തു തടഞ്ഞു നിര്‍ത്തി ഏഴു വയസ്സുകാരന്‍ മകന്റെ മുമ്പില്‍ വച്ച് ‘ഇതൊക്കെ വീട്ടിനുള്ളില്‍ ധരിച്ചാല്‍ മതി’ എന്ന് ആജ്ഞാപിച്ച സംഭവം പറഞ്ഞപ്പോള്‍ ഞങ്ങള്‍ ന്യുയോര്‍ക്കില്‍ കുട്ടികളെ സ്‌ട്രോളറില്‍ തള്ളി കൊണ്ടു പോകുകയായിരുന്ന രണ്ടു സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം ഓര്‍ത്തു പോയി. ഇവരെ ആക്രമിച്ചവരും ഇതേ വികാരമാണ് പ്രകടിപ്പിച്ചത്. ഇവരില്‍ ഒരു സ്ത്രീയെ നിലത്തേക്ക് തള്ളിയിട്ട് ഹിജാബ് വലിച്ചു കീറുന്നതിനിടെ ആക്രമി പറഞ്ഞത് ‘ഇത് അമേരിക്കയ്ക്കു വെളിയില്‍ കൊണ്ടു പോയി കളയ്’ എന്നായിരുന്നു.

യുഎസില്‍ പതിറ്റാണ്ടുകളായി ഹിജാബിനും നിഖാബിനും ജോലിസ്ഥലങ്ങളിലും സ്വിമ്മിംഗ് പൂള്‍, സ്‌കൂള്‍ പോലുള്ള പൊതു ഇടങ്ങളിലും വിലക്ക് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കാര്യമായും നടക്കുന്നത് ഫ്രാന്‍സിനെ ചുറ്റിപ്പറ്റിയാണ്. സാമന്ത ഇലോഫിനെ പോലുള്ള മുസ്ലിം സ്ത്രീകളെ ജോലികളില്‍ നിന്ന് പിരിച്ചുവിടുകയോ ജോലിക്കെടുക്കാതിരിക്കുകയോ ചെയ്യുന്നു. അബെര്‍ക്രോംബി ആന്റ് ഫിച്ച് എന്ന മുന്‍നിര വസ്ത്രവ്യാപാര സ്ഥാപനം തന്നെ ഹിജാബ് കാരണം ജോലിക്കെടുക്കാത്തതിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത അനുകൂല വിധി സമ്പാദിച്ചയാളാണ് ഇലോഫ്. ട്രെയിന്‍ കാത്തു സ്റ്റേഷനില്‍ നില്‍ക്കുന്നതിനിടെ പിടികൂടുകയും കൈകാര്യം ചെയ്യുകയും ഒടുവില്‍ ചിക്കാഗോ പൊലീസിന്റെ തുണിയുരിഞ്ഞുള്ള പരിശോധനയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്ത ഇതെമിദ് അല്‍ മതറിനെ പോലെ പലരും അറസ്റ്റ് ചെയ്യപ്പെടുന്നു. ഇതിനെല്ലാം പുറമെ, നിഖാബ് ധരിച്ചെത്തുന്നവരെ കോടതിയില്‍ സാക്ഷി പറയാന്‍ അനുവദിക്കുന്ന കാര്യം ജഡ്ജിക്കു തീരുമാനിക്കാമെന്ന നിയമം പാസാക്കിയ മിഷിഗണിലെ പോലെ ഇവരെ ഒന്നടങ്കം നീതിനിര്‍വഹണ സംവിധാനത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

മുസ്ലിം പുരുഷന്‍മാരും സ്ത്രീകളും ഈ അപരാധ ബോധം അനുഭവിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ അധികമായി ഇര ബോധം കൂടി അനുഭവിക്കുന്നു. ‘ഭയപ്പെടേണ്ട’ ഒരു മതത്തിന്റെ തിരിച്ചറിയാവുന്ന പ്രതിനിധികളായും പുരുഷാധിപത്യത്തിന്റെ നിഷ്‌ക്രിയ ഉന്നമായും ഒരേ സമയം നാം വിലയിരുത്തപ്പെടുന്നു. അതിന്റെ ഫലമായി, വില്ലനായും ഇരയായുമുള്ള നമ്മുടെ പരിഹാസ്യമായ സ്ഥിതി വിവേചനത്തിലേക്കും പീഡനങ്ങളിലേക്കും വിദ്വേഷ കുറ്റങ്ങളിലേക്കും നയിക്കുക മാത്രമല്ല ചെയ്യുന്നത്, നമ്മെ സഹായിക്കാന്‍ വാര്‍പ്പുമാതൃകകളിലും മുസ്ലിം വിരുദ്ധ മുന്‍വിധികളിലും വേരൂന്നിയ ദോഷൈകദൃക്കായ നയ നിര്‍ദേശങ്ങളെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു.

ഉദ്യോഗസ്ഥരും പുതിയ പണ്ഡിറ്റുകളും സ്ത്രീകളുടെ അവകാശമെന്ന വ്യാജേന മുസ്ലിം വിരുദ്ധ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ കാലങ്ങളായി ഉപയോഗിക്കുന്ന തന്ത്രവുമിതാണ്. നേര്‍ത്ത രീതിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഈ മുന്‍വിധിയാണ് ബുര്‍ക്കിനി നിരോധിച്ച ഫ്രാന്‍സിലെ 30 തീരദേശ ടൗണുകളുടെ വാദങ്ങളുടേയും കേന്ദ്ര ബിന്ദു. ‘ബുര്‍ക്കിനി പുതിയ തരം ഒരു നീന്തല്‍ വേഷമല്ല. അത് ബിച്ചിലണിയുന്ന ബുര്‍ഖയാണ്. സ്ത്രീ ശരീരങ്ങളെ ഒളിപ്പിക്കുന്നതിലൂടെ അവരെ നിയന്ത്രണ വിധേയരാക്കുക എന്ന യുക്തി തന്നെയാണ് ഇതിനു പിന്നിലും’  എന്ന, ബുര്‍ക്കിനി വിലക്കിനെ പ്രതിരോധിച്ചു കൊണ്ടുള്ള സത്രീകളുടെ അവകാശ സംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്ന ഫ്രഞ്ച് മന്ത്രി ലോറന്‍സ് റോസിനോളിന്റെ പ്രതികരണത്തില്‍ ശരിക്കും ആശയക്കുഴപ്പമുണ്ട്.

മന്ത്രി എതിര്‍ക്കുന്ന അതേ കാര്യം നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുകയാണ് ഈ വിലക്കു നിയമങ്ങള്‍ ചെയ്യുന്നത് എന്നത്  വിരോധാഭാസമായി തുടരുന്നു.

ഒളിംപിക്‌സില്‍ ഹിജാബ് ധരിച്ച് പങ്കെടുത്ത ആദ്യ അമേരിക്കന്‍ താരവും മെഡല്‍ ജേതാവുമായ ഇബ്തിഹാജ് മുഹമ്മദിന്റെ കാര്യത്തിലും മറ്റൊന്നല്ല സംഭവിച്ചത്. ഇബ്തിഹാജിന്റെ ചരിത്രപരമായ ഒളിംപിക്‌സ് മെഡല്‍ നേട്ടത്തെ കുറച്ചു കാണാനാണ് ടോക് ഷോ അവതാരകന്‍ റഷ് ലിംബോ ശ്രമിച്ചത്. ‘പുരുഷന്‍മാര്‍ നിയന്ത്രിക്കുന്ന ഒരു മതത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയെ നാമെന്തിന് ഇത്ര ആഘോഷിക്കണം? അവരത് അംഗീകരിച്ചേക്കാം. എങ്കിലും സ്ത്രീകളെ കീഴടക്കുകയും പ്രാധാന്യം കുറച്ചു കാണുകയും ചെയ്യുന്ന ഒരു പുരുഷ കേന്ദ്രീകൃത മതമാണത്,’ എന്നായിരുന്നു റഷിന്റെ പ്രതികരണം.

അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളുടേയും ജാഗ്രതാ നിര്‍ദേശങ്ങളുടേയും പശ്ചാത്തലത്തില്‍ മുസ്ലിം സ്ത്രീകള്‍ കൂട്ടത്തേടെ സ്വയം പ്രതിരോധ പാഠങ്ങള്‍ തേടാന്‍ ആരംഭിച്ചിട്ടുണ്ട്. ചിലര്‍ തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനായി ഹിജാബ് ഉപേക്ഷിക്കുന്നതിനെ കുറിച്ച ചിന്തിക്കുമ്പോള്‍ മറ്റു ചിലര്‍ അനിശ്ചിതത്വം നിറഞ്ഞ സമയത്തും ഹിജാബ് ധരിച്ചു കൊണ്ട് തങ്ങളുടെ വിശ്വാസത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു. ഒരിക്കല്‍ ഒരു പുരുഷന്‍ ഒരു കമ്മ്യൂണിറ്റി ഡോഗ് പാര്‍ക്കില്‍ വച്ച് എന്നെ പരുങ്ങലിലാക്കിയപ്പോള്‍ ഞാനും ഇത്തരമൊരു ഭീതിയിലൂടെ കടന്നു പോയിട്ടുണ്ട്. കുശലങ്ങള്‍ പറയുന്നതിനിടെ ഒരു മുന്നറിയിപ്പോ പ്രകോപനമോ ഇല്ലാതെ പരുഷമായി അയാള്‍ ഒരു ചോദ്യമുന്നയിച്ചു: ‘മുസ്ലിംകള്‍ക്ക് എന്താണ് കുഴപ്പമെന്ന് നിങ്ങള്‍ക്കറിയുമോ?’

ഞാന്‍ ഒരു നോട്ടം നോക്കി പിന്തിരിയാന്‍ ശ്രമിക്കുന്നതിനിടെ എന്റെ തോളില്‍ പിടിച്ച് ഒരു വിരല്‍ എന്റെ മുഖത്ത് വച്ചാണ് അദ്ദേഹം സംസാരം കടുപ്പിച്ചത്. മുസ്ലിം പുരുഷന്മാര്‍ ഭീകരവാദികളും ബലാല്‍സംഗം നടത്തുന്നവരും സ്ത്രീകള്‍ ഇവരുടെ അടിച്ചമര്‍ത്തലിന്റെ ഇരകളുമാണെന്നും പല്ലിറുമ്മിക്കൊണ്ട് അയാള്‍ പറയുന്നുണ്ടായിരുന്നു. ഞാന്‍ ഇതെല്ലാം കേട്ടു. നിശബ്ദമായ കണക്കുകൂട്ടലുകളായിരുന്നു എന്റെ മനസ്സിലപ്പോള്‍. വിശാലമായ പാര്‍ക്കില്‍ ഞാന്‍ ഒറ്റയ്ക്കാണ്. അദ്ദേഹമാണെങ്കില്‍ അപ്രവചനീയനും വഴക്കാളിയും. എന്തും സംഭവിക്കുമായിരുന്നു.

പൂര്‍ണമായ തുല്യാവകാശം എന്ന ഒന്ന് തിരിച്ചറിയാന്‍ നമുക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. എന്നാല്‍ ഇസ്ലാം അല്ല നമ്മെ പിറകോട്ട് വലിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ എല്ലാ തുറകളിലും വ്യാപകമായുള്ള വിവേചനവും മുന്‍വിധികളുമാണ്. ആളുകള്‍ തിങ്ങിനിറഞ്ഞ ഒരു ബീച്ചില്‍ നാലു പൊലീസുകാര്‍ ചേര്‍ന്ന് ഒരു മുസ്ലിം സ്ത്രീയുടെ ബുര്‍ക്കിനി അഴിപ്പിക്കുന്നത് സ്ത്രീ പുരോഗമനത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കുന്നതില്‍ ബുദ്ധിപരമായി സത്യസന്ധതയില്ലെന്ന പോലെ മുസ്ലിം വിരുദ്ധ മുന്‍വിധികളെ നമുക്കു മുമ്പിലുള്ള അവസരങ്ങളുടെ വാതിലുകള്‍ അടക്കാന്‍ തുടര്‍ന്നും അനുവദിക്കുന്നത് അനീതിയാണ്.

സ്ത്രീകളുടെ അവകാശത്തിന്റെയും മത സഹിഷ്ണുതയുടെയും പേരിലുള്ള വിവേചനവും വിവേചനം തന്നെയാണ്. ഏതെങ്കിലുമൊരു മുസ്ലിം സ്ത്രീയോട് ചോദിക്കൂ, അവസാനം ഞങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഞങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ മാത്രമാണെങ്കിലും.

(മിഷിഗണിലെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യുണീയന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് റെന എല്‍മിര്‍. ഇസ്ലാമോഫോബിയ, ലിംഗനീതി, വിശ്വാസം, അഭിപ്രായസ്വാതന്ത്ര്യം, വംശീയ വിഭജനം എന്നീ വിഷയങ്ങളില്‍ പ്രഭാഷക കൂടിയാണ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍