“ഓ അദിയ്യ്, നിങ്ങള്‍ക്കായുസ്സുണ്ടെങ്കില്‍ ഒരു സ്ത്രീ ഒറ്റക്ക് അല്ലാഹുവിനെയല്ലാതെ ആരെയും ഭയപ്പെടാതെ ഹിറായില്‍ നിന്ന് യാത്ര പുറപ്പെട്ട് കഅബ പ്രദക്ഷിണം ചെയ്യാന്‍ സാധിക്കുന്ന ഒരു കാലത്തിന് താങ്കള്‍ സാക്ഷിയാകും”- ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസ്
പെരുന്നാള്‍ നാളുകളാണ് വരുന്നത്. ഓര്‍മ്മയുടെ, ഗൃഹാതുരത്വത്തിന്റെ ഒക്കെ കാലമാണത്, പ്രത്യേകിച്ച് ഒരു പ്രവാസി പെണ്‍ജീവി എന്ന നിലയില്‍. എന്നാല്‍, ഇപ്പോള്‍, പെരുന്നാള്‍ ഓര്‍മ്മ എന്നത് ആ വാക്കുകളാണ്. കഴിഞ്ഞ തവണത്തെ ഈദ്ഗാഹിലെ ഖുത്ബ പ്രഭാഷണത്തില്‍ കേട്ട ആ വാക്കുകള്‍.
‘ഉപ്പയുടെയോ സഹോദരന്റെയോ ഭര്‍ത്താവിന്റെയോ കൂടെ അല്ലാതെ നിങ്ങള്‍ യാത്ര ചെയ്യരുത്’. ഇതായിരുന്നു ആ വാക്കുകള്‍. നമസ്കാരം കഴിഞ്ഞു പതിവ് പോലെ ഖുത്ബ. ഫിതര്‍ സകാത്തിനെ പറ്റിയും പട്ടിണിയില്ലാത്ത പെരുന്നാള്‍ ദിനത്തെ പറ്റിയും ഒക്കെ പതിവ് പോലെ ഉദ്ബോധിപ്പിക്കുന്നതിന്റെ ഇടയിലായിരുന്നു ആ ഉദ്ബോധനം.
‘സഹോദരിമാരെ..നിങ്ങളുടെ ഹുസ്ന് നിങ്ങളുടെ ഇണകള്‍ക്ക് മാത്രമാണ്’ എന്നായിരുന്നു തുടക്കം. പിന്നെ അതിങ്ങനെ നീണ്ടു. ‘അപ്പോള്‍ സഹോദരിമാരെ, ഉപ്പയുടെയോ സഹോദരന്റെയോ ഭര്‍ത്താവിന്റെയോ കൂടെ അല്ലാതെ നിങ്ങള്‍ യാത്ര ചെയ്യരുത്’.
കേട്ടത് വിഴുങ്ങി എഴുന്നേറ്റു പോരുക എന്നതല്ലാതെ മറ്റൊരു നിവൃത്തിയുമില്ല. ഖുത്ബ പ്രഭാഷണം എന്നത് സംവാദത്തിന്റെ ഇടമല്ലല്ലോ. അതിനാല്‍, ആ നിവൃത്തിയില്ലായ്മയില്‍ തറഞ്ഞു എഴുന്നേറ്റു പോന്നു. ഇത്തവണയും പെരുന്നാളിന് ഈദ്ഗാഹുണ്ടാവും. പ്രഭാഷണമുണ്ടാവും. അതിലൊരുപക്ഷേ, ഇതിനേക്കാള്‍ ചങ്ങലക്കെട്ടുകള്‍ ഉള്ളിലൊളിപ്പിച്ച ഉദ്ബോധനങ്ങളാവും കേള്‍ക്കേണ്ടി വരിക എന്ന് ഉറപ്പിക്കാവുന്ന അവസ്ഥയാണ്. കാരണം, അങ്ങനെയാണ് കാര്യങ്ങള്‍. കാലം ചെല്ലുന്തോറും കൂടി വരികയാണ്. മുമ്പില്ലാത്ത വിധം അസഹിഷ്ണുതയുടെ, അസ്വാതന്ത്യ്രത്തിന്റെ ഫത്വകള്‍ നീണ്ടു വരികയാണ്.
നവയാഥാസ്ഥിതികത
ഏറ്റവും സങ്കടകരം ഈ പറച്ചിലുകള്‍ കടന്നു വരുന്നത് ഈദ്ഗാഹുകളിലാണ് എന്നതാണ്. സ്ത്രീകള്‍ പള്ളിയില്‍ പോവരുത് എന്ന കര്‍ക്കശമായ യാഥാസ്ഥിതികതയെ ഭേദിച്ച് സ്ത്രീകളെ പള്ളികളിലേക്ക് എത്തിച്ച പുരോഗമനാശയങ്ങളുടെ തന്നെ സൃഷ്ടിയായിരുന്നു ഈദ്ഗാഹുകളും. സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കിയ അതേ യാഥാസ്തിഥിക തന്നെ ഇതിനും എതിരായി രംഗത്തുണ്ടായിരുന്നു. പല തരം മസ്ഹലകളും ഫത്വകളും കൊണ്ട് അതിനെ ചെറുക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും കാലം മാറി. സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധമെന്ന് ശഠിച്ചിരുന്ന യാഥാസ്ഥിതിക സംഘടനകള്‍ പോലും ഇപ്പോള്‍ പെണ്‍ പള്ളിക്കൂടങ്ങളും പെണ്‍ കലാലയങ്ങളും പെണ്ണുങ്ങള്‍ക്കും ഇടമുള്ള പ്രൊഫഷണല്‍ കലാലയങ്ങളും നടത്തുന്നു. അടുക്കളയില്‍നിന്ന് അരങ്ങേത്തേക്കുള്ള യാത്രകളില്‍ ഇപ്പോള്‍ എല്ലാ വിഭാഗത്തിലും പെട്ട മുസ്ലിം സ്ത്രീകളുണ്ട്. വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിന്റെ ഉയരങ്ങള്‍ കീഴടക്കുന്ന മുസ്ലിം പെണ്‍കുട്ടി ഇപ്പോള്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല. അതിസാധാരണമായ യാഥാര്‍ത്ഥ്യമാണ്. നമ്മുടെ പ്രൊഫഷണ കോളജുകളിലും ജീവിതത്തിന്റെ സര്‍വ്വ തുറകളിലും ഇപ്പോള്‍ മുസ്ലിം വനിതകള്‍ക്കും ഇടമുണ്ട്.
ഈ കാലത്താണ് ഈ തകിടം മറിച്ചില്‍ എന്നതാണ് പരിതാപകരം. പള്ളിയില്‍ പോവരുത് എന്നും ഈദ് ഗാഹുകളില്‍ പോവരുത് എന്നും ശഠിച്ച ഒരു വിഭാഗത്തെ കാലം മാറ്റി മറിച്ചപ്പോള്‍, പുരോഗമന ആശയങ്ങള്‍ എന്ന പേരില്‍ ഈ മാറ്റങ്ങള്‍ക്ക് വിത്തുപാകിയ വിഭാഗങ്ങള്‍ അതിയാഥാസ്തികതയുടെ ചതുപ്പുകളിലേക്ക് താഴ്ന്നു പോവുന്നതാണ് നാമിപ്പോള്‍ കാണുന്നത്. വസ്ത്രധാരണത്തിലും ജീവിതാവസ്ഥകളിലുമെല്ലാം പണ്ട് യാഥാസ്ഥിതികര്‍ മുന്നോട്ടുവെച്ച കടുംവെട്ട് കാര്‍ക്കശ്യങ്ങള്‍ അതേ പടി പകര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഓണാഘോഷത്തിന് പോവരുതെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന വാദ കോലാഹലങ്ങള്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ അനവധി കാര്യങ്ങളുണ്ട്. അതിലൊന്നു തന്നെയാണ്, മുസ്ലിം സ്ത്രീയെ വീടിനു പുറത്തുള്ള ഇടങ്ങളിലെ ആരാധനകളിലേക്ക് എത്തിച്ച ഈദ്ഗാഹുകളില്‍നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന കാര്‍ക്കശ്യങ്ങള്‍. ഏറെ സങ്കടകരം, തൊണ്ണൂറുകളുടെ ആദ്യത്തില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമൊക്കെയായി പുരോഗമനാശയങ്ങള്‍ മുന്നോട്ട് വെച്ച പുരോഗമന പ്രസ്ഥാനങ്ങള്‍ തന്നെ ഇങ്ങനെ ഒരു ഇരട്ടത്താപ്പിന് ചൂട്ട് പിടിക്കുന്നു എന്നതാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന മത പ്രസംഗ വീഡിയോകള്‍ ഒരു തമാശ എന്നതിലപ്പുറം ഒരു മാനവിക ഉദ്ബോധനവും മനുഷ്യരില്‍ എത്തിക്കുന്നില്ല.
ഈദ്ഗാഹുകള്‍
പെരുന്നാളിനും മൈലാഞ്ചിക്കുമപ്പുറം കിട്ടിയൊരു പുറം വാതിലായിരുന്നു എനിക്ക് ഈദ് ഗാഹുകള്‍. ചെറുപ്പം മുതലുള്ള ഓര്‍മ്മയാണത്. നന്നേ ചെറുപ്പത്തില്‍ വല്ലിമ്മ ഇമാമായി ഏഴും അഞ്ചും തക്ബീര്‍ ചൊല്ലി നിസ്കരിച്ച പെരുന്നാള്‍ നമസ്കാരങ്ങള്‍ ഒഴിച്ചാല്‍ പിന്നെയെല്ലാം ഈദ് ഗാഹിന്റെ കടും വര്‍ണ്ണങ്ങളും മൈലാഞ്ചിമണങ്ങളും ‘അന്നെ കണ്ടിട്ട് എത്തര നാളായി ‘ എന്നും ‘കജ്ജ താത്താന്റെ പേരക്കുട്ടിയല്ലേ, അല്ലാഹ് മുത്തേന്നും’ പറഞ്ഞുള്ള സ്നേഹപ്പച്ചകളുടെ ഇടവും കൂടെയായിരുന്നു ഈദ് ഗാഹുകള്‍. മുന്‍പിലെ സഫ്ഫുകളില്‍ കസേരകളില്‍ ഇരിക്കുന്ന വല്ലിമ്മമാരോഴികെ ആരും കാര്യമായി ഖുത്ബ കേള്‍ക്കില്ല. ഇടയ്ക്കിടെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ ചെവിയോര്‍ക്കും. ഇടയ്ക്ക് വരുന്ന പെരുന്നാള്‍ തക്ബീറിനോപ്പം ‘അല്ലാഹു അക്ബറല്ലാഹുഅക്ബർ ‘ എന്ന് ചുണ്ടനക്കും.
നൊസ്റ്റാള്‍ജിയയും പ്രവാസവും പറഞ്ഞു പറഞ്ഞു ക്ലീഷേ ആയെങ്കിലും ചെറിയപെരുന്നാളിന് വേഗം വേഗം എന്ന് തുന്നല്‍ക്കാരനെ ബേജാറാക്കി വാങ്ങിയ കുപ്പായവും കുറച്ച് മയിലാഞ്ചിചോപ്പും ഒരു കുന്നു നൊസ്റ്റാള്‍ജിയയും ആയാണ് ഈദ് ഗാഹില്‍ പോയത്. കര്‍ക്കടക മാസം വളരെ ഉത്തരവാദിത്തത്തോടെ പെയ്ത് തുടരുന്നതിനാല്‍ ഈദ് ഗാഹ് സ്കൂള്‍ മൈതാനത്ത് നിന്നും കല്യാണമണ്ഡപം ഹാളിലേയ്ക്ക് മാറ്റിയിരുന്നു. കുഞ്ഞു കരച്ചിലുകളും പുത്തനുടുപ്പ് മണങ്ങളും, കയ്യിലെ അറേബ്യൻ മെഹന്തി ഡിസൈൻ കാണിച്ചിട്ട് ‘ന്റെ മയിലാഞ്ചി ചോത്ത്ക്ക്ണ് .. ഇയ്യിപ്പളും വട്ടം തന്നെയാന്ന്’ കൈ നൂര്‍ത്തി ചോദിച്ചിട്ടും അങ്ങനെ ഇരിക്കുന്ന നേരങ്ങളാണ് അത്.
തലപ്പാവ് വഴികള്‍
മതത്തിന്റെ തലപ്പാവ് വഴികള്‍ നീളുക തന്നെയാണ്. നിങ്ങള്‍ക്ക് ഭാര്യമാരെ തല്ലാമോ ഇല്ലയോ എന്നും മറ്റും ചര്‍ച്ചകള്‍ ലോകത്തിന്റെ മറ്റൊരിടത്ത് കൊഴുപ്പിക്കുന്നു. ഫ്രാന്‍സില്‍ നടന്ന പരിപാടിയുടെ വീഡിയോ ലോകമെങ്ങും പ്രചരിക്കുന്നത് ഇസ്ലാമിന്റെ പ്രതിച്ഛായ എത്ര മോശമാക്കും എന്ന് എന്തു കൊണ്ടാണ് ഇവരൊന്നും അറിയാത്തത്? ഏത് ഇടത്തിലേക്കാണ് മുസ്ലീം സ്ത്രീ സ്വത്വത്തെ നവ പൌെരോഹിത്യം പിടിച്ച് കൊണ്ടുപോയി ചങ്ങലയ്ക്കിടുന്നത് ? വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങള്‍ താണ്ടുന്ന മുസ്ലിം സ്ത്രീയെ എന്തിനാണ് ഇവരിങ്ങനെ ഭയപ്പെടുന്നത്?
കോളേജ് കാമ്പസുകളിൽ ആണ്‍, പെണ്‍ ബെഞ്ചുകള്‍ വേറെവേറെ ആവുമ്പോഴും ക്ലാസ് മുറിക്ക് നടുക്ക് ആണിനെയും പെണ്ണിനെയും വിഭജിക്കാന്‍ മറകള്‍ കെട്ടുമ്പോഴുമെല്ലാം അന്തം വിടുക മാത്രമാണ് ഗതി. ഇന്നൊരു സുഹൃത്ത് ഷെയര്‍ ചെയ്ത ഒരു കോളേജ് ഇലക്ഷന്‍ ബാനര്‍ കണ്ടു. S F I യൂനിറ്റ് കമ്മിറ്റിയുടേതായി ഇറങ്ങിയ പോസ്റ്ററാണ് പാര്‍ട്ടി അനുഭാവിയായ സുഹൃത്ത് ഷെയര്‍ ചെയ്തത്. അതില്‍, സ്ഥാനാര്‍തഥികളുടെ എല്ലാവരുടെയും പേരും ഫോട്ടോകളുമുണ്ട്. എന്നാല്‍, ഒരു സ്ഥാനാര്‍തഥിയുടെ മാത്രം ചിത്രമില്ല. അത് ഒരു മുസ്ലിം പെണ്‍കുട്ടിയാണ്. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കാണ് അവള്‍ മല്‍സരിക്കുന്നത്. മുഖമില്ലാത്ത പെണ്‍ രൂപങ്ങള്‍ ഇടതു സംഘടനയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലും വരാന്‍ തുടങ്ങിയിരിക്കുന്നു എന്നത് നിസ്സാരമായി കാണാനാവില്ല. സത്യത്തില്‍, അന്തം വിടുകയാണ്. ഇങ്ങനെ ഒന്നുമായിരുന്നില്ലല്ലോ ഒന്നും. ഏത് ആണ്‍ ചേരി പുറപ്പെടുവിക്കുന്ന ഫത്വയിലൂടെയാണ് നമ്മളിനി നടക്കേണ്ടത്?
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക