UPDATES

വിദേശം

മുസ്ലീം ലോകം സിറിയന്‍ ജനതയോടു ചെയ്യുന്നത്

സിറിയന്‍ ജനതയുടെ തുടരുന്ന ദുരന്തങ്ങള്‍ക്ക് മുഴുവന്‍ ലോകജനതയും ഉത്തരവാദികളാണെങ്കിലും സിറിയയിലെ ഇപ്പോഴത്തെ ദുരന്തത്തില്‍ ആഗോള മുസ്ലീം സമൂഹം കൂടുതല്‍ കുറ്റം പേറേണ്ടതുണ്ട്.

അര്‍സലാന്‍ ഇഫ്തിക്കാര്‍

അലെപ്പോയിലെ കൂട്ടക്കുരുതികള്‍ നമുക്ക് മനസിലാക്കി തരുന്ന വസ്തുത, എങ്ങനെയാണ് മുസ്ലീം ലോകം സിറിയന്‍ ജനതയെ തോല്‍പ്പിച്ചത് എന്നാണ്.

പല രാജ്യങ്ങളും സംഘടനകളും (പ്രത്യേകിച്ചും ഐക്യരാഷ്ട്ര സഭയും യു.എസും നിഷ്ക്രിയത കൊണ്ടും റഷ്യ അതിന്റെ പ്രത്യക്ഷമായ ആക്രമണം കൊണ്ടും) സിറിയന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് കാരണക്കാരാകുമ്പോള്‍, 1.7 ബില്ല്യണ്‍ മുസ്ലീങ്ങളും പല തരത്തില്‍ സിറിയന്‍ ജനതയെ കയ്യൊഴിഞ്ഞു എന്നു പറയാതെ വയ്യ.

Commission for International Justice & Accountability-ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര യുദ്ധകുറ്റകൃത്യ അന്വേഷകര്‍ സിറിയയില്‍ നിന്നും കടത്തിയ 6 ലക്ഷത്തിലേറെ രഹസ്യരേഖകള്‍ അനുസരിച്ചു പ്രതിപക്ഷാംഗങ്ങള്‍ എന്നു സംശയിക്കുന്ന പതിനായിരക്കണക്കിന് ആളുകളെയാണ് പീഡനത്തിനും കൊലകള്‍ക്കും ഇരകളാക്കിയത്. ഈ സംഘടനകള്‍ പറയുന്നതനുസരിച്ച് ഈ ഔദ്യോഗിക രേഖകള്‍ പ്രസിഡണ്ട് ബഷര്‍ അല്‍-അസദിന്റെ ഉന്നതാധികാര സമിതിയുടെ നേരിട്ടുള്ള ഉത്തരവുകളും പ്രസിഡണ്ട് അസദ് നേരിട്ടു അംഗീകരിച്ചവയും ആയിരുന്നു എന്നാണ്. 2016 ആഗസ്റ്റിലെ Human Rights Watch റിപ്പോര്‍ടില്‍ പറയുന്നതു സിറിയന്‍ സര്‍ക്കാരും അവരുടെ റഷ്യന്‍ സംരക്ഷകരും ജനവാസ കേന്ദ്രങ്ങളില്‍ ബോംബിട്ട് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുകയായിരുന്നു എന്നാണ്.

ഇത്രയേറെ മുസ്ലീങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും ഇസ്ളാമിക രാഷ്ട്രങ്ങളെന്ന് കരുതുന്ന രണ്ടു രാജ്യങ്ങള്‍- ഇറാനും സൌദി അറേബ്യയും- വഴക്കാളി കുട്ടികളെപ്പോലെ, തങ്ങളുടെ മേഖല മേല്‍ക്കോയ്മക്കായുള്ള ഷിയാ, സുന്നി തര്‍ക്കങ്ങളുടെ ഏറ്റവും പുതിയ അരങ്ങായി സിറിയയെ ഉപയോഗിക്കുകയാണ്. ഇറാനും സൌദിയും തങ്ങളെ അനുകൂലിക്കുന്ന സിറിയന്‍ സായുധ വിഭാഗങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. സിറിയന്‍ ജനതയാണ് ഇതെല്ലാം അനുഭവിക്കുന്നത്.

സൌദി അറേബ്യ-ഇറാന്‍ നിഴല്‍ യുദ്ധത്തില്‍ സുന്നി-ഷിയാ തര്‍ക്കം ഒരു തെറ്റിദ്ധാരണയാണ് നല്കുക. വാസ്തവത്തില്‍ പ്രശ്നം രാഷ്ട്രീയ അധികാരമാണ്, ദൈവശാസ്ത്രമല്ല. നിരപരാധികളായ സിറിയന്‍ സ്ത്രീകളെയും കുട്ടികളേയും ഈ കളിയില്‍ കരുക്കളാക്കിയതിന് ഈ പ്രഖ്യാപിത മുസ്ലീം രാഷ്ട്രങ്ങള്‍ ലജ്ജിക്കണം.

അതേസമയം, അന്താരാഷ്ട്ര മുസ്ലീം സംഘടനകളായ അറബ് ലീഗ്, Organization for Islamic Cooperation (OIC) എന്നിവയും സിറിയയിലെ മനുഷ്യകാരുണ്യ പ്രതിസന്ധി പരിഹരിക്കാന്‍ 57 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. എണ്ണപ്രഭുക്കളായ ഗള്‍ഫ് രാജ്യങ്ങള്‍ സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. അഭയാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിയമപ്രകാരമുള്ള നിയമ സംരക്ഷണം കിട്ടുമെന്ന ഭീതിയായിരുന്നു കാരണം. അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ നല്‍കുന്ന കണക്കനുസരിച്ച് അയല്‍രാജ്യമായ തുര്‍ക്കിയിലെ വിവിധ നഗരങ്ങളില്‍ 2.764 ദശലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ട്. എഴുപതുകളിലെ കലാപകലുഷിതമായ അഫ്ഗാനിസ്ഥാനില്‍ നിന്നും പോരാന്‍ തുടങ്ങിയ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ശേഷമുള്ള പിന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി സമൂഹമായി അവര്‍ മാറിയിരിക്കുന്നു.

“ഒരു മുസ്ലീം എന്ന നിലയ്ക്ക് സിറിയയിലെ തങ്ങളുടെ സഹോദരീ സഹോദരന്മാരോട് മുസ്ലീം ലോകം കാണിച്ച അവഗണന എന്നെ ഞെട്ടിച്ചു,” സിറിയന്‍ അടിയന്തര ദൌത്യ സേന എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൌവാസ് മുസ്തഫ പറഞ്ഞു. “പ്രവാചകനെക്കുറിച്ച് ഒരു കാര്‍ടൂണ്‍ വരച്ചാല്‍ മുസ്ലീം ലോകത്ത് വലിയ പ്രതിഷേധ പ്രകടനങ്ങള്‍ കാണാം,പക്ഷേ സിറിയയില്‍ വംശഹത്യ നടക്കുമ്പോള്‍ നാം കണ്ടത് നിശബ്ദതയാണ്.” തുര്‍ക്കി സര്‍ക്കാര്‍ നടത്തിയ ഒരു വെടിനിര്‍ത്തല്‍ ശ്രമം ഒഴികെ ഒരൊറ്റ മുസ്ലീം രാജ്യവും സിറിയന്‍ ജനതയെ സഹായിക്കാന്‍ ഇടപ്പെട്ടിട്ടില്ല എന്നും മുസ്തഫ പറയുന്നു.

അവസാനമായി, 7 ദശലക്ഷത്തോളം വരുന്ന അമേരിക്കന്‍ മുസ്ലീം ജനതയും അവരെ സഹായിക്കുന്നതിന് ഒന്നിക്കുന്നതില്‍ പരാജയപ്പെട്ടു. നിയമനിര്‍മ്മാതാക്കള്‍ക്ക് മേല്‍ വ്യോമ നിരോധിത മേഖലകള്‍ സൃഷ്ടിക്കാനും സാധാരണക്കാര്‍ക്ക് രക്ഷപ്പെടാന്‍ മനുഷ്യകാരുണ്യ ഇടനാഴികള്‍ ഉണ്ടാക്കാനും വേണ്ടി ശ്രമിക്കാന്‍ സമ്മര്‍ദം ചെലുത്താനോ പ്രശ്നത്തില്‍ അര്‍ത്ഥവത്തായ ഏതെങ്കിലും രീതിയില്‍ ഇടപെടാന്‍ വൈറ്റ് ഹൌസിനെയോ കോണ്‍ഗ്രസിനെയോ പ്രേരിപ്പിക്കാനോ ആയില്ല.

സിറിയന്‍ സഹായധനം സ്വരൂപിക്കാനുള്ള വിരുന്നുകളില്‍ അമേരിക്കന്‍ മുസ്ലീം സമൂഹം ദശലക്ഷക്കണക്കിന് ഡോളര്‍ പിരിച്ചെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ മനുഷ്യകാരുണ്യ പ്രതിസന്ധിയില്‍ നിയാമകമായി ഇടപെടുന്നതിന് വൈറ്റ് ഹൌസിനു മേല്‍ നമ്മുടെ രാഷ്ട്രീയ സമ്മര്‍ദം ചെലുത്താനും കഴിഞ്ഞില്ല.

Syrian American Medical Society (SAMS) സിറിയയിലെ 2.3 ദശലക്ഷം പേര്‍ക്കും 3,20,000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും വൈദ്യ സഹായം നല്‍കിയതുപോലുള്ള ചില പ്രതീക്ഷാജനകമായ സംഭവങ്ങളുമുണ്ട്.

വിശുദ്ധ ഖുറാനില്‍ നിന്നുള്ള ഒരു പ്രസിദ്ധമായ വാചകം ഇങ്ങനെ പറയുന്നു, “ഒരാളുടെ ജീവന്‍ രക്ഷിക്കുന്നത്, അത് മനുഷ്യരാശിയെ മുഴുവന്‍ രക്ഷിച്ചപോലെയാണ്.”

സിറിയന്‍ ജനതയുടെ തുടരുന്ന ദുരന്തങ്ങള്‍ക്ക് മുഴുവന്‍ ലോകജനതയും ഉത്തരവാദികളാണെങ്കിലും സിറിയയിലെ ഇപ്പോഴത്തെ ദുരന്തത്തില്‍ ആഗോള മുസ്ലീം സമൂഹം കൂടുതല്‍ കുറ്റം പേറേണ്ടതുണ്ട്. ലക്ഷക്കണക്കിനു മനുഷ്യര്‍ ഓരോ ദിവസവും ജീവനോടെയിരിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ലോകത്തില്‍ നമ്മുടെ സുഖജീവിതങ്ങള്‍ ആഘോഷിക്കുന്നതിന് ദൈവം നമ്മോട് പൊറുക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍