UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കളിച്ചത് പൊലീസ്; പാക് വിജയം ആഘോഷിച്ചെന്ന പേരില്‍ രാജ്യദ്രോഹികളാക്കിയ 15 മുസ്ലിം യുവാക്കള്‍ക്കും ജാമ്യം

പൊലീസ് പറഞ്ഞതുപോലെ പാക് വിജയം ആഘോഷിക്കുകയോ ഇന്ത്യവിരുദ്ധമുദ്രാവാക്യം വിളിക്കുകയോ ഉണ്ടായിട്ടില്ല

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ വിജയം ആഘോഷിച്ചന്നെ പേരില്‍ അറസ്റ്റ് ചെയ്ത 15 മുസ്ലിം യുവാക്കള്‍ക്ക് ജാമ്യം ലഭിച്ചു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ മൊഹദ് എന്ന ഗ്രാമത്തിലെ യുവാക്കളെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ പാകിസ്താന്റെ വിജയം ആഘോഷിച്ച് തെരുവില്‍ മാര്‍ച്ച് നടത്തുകയും പാക് അനുകൂലവും ഇന്ത്യ വിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പടക്കം പൊട്ടിക്കുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു എന്നതൊക്കെയായിരുന്നു ഇവര്‍ ചെയ്‌തെന്നു പറഞ്ഞ കുറ്റങ്ങള്‍. പ്രദേശവാസിയായ സുഭാഷ് കോലി എന്നയാള്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് ഗ്രാമത്തില്‍ നിന്നും 15 യുവാക്കളെയാണ് മേല്‍പ്പറഞ്ഞ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റമായിരുന്നു ഇവര്‍ക്കെതിരേ ചുമത്തിയത്. ജീവപര്യന്തം തടവാണ് രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷ. എന്നാല്‍ പൊലീസ് ആരോപിക്കുന്നതുപോലെ ഒരാഘോഷവും പാകിസ്താന്‍ ജയിച്ചതിന്റെ പേരില്‍ ആ ഗ്രാമത്തില്‍ നടന്നില്ലെന്നാണ് ഗ്രാമവാസികളും അറസ്റ്റിലായവരുടെ ബന്ധുക്കളും പറഞ്ഞിരുന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ മൊഹദിലെ ജനങ്ങളോട് പൊലീസ് ബോധപൂര്‍വം നടത്തിവരുന്ന നീതികേടിന്റെ മറ്റൊരു ഉദ്ദാഹരണമായിരുന്നു യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന ആക്ഷേപം ഉയര്‍ന്നു. രാഷ്ട്രപതി, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ദേശീയ-സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ എന്നിവര്‍ക്ക് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പരാതിയും നല്‍കിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യുന്നില്ലെന്നാരോപിച്ചാണ് തങ്ങളെ വേട്ടയാടുന്നതെന്നാണു ഗ്രാമവാസികള്‍ പറയുന്നത്.

പരാതികള്‍ ഉയര്‍ന്നതോടെ യുവാക്കള്‍ക്കതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ പൊലീസ് പിന്‍വലിച്ചു. സമുദായസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമം എന്ന മറ്റൊരു വകുപ്പ് ഇവര്‍ക്കെതിരേ ചുമത്തി.

എന്നാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പരാതിക്കാരനായ സുഭാഷ് കോലി ഒരു പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത് ആരും പാക് വിജയം ആഘോഷിച്ചില്ലെന്നും പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും മധുരപലഹാരം വിതരണം ചെയ്യുകയോ പടക്കം പൊട്ടിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ്. പൊലീസ് തന്നെക്കൊണ്ട് വ്യാജപരാതി ഉന്നയിപ്പിക്കുകയായിരുന്നുവെന്നും ഇയാള്‍ പ്രസ്താവനയില്‍ പറയുന്നു. സുഭാഷ് കോലി കഴിഞ്ഞ ആഴ്ച മുതല്‍ ഒളിവിലാണ്.

35 നും 19നും ഇടയില്‍ പ്രായമുള്ള 15 പേരെയാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഖാന്‍ഡ്വ ജില്ല ജയിലില്‍ ഒരാഴ്ച്ചയ്ക്കുമേല്‍ കിടത്തിയത്. ആദ്യം ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍