UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോമാതാക്കളുടെ അച്ഛാദിനങ്ങൾ അഥവാ ഒരു ജനതയുടെ കെട്ട കാലം

Avatar

റിബിന്‍ കരീം

നന്ദിത ദാസ്‌ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഫിരാഖ് എന്ന ഹിന്ദി ചിത്രം കാലത്തിനൊപ്പം സഞ്ചരിക്കുന്നു എന്ന് വേണം കരുതാന്‍. ഗുജറാത്ത് കലാപത്തിനു ശേഷമുള്ള ചില സാധാരണ മനുഷ്യരുടെ മാനസിക സംഘര്‍ഷങ്ങളാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. ഏഴു വയസ്സുള്ള ബാലന്‍ മുതല്‍ എഴുപതുകാരാനായ വൃദ്ധനെ വരെ കലാപം എങ്ങനെ മാറ്റി മറിച്ചു എന്ന് ചിത്രം പറയുന്നു. 2008-ലാണ് ഫിരാഖ് പുറത്തിറങ്ങുന്നത്. മതവൈരത്തേയും അതിന്റെ പേരില്‍ നിരന്തരം നടക്കുന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും ഫലപ്രദമായി നേരിടാന്‍ നമുക്കിന്നും കഴിഞ്ഞിട്ടില്ല എന്നതിന്റെ നേര്‍ചിത്രങ്ങളാണ് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും നാം കണ്ടുകൊണ്ടിരിക്കുന്നത്.

കന്നുകാലികളുമായി മാര്‍ക്കറ്റിലേക്കു പോകുകയായിരുന്ന രണ്ട് മുസ്‌ലിം വ്യാപാരികളെ അജ്ഞാതരായ അക്രമികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയത് കഴിഞ്ഞ ദിവസമാണ്. റാഞ്ചിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ലത്തേഹര്‍ ജില്ലയിലെ ജബ്ബാര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഹമ്മദ് മജിലൂം (35), ആസാദ് ഖാന്‍ (15) എന്നിവരെയാണ് ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം അക്രമികള്‍ മരത്തില്‍ കെട്ടിത്തൂക്കിയത്. ഇരുവരുടേയും കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് വായില്‍ തുണിതിരുകിയ രീതിയിലുമായിരുന്നു. ഒരു പതിനഞ്ചുകാരനെ ഇങ്ങനെ ക്രൂരമായി കൊന്നു കളയാന്‍ ആ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചത് എന്താണെന്ന് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പല സുഹൃത്തുക്കളും അത്ഭുതം കൂറുന്നു.

ഡോ. ദബോല്‍ക്കല്‍, സഖാവ് പന്‍സാരെ, പ്രൊഫ. കല്‍ബുര്‍ഗി തുടങ്ങിയവര്‍ മാസങ്ങളുടെ ഇടവേളയില്‍ കൊല്ലപ്പെട്ടപ്പോള്‍ത്തന്നെ വരാനിരിക്കുന്ന അപകടത്തിന്റെ സൂചനകള്‍ എല്ലാവര്‍ക്കും ലഭിച്ചു തുടങ്ങിയിരുന്നു. ഇവര്‍ മൂന്നു പേരുടെയും ശരീരത്തില്‍ തുളച്ചു കയറിയത് ഒരേ റിവോള്‍വറില്‍ നിന്നുള്ള വെടിയുണ്ടകള്‍ ആണെന്ന് അടുത്ത കാലത്ത് സ്ഥിരീകരിച്ചിരുന്നു. സമൂഹത്തില്‍ അശുഭകരമായ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സന്ദേശം ഉയര്‍ന്നുവരാന്‍ ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാക് എന്ന സാധുമനുഷ്യന്‍ കൊല്ലപ്പെടുന്നത് വരെയും സാഹിത്യ അക്കാദമി, ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കുന്നത് വരെയും കാത്തിരിക്കേണ്ടി വന്നു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെയായിരുന്നു അവരുടെ പ്രതിഷേധം. ഈ ‘അവാര്‍ഡ് മടക്കി നല്‍ക’ലിനെ തുടര്‍ന്ന് അരങ്ങേറിയ സംഭവവികാസങ്ങള്‍ ഭീതിയുണര്‍ത്തുന്നവയാണ്. അറക്കാനായി പശുക്കളെ ലോറിയില്‍ കടത്തി എന്നാരോപിച്ച് ഒരു ട്രക്ക് ഡ്രൈവറെ കൊന്ന സംഭവം; കാശ്മീരിലെ ഒരു എം.എല്‍.എയെ ബി.ജെ.പിക്കാരായ മന്ത്രിസഭാംഗങ്ങള്‍ മര്‍ദ്ദിച്ച സംഭവം തുടങ്ങി ബീഫ് കഴിച്ചു എന്നാരോപിച്ച് മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറിയ അക്രമസംഭവങ്ങള്‍ തീര്‍ച്ചയായും ഞെട്ടലുളവാക്കുന്നത് തന്നെയാണ്.

വേദിക് കാലഘട്ടത്തില്‍ പശുവളര്‍ത്തലും ക്ഷീരോല്പാദനവും മാത്രം തൊഴിലായി അറിയാവുന്ന ബ്രാഹ്മണ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടി സൃഷ്ടിച്ചെടുത്ത ഗോമാതാ തിയറി ഏറ്റവും പൈശാചികമായ ഒരു ടൂള്‍ ആയി സംഘപരിവര്‍ സഖ്യം ഉപയോഗിക്കുന്ന കാഴ്ചയാണ് വര്‍ത്തമാനകാല ഇന്ത്യയിലുടനീളം കാണാനാകുന്നത്. ഉപജീവനത്തിനു വേണ്ടി പശു വളര്‍ത്തല്‍ നടത്തുന്ന ദളിതനും മുസ്ലീമും അടങ്ങുന്ന ഭൂരിഭാഗം ദരിദ്രരായ ഇന്ത്യന്‍ കര്‍ഷകര്‍ പാല്‍ വറ്റിക്കഴിഞ്ഞും തുടര്‍ന്നും നിര്‍ബന്ധിതമായി അതിനെ പോറ്റേണ്ടി വരുന്ന ഒരവസ്ഥ അവരുടെ ഉള്ള ദാരിദ്ര്യത്തെ മൂര്‍ച്ഛിപ്പിച്ചു എന്ന് മാത്രമല്ല, ഇന്ന് ജീവന്‍ വരെ നഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.

മധ്യേന്ത്യയില്‍ ക്ഷാമം മൂലം ഒമ്പതു ലക്ഷത്തോളം പേര്‍ മരിച്ചത് അവരുടെ കര്‍മ്മഫലമാണെന്നു പറഞ്ഞ ഗോരക്ഷാസഭാ പ്രചാരകനോട് വിവേകാനന്ദന്‍ പ്രതികരിച്ചത് ‘ഗോക്കളും തന്താങ്ങളുടെ കര്‍മഗതിക്കനുസരിച്ച് കശാപ്പുകാരന്റെ കൈയില്‍പ്പെടുന്നു, ചാകുന്നു. നാമിതിലൊന്നും ചെയ്യേണ്ടതില്ല’ എന്നായിരുന്നു. ഗോക്കള്‍ നമ്മുടെ മാതാവാണെന്ന് ശാസ്ത്രം പറയുന്നുണ്ടല്ലോ എന്നുപറഞ്ഞ ഗോരക്ഷാക്കാരനെ പരിഹസിച്ച് സ്വാമി പറയുന്നത്, ‘മാട് നമ്മുടെ മാതാവാണെന്ന് ഞാന്‍ നന്നായി മനസ്സിലാക്കുന്നു. അല്ലാതെ ഇത്ര കേമന്മാരായ മക്കളെ മറ്റാരു പ്രസവിക്കും?’ എന്നായിരുന്നു. പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്ന സംഘപരിവാര്‍ ക്രൂരതയെക്കുറിച്ച് വിവേകാനന്ദന്‍ പറഞ്ഞതില്‍ കൂടുതല്‍ എന്ത് പറയാന്‍?!

വീണ്ടും ഫിരാക്കിലേക്ക് തിരിച്ചു വരുമ്പോള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്ന രണ്ടു രംഗങ്ങള്‍ക്കൂടിയുണ്ട്. ഒന്ന്,  തന്റെ അസ്തിത്വത്തെക്കുറിച്ച് ഏറെ ആശങ്കാകുലനായ, ഹിന്ദു യുവതിയെ വിവാഹം ചെയ്ത സമീര്‍ ഷേക് എന്ന കഥാപാത്രത്തോട്, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിനിടെ അയാള്‍ മുസ്ലിം ആണെന്ന് തിരിച്ചറിയുമ്പോള്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്നുണ്ട്. നമുക്ക് ഏറെ പരിചിതമായ ഒരു സംഗതിയാണിത്, പ്രത്യേകിച്ച് നമ്മള്‍ തന്നെ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ നയങ്ങളെ, നടപടികളെ വിമര്‍ശിക്കുമ്പോള്‍ അധികാര ഘടനയുമായി ബന്ധമുള്ള ഏതൊരു സംഘപരിവാറുകാരനില്‍ നിന്നും ഈ ആക്രോശം പ്രതീക്ഷിക്കാം.

പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ പിങ്കറുടെ History of Violonce എന്ന പ്രബന്ധത്തില്‍ അദ്ദേഹം നടത്തുന്ന ഒരു നിരീക്ഷണം എന്തെന്നാല്‍ പാരീസില്‍ പതിനാറാം നൂറ്റാണ്ടില്‍ ജനപ്രീതിയാര്‍ജിച്ചൊരു വിനോദമായിരുന്നു പൂച്ചയെ കത്തിക്കല്‍. ഒരു സ്റ്റേജില്‍ പൂച്ചയെ കെട്ടിപ്പൊക്കി ഉയര്‍ത്തിയിട്ട് സാവധാനം അതിനെ തീയിലേക്ക് താഴ്ത്തുന്ന ഏര്‍പ്പാടായിരുന്നു അത്. ചരിത്രകാരന്‍ നോര്‍മന്‍ ഡേവിസിന്‍റെ അഭിപ്രായത്തില്‍ “വേദനകൊണ്ടാ മൃഗം നിലവിളിക്കുമ്പോള്‍ രാജാവും രാജ്ഞിയുമടങ്ങുന്ന കാഴ്ച്ചക്കാര്‍ ആര്‍ത്തട്ടഹസിക്കുമായിരുന്നു, പൂച്ച തീയില്‍ വാടി വെന്ത് അവസാനം കരിയാകും വരെ”. ഇക്കാലത്ത് മേല്പറഞ്ഞ രീതിയിലുള്ള സാഡിസം ലോകത്തിന്‍റെ ഒട്ടുമിക്കയിടങ്ങളിലും അചിന്ത്യമായ ഒന്നാണ്. സെന്‍സിബിലിറ്റിയില്‍ വന്ന ഈ മാറ്റം കേവലം ഒരു ഉദാഹരണം മാത്രമാണ്. ഒരു പക്ഷെ വളരെ പ്രധാന്യമര്‍ഹിക്കുന്നതും, എന്നാല്‍  മനുഷ്യഗാഥയുടെ ഗതിവിഗതികളില്‍ തീരെ ഗുണനിരൂപണം ചെയ്യപ്പെടാതെ പോയതും. ചരിത്രത്തിന്‍റെ ദീര്‍ഘകാലങ്ങളെ പിന്നിടുമ്പോള്‍ ഹിംസാത്മകത കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഒരു പക്ഷെ ഇന്ന്, മനുഷ്യവര്‍ഗത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും സമാധാനം നിറഞ്ഞ ഒരു കാലത്താണു നാം ജീവിക്കുന്നത്.


ഫിരാക്കില്‍ നിന്നുള്ള ദൃശ്യം

ഈ സന്ദര്‍ഭത്തിലേക്ക് നാം ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ കൊണ്ടുവന്നാല്‍ ഒരു രാഷ്ട്രീയ സാംസ്കാരിക സംഘടന എന്ന നിലയില്‍ അവരുടെ ഹിംസാത്മകതയ്ക്കു ഗാന്ധി വധം മുതല്‍ ഇങ്ങോട്ട്  യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് കാണാം. നേരത്തെ സൂചിപ്പിച്ച ഫിരാക്കിലെ രണ്ടാമത്തെ രംഗം വയലന്‍സുമായി ബന്ധപ്പെട്ടതാണ്. ഒരു മുസ്ലീം യുവാവ് പോലീസുകാരുടെ പിടിയില്‍പ്പെടാതിരിക്കാന്‍ ഓടി ഒരു വീടിന്റെ താഴെ ഒളിക്കാന്‍ ശ്രമിക്കുന്നു. പോലീസ് വരുന്നുണ്ടോ എന്ന ചിന്തയില്‍ പരിഭ്രമിച്ചു നില്ക്കുന്നു, ഇതേ സമയം ആ കെട്ടിടത്തിനു മുകളില്‍ നിന്നും ഈ ചെറുപ്പക്കാരന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്ന വൃദ്ധന്‍ ഒരു കല്ല് താഴോട്ട് ഇടുകയും തല്‍ക്ഷണം ആ ചെറുപ്പക്കാരന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഒരു കലാപ പ്രദേശത്ത് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധം ഇല്ലെങ്കില്‍പ്പോലും ഒരാള്‍ എങ്ങനെ അതിന്റെ ഭാഗഭാക്കായി തീരുന്നു എന്നുള്ളതിന്റെ, വളരെ നിസ്സാരമായി ഒരു കുറ്റകൃത്യം ചെയ്യാന്‍ അയാളെ പാകപ്പെടുത്തുന്ന ഒരു പ്രത്യശാസ്ത്രത്തിന്റ അപകടകരമായ മാനസികാവസ്ഥയാണ് വൃദ്ധന്റെ കഥാപാത്രം പ്രേക്ഷകരോട് സംവദിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇതേ മാനസികാവസ്ഥയുടെ കുറച്ചു കൂടി ഹിംസാത്മകമായ ഒരു ആള്‍ക്കൂട്ടം എങ്ങനെ സമൂഹത്തില്‍ ഇടപെടും എന്നൂഹിക്കാ\ന്‍ അധികം തല പുകയ്ക്കേണ്ടി വരില്ല. 

അവര്‍ രണ്ടുപേരും അന്നത്തെ അന്നം തേടി ഇറങ്ങിയതാണ്. (പള്ളിക്കൂടത്തില്‍ പോകേണ്ട പതിനഞ്ചു വയസ്സുകാരന്‍ കന്നുകാലി ചന്തയില്‍ എത്തിപ്പെട്ട സാഹചര്യത്തെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല; അതൊന്നും ഉള്‍കൊള്ളാന്‍  സംഘപരിവാര്‍ തലച്ചോറുകള്‍ക്ക് ശേഷി ഇല്ലെന്നറിയാം) സര്‍ക്കാരിന്റെ കോടിക്കണക്കിന് രൂപ പറ്റിച്ചു നാട് വിടാന്‍ ശ്രമിച്ചവര്‍ അല്ല അവര്‍. ലോകം മുഴുവന്‍ ഹിംസയുടെ നിരക്കുകള്‍ ദിനംദിനം കുറഞ്ഞു വരുമ്പോള്‍ പുതിയ പുതിയ കൊലപാതക രീതികളിലൂടെ സംഘപരിവാര്‍ ഒരു ജനതയെ മുഴുവന്‍ പിന്നോട്ടടിക്കുന്നു. മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ പണിതെടുത്ത ദൈവങ്ങളും നിയമങ്ങളും ഉപയോഗിച്ച് അപരന്റെ ജീവന്‍ എടുക്കുന്നു; ഏറ്റവും പ്രാകൃതമായ രീതിയില്‍ തന്നെ.

 

എല്ലാം കഴിഞ്ഞ് ടി വി ചാനൽ പരസ്യം എന്ന പോലെ ഞങ്ങളോട് വന്നു പറയുന്നു, “നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് അച്ഛാ ദിനങ്ങള്‍”!

അസംബന്ധങ്ങള്‍ക്ക് എതിരായ കരുതലുകളാണ് മാനവസമൂഹത്തിന്റെ ഇന്നോളമുള്ള അതിജീവന ചരിത്രം. ആയിരക്കണക്കായ വര്‍ഷങ്ങളിലൂടെ അനുഭവിക്കുന്ന അനീതിക്കെതിരായ പോരാട്ടത്തിന് ഊര്‍ജജ്ജമായിത്തീരാന്‍ തന്റെ സാമൂഹിക മരണംകൊണ്ട് സാധ്യമാകുമെന്ന് തെളിയിച്ച രോഹിത് വെമൂല മുതല്‍ അടിച്ചമര്‍ത്താന്‍ ആവനാഴിയിലെ സകല അമ്പുകളും ഉപയോഗിച്ചിട്ടും തോല്‍ക്കാതെ ഫിനിക്സ് പക്ഷി കണക്കെ ഉയര്‍ത്തെഴുന്നേറ്റു വന്ന കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ തുടങ്ങി എണ്ണമറ്റ യുവത ഒരു സൂചന മാത്രമാണ്. വരാനിരിക്കുന്ന പ്രതിരോധ പോരാട്ടങ്ങളുടെ നീണ്ട പട്ടികയിലെ ഒരു ഏട് മാത്രം. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 56 ഇഞ്ചിന്റെ നെഞ്ചളവിനു പിടിച്ചു നില്‍ക്കാന്‍ പാടായിരിക്കും എന്ന്.

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍