കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നടപ്പിലാക്കിയ പാക്കേജിനു സമാനമായ നടപടികള്‍ മുതലമടയിലും സ്വീകരിക്കണം
ഇന്ത്യയുടെ മാംഗോ സിറ്റി എന്നാണു മുതലമട അറിയപ്പെടുന്നത്. പാലക്കാട് ജില്ലയിലെ ഈ അതിര്‍ത്തി ഗ്രാമപഞ്ചായത്തിലെ മനുഷ്യരുടെ ജീവിതത്തില്‍ ഇപ്പോള്‍ മാമ്പഴത്തിന്റെ രുചിയില്ല, വിഷത്തിന്റെ കയ്പ്പാണ്. മാമ്പഴത്തോട്ടത്തിലെ കീടനീശിനി പ്രയോഗത്തിന്റെ ഇരകളായി ഈ നാട്ടിലെ മനുഷ്യര്‍ മാറി തുടങ്ങിയിട്ടു വര്‍ഷങ്ങളായി. കാസര്‍ഗോഡെ മനുഷ്യരെ കുരുതി കൊടുത്ത എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികളാണു മുതലമടയിലെ മാമ്പഴത്തോട്ടങ്ങളിലും ദുരിതം വിതച്ചത്. മാരകവിഷങ്ങളുടെ ഇരകളായി മരിച്ചും അതിനൊത്തു ജീവിക്കുന്നവരുമായ കുറെ മനുഷ്യര്‍ ഈ മേഖലയില്‍ ഉണ്ടെങ്കിലും സര്‍ക്കാരിന്റെ ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട ആരുടെയും കണ്ണുകള്‍ ഇവരുടെ മേല്‍ പതിയുന്നില്ല എന്നതാണു ദൗര്‍ഭാഗ്യകരം.
കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടത് ദീര്‍ഘകാലമായി ജീവിതത്തിന്റെ ദുരിതങ്ങളോട് പൊരുതി കൊണ്ടിരുന്ന കുറെ പേര്‍ക്ക് ആശ്വാസമേകുന്നതാകുമ്പോള്‍, അതേ ശ്രദ്ധ കോടതികളുടെ ഭാഗത്തു നിന്നും ഭരണാധികാരികളുടെ ഭാഗത്തു നിന്നും മുതലമടയിലെ ജനങ്ങള്‍ക്കുമേലും ഉണ്ടാകേണ്ടതാണ്.
ചത്തുവീണ പൂമ്പാറ്റകള്‍
കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തന്റെ ആദ്യ ദൃഷ്ടാന്തം ഉക്കിനടക്കുകയില്‍ വ്യാപകമായി ചത്തുവീണ തേനീച്ചകളായിരുന്നുവെങ്കില്‍ മുതലമടയില്‍ അത് പൂമ്പാറ്റകളായിരുന്നു. 2005 ഡിസംബറില്‍ മുതലമടയിലെ വെള്ളാരങ്കടവില്‍ പൂമ്പാറ്റകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നത് ശ്രദ്ധയില്‍പെട്ട പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ് ഗുരുവായൂരപ്പന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുന്നതോടെയാണു പാലക്കാട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിയത്. 20 വര്‍ഷത്തിലേറെയായി എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ മാന്തോട്ടത്തില്‍ തളിക്കുന്നുണ്ടായിരുന്നു. എന്നാല്‍, നിരോധനത്തിനുശേഷവും ഇതേ കീടനാശിനികള്‍ മുതലമടയിലെ മാന്തോട്ടങ്ങളില്‍ തളിക്കുന്നുണ്ടെന്നാണു പരിസ്ഥിതി പ്രവര്‍തകര്‍ പറയുന്നത്. മുതലമടയില്‍ നിന്നും അധികം ദൂരയല്ലാത്ത പൊള്ളാച്ചി ചന്തയില്‍ നിന്നും ഇത്തരം കീടനാശിനികള്‍ സുലഭമായി കിട്ടും. കൃഷിവകുപ്പിന്റെയോ ആരോഗ്യ വകുപ്പിന്റെയോ കൃത്യമായ പരിശോധനകള്‍ ഒന്നും ഇല്ലാത്തതിനാല്‍ കീടനാശിനി ഉപയോഗത്തിനും തടസങ്ങളൊന്നും ഉണ്ടാകുന്നില്ല.
2005 ഡിസംബര്‍ 20 നു മുതലമട വെള്ളാരം കടവിലുള്ള ബാബു കോളനിയുടെ പരിസരത്ത് പൂമ്പാറ്റകളുടെ ദേശാടനവുമായ ബന്ധപ്പെട്ട പഠനം നടത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി എത്തുമ്പോഴാണ് മാന്തോട്ടങ്ങളില്‍ വ്യപകമായി കീടനാശിനികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുന്നത്. ഇതില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരകമായ കീടനാശിനികള്‍ ഉണ്ടായിരുന്നു. ഇവയുടെ ഉപയോഗം മൂലം വംശനാശഭീഷണി നേരിടുന്ന ചിത്രശലഭങ്ങള്‍ ഉള്‍പ്പെടെയുള്ള ഷഡ്പദങ്ങള്‍, തവളകള്‍, പാമ്പുകള്‍ എന്നിവ ചത്തു വീഴുന്നതും ശ്രദ്ധയില്‍പെട്ടു. പിന്നീട് വളര്‍ത്തുമൃഗങ്ങളും ചത്തു വീഴാന്‍ തുടങ്ങിയതോടെയാണു പ്രശ്‌നം അതീവഗൗരവമാണെന്നു മനസിലാകുന്നത്. പ്രദേശത്തെ ജനങ്ങളില്‍ പലവിധ രോഗങ്ങള്‍ ബാധിക്കുന്നതും അതുമൂലമുണ്ടാകുന്ന മരണങ്ങളും കീടനാശിനികളുടെ പ്രത്യാഘാതം ആണെന്നു വ്യക്തമായതോടെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. 2006 ല്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടലോടെ ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു; വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്ട് ഓഫിസര്‍ കൂടിയായ എസ് ഗുരുവായൂരപ്പന്‍ പറയുന്നു.
സര്‍വേ ഫലങ്ങള്‍
മുതലമടയിലെ അംബേദ്കര്‍ കോളനി, കടംകുറിശ്ശി, പെരിഞ്ചിറ പതിച്ചിറ, പോത്തന്‍പാടം, അടവുമരം, പുതുച്ചിറ കോളനി, മേച്ചിറ, ചുള്ളിയാര്‍ ഡാം ഏരിയ എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ ഈ പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള രാസകീടനാശിനികളുടെ ഉപയോഗം നടക്കുന്നുണ്ട്. മുതലമടയില്‍ നിന്നും വളരെ അടുത്തു കിടക്കുന്ന പൊള്ളാച്ചി ടൗണില്‍ നിന്നും ഇത്തരം കീടനാശിനികള്‍ സുലഭമായി കിട്ടും. ഇതുകൂടാതെ മുതലമടയില്‍ തന്നെ റീട്ടയില്‍ ഡീലര്‍മാരില്‍ നിന്നും കീടനാശിനികള്‍ ലഭ്യമാണ്.
മാന്തോട്ടങ്ങളില്‍ തളിക്കുന്ന മാരക കീടനാശിനികളുടെ ഉപയോഗമാണ് മുതലമടയെ ബാധിച്ച ദുരന്തത്തിന്റെ മുഖ്യഹേതു. ആയിരക്കണക്കിനു ചിത്രശലഭങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍, പാമ്പ്, തവള തുടങ്ങിയവയുടെ കൂട്ടക്കുരുതി ഈ മേഖലകളില്‍ കണ്ടെത്തിയതോടെയാണു കാസര്‍ഗോഡെ സമാനസാഹചര്യമാണ് മുതലമടയിലും ഉള്ളതെന്നു വ്യക്തമായത്.
മാന്തോട്ടങ്ങള്‍ക്കു സമീപം താമസിക്കുന്നവരില്‍ കീടനാശിനികളുടെ ഉപയോഗം മൂലം ഗുരുതരമായ അസുഖങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ടെന്നാണു 2006 ല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കൊടുവായൂര്‍ ബിഎഡ് യൂണിറ്റിലെ അധ്യാപകരും-വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ പറയുന്നത്.
സര്‍വേയുടെ ഭാഗമായി മുതലമട പഞ്ചായത്തിലെ അഞ്ചു സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലുള്ള 550 കുടുംബങ്ങളെ നേരില്‍ കണ്ടു. ഇവരില്‍ 174 കുടുംബങ്ങള്‍ അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായെങ്കിലും അധികം കുടുംബങ്ങളും ഒന്നും പറയാന്‍ തയ്യാറായിട്ടില്ലെന്നും പഠന സര്‍വേയില്‍ പറയുന്നു.
അന്നത്തെ സര്‍വേയില്‍ കണ്ടെത്തിയ ചില ഗൗരവതരമായ കാര്യങ്ങള്‍ ഇവയാണ്;
*എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികളുടെ അംശം പ്രദേശത്തെ ജലം, വായു, മണ്ണ് എന്നിവിടങ്ങളില്‍ കണ്ടെത്തിയിരിക്കുന്നു.
*ചിത്രശലഭങ്ങള്‍,മറ്റു ഷഡ്പദങ്ങള്‍ പാമ്പുകള്‍, തവളകള്‍, കന്നുകാലികള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെ എല്ലാം കൂട്ടമരണത്തിനു കാരണം ഈ വിഷം തന്നെയാണ്.
*കാന്‍സര്‍ ഉള്‍പ്പെടെയുള്ള മരണകാരണമായ രോഗങ്ങള്‍ മനുഷ്യരില്‍ ബാധിക്കാനും ഈ കീടനാശിനികളുടെ ഉപയോഗം കാരണമായിട്ടുണ്ട്.
*ഏറ്റവും പ്രധാനപ്പെട്ട സംഗതി വിഷകീടനാശിനിയുടെ ഉപയോഗമാണ് ഈ ദുരിതങ്ങളുടെ കാരണം എന്നതില്‍ നാട്ടുകാരില്‍ ഭൂരിഭാഗവും ബോധവാന്മാരല്ല എന്നതാണ്.
കീടനാശിനകളുടെ ഉപയോഗം മൂലം കുട്ടികളില്‍ അടക്കം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍
*കുട്ടികളില്‍ ഉണ്ടാകുന്ന ജനിതകവൈകല്യങ്ങള്‍
*കാന്‍സര്‍
*ക്ഷയം
*മാനസികാസ്വാസ്ഥ്യം
*നാഢിവ്യൂഹങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍
*ത്വക്ക് രോഗങ്ങള്‍
*ശ്വാസസംബന്ധമായ അസുഖങ്ങള്‍
*അന്ധത
*അബോര്‍ഷന്‍ ഉള്‍പ്പെടെ സത്രീകളെ ബാധിക്കുന്ന അസുഖങ്ങള്‍
എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ ഉപയോഗം മൂലം അസുഖങ്ങള്‍ ബാധിക്കപ്പെട്ടതായി കണ്ടെത്തിയ കുടുംബങ്ങളുടെ വിവരം(2006 ലെ സര്‍വെ)
കാന്‍സര്‍-19
മാനസിക-ശാരീക പ്രശ്്‌നങ്ങള്‍- 9
ത്വക്ക് രോഗങ്ങള്‍-31
ശാരീക അവശത ബാധിച്ചവര്‍- 11
അബോര്‍ഷനു വിധേയരായവരും/ യൂട്രസ് സംബന്ധ രോഗങ്ങള്‍ ബാധിച്ചവരും-7
വാതസംബന്ധമായ രോഗങ്ങള്‍ ബാധിച്ചവര്‍-22
കരള്‍ രോഗം- 8
വയറുവേദന, പുറംവേദന- 7
ബ്ലഡ് പ്രഷര്‍-7
നിശ്ചയിക്കാന്‍ പറ്റാത്ത മറ്റ് അസുഖങ്ങള്‍ ബാധി്ച്ചവര്‍-40
ആകെ 174 കുടുംബങ്ങളില്‍ കീടനാശിനി പ്രയോഗത്തിന്റെ ഇരകളായി മാറിയവര്‍ ഉണ്ടെന്നു കണ്ടെത്തി.
മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍
2006 ല്‍ കണ്ടെത്തിയ കണക്കുകള്‍ ഓരോ വര്‍ഷവും കൂടി വന്നതാണ് മുതലമടയിലെ സാഹചര്യം കാസര്‍ഗോഡിനു സമാനമാണെന്നു തെളിയിച്ചത്. എന്നാല്‍ കൃത്യമായ ആരോഗ്യ സംരക്ഷണമോ സര്‍ക്കാര്‍/ ഉദ്യോഗതലത്തില്‍ നിന്നുള്ള ഇടപെടലോ ഇവിടെ ഉണ്ടായില്ല എന്നതു പ്രശ്‌നത്തിന്റെ രൂക്ഷത കൂട്ടി. മാധ്യമങ്ങളിലൂടെയും മുതലമടയെ ബാധിച്ച ദുരന്തം പുറം ലോകത്ത് ചര്‍ച്ചയാകാതിരിരുന്നതും ഇവിടുത്തെ മനുഷ്യര്‍ക്ക് തിരിച്ചടിയായി.
ഇതിനിടയില്‍ പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിപോന്ന ഇടപെടലുകളുടെ ഫലമായാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി ഉണ്ടാകുന്നത്.
2016 സെപ്തംബര്‍ മാസത്തിലാണ് ഒരു ദശാബ്ദത്തിലേറെയായി മുതലമടയില്‍ നടക്കുന്ന കീടനാശിനി പ്രയോഗത്തിനെതിരേ ഗുരുവായൂരപ്പന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുന്നത്. മുതലമടയിലെ മാന്തോപ്പുകളില്‍ കീടനാശിനി പ്രയോഗം കൊണ്ട് കാന്‍സര്‍, ബുദ്ധിമാന്ദ്യം, അംഗ വൈകല്യത്തോടെയുള്ള ജനനം, ജനിതക തകരാറുകള്‍, ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള പെരുപ്പം ഒരു വ്യാഴവട്ടക്കാലത്തിനടുത്തെത്തിയിട്ടും കൂടിയിട്ടും സര്‍ക്കാരുകള്‍ ഇവര്‍ക്കായി പ്രത്യകം ഒന്നും ചെയ്തുകൊടുത്തിരുന്നില്ല. ഇതാണ് എന്നെ മനുഷ്യാവകാശ കമ്മിഷനു മുന്നില്‍ എത്തിക്കുന്നത്. കാസര്‍ഗോഡിനു സമാനമായ പ്രശ്‌നപരിഹാരത്തിനു മുന്‍കൈ എടുക്കണം എന്നതായിരുന്നു ആവശ്യം. അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് തീരുമാനമെടുക്കുന്നതിന് കമ്മീഷന്‍ കത്തുനല്‍കി. അതില്‍ വിശദമായ വിലയിരുത്തലുകള്‍ക്കു ശേഷം ദുരിത ബാധിതര്‍ക്കായി കാസര്‍ഗോഡ് ജില്ലക്ക് സമാനമായ പാക്കേജ് രൂപീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനായി കേരള സര്‍ക്കാര്‍ പദ്ധതികള്‍ രൂപീകരിക്കേണ്ടതാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍കുമാറിന്റെ ഇടപെടലിലാണ് ഇത്തരമൊരു നടപടിക്ക് വഴിയൊരുങ്ങിയത്; ഗുരുവായൂരപ്പന്‍ പറയുന്നു.
മാന്തോപ്പുകള്‍ ഇല്ലാത്ത പ്രദേശങ്ങളിലും രോഗങ്ങള്‍ വ്യാപിക്കുന്നു
ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും പാലക്കാട് മേഴ്‌സി കോളേജ് ഒന്നാം വര്‍ഷ എം.എസ് .ഡബ്ലിയു ഡിപാര്‍ട്ട്‌മെന്റിന്റെയും നേതൃത്വത്തില്‍ മുതലമട പഞ്ചായത്തില്‍ മാമ്പള്ളം, കിഴക്കെക്കാട്,മല്ലന്‍കുളമ്പ്, പള്ളം എന്നീ ഗ്രാമങ്ങളില്‍ നടത്തിയ പുതിയ ആരോഗ്യ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനിയുടെ ഉപയോഗം മൂലം ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം പഞ്ചായത്തില്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
368 വീടുകളിലായി നടത്തിയ പഠനത്തില്‍ 256 പേര്‍ക്ക് കാര്യമായ അസുഖവും ജനിതക തകരാറുകളും ഉണ്ടെന്ന് ബോധ്യപ്പെട്ടു. ഇതില്‍ 13 പേര്‍ക്ക് ക്യാന്‍സര്‍, ജനിതക പ്രശ്‌നങ്ങള്‍ 13 പേര്‍ക്ക്, ഹൃദയ സംബന്ധ പ്രശ്‌നങ്ങള്‍ 15 പേര്‍ക്ക്, ബി.പി. 23 പേര്‍ക്ക്, കാഴച്ചത്തകരാറുകള്‍ 22 പേര്‍ക്ക് തുടങ്ങി ഇരുപത്തഞ്ചോളം അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പതിനൊന്നോളം പേര്‍ ഇവിടങ്ങളില്‍ ഇത്തരം രോഗം കൊണ്ട് മരണപ്പെട്ടു. അതില്‍ എട്ടു പേര്‍ കാന്‍സര്‍ ബാധിച്ചതാണ് മരിച്ചിരിക്കുന്നത്.
മാന്തോപ്പുകള്‍ അധികം ഇല്ലാത്ത, അതേസമയം ഇതുമായി ബന്ധമുള്ള ആളുകള്‍ താമസിക്കുന്ന പ്രദേശത്താണ് ഇത്രയധികം മാരക രോഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് എന്നത് സര്‍ക്കാര്‍ ഗൗരവമായി കാണേണ്ട വിഷയമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിലേക്കും ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്കും നല്‍കുമെന്ന് ആശ്രയം സെക്രട്ടറി വൈശാക് കൃഷ്ണന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ മൂലം വിഷമം അനുഭവിക്കുന്നവര്‍ക്ക് മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതി വരെ നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞ സാഹചര്യത്തില്‍ മുതലമടക്കാര്‍ക്കും അതെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഠനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.
ആശ്രയം പ്രവര്‍ത്തകരായ അരവിന്ദാക്ഷന്‍, റീത്ത അരവിന്ദ്, ശശികുമാര്‍ , വൈശാഖ് കൃഷ്ണന്‍, സതീഷ്, പ്രശാന്ത്, പ്രസാദ്,ബിനു,അനിതാ കൃഷ്ണമൂര്‍ത്തി, ഷിബു, ചിത്ര, നീന എന്നിവരും, മേഴ്‌സി കോളേജ് പിജി അധ്യാപികമാരായ മെറിന്‍, സൗമ്യ, ക്യാമ്പ് ലീഡര്‍ ശരണ്യ, വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയിലെ എസ് .ഗുരുവായൂരപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ്ആദ്യ ഘട്ട പഠനം നടത്തിയത്.
കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറവാണ് മുതലമടയിലെ ആരോഗ്യപ്രശ്‌നങ്ങളും മരണങ്ങളുമെങ്കിലും സമാനമായ ദുരിതമാണ് ഇരു സ്ഥലങ്ങളിലും സംഭവിച്ചിരിക്കുന്നതെന്നു വ്യക്തമാണ്. അതുകൊണ്ട് തന്നെ കാസര്‍ഗോഡെ ഗ്രാമങ്ങളില്‍ നടത്തുന്ന അതേ ശ്രദ്ധയും ഇടപെടലുകളും മുതലമടയിലും ആവശ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അനാസ്ഥ മുതലമടയിലെ പ്രശ്‌നങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും രൂക്ഷമാക്കി കൊണ്ടിരിക്കുകയാണെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ആരോഗ്യസംരക്ഷണം മാത്രമല്ല, കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നടപ്പിലാക്കിയ പാക്കേജിനു സമാനമായ നടപടികള്‍ മുതലമടയിലും സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുതലമടയിലും കാസര്‍ഗോഡിനു തുല്യമായ പാക്കേജ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. കീടനാശിനി പ്രയോഗമാണ് മുതലമടയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമെന്നു തെളിയിക്കുന്ന തരത്തിലുള്ള ആരോഗ്യപഠനങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ നടന്നില്ല എന്നതാണു പ്രധാനകാരണം. അതുകൊണ്ട് തന്നെ ഇവിടെ ബാധിച്ചിരിക്കുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്നു ശാസ്ത്രീയമായി തെളിയിക്കാനും സാധിച്ചിട്ടില്ല. അതേസമയം 20 വര്‍ഷത്തിലേറെയായി മുതലമടയിലെ മാന്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനി തളിക്കുന്നുണ്ടെന്നതിനു വ്യക്തമായ തെളിവുകളും ഉണ്ട്. കാസര്‍ഗോഡ് ഉള്ളതുപോലെ, തല വളര്‍ന്ന കുട്ടികളും ചലനശേഷി നടഷ്ടപ്പെട്ടവരും, ശ്വാസകോശരോഗങ്ങള്‍ ബാധിച്ചവരും മാനസികാസ്വാസ്ഥ്യം ബാധിച്ചവരുമൊക്കെ മുതലമടയിലും ഉണ്ട്.
എന്‍ഡോസള്‍ഫാന്‍ ജില്ലയില്‍ നിരോധിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്ന ജില്ലയില്‍ കാസര്‍ഗോഡിനു സമാനമായ പാക്കേജുകള്‍ പ്രഖ്യാപിക്കണം എന്നു തന്നെയാണ് ശക്തമായി ഉയരുന്ന ആവശ്യം. ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവു പ്രകാരം കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കു നഷ്ടപരിഹാരം പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം സഹായങ്ങള്‍ മുതലമടയിലെ ദുരിതബാധിതര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.
ഇതിന് ഒപ്പം തന്നെ അധികൃതര്‍ ഉടനടി ചെയ്യേണ്ടതായിട്ടുള്ള ചില കാര്യങ്ങള്‍ കൂടിയുണ്ട്.
*എന്‍ഡോസള്‍ഫാന്‍ നിരോധിച്ചശേഷവും മുതലമടയിലെ മാന്തോട്ടങ്ങളില്‍ കീടനാശിനി പ്രയോഗം ഉണ്ടോയെന്നു കണ്ടെത്തുക.
*ഇത്തരം കീടനാശിനി തളിക്കുന്നതായി പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളുക.
*മുതലമടയിലെ കീടനാശിനി പ്രയോഗത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സര്‍ക്കാരില്‍ സമര്‍പ്പിക്കുക.
*മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം മുതലമടയിലെ ദുരിതബാധിതര്‍ക്ക്(മരണപ്പെട്ടവര്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചവര്‍, വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍) നഷ്ടപരിഹാരം നല്‍കുക.
*മുതലമടയില്‍ രോഗങ്ങള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ എത്രയും വേഗം സര്‍വേകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക.
*വിദഗ്ദരായ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കി മുതലമടയിലെ സാഹചര്യം അടിയന്തിരമായി മനസിലാക്കി വേണ്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ സ്വീകരിക്കുക.