UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തങ്ങ വെടിവയ്പ്; വിചാരണ ഇനി വയനാട്ടില്‍

Avatar

എം കെ രാമദാസ്

പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷവും നീളുന്ന മുത്തങ്ങ കേസിലെ കോടതി നടപടികള്‍ വയനാട്ടിലേക്ക് മാറ്റുന്നു. എറണാകുളത്തെ സിബിഐ കോടതിയിലുള്ള മൂന്ന് കേസുകളില്‍, വിചാരണയാരംഭിക്കാത്ത രണ്ട് കേസുകള്‍ വയനാട് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം. കേസ് നടപടികള്‍ പൂര്‍ത്തിയാവാതെ നീണ്ടു പോവുന്നത് ഒഴിവാക്കാനാണിത്.

എസ്. സി 6, എസ്.സി 7 നമ്പര്‍ കേസുകളുടെ വിചാരണ ജൂലൈ 12ന് കല്‍പ്പറ്റയില്‍ ആരംഭിക്കാനാണ് ഉത്തരവ്. സി.കെ. ജാനു, എം. ഗീതാനന്ദന്‍ തുടങ്ങിയവര്‍ പ്രതികളായുള്ള ഒരു കേസില്‍ മാത്രമാണ് സിബിഐ കോടതിയില്‍ വിചാരണയാരംഭിച്ചത്. വനം, പോലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ കേസിലാണ് സാക്ഷി വിസ്താരം നടക്കുന്നത്. വിചാരണ വേളയില്‍ ഹാജരാവാതിരുന്ന മൂന്നു പേര്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് കേസിലുമായി 190 പ്രതികളാണുള്ളത്. ഗോത്രമഹാസഭ നേതാക്കള്‍ക്ക് പുറമെ വയനാട്ടിലെ ആദിവാസികളാണ് കേസിലെ ഭൂരിഭാഗം പ്രതികളും. ഇങ്ങനെ പ്രതികളായവരില്‍ 20-ഓളം പേര്‍ ഇതിനകം മരിച്ചു. പ്രതികള്‍ കോടതിയില്‍ ഹാജരാവുന്നതിനുള്ള പ്രയാസത്തോടൊപ്പം കേസുകളുടെ ബാഹുല്യവും കോടതി നടപടികള്‍ നീണ്ടു പോവാന്‍ കാരണമായി. നിര്‍ധനരും നിത്യവേതന ജോലിക്കാരുമായ ആദിവാസികള്‍ക്ക് എറണാകുളത്തെ കോടതിയില്‍ യഥാസമയം ഹാജരാവാന്‍ സാധിച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കോടതി മാറ്റം നിര്‍ദ്ദേശിച്ചതും ഉത്തരവിട്ടതും. 

ഭൂമിക്കുവേണ്ടിയുള്ള കേരളത്തിലെ ആദിവാസികളുടെ പോരാട്ടങ്ങള്‍ക്ക് ദിശ നിര്‍ണയിച്ച മുത്തങ്ങ സംഭവം 2003-ലാണ് നടന്നത്. 2003 ജനുവരി അഞ്ചിന് വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ അമ്പുകുത്തി പ്രദേശത്ത് കൈയേറി കുടില്‍ കെട്ടി ആരംഭിച്ച സമരത്തില്‍ ആയിരത്തിലധികം ആദിവാസികള്‍ പങ്കെടുത്തു. അന്നത്തെ എ.കെ ആന്റണി സര്‍ക്കാര്‍, 44 ദിവസത്തിനു ശേഷം ബലം പ്രയോഗിച്ച് സമരക്കാരെ ഒഴിപ്പിക്കുന്നതിനിടെ വിനോദ് എന്ന പോലീസുകാരനും ജോഗിയെന്ന ആദിവാസിയും കൊല്ലപ്പെട്ടു. സമരക്കാര്‍ക്കൊപ്പം വനം-പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് മാരകമായി പരിക്കേറ്റു. ലോക്കല്‍ പോലീസിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സിബിഐ ഏറ്റെടുക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ 7 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരേ പ്രതികളൊണെന്നത് പരിഗണിച്ച് എണ്ണം കുറച്ചു. പോലീസുകാരന്റെ കൊലയാണ് ഒരു കേസ്. സേനാംഗങ്ങളെ അക്രമിച്ചതുമായി ബന്ധപ്പെട്ടാണ് രണ്ടാം കേസ്. ഈ രണ്ട് കേസുകളുമാണ് വയനാട് സെഷന്‍സ് കോടതി പരിഗണിക്കുന്നത്. വയനാട്ടില്‍ വിചാരണ ആരംഭിക്കുന്നതോടെ നടപടികള്‍ വേഗത്തിലാവുമെന്നാണ് കരുതുന്നത്. കേസില്‍ അകപ്പെട്ട ആദിവാസികള്‍ പ്രതിനിധാനം ചെയ്യുന്ന ഗോത്രമഹാ സഭ കോടതി മാറ്റം നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

അതിനിടെ പ്രതികളായ ആദിവാസികള്‍ക്ക് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഡിഫന്‍സ് കമ്മറ്റിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചതായി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ അഴിമുഖത്തോട് പറഞ്ഞു. കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ വിചാരണയാരംഭിക്കുന്ന ജൂലൈ 12ന് വിപുലമായ യോഗം ചേരാണ് തീരുമാനം. പൗരാവകാശ, മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുകയാണ് ഗോത്രമഹാസഭയുടെ ഉദ്ദേശ്യം.

 

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് രാമദാസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍