UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തങ്ങ: ആന്റണിയുടെ തെറ്റിന് ഉമ്മന്‍ചാണ്ടിയുടെ പ്രായശ്ചിത്തം

Avatar

എം കെ രാമദാസ്‌

തദ്ദേശീയ ജനതയുടെ നിരന്തരാവശ്യങ്ങള്‍ക്കുമേലുള്ള സംസ്ഥാന ഭരണകൂടത്തിന്റെ ക്രിയാത്മക ഇടപെടലുകളില്‍ ഒന്നായ മുത്തങ്ങ പാക്കേജിന് ഔപചാരിക ആരംഭം. മുത്തങ്ങ സംഭവത്തിന്റെ ഇരകളായ 285 പേര്‍ക്ക് ഭൂമി നല്‍കുന്നത് ഉള്‍പ്പെടെയുള്ള പുനരധിവാസ പദ്ധതിക്കാണ് വയനാട്ടില്‍ തുടക്കം. മുത്തങ്ങ വനം ഉള്‍പ്പെടുന്ന നൂല്‍പ്പുഴ, ബത്തേരിക്കടുത്ത് ചെതലയും ഇരുളം, മാനന്തവാടിക്ക് അടുത്ത് തവിഞ്ഞാല്‍, വൈത്തിരി എന്നിവിടങ്ങളിലാണ് പാക്കേജിന്റെ ഭാഗമായി ഭൂമി നല്‍കുന്നത്. അനുവദിച്ച ഭൂമിയുടെ പട്ടയം മുഖ്യമന്ത്രി നേരിട്ട് വിതരണം ചെയ്യുന്ന ചടങ്ങില്‍ സി കെ ജാനു പങ്കെടുത്തു. മുത്തങ്ങ സമരത്തില്‍ പരിക്കേറ്റവര്‍, ജയിലില്‍ ആയവര്‍, കുട്ടികള്‍ എന്നിവരാണ് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നത്. ഭൂമിയോടൊപ്പം നഷ്ടപരിഹാര നിര്‍ദ്ദേശവുമുണ്ട്. നാല്‍പതോളം കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കി കഴിഞ്ഞു. ഭൂമി ലഭിക്കുന്നവര്‍ക്ക് വീടും മറ്റു സൗകര്യങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും മറ്റു ഏജന്‍സികളും ആണ് ആദിവാസികള്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തിയതും നടപടികള്‍ പൂര്‍ത്തീകരിച്ചതും. ആദിവാസി ഗോത്ര മഹാസഭ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ നില്‍പ് സമരത്തെ തുടര്‍ന്നാണ് മുത്തങ്ങ പാക്കേജ് രൂപം കൊണ്ടത്. ആദിവാസികളുടെ മാസങ്ങള്‍ നീണ്ട നില്‍പ് സമരത്തിന് ഒപ്പം പൊതു സമൂഹത്തിന്റെ നിരന്തര ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് അംഗീകരിച്ചത്.

ജീവിക്കാന്‍ ഭൂമിയെന്ന ആദിവാസികളുടെ ആവശ്യം പൊതു സമൂഹത്തിന് മുന്നില്‍ എത്തുന്നത് മുത്തങ്ങ സമരത്തിലൂടെയാണ്. 2003 ജനുവരി അഞ്ചിന് വനംഭൂമിയില്‍ അവകാശം സ്ഥാപിച്ചു കൊണ്ടുള്ള പോരാട്ടമാണ് മുത്തങ്ങ സമരം എന്ന പേരില്‍ അറിയപ്പെട്ടത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ ഉള്‍പ്പെടുന്ന വനത്തിലാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ സമരം ആരംഭിച്ചത്. ആന്റണി സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ കുടില്‍ കെട്ടി സമരത്തെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് മുത്തങ്ങയില്‍ സമരം ആരംഭിക്കുന്നത്. 44 ദിവസം നീണ്ട സമരം ആദ്യഘട്ടങ്ങളില്‍ പ്രക്ഷുബ്ധമായിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൂടുതല്‍ ആദിവാസികള്‍ സമരത്തിന് എത്തിയതോടെ മുത്തങ്ങ വനമേഖല സംഘര്‍ഷ ഭരിതമായി. വനം വകുപ്പിന് ഒപ്പം മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ കൂടി സമര വിരുദ്ധരായി രംഗത്ത് വന്നതോടു കൂടിയാണ് മുത്തങ്ങയുടെ ഗതിമാറിയത്. പരിസ്ഥിതി സംഘടനകള്‍ ആദിവാസികളുടെ പ്രക്ഷോഭത്തിനു നേരെ പ്രചാരണം അഴിച്ചു വിട്ട് പൊതു സമൂഹത്തില്‍ വേര്‍ തിരിവുണ്ടാക്കി. മുഖ്യമന്ത്രി എ കെ ആന്റണിയില്‍ സമര നേതൃത്വത്തിന് ഉണ്ടായ വിശ്വാസവും കെ ആര്‍ ഗൗരിയമ്മ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സഹകരണവുമാണ്. ആദ്യഘട്ടത്തില്‍ മുത്തങ്ങയെ കലാപരഹിതമാക്കിയത്.

പരിസ്ഥിതി സംഘടനകള്‍ക്ക് ഒപ്പം ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷ നേതൃ പാര്‍ട്ടിയായ സിപിഐഎമ്മും വയനാട്ടില്‍ സമരത്തിന് എതിരെ നില കൊണ്ടു. ആദിവാസികളെ ബലം പ്രയോഗിച്ച് കാടിനുള്ളില്‍ നിന്നും പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വനത്തിനുള്ളിലെ ആദിവാസികള്‍ക്ക് നാട്ടില്‍ ഇറങ്ങാന്‍ വിലക്കേര്‍പ്പെടുത്തി പ്രകോപനം സൃഷ്ടിച്ചാണ് പൊലീസ് നടപടി ഒരുക്കിയത്. അന്നത്തെ വനം മന്ത്രി കെ സുധാകരന്‍ വകുപ്പിനെ ഉപയോഗിച്ച് മുത്തങ്ങയില്‍ കലാപത്തിന് വഴി മരുന്നിട്ടു. 2003 ഫെബ്രുവരി 19-ന് മുത്തങ്ങ വനത്തില്‍ നിന്ന് ആദിവാസികളെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. പൊലീസ്, വനം സേനകളിലെ ആയിരത്തോളം ഉദ്യോഗസ്ഥര്‍ക്കൊപ്പം നാട്ടു ഗുണ്ടകളും വനമോചനത്തിന് നിയോഗിക്കപ്പെട്ടു. ക്രൂരമായ മര്‍ദ്ദനത്തിനും പീഡനത്തിനും തീവയ്പ്പിനും ശേഷം വെടിവയ്പ്പില്‍ എത്തിയ സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആദിവാസിയായ ജോഗി വെടിയേറ്റ് മരിച്ചു. സമരാനുകൂലികള്‍ ബന്ദിയാക്കിയ വിനോദ് എന്ന പൊലീസുകാരന്‍ പിന്നീട് ആശുപത്രിയിലും മരിച്ചു. യഥാര്‍ത്ഥ കലാപം പിന്നീടാണ് അരങ്ങേറിയത്. ജനക്കൂട്ടത്തിന്റെ പിന്‍ബലത്തോടെ പൊലീസ്, വനം സേനാംഗങ്ങള്‍ വയനാട്ടില്‍ ഉടനീളം ആദിവാസികളെ ക്രൂര പീഡനത്തിന് ഇരയാക്കി. ആദിവാസി കോളനികളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടില്‍ ഇറങ്ങിയ ആദിവാസികളെ സാമൂഹ്യ വിരുദ്ധര്‍ പൊലീസ് ഒത്താശയോടെ രൂക്ഷമായി കൈകാര്യം ചെയ്തു. കോളനിയില്‍ എത്തി വെടിയുതിര്‍ത്ത് ഭയപ്പെടുത്തി കുട്ടികളെ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ചു. സമരത്തിന് നേതൃത്വം നല്‍കിയ സി കെ ജാനുവിനേയും ഗീതാനന്ദനേയും തല്ലിച്ചതച്ച് അഴിക്കുള്ളിലാക്കി. സമരത്തെ അനുകൂലിച്ചെന്ന കുറ്റം ചാര്‍ത്തി ചിലര്‍ക്കെതിരെ കേസ് എടുത്തു. ഡയറ്റ് അധ്യാപകനായ കെ കെ സുരേന്ദ്രനെ ബലമായി അറസ്റ്റ് ചെയ്ത് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി ലോക്കപ്പിലിട്ട് ചെവി അടിച്ചു പൊട്ടിച്ചു.


എകെ ആന്റണി മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് ദല്‍ഹിക്ക് വണ്ടി കയറി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. സംസ്ഥാന പൊലീസിന് പിന്നാലെ സിബിഐ കേസെടുത്തു. പൊലീസുകാരന്റെ വധം സംബന്ധിച്ച അന്വേഷണമാണ് സിബിഐ ഏറ്റെടുത്തത്. ജോഗിയുടെ മരണവും ആദിവാസികള്‍ക്ക് എതിരെയുള്ള അതിക്രമവും അന്വേഷിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒപ്പം സിബിഐയും തയ്യാറായില്ല. ആയിരത്തോളം ആദിവാസികളെ പ്രതികളാക്കി വനം വകുപ്പും അനവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിബിഐ കേസിലും ഇവര്‍ തന്നെയാണ് പ്രതികള്‍. കേസുകളില്‍ ഉള്‍പ്പെട്ട ആദിവാസികളില്‍ 25-ഓളം പേര്‍ ഇതിനകം മരിച്ചു. നാട്ടിലും പൊലീസ് സ്റ്റേഷനിലും പീഡനത്തിന് ഇരയായവര്‍ അവശരായി ജീവിക്കാന്‍ മാര്‍ഗമില്ലാതെയാണ് മരണത്തിന് കീഴടങ്ങിയത്. പത്ത് പേര്‍ ആത്മഹത്യയിലാണ് അഭയം തേടിയത്.

2001-ലെ യുഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ പ്രാദേശിക പാര്‍ട്ടി വികാരം മറികടന്നാണ് മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് അനുകൂലമായ നിലപാട് എടുത്തത്. 2006-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ഇടതുപക്ഷത്തെ സഹായിച്ച പ്രധാന സംഭവങ്ങളിലൊന്നാണ് മുത്തങ്ങ. അധികാരത്തിലേറിയ അച്യുതാനന്ദന്‍ മുത്തങ്ങ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചില്ല. സമാന സമയത്ത് സിപിഐഎം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതി നടത്തിയ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിച്ച് ഇടതു സര്‍ക്കാര്‍ മുത്തങ്ങ സമരത്തെ തള്ളിക്കളഞ്ഞു. മുത്തങ്ങ സമര ഇരകള്‍ക്കു മാത്രമായി പാക്കേജ് വേണ്ടെന്ന നിലപാടിലാണ് ആദിവാസി ക്ഷേമ സമിതി ഇപ്പോഴും. 2011-ല്‍ അച്യുതാനന്ദന്റെ പതനത്തോടെ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുത്തങ്ങയിലെ ആദിവാസികള്‍ക്ക് എതിരായ കേസുകള്‍ എഴുതിത്തള്ളി. നില്‍പ്പുസമരത്തിലുണ്ടായ ഒത്തുതീര്‍പ്പ് എന്ന നിലയില്‍ മുത്തങ്ങ ഇരകള്‍ക്ക് ഭൂമി നല്‍കി സര്‍ക്കാര്‍ വീണ്ടും പ്രായശ്ചിത്തം ചെയ്യുകയാണ്.

പതിമൂന്ന് വര്‍ഷത്തിന് ശേഷമുണ്ടായ നടപടി ആശ്വാസകരമെന്ന് സമരത്തിനെ പിന്തുണച്ചതിനെ തുടര്‍ന്ന് പീഡനത്തിന് ഇരയായ സുരേന്ദ്രന്‍ പറഞ്ഞു. ‘മുത്തങ്ങയുമായി ബന്ധപ്പെട്ട സിബിഐ കേസും എഴുതി തള്ളണം. സികെ ജാനു, ഗീതാനന്ദന്‍ തുടങ്ങിയ നാനൂറോളം പേര്‍ കേസില്‍ പ്രതികളാണ്. നിത്യവൃത്തിക്ക് വകയില്ലാത്തവരാണ് ഇവര്‍. വര്‍ഷങ്ങളായി ഇവരുടെ ജീവിതത്തിന്റെ നിറം കെടുത്തുന്നു. ഭൂമി കൊടുക്കുന്നതിലൂടെ സമരാവശ്യത്തെ സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞു. സിബിഐ കേസും അങ്ങനെ പരിഗണിക്കണം’, സുരേന്ദ്രന്‍ പറഞ്ഞു.

ആശ്വാസം നല്‍കുന്ന തുടക്കമാണിതെന്ന് ഗീതാനന്ദന്‍ പറഞ്ഞു. ‘ഭൂസമരത്തെ വിപുലീകരിക്കാനാണ് ഗോത്ര മഹാസഭയുടെ തീരുമാനം. ആദിവാസികള്‍ക്കൊപ്പം ദളിതരേയും സമരത്തില്‍ പങ്കാളികള്‍ ആക്കും. ജനാധിപത്യ ഊരു വികസന മുന്നണി ആദ്യ പടിയാണ്. വരുന്ന ഫെബ്രുവരി 19-ന് മുത്തങ്ങ ദിനത്തില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടാകും’.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍