UPDATES

’28 വര്‍ഷമായി ജോലിചെയ്യുന്നയാള്‍ക്ക് 18,000 രൂപ ശമ്പളം, ശാഖകള്‍ പൂട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാല്‍ സമരം തീരില്ല’; നിലപാടിലുറച്ച് മുത്തൂറ്റ് ജീവനക്കാര്‍

തൊഴില്‍തര്‍ക്കമല്ല, ക്രമസമാധാന പ്രശ്‌നമെന്ന് മാനേജ്‌മെന്റ്

‘ശമ്പളവും ബോണസും തന്നിട്ടില്ല. ഓണം പട്ടിണിയിലാണ്. ഞങ്ങളെ പീഡിപ്പിച്ച്, തളര്‍ത്തി പിന്‍മാറ്റുക എന്നതാണ് മാനേജ്മെന്റ് തന്ത്രം. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും സമ്മതിക്കുന്നത് വരെ സമരം തുടരുക തന്നെ ചെയ്യും. ബ്രാഞ്ചുകള്‍ പൂട്ടുമെന്ന ഭീഷണി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് ചെയ്യുന്നതും ചെയ്യാത്തതും അവരുടെ അധികാര പരിധിയില്‍ വരുന്ന കാര്യവുമാണ്. പക്ഷെ ജോലി സംബന്ധമായ വിഷയങ്ങള്‍ ഞങ്ങളുടെ പരിധിയില്‍ വരുന്നതാണ്. പിരിച്ചുവിടാനാണ് കരുതുന്നതെങ്കില്‍ അത് നടക്കില്ല. ബ്രാഞ്ചുകള്‍ പൂട്ടിയാല്‍ ഞങ്ങളെ മറ്റ് ബ്രാഞ്ചുകളിലേക്ക് ഉള്‍ക്കൊള്ളിച്ചേ പറ്റൂ.’ മുത്തൂറ്റ് തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കുന്ന നിഷ കെ ജയന്‍ പറഞ്ഞു. ഇന്നലെ തൊഴില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ച് ചേര്‍ത്ത സമവായ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞിരുന്നു.

നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തങ്ങളുടെ പ്രധാന ആവശ്യമായ ശമ്പള വര്‍ധന സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഉണ്ടാവാത്തതിനാല്‍ പരാജയമായിരുന്നു എന്ന് സമരക്കാര്‍ പറയുന്നു. ബോണസും തടഞ്ഞുവച്ച ശമ്പളവും നല്‍കാമെന്ന് കമ്പനി അധികൃതര്‍ സമരസമിതിയെ അറിയിച്ചു. ‘ഇന്‍ക്രിമെന്റ്, പ്രൊബേഷന്‍ പിരീഡ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ മാനേജ്മെന്റ് മുമ്പത്തേക്കാള്‍ അയഞ്ഞ സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ ശമ്പള വര്‍ധനവ് എന്ന ഞങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. അതില്‍ ഒരു തീരുമാനമാവാതെ സമരം അവസാനിപ്പിക്കാനാവില്ല.

’28 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ക്ലറിക്കല്‍ സ്റ്റാഫിന് ഇപ്പോഴും 18,000 രൂപയാണ് ശമ്പളം. ആറ് വര്‍ഷമായി ജോലി ചെയ്യുന്ന ചിലര്‍ക്ക് 17,000 രൂപയും ലഭിക്കുന്നു. ഇത്തരത്തില്‍ ഒരു വ്യവസ്ഥയുമില്ലാതെ മുന്നോട്ട് പോവാന്‍ ഇനി കഴിയില്ല. ചുരുങ്ങിയ ശമ്പളം ഇപ്പോള്‍ കിട്ടുന്നത് 11,500 രൂപയാണ്. ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം അതാണ് ഏറ്റവും കുറഞ്ഞ ശമ്പളം. പക്ഷെ സാധാരണ കടയിലെ പൊതിഞ്ഞുകൊടുപ്പുകാരെപ്പോലെ ഞങ്ങളെ കണക്കാക്കാനാവില്ല. പണവും സ്വര്‍ണവും കൈകാര്യം ചെയ്യുന്ന റിസ്‌ക്കുള്ള ജോലിയാണ്. മാത്രമല്ല, ആരെങ്കിലും കളവ് മുതലോ മറ്റോ പണയം വച്ച് പോയാല്‍ അതിന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് നക്കാപ്പിച്ച ശമ്പളം വാങ്ങുന്ന ഞങ്ങളാണ്. മാനേജ്മെന്റ് പറയുന്ന എല്ലാ നിയമങ്ങളും അനുസരിച്ചായിരിക്കും ഞങ്ങള്‍ പണയം സ്വീകരിച്ചിരിക്കുക. ഐഡികാര്‍ഡും, ആധാറും മറ്റെല്ലാ ഡീറ്റെയ്ല്‍സും പരിശോധിച്ച് പണയം സ്വീകരിക്കും. എന്നാല്‍ അത് കളവുമുതല്‍ ആണെന്ന് മനസ്സിലായാല്‍ അവിടെയുള്ള പ്യൂണ്‍ സ്റ്റാഫില്‍ നിന്ന് പോലും കാശ് പിടിച്ചാണ് വായ്പ തിരികെ അടപ്പിക്കുന്നത്. ഞങ്ങളുടെ മിനിമം സാലറി 18,000 ആക്കി തരണം. സര്‍ക്കാര്‍ മുമ്പ് നിശ്ചയിച്ച് കമ്മീഷനും അത് ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്. അതനുസരിച്ച് 2016ല്‍ മിനിമം സാലറി 18,000 ആക്കി സര്‍ക്കാര്‍ നോട്ടിഫിക്കേഷനും ഇറക്കി. എന്നാല്‍ മൂത്തൂറ്റ് ഉള്‍പ്പെടെയുള്ള മാനേജ്മെന്റുകളുടെ അസോസിയേഷന്‍ അതിനെതിരെ സ്റ്റേ വാങ്ങി. അത് നടപ്പായില്ല. ആ ഉത്തരവ് നടപ്പാവുകയാണെങ്കില്‍ ശമ്പളം കൂട്ടി നല്‍കാം എന്നാണ് മാനേജ്മെന്റ് ഇന്നലെ യോഗത്തില്‍ പറഞ്ഞത്. അവര്‍ സ്റ്റേ വാങ്ങിയ ഉത്തരവ് സര്‍ക്കാര്‍ എങ്ങനെ നടപ്പാക്കാനാണ്. പറയുന്നതില്‍ എന്തെങ്കിലും ലോജിക് വേണ്ടേ’ നിഷ കെ ജയന്‍ പറഞ്ഞു.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ 22 ദിവസമായി സമരം തുടരുകയാണ്. മുത്തൂറ്റ് എം ഡി ജോര്‍ജ് അലക്സാണ്ടര്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയുരുന്നു എങ്കിലും സമവായ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. കമ്പനി പ്രതിനിധിയെ യോഗത്തില്‍ പങ്കെടുക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നറിയിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. സമരം തുടരുകയാണെങ്കില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്നും 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതിന് ആര്‍ബിഐയുടെ അനുമതി തേിയിട്ടുണ്ടെന്നും ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സില്‍ ഇപ്പോഴുളളത ് തൊഴില്‍ തര്‍ക്കമല്ല, ക്രമസമാധാന പ്രശ്നമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മുമ്പ് ഒരു വശത്ത് സമരക്കാര്‍ കുത്തിയിരുന്ന് സമരം ചെയ്തപ്പോള്‍ മറുവശത്ത് ‘ജോലിയെടുക്കാന്‍ അവകാശമുണ്ടെ’ന്ന് പറഞ്ഞ് എം ജി റോഡിൽ കുത്തിയിരുന്നത് നാടകീയ രംഗങ്ങള്‍ക്ക് വഴി വച്ചിരുന്നു. പിന്നീട് സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ബ്രാഞ്ചുകള്‍ അടക്കാന്‍ തീരുമാനിച്ചതായി മാനേജ്മെന്റ് പ്രഖ്യാപിച്ചു.

എന്നാല്‍ ‘ സമരം മൂലം അടഞ്ഞുകിടക്കുന്ന ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനാണെങ്കില്‍ കോഴഞ്ചേരിയും കണ്ണൂരും അല്ലാത്ത മറ്റെല്ലാ ബ്രാഞ്ചും പൂട്ടണം. 43 അല്ല, അത് 400ന് മുകളില്‍ വരും. സമരത്തിന് നേതൃത്വം നല്‍കുന്നവരോടുള്ള പ്രതികാര നടപടിയായാണ് ഈ തീരുമാനം. യൂണിയന്‍ സംസ്ഥാന, റീജ്യണല്‍ അംഗങ്ങളും നേതാക്കളും ജോലി ചെയ്യുന്ന ബ്രാഞ്ചുകള്‍ പൂട്ടുമെന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതിലൊന്നും ഞങ്ങള്‍ ഭയപ്പെടില്ല. തൊഴില്‍ നിയമങ്ങളും കോടതിയുമുള്ള രാജ്യത്ത് ഞങ്ങളുടെ തൊഴില്‍ കളയുക അത്ര എളുപ്പവുമല്ല.’ എന്ന് സമരക്കാര്‍ പ്രതികരിച്ചു.

മുമ്പ് മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനാല്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന സമവായ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഓണം കഴിഞ്ഞ് വീണ്ടും ചര്‍ച്ച വിളിക്കുമെന്നാണ് മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രതികരണം.

Read: റോഡിലെ പിഴ, കീശ കാലിയാക്കാനോ അപകടം തടയാനോ

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍