UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടികള്‍ ലാഭം, ജീവനക്കാര്‍ക്ക് നക്കാപ്പിച്ച; മുത്തൂറ്റ് ഫിനാന്‍സിനെതിരെ ജീവനക്കാര്‍

Avatar

വിഷ്ണു ശൈലജ വിജയന്‍

പ്രതിവര്‍ഷം 810 കോടി രൂപയ്ക്ക് മുകളില്‍ ലാഭം ലഭിക്കുന്ന ഒരു കമ്പനിക്ക് അവരുടെ ജീവനക്കാര്‍ക്ക് പതിനായിരം രൂപ തികച്ച് ശമ്പളം നല്‍കാന്‍ താല്‍പര്യമില്ല. അത് ചോദ്യം ചെയ്ത് യൂണിയന്‍ ഉണ്ടാക്കിയ തൊഴിലാളികളെ ആന്ധ്രയിലേക്കും കര്‍ണ്ണാടകത്തിലേക്കും സ്ഥലം മാറ്റി പകരം വീട്ടുകയും പിരിച്ചു വിടുകയും ചെയ്യുന്നു; കേരളത്തിലെ സാധാരണക്കാരന്റെ സ്വപ്ങ്ങള്‍ക്ക് കൈത്താങ്ങാകുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിനെതിരെയാണ് ഇത്തരമൊരു ആരോപണം. സ്ഥാപനത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യുന്നവര്‍ക്കാകട്ടെ വിലക്കും സ്ഥലം മാറ്റവും.

തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ യൂണിയന്‍ ഉണ്ടാക്കിയ തൊഴിലാളികളെയാണ് ഒരു കാരണവും കാണിക്കാതെ അന്യ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്ത തൊഴിലാളികളില്‍ ഒരാളെ പിരിച്ചു വിടുകയും സ്ഥലം മാറ്റം കിട്ടിയ സ്ഥലങ്ങളില്‍ ജോയിന്‍ ചെയ്യാത്തവരെ സസ്പെന്‍റ് ചെയ്തിരിക്കുകയുമാണ് ഇപ്പോള്‍ മുത്തൂറ്റ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്. കമ്പനിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച്  സെപ്തംബര്‍ 5, 6, 7 തീയതികളില്‍ 72 മണിക്കൂര്‍ തുടര്‍ച്ചയായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് തങ്ങളെന്നു യൂണിയന്‍ നേതാക്കള്‍ പറയുന്നു.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി സംഘടന ഉണ്ടാക്കിയതാണ് മുതലാളിമാരെ പ്രകോപിപ്പിച്ചതെന്നും അതിന്‍റെ അനന്തര ഫലമാണ് ഇപ്പോള്‍ കമ്പനിയില്‍ നടക്കുന്ന സ്ഥലം മാറ്റങ്ങള്‍ എന്നുമാണ് തൊഴിലാളി നേതാക്കള്‍ പറയുന്നത്.

എന്താണ് മുത്തൂറ്റില്‍ പുറം ലോകം അറിയാതെ നടക്കുന്നത്? കൃത്യമായ ശമ്പളമോ അനൂകൂല്യങ്ങലോ ഇല്ലാതെ ആയിരങ്ങളാണ് മുത്തൂറ്റിന്‍റെ കേരളത്തില്‍ ശാഖകളില്‍ ജോലി ചെയ്യുന്നതെന്നാണ് ഇവിടെയുള്ളവര്‍ തന്നെ വെളിപ്പെടുത്തുന്നത്.  ജീവനക്കാരുടെ മിനിമം വേതനമായി 18000 രൂപ നല്‍കണം എന്നുള്ള സര്‍ക്കാര്‍ ഉത്തരവ്  കാറ്റില്‍ പറത്തുകയാണ് മുത്തൂറ്റ്  ചെയ്യുന്നതെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്.

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ആറുമാസം സിഐടിയുവിന്‍റെ നേതൃത്വത്തില്‍ ഒരു തൊഴിലാളി സംഘടനയ്ക്ക് രൂപം നല്‍കുന്നത്. എറണാകുളം മേഖല കണ്‍വന്‍ഷന്‍ ആലുവയില്‍ വെച്ച് സംഘടിപ്പിച്ചപ്പോഴാണ് മാനേജ്മെന്‍റ് ഇങ്ങനെ ഒരു സംഘടന ആരംഭിച്ചിട്ടുണ്ട് എന്ന് മനസിലാക്കുന്നത്. കണ്‍വന്‍ഷന്‍ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം സംഘടനയുടെ കാര്യങ്ങളില്‍ പ്രധാനമായും നിന്നിരുന്ന 25 പേരെ ഒരു കാരണവും കാണിക്കാതെ പലയിടങ്ങളിലെക്ക് സ്ഥലം മാറ്റുകയായിരുന്നു. അതില്‍ കര്‍ണ്ണാടകയും ആന്ധ്രാപ്രദേശും ഒക്കെ ഉള്‍പ്പെടും. പ്രതികാര നടപടി അല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി കുറച്ചുപേരെ അവരുടെ വീടിന് അടുത്തുള്ള ശാഖകളിലേക്കും സ്ഥലം മാറ്റി. ഇത് ചോദ്യം ചെയ്ത എന്നെ പിരിച്ചു വിട്ടു. ജോയിന്‍ ചെയ്യാതിരുന്നവരെ സസ്പെന്റ്റ് ചെയ്തു. സസ്പെന്‍ഷനും പിരിച്ചു വിടലും ഉണ്ടാകും എന്ന പേടി വന്ന ചിലര്‍ മാത്രം പോയി ജോയിന്‍ ചെയ്തു. ബാക്കിയുള്ളവര്‍ എന്തും വരട്ടെ എന്ന് കരുതി സമരമുഖത്തുണ്ട്.” തൊഴിലാളി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് തോമസ്‌ അഴിമുഖത്തിനോട് പറഞ്ഞു.   

മുത്തൂറ്റിന് ഇന്ത്യയില്‍ മൊത്തം 4400-ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. അതില്‍ 26000-ത്തോളം ജീവനക്കാരും. കേരളത്തില്‍ മാത്രം 805 ബ്രാഞ്ചുകള്‍ ഉണ്ട്. ഈ 805 ബ്രാഞ്ചുകളിലുമായി 3300 ജീവനക്കാര്‍ ജോലി ചെയ്യുന്നു. അതില്‍ 2000-ത്തോളം പേര്‍ ഇപ്പോള്‍ സംഘടനയില്‍ മെമ്പര്‍ഷിപ് എടുത്തുകഴിഞ്ഞു. ആ സംഘടനയ്ക്ക് എതിരെയാണ് മാനേജ്മെന്‍റ്  യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഞങ്ങള്‍ സത്യത്തില്‍ ഒരു ഡിമാന്റും മാനേജ്മെന്റിന് മുന്നില്‍ അവതരിപ്പിച്ചിട്ടില്ലായിരുന്നു. യൂണിയന്‍ ആരംഭിച്ചു എന്ന ഒറ്റക്കാരണത്താലാണ് ഞങ്ങള്‍ക്ക് എതിരെ ഇത്തരം നടപടികള്‍ സ്വീകരിക്കപ്പെട്ടത്. ട്രാന്‍സ്ഫര്‍ ചെയ്ത എല്ലാവരെയും തിരികെ നിയമിക്കുക, സസ്പെന്റ് ചെയ്തവരെ തിരിച്ചെടുക്കുക, മിനിമം വേദനം 18000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, സംഘടന സ്വാതന്ത്ര്യം അംഗീകരിക്കുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ ഞങ്ങള്‍ ഡിമാന്റ് ആയി മുന്നോട്ട് വെച്ചിട്ടുണ്ട്.” തോമസ്‌ പറയുന്നു.

33 വര്‍ഷത്തെ സര്‍വീസ് ഉള്ള ഒരു പ്യൂണിന് ഇവിടെ ലഭിക്കുന്ന ശമ്പളം 11925 രൂപയാണ്. പ്രതിദിനം 400 രൂപ പോലും തികച്ചു ലഭിക്കുന്നില്ല എന്ന് സാരം. 24 വര്‍ഷത്തെ സര്‍വീസ് ഉള്ള ഒരു ക്ലര്‍ക്കിന് ഇവിടെ ലഭിക്കുന്നത് 14450 രൂപയാണ്. ഒരു ദിവസം 500 രൂപ പോലും ലഭിക്കുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും ഉള്ള ശമ്പളക്കണക്കുകള്‍ അല്ല ഇത്. തോന്നും പോലെയാണ് കമ്പനി ശമ്പളം നല്‍കുന്നത്. ചിലര്‍ക്കൊക്കെ ശമ്പളം കൂട്ടി കൊടുക്കുന്നുണ്ട്. അതില്‍ പലരും ജുനിയേഴ്സാണ്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പളം കൂട്ടി നല്‍കാതെ പുതിയതായി എത്തുന്ന ചിലര്‍ക്ക് ശമ്പളം കൂട്ടി നല്‍കുന്നുണ്ട്. തികഞ്ഞ അസമത്വമാണ് ശാഖകളില്‍ നടക്കുന്നത് എന്നും തൊഴിലാളികള്‍ പറയുന്നു.

അഞ്ച് മാനേജര്‍മാര്‍ ഉണ്ടെങ്കില്‍ അഞ്ച് പേര്‍ക്കും അഞ്ചു തരത്തില്‍ ഉള്ള ശമ്പളമാണ്. പ്രീണനം നല്ലതുപോലെ ചെയ്യുന്നയാള്‍ക്ക് കൂടുതല്‍ ശമ്പളം. ശമ്പള സ്കെയില്‍ കൃത്യമായി നടപ്പിലാക്കിയിട്ടില്ല ഇതുവരെ.” തോമസ്‌ പറയുന്നു.

 

26 വര്‍ഷം ജോലി ചെയ്തു വിരമിച്ച ഒരു ഉദ്യോഗസ്ഥയ്ക്ക് ഗ്രാറ്റിവിറ്റിയായി കമ്പനി നല്‍കിയത് 2 ലക്ഷം രൂപ മാത്രമാണ്. സര്‍ക്കാര്‍ സ്ഥാപങ്ങളും മറ്റു സ്വകാര്യ സ്ഥാപങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്ക് കൃത്യമായ കണക്കുകള്‍ അനുസരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ ജീവിതത്തിന്‍റെ നല്ല കാലം മുഴുവന്‍ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്ക് തുച്ഛമായ ആനുകൂല്യങ്ങള്‍ നല്‍കിയാണ്‌ മുത്തൂറ്റ് വിരമിക്കുന്നവരെ യാത്രയാക്കുന്നത്.

തൊഴിലാളികളെ സ്ഥലം മാറ്റിയതിലും തോമസിനെ പിരിച്ചുവിട്ടതിലും പ്രതിഷേധിച്ച് സൂചന പണിമുടക്ക് നടത്തിയ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും എട്ട് ദിവസത്തെ ശമ്പളം പിടിച്ചു വെച്ചിരിക്കുകയാണ് ഇപ്പോള്‍. സമരവുമായി മുന്നോട്ട് പോകും എന്ന് ഉറപ്പായതോടെ മേലുദ്യോഗസ്ഥരെ ഉപയോഗിച്ച് തൊഴിലാളി ഭീഷണിപ്പെടുത്താനും ശ്രമം നടന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ തങ്ങളുടെ ആവശ്യങ്ങളുമായി മുന്നോട്ട് പോകാന്‍ ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് യൂണിയന്‍. ഇത്രയും തൊഴിലാളി വിരുദ്ധ പ്രശ്നങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സില്‍ നടന്നിട്ടും ഒരു മുഖ്യധാരാ മാധ്യമം പോലും വാര്‍ത്തകള്‍  നല്‍കുന്നില്ലെന്നതും മുത്തൂറ്റിന്റെ തൊഴിലാളി പീഢനം സമൂഹം അറിയാതെ പോകുന്നതിനു കാരണമാകുന്നതായും തോമസ് പറയുന്നു.

അതേ സമയം, ഈ വിഷയത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ പ്രതികരണം അറിയാന്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ ഇല്ല എന്നാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബാബു ജോണ്‍ പറഞ്ഞത്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍