UPDATES

മുത്തൂറ്റ് ചെയര്‍മാന്റെ വാര്‍ത്താസമ്മേളനം തിരിച്ചടിയായി, എല്ലാ യൂണിയനുകളും ഒന്നിക്കുന്നു; മുതലാളി പിണങ്ങിപ്പോയതുകൊണ്ട് തൊഴിലാളികള്‍ പട്ടിണിയായിപ്പോകില്ലെന്ന് ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖര്‍

‘എല്ലാരും ഒരുമിച്ച് പോരാടിയാല്‍ മുതലാളി എവിടെ ഒളിക്കും?’

മുത്തൂറ്റ് സമരത്തിനു പിന്നില്‍ മാര്‍ക്‌സിസ്റ്റുകള്‍ മാത്രമാണെന്ന ചെയര്‍മാന്‍ ജോര്‍ജ്ജിന്റെ പ്രസ്താവന തിരിച്ചടിയാകുന്നു. മുത്തൂറ്റ് ചെയര്‍മാന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ശമ്പള വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് നടത്തുന്ന സമരത്തോട് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് തൊഴിലാളി യൂണിയനുകള്‍ സംഘടിക്കുന്നത്. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. മുത്തൂറ്റിന്റെ ഹെഡ് ഓഫീസിലേക്ക് അടുത്ത മാസം നാലാം തീയതി തൊഴിലാളി യൂണിയനുകള്‍ മാർച്ച് നടത്തും. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ സഹായ സമിതികള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തോടുള്ള മുത്തൂറ്റ് ചെയര്‍മാന്റെ നിലപാടുകളെ രൂക്ഷമായ ഭാഷയിലാണ് ഐഎന്‍ടിയുസി നേതാവ് ചോദ്യം ചെയ്തത്. ഇന്ന് എറണാകുളത്ത് വിവിധ ട്രേഡ് യൂണിയനുകളുടെ യോഗം നടന്നു.

ഒരു തരത്തിലുള്ള തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് പറഞ്ഞ മുത്തൂറ്റ് ചെയര്‍മാന്റെ നിലപാട് ധാര്‍ഷ്ട്യമാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി വന്ന് പറഞ്ഞാലും തൊഴിലാളി യുണിയന്‍ അനുവദിക്കില്ലെന്നാണ് ജോര്‍ജ്ജ് മൂത്തൂറ്റ് പറഞ്ഞത്. ഒരു മുതലാളിക്ക് പണം കണ്ടതിന്റെ ധാര്‍ഷ്ട്യത്തിൽ എന്തും വിളിച്ചു പറയാമെന്നാണെങ്കില്‍, ഓര്‍ത്തോളൂ, അതിവിടെ വെച്ചു പൊറുപ്പിക്കില്ല. മുത്തൂറ്റിലേത് ഇപ്പോള്‍ ഒരു തൊഴില്‍ പ്രശ്‌നം മാത്രമല്ല, സാമൂഹ്യ പ്രശ്‌നം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

“തൊഴിലാളി സംഘടിക്കരുത്, അവകാശം ചോദിക്കരുത് എന്നൊക്കെ ഒരു മുതലാളി ഭീഷണിപ്പെടുത്തിയാല്‍ എല്ലാവരും പേടിച്ചു പോകുമെന്ന് കരുതിയോ? സമരം നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ കേരളം വിട്ടുപോകുമെന്നാണ് മുത്തൂറ്റിന്റെ മറ്റൊരു ഭീഷണി. പോവുകയോ പോവാതിരിക്കുകയോ എന്തുവേണമെങ്കിലും അവര്‍ ചെയ്തോട്ടെ. ഒന്നുമാത്രം ഓര്‍ക്കുക, ഒരു മുതലാളി പിണങ്ങിപ്പോയതുകൊണ്ട് ഈ രാജ്യത്തെ തൊഴിലാളികള്‍ പട്ടിണിയില്‍ ആയിപ്പോവുകയൊന്നുമില്ല. മുതലാളി മുതലാളിയായി നില്‍ക്കണമെങ്കില്‍ തൊഴിലാളി കൂടി വേണം. മുതലാളിയുടെ മുതല്‍ കൂട്ടുന്നത് തൊഴിലാളിയാണ്. അതേസമയം തന്നെ ഒരു തൊഴിലാളി അവന്റെ തൊഴിലിടത്തില്‍ അനാവശ്യമായി മുദ്രാവാക്യം വിളിക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ്. അന്തസ്സായി ജോലി ചെയ്യുക, അന്തസ്സായി കൂലി വാങ്ങുക എന്നതാണ് ഐഎന്‍ടിയുസി യുടെ നിലപാട്. മുതല്‍ മുടക്കുന്നവര്‍ നമുക്ക് വേണം. എങ്കിലേ തൊഴില്‍ ഉണ്ടാകൂ. മുതല്‍ മുടക്കുന്നവനോട് ബഹുമാനവും അവനോട് ആത്മാര്‍ത്ഥതയും ഉണ്ടാകണം. മുത്തൂറ്റിനോട് എനിക്കോ എന്റെ പ്രസ്ഥാനത്തിനോ വ്യക്തിപരമായി യാതൊരു വിരോധവമോ വൈരാഗ്യമോ ഇല്ല. എന്നാല്‍ അവര്‍ തൊഴില്‍ അവകാശങ്ങള്‍ അംഗീകരിക്കാതിരിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്, ആ ബാധ്യത നിര്‍വഹിക്കുകയും ചെയ്യും,” ചന്ദ്രശേഖരന്‍ പറഞ്ഞു.

2,100 കോടി ലാഭം നേടിയെന്നു മുത്തൂറ്റ് തന്നെ പറഞ്ഞ കാര്യമാണ്. അങ്ങനെയൊരു സ്ഥാപനത്തില്‍ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്നു. അങ്ങനെയൊരു സമരം നടക്കുമ്പോള്‍ ഒന്നുകില്‍ സമരം ചെയ്യുന്നവരെ വിളിച്ച് സംസാരിക്കണം. ഇനിയത് ശരിയാകില്ലെന്നു കണ്ടാല്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കാം. സര്‍ക്കാര്‍ സംവിധാനത്തിലോ അതല്ലെങ്കില്‍ മറ്റേതെങ്കിലും മധ്യസ്ഥതയിലോ ഒരു ചര്‍ച്ച നടത്തി മാന്യമായി ഈ പ്രശ്നം പരിഹരിക്കാമായിരുന്നല്ലോ. അതിനു പകരം ഒരു പത്ര സമ്മേളനം വിളിച്ച്, അതില്‍ പങ്കെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ മതി, എന്നോട് ആരും ചോദ്യം ചോദിക്കേണ്ട എന്നൊക്കെ അഹങ്കാരം പറയുകയാണ് ചെയ്യുന്നത്. ആ പത്രസമ്മേളനം കണ്ടപ്പോള്‍ മുത്തൂറ്റ് ചെയര്‍മാന്‍ ജോര്‍ജിനെ ജൂനിയര്‍ നരേന്ദ്ര മോദിയായിട്ടാണ് തോന്നിയതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ച് പോരാടിയാല്‍ മുതലാളിക്ക് എവിടെപ്പോയൊളിക്കാൻ കഴിയുമെന്നും ചന്ദ്രശേഖരന്‍ ചോദിച്ചു.

മുത്തൂറ്റിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഒരു മണിക്കൂറോളം നീണ്ട വാർത്താ സമ്മേളനം ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റ് നടത്തിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ ചെയര്‍മാന്‍ തയ്യാറായതുമില്ല. തന്റെ മെസേജ് മാധ്യമങ്ങൾക്ക് തരാനാണ് വന്നതെന്നായിരുന്നു മുത്തൂറ്റ് ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍