UPDATES

പോള്‍ മുത്തൂറ്റ് വധക്കേസ്: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം

അഴിമുഖം പ്രതിനിധി

പോള്‍ മുത്തൂറ്റ് വധക്കേസില്‍ ആദ്യ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. പതിനാലാം പ്രതിയായ അനീഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ആദ്യ രണ്ടു പ്രതികളായ കാരി സതീഷും ജയചന്ദ്രനും 50,000 രൂപ പിഴയും അടയ്ക്കണം. പത്ത് മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. ഇവര്‍ക്ക് 5000 രൂപ പിഴയും വിധിച്ചു. ഇവര്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റമാണ് തെളിഞ്ഞത്. ഈ കേസില്‍ രണ്ട് കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചിരുന്നത്. ഒന്ന് കൊലപാതകത്തിനും രണ്ടാമത്തേത് ഗൂഢാലോചനയ്ക്കും. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞുവെന്ന് തിരുവനന്തപുരം സിബിഐ കോടതി അഭിപ്രായപ്പെട്ടു. രണ്ട് കേസിലുമായി 18 പേര്‍ കുറ്റക്കാരാണ്.
ഗൂഢാലോചനക്കേസില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ 14 പേര്‍ക്കും മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രണ്ടു കേസിലും കുറ്റക്കാരായവര്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. കൊലപാതകം നടന്ന് ആറുവര്‍ഷം കഴിഞ്ഞിട്ടാണ് കേസില്‍ വിധി പറഞ്ഞത്. 2009 ഓഗസ്റ്റ് 22-നാണ് പോണ്‍ എം ജോര്‍ജ്ജ് കുത്തേറ്റ് മരിച്ചത്. മുത്തൂറ്റ് എം ജോര്‍ജ്ജ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പോള്‍. ആലപ്പുഴ നെടുമുടിയില്‍ വച്ചാണ് പോള്‍ കൊല്ലപ്പെട്ടത്. ആദ്യം കേരള പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍