UPDATES

തോമസ് ഐസക്കിനെയായിരുന്നു കെ.എസ്.യുക്കാര്‍ ലക്ഷ്യമിട്ടത്; കൊല്ലപ്പെട്ടത് മുത്തുക്കോയയും

മഹാരാജാസ് കോളേജ് കെ എസ് യുവിന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്ത എസ് എഫ് ഐ പാനലില്‍ ജനറല്‍ സെക്രട്ടറിയായി മത്സരിച്ച എന്‍ കെ വാസുദേവന്‍ സംസാരിക്കുന്നു

ഒരു മെക്സിക്കന്‍ അപാരത ഈയിടെ പുറത്തിറങ്ങിയതിനു പിന്നാലെ വിവാദങ്ങളും പുറകെയെത്തി. തങ്ങള്‍ എസ്എഫ്ഐക്കെതിരെ മത്സരിച്ചു വിജയച്ചതിനെ മാറ്റിമറിച്ചാണ് എസ്എഫ്ഐ വിജയം എന്ന് സിനിമയില്‍ കാണിക്കുന്നതെന്ന് അവകാശപ്പെട്ട് കെ എസ് യു രംഗത്തെത്തി. അതിനൊപ്പമാണ്‌ മഹാരാജാസില്‍ നടക്കുന്ന മഹാരാജകീയം പരിപാടിയുമായി ബന്ധപ്പെട്ട് ‘ഞാൻ എന്തു കൊണ്ട് മഹാരാജകീയത്തിൽ പങ്കെടുക്കുന്നില്ല’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി അന്ന് എസ്എഫ്ഐ പാനലില്‍ മത്സരിച്ച രമേശന്‍ ശങ്കരന്‍ രംഗത്തെത്തുന്നത്. ഇന്നത്തെ ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായി ഇവര്‍ക്കൊപ്പം അന്ന് കെ എസ് യുവിനെതിരെ മത്സരിച്ച പാനലില്‍ ഉണ്ടായിരുന്ന എന്‍കെ വാസുദേവന്‍ രംഗത്തെത്തി. 1973-74ല്‍ എന്താണ് നടന്നത്? എന്‍കെ വാസുദേവന്‍, സഫിയയുമായി സംസാരിക്കുന്നു. 

കെ എസ് യുക്കാരുടെ കുത്തകയായിരുന്ന മഹാരാജാസ് കോളേജില്‍ 1973-74 കാലഘട്ടത്തില്‍ എസ് എഫ് ഐ ജയിച്ചത് വലിയ സംഭവമായിരുന്നല്ലോ. എസ് എഫ് ഐ ജയിച്ചതിന് ശേഷം ഞങ്ങള്‍ കാമ്പസില്‍ ഇ എം എസിനെ കൊണ്ടുവരാനുള്ള ഒരു ശ്രമം നടത്തി. ഞങ്ങളുടെ വിജയം കെ എസ് യുക്കാര്‍ക്ക് വലിയ പ്രശ്നമായിരുന്നു. അവര്‍ ഒരു പരിപാടിയും സമാധാനമായിട്ട് നടത്താന്‍ സമ്മതിക്കുമായിരുന്നില്ല. നമ്മള്‍ ഇഎംഎസിനെ കൊണ്ടുവരും എന്നു കേട്ടപ്പോള്‍ അവര്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള പരിപാടിയിട്ടു.

അന്ന് കെ എസ് യുവിന്‍റെ അറിയപ്പെടുന്ന ഒരു ഗുണ്ടയുണ്ട്. അയാളുടെ പേര് പോള്‍ എന്നാണ്. പോളിന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് നമ്മളെ കായികമായിട്ട് നേരിടാന്‍ വേണ്ടി കാമ്പസിന് ചുറ്റും നടക്കുക. നമ്മള്‍ അതുകൊണ്ട് ജാഗ്രതയോട് കൂടിയാണ് നീങ്ങുന്നത്. മുത്തുക്കോയ കൊല്ലപ്പെടുന്ന ദിവസം രാവിലെ തോമസ് ഐസക്കും നമ്മള്‍ എല്ലാരും കൂടി മഹാരാജാസ് കോളേജ് ഹോസ്റ്റലിനടുത്തുള്ള റോഡിലൂടെ നടക്കുകയാണ്. ഞങ്ങള്‍ നടന്ന് കാമ്പസിലേക്ക് തിരിച്ചു വരുമ്പഴത്തേക്കും ഒരു വണ്ടി അവിടെ കിടപ്പുണ്ട്. കോളേജ് ഹോസ്റ്റലിനെതിരെ കോണ്‍ഗ്രസിന്‍റെ ഡിസിസി ഓഫീസാണ്. അതിന്റെ മുമ്പില്‍ ഹോസ്റ്റലിന് തൊട്ട് എതിരെയായിട്ടാണ് ഒരു അംബാസിഡര്‍ കാര്‍ കിടക്കുന്നത്. ഞാനും ഐസക്കും ഏറ്റവും പിറകിലാണ്. ഐസക്ക് അതാരാണ് അതിനകത്തെന്ന് നോക്കി. ഐസക്കിനെ അവര്‍ക്ക് ആദ്യം പെട്ടെന്നു മനസ്സിലായില്ല. ഐസക്കിന് കണ്ണടയും താടിയും ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് മനസ്സിലായില്ല. അവര്‍ പ്രതീക്ഷിക്കുന്ന ഐസക്കിന്റെ രൂപമായിരുന്നില്ല അന്നേരം. ഐസക്ക് കാറിനകത്തേക്ക് നോക്കിയപ്പോള്‍ നോക്കിയ ആള്‍ ആരാണെന്ന് സംശയം തോന്നി അവര്‍ ഞങ്ങളെ ഓടിച്ചു. ഞങ്ങള്‍ എല്ലാവരും കൂടെ ഓടി ഹോസ്റ്റലില്‍ എത്തി. ഹോസ്റ്റല്‍ അടച്ചു. ഗുണ്ടകള്‍ പക്ഷേ പോകാതെ അവിടെ വെയ്റ്റ് ചെയ്തു.

ഈ സമയത്ത് ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഇവിടെ റിസര്‍വേഷന്‍ ഉണ്ട്. ഹോസ്റ്റലിലെ ഒരു ബ്ലോക് അവര്‍ക്കുള്ളതായിരുന്നു. രാവിലെ ഏഴു മണിക്കാണ് ഈ സംഭവം. കോളേജ് സമയമായപ്പോള്‍ ആള്‍ക്കാര് കോളേജിലേക്ക് പോകാന്‍ തുടങ്ങി. അവരുടെ ധാരണ ഹോസ്റ്റലില്‍ കൂടുതലും താമസിക്കുന്നത് എസ്എഫ്ഐക്കാരാണ് എന്നായിരുന്നു. അതുകൊണ്ട് ഇവിടുന്നു ഇറങ്ങിവരുന്നവരൊക്കെ എസ്എഫ്ഐക്കാരായിരിക്കും എന്നായിരുന്നു അവരുടെ ധാരണ. ലക്ഷദ്വീപിലെ കുട്ടികള്‍ ഇതൊന്നും മനസ്സിലാക്കാതെ കോളേജിലേക്കായിട്ട് ഇറങ്ങുകയാണ്. അങ്ങനെ ഇറങ്ങി വരുമ്പോഴാണ് മുത്തുക്കോയയെ പിറകില്‍ നിന്നു നട്ടെല്ലിന് കുത്തുന്നത്. ഉടനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും വഴിക്കു വെച്ചു അയാള്‍ മരിച്ചു. വാസ്തവം പറഞ്ഞാല്‍ ഐസക്കിന് കിട്ടേണ്ട കുത്തായിരുന്നു അത്. കാമ്പസിന് പുറത്തു നിന്നുള്ള കെ എസ് യുക്കാരുടെ ഗുണ്ടകളാണ് അത് ചെയ്തത്.

ഡോ. ടി എം തോമസ് ഐസകുമായി എന്‍ കെ വാസുദേവന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്
“സമരങ്ങളിലുള്ള ഉശിരന്‍ പങ്കാളിത്തം ഞങ്ങളെ പലപ്പോഴും സംഘട്ടനങ്ങളിലും എത്തിച്ചു. രഹസ്യമായി കായികപരിശീലനത്തിലും ഏര്‍പ്പെട്ടിരുന്നു. ഇതു വലിയൊരു തന്റേടം നല്‍കി. കൊച്ചി തുറമുഖ മേഖലയിലെ ഗുണ്ടാസംഘവുമായുള്ള സംഘര്‍ഷം പതിവായി. ഈ സംഘര്‍ഷങ്ങള്‍ മാറി. സഖാക്കളെ മര്‍ദ്ദിച്ച ഒരു കുപ്രസിദ്ധ ഗുണ്ടയെ പോളിയോ ബാധിച്ചു വികലാംഗനായ സഖാവ് ആല്‍ബി കൊച്ചിയില്‍ ഒരു വോളീബാള്‍ ടൂര്‍ണമെന്റ് സ്ഥലത്തു ചെന്നു കടന്നാക്രമിച്ചു. ഗുണ്ട പേടിച്ചരണ്ടോടി! പോളിയോ മൂലം സഖാവിന് ഓടാനും വയ്യ. കത്തിയുമായി അങ്ങനെ ടൂര്‍ണമെന്റിന്റെ നിറഞ്ഞ ഗ്യാലറിക്കു നടുവില്‍ നില്‍ക്കുകയാണ്! ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. ഗുണ്ടയെ വിരട്ടിയതില്‍ പൊലീസിനും സന്തോഷം! പിറ്റേന്ന് സഖാവിനെ ഹാജരാക്കിയ കോടതിപരിസരം ഗുണ്ടകള്‍ വളഞ്ഞു. പൊലീസിനും ആശങ്കയായി. മഹാരാജാസില്‍നിന്നു ഞങ്ങള്‍ ഒരു സംഘം ബോട്ടില്‍ പോയി മട്ടാഞ്ചേരിയിലെ സഖാക്കളുടെ സഹായത്തോടെ ഗുണ്ടകള്‍ക്കു നടുവിലൂടെ സുരക്ഷിതനായി ഇറക്കി കായലോരം വരെ നടത്തി ബോട്ടില്‍ ഹോസ്റ്റലില്‍ എത്തിച്ചു!

തുടര്‍ന്നാണ് എന്റെ നേരെ വധശ്രമം നടന്നത്. അന്നൊരു ദിവസം ഹോസ്റ്റല്‍ ടെറസില്‍ ഗാര്‍ഡ് ചുമതല എന്റെ ഗ്രൂപ്പിനായിരുന്നു. രാത്രി കണ്ണട ഒടിഞ്ഞുപോയി. കാലത്തുതന്നെ അതു നന്നാക്കാന്‍ കട അന്വേഷിച്ചു പോകുകയായിരുന്നു. ജനറല്‍ ഹോസ്പിറ്റലിന് അടുത്തുവച്ച് ഒരു കാര്‍ എന്റെയടുത്തു ബ്രേക്കിട്ടുനിര്‍ത്തി കണ്ണട ഇല്ലാത്തതിനാല്‍ ആരാണെന്നു വ്യക്തമല്ല. അതുകൊണ്ടു കാറിനുള്ളിലേക്കു തലയിട്ടു നോക്കി. ഊരിയ വടിവാളുകളും മറ്റ് ആയുധങ്ങളുമായി തിങ്ങിയിരിക്കുന്ന ഗുണ്ടാസംഘം! കണ്ണട ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയോ എന്ന് അവര്‍ക്കു സംശയം. ഓടുന്നതിനു പകരം അകത്തേക്കു തലയിട്ടു നോക്കുന്നതു കണ്ടപ്പോള്‍ ഞാനല്ല എന്ന നിഗമനത്തില്‍ അവര്‍ എത്തിയിട്ടും ഉണ്ടാകാം. ഭാവഭേദം കൂടാതെ ഞാന്‍ സാവധാനം നടന്നകന്നു. പിന്നെ ഒരു ഓട്ടമത്സരം ആയിരുന്നു. ജനറല്‍ ആശുപത്രിമതില്‍ എങ്ങനെ ചാടിക്കടന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. ഇര കൈവിട്ടുപോയ ദേഷ്യത്തില്‍ ഹോസ്റ്റലിലേക്കു നീങ്ങിയ ഗുണ്ടാസംഘം ആദ്യം കണ്ടവരെ കുത്തിവീഴ്ത്തി. എസ്.എഫ്.ഐക്കാര്‍ അല്ലാത്തവരെല്ലാം ഹോസ്റ്റലില്‍നിന്നു വിട്ടുപോയിരുന്നു. ഇതറിയാതെ ബന്ധുവിനെ അന്വേഷിച്ചു വന്ന ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയാണ് കൊലക്കത്തിക്ക് ഇരയായത്.”

പിന്നീട് എസ്എഫ്ഐക്കാരനായ ആല്‍ബി എന്നൊരാള് മുത്തുക്കോയയെ കൊന്നതിന് പ്രതികാരം ചെയ്യാന്‍ സംഘടനയോടൊന്നും ആലോചിക്കാതെ ഒറ്റയ്ക്ക് പോകുന്നുണ്ട്. അയാള്‍ പോലീസ് പിടിയിലായി. ഞങ്ങള്‍ ജാമ്യത്തില്‍ ഇറക്കാന്‍ കോടതിയില്‍ പോയപ്പോള്‍ കെ എസ് യുക്കാര്‍ കോടതി വളഞ്ഞു. കുറെ കഷ്ടപ്പെട്ടാണ് അയാളെ അന്ന് ഞങ്ങള്‍ രക്ഷിച്ചെടുത്തത്. അംഗവൈകല്യം ഉള്ള ഒരാളായിരുന്നു അയാള്‍. ഏറണാകുളത്തെ പാര്‍ട്ടി സഖാക്കളുടെ സഹായത്തോടെയാണ് അയാളെ ഞങ്ങള്‍ കോളേജില്‍ എത്തിച്ചത്.

സത്യത്തില്‍ ഞങ്ങള്‍ ജയിക്കുന്നതിന് മുമ്പ് തന്നെ കെ എസ് യുക്കാരുടെ ഗുണ്ടായിസമാണ് നടന്നിരുന്നത്. കെ എസ് യുവിന്റെ ഗുണ്ടായിസം എന്നു പറഞ്ഞാല്‍ കെ എസ് യുക്കാരല്ല ഗുണ്ടായിസം നടത്തുന്നത്. തുറമുഖ തൊഴിലാളികളെയാണ് അവര്‍ അണിനിരത്തുന്നത്. എന്‍ കെ രാഘവന്റെയും എന്‍ വേണുഗോപാലിന്റെയുമൊക്കെ ഒരു യൂണിയന്‍ ഉണ്ട്. ഗുണ്ടകളാണ് മൊത്തം. സി പി ടി എന്നു പറയും. ക്രിസ്തീയ തുറമുഖ തൊഴിലാളി യൂണിയന്‍. അവിടുന്നാണ് ഗുണ്ടകള്‍ വന്നിട്ട് നമ്മളെ അറ്റാക് ചെയ്യുന്നത്. ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ പൊരിഞ്ഞ അടിയാണ്. അതിനെ നേരിടാന്‍ ഒരുവിധപ്പെട്ട സാധാരണക്കാര്‍ക്കൊന്നും ധൈര്യം ഉണ്ടാവില്ല. അന്ന് എസ് എഫ് ഐക്ക് 500 പേര്‍ വോട്ട്  ചെയ്യുന്നു എന്നത് തന്നെ വളരെ വലിയ നമ്പറാണ്. ഞങ്ങള്‍ പിന്നെ എല്ലാ തലങ്ങളിലും ശക്തമായ ഇടപെടല്‍ നടത്തുമായിരുന്നു. നമ്മളെ കുറിച്ചും ഒരു ഭീകരമായ ചിത്രമാണുള്ളത്. നിലനില്‍പ്പിന് വേണ്ടിയിട്ട് നമ്മുടെ ആള്‍ക്കാരും തിരിച്ചടിക്കുന്നുണ്ട്. കരുതലോട് കൂടി എല്ലാത്തരം വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന പ്രവര്‍ത്തന ശൈലിയാണ് ഞങ്ങള്‍ നടത്തുന്നത്.

ഞങ്ങള്‍ വരുന്നതോടുകൂടി എസ് എഫ് ഐ കാരെ കുറിച്ചുള്ള കാഴ്ചപ്പാട് മാറുകയാണ്. രണ്ടു വര്‍ഷം ഞങ്ങള്‍ തീവ്രമായി അതിനുള്ള ശ്രമം നടത്തി. 1971, 72 കാലത്താണ് ഞങ്ങള്‍ എത്തുന്നത്. 75 ലേക്കൊക്കെ എത്തുമ്പോള് ക്യാംപസ് ആകെ മാറ്റി മറിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ആ സമയത്ത് എംഎ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായാണ് എസ് രമേശന്‍ വരുന്നത്. അന്ന് കോളേജിലെ ഏറ്റവും നല്ല പ്രാസംഗികരായിരുന്നു ഞാനും രമേശനും. മത്സരത്തിലൂടെയാണ് അന്ന് പ്രാസംഗികരെ തിരഞ്ഞെടുക്കുക. രമേശന്‍ പൊതുവേ ഒരു രാഷ്ട്രീയക്കാരനായി അറിയപ്പെടുന്ന ആളല്ലായിരുന്നു. വലിയ എസ് എഫ് ഐ പ്രവര്‍ത്തകനൊന്നും ആയിരുന്നില്ല. ആ നിഷ്പക്ഷതയുടെ ഒരു ആനുകൂല്യം അവിടത്തെ നിഷ്പക്ഷരായിട്ടുള്ള ആളുകളെ ആകര്‍ഷിക്കാന്‍ ഇടയാക്കി. ഐസക്ക് ഗംഭീരമായി ഇംഗ്ലീഷില്‍ പ്രസംഗിക്കുമായിരുന്നു. പിന്നെ നല്ല പാട്ടുകാരനായിരുന്ന വില്യംസ് അങ്ങനെ കലാകാരന്മാരും എഴുത്തുകാരും ഒക്കെ ചേര്‍ന്ന നല്ലൊരു ടീം ഉണ്ടായിരുന്നു. കെ എസ് യുക്കരുടെ ആറ്റിറ്റ്യൂഡ് നികൃഷ്ടവും മ്ലേച്ഛവും ആയിരുന്നു. അതിന്‍റെ അസംതൃപ്തി അധ്യാപകരിലും ഉണ്ടായിരുന്നു. ചൂസ് ദ ബെസ്റ്റ് എന്നതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുന്ന ഒരു മൂവ്മെന്‍റായി എസ് എഫ് ഐ; ബുദ്ധിജീവികളുടെയും വിപ്ലവകാരികളുടെയും നല്ല വിദ്യാര്‍ഥികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായി എസ് എഫ് ഐ മാറുകയായിരുന്നു.

മഹാരാജാസിലെ വിജയം അവിടെ നില്‍ക്കുന്നില്ല, അത് മറ്റ് കോളേജുകളിലെക്കൊക്കെ പടരുകയാണ്. ലോ കോളേജില്‍, സെന്‍റ് ആല്‍ബര്‍ടില്‍, യുസി കോളേജില്‍ അങ്ങനെ അത് പടരുകയാണ്. ക്രിസ്ത്യന്‍ മേധാവിത്വമുള്ള കോളേജുകളില്‍ ഒക്കെ എസ് എഫ് ഐ വിജയിക്കുന്നത് കണ്ടപ്പോള്‍ ഇവര്‍ക്ക് ഹാലിളകി. അങ്ങനെയാണ് ഈ കൊലപാതകം നടന്നത്. അതിനു ശേഷം ഞങ്ങള്‍ തിരിച്ചടിച്ചു; വെളിയില്‍ നിന്നു വന്ന ഗുണ്ടകളെ ഞങ്ങള്‍ അടിച്ചു ക്യാമ്പസില്‍ ഇട്ടു. അന്നത്തെ മാതൃഭൂമിയും മനോരമയും ഒന്നും ഇതൊന്നും അംഗീകരിക്കില്ല. വിദ്യാര്‍ഥി സംഘട്ടനം എന്നു മാത്രമേ ഇവര്‍ പറയുന്നുള്ളൂ. ഞങ്ങള്‍ ഗുണ്ടകളെ തല്ലി കാമ്പസില്‍ ഇട്ടു പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. ഗുണ്ടകളെ തല്ലി കാമ്പസില്‍ ഇട്ടതോട് കൂടി കെ എസ് യു വിന്‍റെ പത്തി ഒതുങ്ങി.

ഈ സമയത്തിന്‍റെ പ്രത്യേകത എന്താന്നു വെച്ചാല്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റിനെ അട്ടിമറിച്ചതിന് ശേഷം അച്ചുതമേനോന്‍റെ നേതൃത്വത്തില്‍ കരുണാകരന്‍ അധികാരത്തില്‍ വരികയും 74 ആകുമ്പോഴേക്കും കരുണാകരന്‍ കൂടുതല്‍ കൂടുതല്‍ ശക്തനാവുകയും ചെയ്തു. പുറത്ത് അവരുടെ മേധാവിത്വം, അകത്ത് ഗുണ്ടകളുടെയും കെ എസ് യുക്കാരുടെയും അഴിഞ്ഞാട്ടവും എല്ലാം നേരിട്ടു കൊണ്ടാണ് നമ്മള്‍ അതിനകത്ത് നില്‍ക്കുന്നത്. ബാക്കിയുള്ള ആരും കൊല ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അതിഭീകരമായ മര്‍ദ്ദനമാണ് എല്‍ക്കേണ്ടി വന്നിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതു പോലെ രമേശന്‍റെ വിദ്യാഭ്യാസം ഒന്നും ആരും നശിപ്പിച്ചിട്ടില്ല. അടിയന്തരാവസ്ഥ കഴിയുന്നതിന് മുമ്പ് തന്നെ രമേശന് ബാങ്കില്‍ ജോലി കിട്ടിയിരുന്നു. വൈക്കത്ത് കെ ജി ഭാസ്കരന്‍ മത്സരിച്ച സീറ്റ് പാര്‍ട്ടി രമേശന് ഓഫര്‍ ചെയ്തിരുന്നു. രമേശന്‍ അത് വേണ്ടെന്ന് വെച്ചതാണ്. പിന്നീട് കുറെ കഴിഞ്ഞു രമേശന്‍ സംസ്ഥാന സര്‍വീസില്‍ വരുന്നു. സംസ്ഥാന സര്‍വീസില്‍ തന്നെ രണ്ട് ടേം അതായത് പത്തു വര്‍ഷം സാംസ്കാരിക മന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിട്ട് ഇരിക്കുന്നുണ്ട്. പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ സംസ്ഥാന പ്രസിഡന്റായും രമേശന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐസക് പഠനവുമായിട്ട് മുന്നോട്ട് പോയി. റിസര്‍ച്ച് ചെയ്യുന്നു. കുറെ കാലം ശരിക്കും അനിശ്ചിതത്വത്തില്‍ ആയിരുന്നു. അക്കാലത്ത് ഞാനും ജോലി കിട്ടി നല്ല നിലയില്‍ ആയിരുന്നു. അന്നേരമൊന്നും ഐസക് ഒന്നുമായിട്ടില്ല.

ഒരു മെക്സിക്കന്‍ അപാരത എനിക്കിഷ്ടപ്പെട്ടു. സിനിമ വാസ്തവത്തില്‍ ശരിയാണ്. ആ സിനിമയിലെ മര്‍ദ്ദനത്തിന്‍റെ പാര്‍ട്ട് വളരെ കറക്റ്റാണ്. അതിലെ രൂപേഷ് അച്ചിട്ട ഒരു കെ എസ് യുക്കാരന്‍ തന്നെയാണ്. പിന്നെ ആ മുടിയനായിട്ടുള്ള ഒരുത്തന്‍ ബ്ലൈന്‍റായിട്ട് അവര്‍ക്ക് വേണ്ടി നടക്കുന്ന, അങ്ങനെയുള്ള ഒരാള്‍ അന്ന് കാമ്പസില്‍ ഉണ്ടായിരുന്നു. കീ കൊടുത്താല്‍ ഓടി നടന്ന് ആള്‍ക്കാരെ കുത്തിക്കൊല്ലാന്‍ വരെ മടിയില്ലാത്ത ആളാണ്. അന്നത്തെ കുറെ ആള്‍ക്കാരെ ഇവര്‍ക്ക് കണ്ടിട്ടു കാര്യങ്ങള്‍ പഠിച്ചിട്ട് കുറച്ചു കൂടി നന്നായി ചെയ്യാമായിരുന്നു.

 

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍