UPDATES

സിനിമ

മുസാഫിർ നഗർ ബാക്കി ഹേ; കലാപം അവശേഷിപ്പിക്കുന്നത്

Avatar

സബ്ജു ഗംഗാധരന്‍

യു പിയിലെ മുസാഫിർ നഗറിന്റെ ദുരന്തഭൂമിയിൽ നിന്നും ജാമിയ യൂണിവേഴ്സിറ്റിയിൽ പഠനത്തിനു പോയ വിദ്യാര്‍ത്ഥി പറയുന്നത് കേൾക്കുക. “സവർണ വലതുപക്ഷത്തിന്റെ മുന്നേറ്റം രാജ്യം കീഴടക്കുന്ന കൊടുങ്കാറ്റ് ആണെങ്കിൽ ഞാൻ പേറുന്ന അസ്തിത്വ വ്യഥയുടെ തീപ്പൊരി അതിനെ മറികടക്കുന്നതാണ്” മുസാഫിർ നഗറിന്റെ തകർന്ന സാഹോദര്യ വ്യവസ്ഥയുടെ ചിഹ്നം പോലെ അയാളിത് പറയുന്നതോടെയാണ് മുസാഫിർ നഗർ ബാക്കി ഹേ എന്ന ഡോക്യുമെന്ററി അവസാനിക്കുന്നത്.

2013ൽ യു പി രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുസ്ലിം കൂട്ടക്കൊലകളും അതിലേക്ക് വഴിതെളിച്ച വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഉള്ളുകളികളിലേക്കുമുള്ള അന്വേഷണമാണ് നകുൽ സവ്നി സംവിധാനം ചെയ്ത നൂറ്റിമുപ്പത്തിയാറു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം.

അറുപതോളം പേരുടെ കൊലയിലേക്കും അയ്യായിരത്തോളം പേരുടെ പലായനത്തിലേക്കും നയിച്ച കലാപത്തിൽ മുസാഫിർ നഗറിന്റെ സാമൂഹിക വ്യവസ്ഥയുടെ താഴേതട്ടുവരെ, യു പി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന മൂന്ന് രാഷ്ട്രീയ കക്ഷികൾ എങ്ങനെ പങ്കുപറ്റി എന്ന് ചിത്രം കാട്ടിത്തരുന്നു.

രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ നിരവധി ലൈംഗിക അതിക്രമങ്ങളുടെ ഇരകൾ നേരിടുന്ന സാമൂഹിക പീഡകളുടെ അനുഭവങ്ങൾ, ഹിന്ദു ജാട്ടുകളുടെ ഭീഷണി ഭയന്ന് സ്വന്തം ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്തവരുടെ അരക്ഷിതാവസ്ഥകളുടെ നേർസാക്ഷ്യങ്ങൾ, രാഷ്ട്രീയ കക്ഷികളുടെ മുതലെടുപ്പ് നയതന്ത്രത്തിന്റെ നീചമായ ഉള്ളുകളികൾ, ഇവയൊക്കെയാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കത്തെ തീവ്രമാക്കുന്നത്.

കലാപത്തിന് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യുകയും യു പിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലിം പ്രധിനിധി പോലും തെരഞ്ഞെടുക്കപ്പെടാതെ പോയതും, കലാപത്തിന്റെ പ്രതിഫലനം അവിടുത്തെ സാമൂഹിക വ്യവസ്ഥയിലുണ്ടാക്കിയ തീവ്രമായ ചേരിതിരിവന്റെ ഭീകരതയെ വ്യക്തമാക്കുന്നു.

സംഘപരിവാറും, ബിജെപിയും മുസാഫിര്‍ നഗര്‍ കലാപത്തില്‍ നിന്നും കൊയ്തെടുത്ത രാഷ്ട്രീയ നേട്ടം വ്യക്തമായി വരച്ചുകാട്ടുന്നുണ്ട് സംവിധായകന്‍ ഈ ചിത്രത്തില്‍.

ഈ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ വാഗ്വാദങ്ങളാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റി, ജെഎന്‍യു എന്നീ കാംപസുകളെ സമരങ്ങളിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന്.

കലാപത്തിനു ശേഷം മുസാഫിര്‍ നഗറിന്റെ മുക്കിനും മൂലയ്ക്കും സംഭവിച്ച രാഷ്ട്രീയ-ജാതി-മത വേര്‍തിരിവുകള്‍ നിര്‍ത്താതെ സഞ്ചരിക്കുന്ന ക്യാമറയിലൂടെ കാട്ടിത്തരുകയാണ് ചിത്രം. പ്രത്യക്ഷത്തില്‍ ഒരു മതില്‍ ഇല്ല എന്നത് മാത്രമാണ് യാഥാര്‍ത്ഥ്യം. ഓരോ ജാതിയും അവരുടേതായ ചെറു തുരുത്തുകള്‍ ഉണ്ടാക്കിയിരിക്കുന്നു. അവിടേക്ക് കയറി വരുന്ന പരിചയമില്ലാത്ത മുഖങ്ങളെ അവര്‍ സംശയത്തോടെ നോക്കിക്കാണുക മാത്രമല്ല ആയുധമെടുത്ത് ഭീഷണിപ്പെടുത്തുകയും, ആക്രമിക്കുവാന്‍ മുതിരുകയും ചെയ്യുന്ന ഒരു ജനതയയായി അവര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.

മതേതര പ്രസ്ഥാനങ്ങള്‍ എന്ന് വാതോരാതെ കൂവി വിളിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സ്ഥാപിത താല്പര്യങ്ങള്‍ ജനതയ്ക്ക് മുന്നില്‍ തുറന്നുകാട്ടി, ജാതീയമായ വേര്‍തിരിവുകള്‍ ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുവാന്‍ സാധിക്കുമോ നിങ്ങള്‍ക്ക് എന്ന വെല്ലുവിളി പരസ്യമായി ഉയര്‍ത്തുകയാണ് ഈ ചിത്രം.

പലയിടത്തും തടയപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടും ഐഡിഎസ്എഫ്എഫ്കെയില്‍ സത്യം ഉച്ചത്തില്‍ വിളിച്ചു പറയുന്ന ഈ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുവാന്‍ സംഘാടകര്‍ കാട്ടിയ ധൈര്യത്തെ എടുത്ത് പറയേണ്ടതുണ്ട്. ഡോക്യുമെന്‍ററി പ്രദര്‍ശന വേളയില്‍ മറ്റേതൊരു ചിത്രത്തിനെക്കാളും കൂടുതല്‍ പ്രേക്ഷകരെത്തിയത് ഈ പ്രദര്‍ശനം എത്രമാത്രം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് എന്നു കാണിക്കുന്നു.

(മാധ്യമ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍