UPDATES

സിനിമ

രാംലീലയില്‍ മുസ്ലിങ്ങള്‍ വേണ്ട; ശിവ്‌സേന ഭീഷണിയില്‍ പൊലിഞ്ഞത് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ബാല്യകാല സ്വപ്നം

Avatar

അഴിമുഖം പ്രതിനിധി

കലാകാരനു ജാതിയും മതവും കാണുന്ന രാഷ്ട്രീയം ഇന്ത്യയില്‍ പിടിമുറുക്കുന്നുവെന്നതിനു വീണ്ടുമൊരു തെളിവ്. ഇത്തവണ ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖീയാണ് മതത്തിന്റെ പേരിലുള്ള അസഹിഷ്ണുതയ്ക്ക് ഇരയായത്.

മുസാഫര്‍ നഗറില്‍ അവതരിപ്പിക്കാനിരുന്ന രാംലീലയില്‍ മാരിചന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടനെന്ന പേരെടുത്തു കഴിഞ്ഞ നവാസുദ്ദീന്‍ സിദ്ദിഖി ആയിരുന്നു. എന്നാല്‍ ഇതിനെതിരെ ഹിന്ദുത്വഗ്രൂപ്പുകള്‍ പ്രതിഷേധം ഉണ്ടാക്കിയതോടെ ആ പരിപാടി റദ്ദാക്കേണ്ടി വന്നു. 

ഈ സംഭവത്തില്‍ നിരാശ രേഖപ്പെടുത്തിയ നടന്‍, പിന്നീട് ട്വിറ്ററിര്‍ ഇങ്ങനെ കുറിച്ചു; എന്റെ ബാല്യകാല സ്വപ്‌നം യഥാര്‍ത്ഥ്യമായില്ല. പക്ഷെ അടുത്തവര്‍ഷം തീര്‍ച്ചയായും ഞാന്‍ രാംലീലയുടെ ഭാഗമാകും.

മുസാഫര്‍ നഗറിലുള്ള ബുധാന ടൗണില്‍ ആയിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സിദ്ദിഖിയുടെ സ്വന്തം നാടാണത്. ഗ്രീന്‍ റൂമില്‍ കഥാപാത്രത്തിനായുള്ള വേഷപ്പകര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ശിവസേനയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി അവിടെയെത്തുന്നത്. പ്രശ്‌നം രൂക്ഷമാകുമെന്നു കണ്ടതോടെ സിദ്ദിഖീ പെട്ടെന്നു തന്നെ അവിടെ നിന്നും പോയി. ഞാനത് ചെയ്യുന്നില്ല, എനിക്ക് വലുത് എന്റെ ഗ്രാമത്തിന്റെ സമാധാനമാണ്; ഒരു ടെലിവിഷന്‍ ചാനലിനോടായി സിദ്ദിഖീ പറഞ്ഞു. 

രാമായണത്തില്‍ സ്വര്‍ണമാനിന്റെ വേഷത്തില്‍ വരുന്ന രാക്ഷസനാണ് മരീചന്‍. സീതയെ കട്ടുകൊണ്ടുപോകാന്‍ രാവണനെ സഹായിക്കുന്ന മരീചന്‍ രാമന്റെ അസ്ത്രമേറ്റ് കൊല്ലപ്പെടുകയാണ്. ദസറയോടനുബന്ധിച്ച് എല്ലാക്കൊല്ലവും രാംലീല അരങ്ങേറുക പതിവാണ്.

നവാസുദ്ദീന്‍ സിദ്ദിഖീയ്‌ക്കെതിരെ പ്രതിഷേധിച്ച ശിവ്‌സേന ഇതിനു കാരണമായി പറയുന്നത് ഇതാണ്; 

നവാസുദ്ദീന്‍ എന്നു പേരുള്ള ആരെയും രാംലീലയില്‍ പങ്കെടുപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അമ്പതുവര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ രാംലീലയില്‍ ‘ദീന്‍’ എന്നു പേരില്‍ വരുന്ന ആരും തന്നെ രാംലീലയില്‍ ഒരു കഥാപാത്രവും ചെയ്തിട്ടില്ല. ശിവ്‌സേനയുടെ പ്രാദേശിക നേതാവ് മുകേഷ് ശര്‍മയുടേതാണ് ഈ ന്യായം. എന്നാല്‍ ശിവ്‌സേനയുടെ നടപടിക്കെതിരെ രംഗത്തു വന്ന യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് കലാകാരന് മതമില്ലെന്നും ഇത്തരം പ്രവണതകള്‍ വളര്‍ന്നുവരാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

അതേസമയം നവാസുദ്ദീന്‍ സിദ്ദിഖിയുടെ അഭിനയ മികവ് നേരില്‍ കാണാന്‍ മാത്രമായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് എത്തിയ നിരവധി പേരുണ്ടായിരുന്നു. അവരെല്ലാം തന്നെ ശിവ്‌സേനയുടെ പ്രവര്‍ത്തിയില്‍ കുപിതരും നിരാശരുമാണ്. പൊലീസ് പറയുന്നത് സിദ്ദിഖി തങ്ങളോട് പൊലീസ് സംരക്ഷണം വേണമെന്ന് ആവിശ്യപ്പെട്ടിരുന്നില്ലെന്നാണ്. എങ്കിലും ഈ സംഭവത്തില്‍ എഫ് ഐ ആര്‍ ഇട്ടിട്ടുണ്ടെന്നും സീനിയര്‍ പൊലീസ് ഓഫിസര്‍ ദീപക് കുമാര്‍ പറയുന്നു.

എന്നാല്‍ ശിവ്‌സേനയുടെ വാദങ്ങള്‍ പൊളിക്കുന്ന വാസ്തവങ്ങള്‍ ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും കാണാം. വര്‍ഷങ്ങളായി രാംലീലയില്‍ അഭിനയിക്കുന്ന നിരവധി മുസ്ലിം കലാകാരന്‍മാര്‍ യുപിയില്‍ ഉണ്ട്. സുല്‍ത്താന്‍പൂരില്‍ നൂറുവര്‍ഷങ്ങള്‍ക്കുമേലായി രാംലീല സംഘടിപ്പിക്കുന്ന ഒരു മുസ്ലിം കുടുംബമുണ്ട്. രാമന്‍, ലക്ഷ്മണന്‍, രാവണന്‍ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ മുസ്ലിങ്ങള്‍ അവതരിപ്പിക്കുന്ന ഒരു രാംലീല ലക്‌നൗവില്‍ കഴിഞ്ഞ 45 വര്‍ഷമായി നടന്നുവരുന്നുണ്ട്.

ഇതൊന്നും അറിയാതെയോ അല്ലെങ്കില്‍ ഇപ്പോഴുള്ള മതസൗഹാര്‍ദ്ദം തകര്‍ത്തു രാഷ്ട്രീയലാഭം കൊയ്യാനോ ആണു ശിവസേനയെപോലുള്ള മതമൗലികവാദികളുടെ ശ്രമം. അതിനിടയില്‍ അപമാനിക്കപ്പെടുന്നത് നവാസുദ്ദീന്‍ സിദ്ദീഖിയെ പോലുള്ള കലാകാരന്മാരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍