UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് വിലങ്ങ്; കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ്

കേരളത്തിലെ വാര്‍ത്താമാദ്ധ്യമരംഗത്ത് ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ വമ്പിച്ച മാറ്റം സൃഷ്ടിച്ചവയാണ് ദൃശ്യമാധ്യമങ്ങള്‍. ദൃശ്യമാധ്യമത്തില്‍ വാര്‍ത്ത എന്നാല്‍ കുറച്ചു സംഭവങ്ങള്‍ പറയുന്നു, അതോടൊപ്പം അത് സംബന്ധിച്ച കുറച്ച് ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നു എന്നതായിരുന്നല്ലോ രീതി. മലയാളത്തില്‍ വാര്‍ത്ത ദൃശ്യമാധ്യമത്തില്‍ ആദ്യമായി അവതരിപ്പിച്ച ദൂരദര്‍ശന്‍ എന്ന സര്‍ക്കാര്‍ മാധ്യമത്തിന് പരിമിതികള്‍ ഏറെയായിരുന്നു. അവിടെനിന്ന് ആദ്യത്തെ സ്വകാര്യ ചാനല്‍ ഏഷ്യാനെറ്റ് മലയാളിയുടെ ആകാശത്തെത്തിയതോടെ ദൃശ്യങ്ങളുടെ സന്നിവേശം ഒരു വാര്‍ത്തയെ എത്രമാത്രം ചടുലവും സജീവവുമാക്കാം എന്ന് ബോദ്ധ്യപ്പെടുത്തി. ഒരാളെ പത്മതീര്‍ത്ഥത്തില്‍ മുക്കിക്കൊല്ലുന്ന ദൃശ്യങ്ങള്‍ എക്‌സ്‌ക്‌ളുസീവാക്കിയപ്പോള്‍ വാര്‍ത്തകളുടെ പുതിയ സാധ്യത സൂര്യ ടി.വി കാണിച്ചുതരികയായിരുന്നു. മലയാളത്തിലെ ആദ്യത്തെ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന്‍ എത്തിയപ്പോള്‍ വാര്‍ത്തകള്‍ തമസ്‌കരിക്കാനുള്ളതല്ല എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തി എന്നതാണ് സവിശേഷത. 

കേരളത്തിലെ അച്ചടിമാദ്ധ്യമങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്. അവയ്‌ക്കെല്ലാം ഒരേവിലയാണ്. വില വര്‍ദ്ധനവ് നിശ്ചയിക്കാന്‍ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി എന്ന പത്രമുതലാളി സംഘടനയുണ്ട്. ഇവ ഒരുമിച്ചാണ് വിലവര്‍ദ്ധന നിശ്ചയിക്കുന്നത്.സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയായാലും കോണ്‍ഗ്രസിന്റെ വീക്ഷണമായാലും ബി.ജെ.പിയുടെ ജന്മഭൂമിയായാലും മുസ്ലിംലീഗിന്റെ ചന്ദ്രികയായാലും ഇവര്‍ മാനേജ്‌മെന്റ് എന്ന നിലയില്‍ ഒരുമിച്ചുനില്‍ക്കും. വിരുദ്ധവും ഒരിക്കലും യോജിക്കാനാവാത്തതുമായ കക്ഷികളും പ്രസ്ഥാനങ്ങളുമാണെങ്കിലും മാനേജ്‌മെന്റ് താല്പര്യങ്ങള്‍ ഒന്നാണെന്നാണ് ഇവര്‍ ദശകങ്ങളായി വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്കുള്ളിലെ വാര്‍ത്തകള്‍ പരസ്പരം പ്രസിദ്ധീകരിക്കാതെ മൂടിവയ്ക്കുന്നതില്‍ ഇവര്‍ പൊതുസ്വഭാവം പുലര്‍ത്തി. രാഷ്ട്രീയകാരണങ്ങളാല്‍ ദേശാഭിമാനിയോ ജന്മഭൂമിയോ ഒക്കെ അപൂര്‍വ്വമായി ഇത് ലംഘിച്ചിട്ടുണ്ടാവാമെന്നേയുള്ളൂ. ഭരണാധികാരികള്‍ക്കെതിരെയുള്ള ചില വാര്‍ത്തകള്‍ മൂടിവയ്ക്കുന്നതിലും ഈ ഐക്യദാര്‍ഡ്യം നിലനിന്നു. ഇതില്‍ കുറച്ചെങ്കിലും മാറ്റമുണ്ടായത് മംഗളം പത്രം വിലക്കുറച്ച് വില്‍ക്കാന്‍ തീരുമാനിച്ചപ്പോഴാണ്. കാല്‍നൂറ്റാണ്ടിലേറെയായിട്ടും അവര്‍ മറ്റ് പത്രങ്ങളെക്കാള്‍ വിലക്കുറച്ചാണ് വില്‍ക്കുന്നത്. 

വാര്‍ത്തകള്‍ വിലക്കാനുള്ളതല്ല എന്ന വിലപ്പെട്ട സന്ദേശമാണ് മലയാളത്തിലെ ദൃശ്യമാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഏഷ്യാനെറ്റിലെ വി എം ദീപയ്ക്ക് കിട്ടിയ കിട്ടിയ ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ ഇരയായ റെജീനയുടെ മൊഴി ആ ചാനല്‍ സംപ്രേഷണം ചെയ്യാന്‍ തയ്യാറാകാത്തത് മലയാളി പലവട്ടം ചര്‍ച്ച ചെയ്തതാണ്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിലെ രണ്ടാമനും മുസ്ലിംലീഗ് മന്ത്രിയുമായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആ മൊഴി ഇന്ത്യാവിഷന്‍ പ്രേക്ഷകരിലേക്കെത്തിച്ചത് നടുക്കത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. അതുവരെ അങ്ങനെയൊന്ന് കേരളം കണ്ടിരുന്നില്ല. പത്മം മേനോന്‍ – പി.ടി.ചാക്കോ കേസ് ഉള്‍പ്പെടെ ആരോപണങ്ങള്‍ പലതും ഉണ്ടായെങ്കിലും പണ്ടൊന്നും സമാനമായ കാഴ്ച ഇല്ലായിരുന്നു. കുഞ്ഞാലിക്കുട്ടി മന്ത്രിയായ അതേ യു.ഡി.എഫ് സര്‍ക്കാരിലെ മുസ്ലിംലീഗിന്റെതന്നെ മന്ത്രിയായിരുന്ന ഡോ.എം.കെ.മുനീര്‍ ചെയര്‍മാനായിരുന്ന ചാനലാണ് ഈ വാര്‍ത്ത കേരളീയ സമൂഹത്തില്‍ ചര്‍ച്ചയാക്കിയത്. ആദ്യമൊക്കെ അറച്ചുനിന്നെങ്കിലും ഏഷ്യാനെറ്റ് ഉള്‍പ്പെടെ കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങള്‍ക്കെല്ലാം ആ വാര്‍ത്ത ഏറ്റെടുക്കേണ്ടിവന്നു. ഇന്ത്യാവിഷന് എഡിറ്റോറിയല്‍ സ്വാതന്ത്യം അനുവദിച്ച മുനീറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് ടീം ആണ് കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്ത മൂടിവയ്ക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ചതിന്റെ പൂച്ചെണ്ട് ആദ്യമായി അര്‍ഹിക്കുന്നത്. പൂര്‍വസൂരികളുടെ പാരമ്പര്യത്തിന്റെ വിഴുപ്പുചുമക്കേണ്ടതില്ലാതിരുന്ന എം.വി.നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വാര്‍ത്താ സംഘമാണ് ആ പൂച്ചെണ്ടിന്റെ അടുത്ത അവകാശികള്‍.

അങ്ങനെ കേരളത്തില്‍ സ്വതന്ത്ര ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനം നടത്തി പത്തുവര്‍ഷം തികയുംമുമ്പുതന്നെ നൂറ്റാണ്ടിന്റെ വാര്‍ത്താ സംസ്‌കാരം പേറുന്ന അച്ചടി മാധ്യമത്തിന്റെ മുമ്പില്‍ കടന്നവരാണ് ഇക്കൂട്ടര്‍. അതില്‍ പതാകവാഹകരായിരുന്നു ഇന്ത്യാവിഷന്‍. ഇന്ത്യാവിഷന്റെ നട്ടെല്ലായിരുന്ന നികേഷ് മുന്‍കൈ എടുത്ത് റിപ്പോര്‍ട്ടര്‍ ചാനലുമായി മുന്നോട്ടുവന്നു. അതോടെ ഇന്ത്യാവിഷന്റെ ശവസംസ്‌കാരം പ്രതീക്ഷിച്ചവര്‍ക്ക് അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടമാണ് കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാളത്തിലെ ദൃശ്യമാദ്ധ്യമരംഗത്തെ സ്വതന്ത്ര ചാനല്‍ ഏതെന്ന ചോദ്യത്തിന് ഇന്ത്യാവിഷനും റിപ്പോര്‍ട്ടറും എന്ന മറുപടിയേ പറയാനുണ്ടായിരുന്നുള്ളൂ. സ്വതന്ത്ര വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ നോവുന്ന സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിംലീഗും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയോഗവും വിവിധ ക്രിസ്ത്യന്‍ സഭകളും എന്‍.ഡി.എഫും ഒക്കെ ഈ ചാനലുകള്‍ക്കെതിരെ പത്തിയുയര്‍ത്തി. അപ്പോഴും അവര്‍ക്കറിയാമായിരുന്നു ഇവര്‍ പറയുന്നതാണ് നേരെന്ന്. നേരു പറയുന്നവരെ നിശ്ശബ്ദമാക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക് കടക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

തുടക്കം മുതല്‍ മൂലധനത്തിന് പലരുടെ മുന്നിലും കൈനീട്ടേണ്ടിവന്ന ചാനലുകളാണ് ഇന്ത്യാവിഷനും റിപ്പോര്‍ട്ടറും. ഇപ്പോഴും രണ്ടുകൂട്ടര്‍ക്കും അതില്‍നിന്ന് മോചനം കിട്ടിയിട്ടില്ല.ഇന്ത്യാവിഷന്റെ പരാധീനത പതിനൊന്നുകൊല്ലം കഴിഞ്ഞിട്ടും അതിന് ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഉണ്ടായില്ലെന്നതാണ്. അതേസമയം, കേരളത്തിലെ ദൃശ്യമാദ്ധ്യമരംഗത്തെ നഴ്‌സറിയാണ് ഇന്ത്യാവിഷന്‍. കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചാനലുകളിലെ ശ്രദ്ധേയരായ ദൃശ്യമാദ്ധ്യമപ്രവര്‍ത്തകരെ എടുത്താല്‍ അതില്‍ പകുതിയും ഇന്ത്യാവിഷന്റെ സംഭാവനയായിരിക്കും. ഇത് ഒരേ സമയം വൈരുദ്ധ്യവും നേട്ടവുമാണ്. അതാണ് ഇന്ത്യാവിഷനെ ഇതുവരെ മുന്നോട്ട് നയിച്ചതും. മുമ്പും പലതവണ ഇന്ത്യാവിഷനില്‍ ശമ്പളം മുടങ്ങിയിട്ടുണ്ട്. അന്ന് ആ സമയത്ത് മാനേജ്‌മെന്റിന് എന്തുകൊണ്ട് ശമ്പളം മുടങ്ങുന്നു, ഇല്ലെങ്കില്‍ എത്രനാളിനുള്ളില്‍ ശമ്പളം നല്‍കാനാവും എന്ന് വാര്‍ത്താസംഘം ഉള്‍പ്പെടെയുള്ള ജീവനക്കാരെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് അതിനു കഴിയാതെ വന്നതോടെ ചാനല്‍ ജീവനക്കാര്‍ സമരത്തിലേക്ക് പോയി. അതിനിടെ, ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖി അറസ്റ്റിലുമായി. സേവനനികുതി കുടിശ്ശികയുടെ പേരിലായിരുന്നു അത്.

സമാന അവസ്ഥയിലാണ് റിപ്പോര്‍ട്ടറും. അവിടെയും ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയുണ്ട്. എന്നാല്‍, അത് എന്തുകൊണ്ടാണ്, എന്ന് പരിഹരിക്കാന്‍ കഴിയും എന്നതിനെപ്പറ്റി മാനേജ്‌മെന്റിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് അവര്‍ ജീവനക്കാരെ ബോദ്ധ്യപ്പെടുത്തി. അതിന്റെ ഫലമായി ജീവനക്കാര്‍ ശമ്പളം മുടങ്ങുന്ന അവസ്ഥയിലും മുമ്പത്തെക്കാള്‍ ആവേശത്തോടെ ജോലി ചെയ്യുന്നു. ഇതിനിടയില്‍ ചാനലിന്റെ സി.ഇ.ഒയും ചീഫ് എഡിറ്ററുമായ എം.വി.നികേഷ്‌കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം അറസ്റ്റുചെയ്തു. കോടതിയില്‍ റിപ്പോര്‍ട്ടര്‍ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തിയതിനാല്‍ കോടതി നികേഷിനെ റിമാന്റ് ചെയ്ത് ജയിലിലടച്ചില്ല. എന്നാല്‍, ജമാലുദ്ദീന്‍ ഫറൂഖിക്ക് ജയിലില്‍ പോകേണ്ടിവന്നു. ഇവര്‍ ചെയ്ത കുറ്റം എന്താണെന്നോ? ചാനല്‍ പരസ്യങ്ങള്‍ക്ക് 14 ശതമാനം സേവനനികുതി നല്‍കണം. (പത്രപരസ്യത്തിന് സേവന നികുതി ഇല്ല, നല്ല കാര്യം) ഈ തുക പരസ്യ തുക കിട്ടുമ്പോഴേ ചാനലുകള്‍ക്ക് കിട്ടൂ. ബില്ലുനല്‍കി മൂന്നുമുതല്‍ ആറുമാസംവരെ കഴിഞ്ഞേ (സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് പണം കിട്ടുന്നത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞാണ്!) പണം കിട്ടൂ. ചിലതിന് പണം കിട്ടാറുമില്ല. പണം കിട്ടാത്ത പരസ്യത്തിനും സേവന നികുതി ഒടുക്കണമെന്നാണ് സെന്‍ട്രല്‍ എക്‌സൈസിന്റെ ആവശ്യം. അന്യായമായ ആ ആവശ്യത്തിന്റെ പേരിലാണ് കേരളത്തിലെ രണ്ട് സ്വതന്ത്ര ചാനലുകളുടെ മേധാവികളെ അറസ്റ്റുചെയ്തത്.

അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ‘ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ’ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടറിന്റെ വെബ്‌സൈറ്റില്‍ എം.വി.നികേഷ് കുമാര്‍ എഴുതിയ കുറിപ്പില്‍ ഒാര്‍മിപ്പിക്കുന്നു:’കോര്‍പ്പറേറ്റുകള്‍ക്ക് അഞ്ചുശതമാനം നികുതി ഇളവും വന്‍ ആനുകൂല്യവും നല്‍കിയപ്പോള്‍ സ്വതന്ത്ര ചാനലുകളുടെ സേവനനികുതി 2 ശതമാനം ഉയര്‍ത്തി 14 ശതമാനം ആയി നിജപ്പെടുത്തി.കോര്‍പ്പറേറ്റ് ഉടമസ്ഥതയില്‍ അല്ലെങ്കില്‍ നിലനില്‍പ്പ് അസാദ്ധ്യമാക്കുക എന്ന ലക്ഷ്യം മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഉണ്ട്.’ സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനം ആഗ്രഹിക്കുന്ന ഓരോ മലയാളിയും ചര്‍ച്ച ചെയ്യേണ്ട, ആശങ്കപ്പെടേണ്ട വിഷയമാണിത്.

കേരളത്തില്‍ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മതിയോ? റിപ്പോര്‍ട്ടറും ഇന്ത്യാവിഷനും ഇല്ലാത്ത മലയാളിയുടെ വാര്‍ത്താലോകം എത്രമാത്രം ശുഷ്‌കമാവുമെന്ന് ആലോചിച്ചാല്‍ മനസ്സിലാവും. മലയാളത്തിലെ ഈ രണ്ട് സ്വതന്ത്ര ചാനലുകള്‍ ഉള്‍പ്പെടെയുള്ള ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് തെറ്റൊന്നും പറ്റിയില്ലെന്നല്ല പറയുന്നത്. ഭയങ്കരമായ വീഴ്ചകളുണ്ടായിട്ടുണ്ട്. പക്ഷെ, അവ നല്‍കിയ സംഭാവനകളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് അവഗണിക്കാവുന്നതേയുള്ളൂ.

ഒന്നുകൂടി നാം മനസ്സിലാക്കണം – കഴിഞ്ഞ ഡിസംബര്‍വരെ കോര്‍പ്പറേറ്റുകള്‍ വരുത്തിയ നികുതി കുടിശ്ശിക 3,11,080 കോടി രൂപയാണെന്നാണ് ഔദ്യോഗികകണക്ക്. ഇന്ത്യാവിഷനും റിപ്പോര്‍ട്ടറുംകൂടി ഇപ്പോള്‍ അറസ്റ്റിനെ തുടര്‍ന്ന് അടച്ച നാലുകോടിയോളം രൂപ ഇതില്‍ എത്ര ശതമാനം വരും? എന്നിട്ട്, കോടികളുടെ കുടിശ്ശികക്കാരെ അറസ്റ്റുചെയ്യാന്‍ ഉദ്യോഗസ്ഥ ശിങ്കങ്ങള്‍ക്ക് നട്ടെല്ലുണ്ടാവാത്തതെന്താണ് ? അതേക്കുറിച്ചൊക്കെ എന്തെങ്കിലും അറിയണമെങ്കില്‍ ഇന്ത്യാവിഷനും റിപ്പോര്‍ട്ടറും പോലെയുള്ള ചാനലുകള്‍ കൂടിയേ തീരൂ. ഇതുപോലുള്ള സ്വതന്ത്ര ചാനലുകള്‍ ഉള്ളതുകൊണ്ടാണ് 2005 മുതല്‍ 2012വരെ കോര്‍പ്പറേറ്റുകളുടെ 26,12,135 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയത് നമ്മള്‍ അറിഞ്ഞത്. ഇക്കാര്യത്തില്‍ നമുക്ക് ആശ്വാസം നല്‍കുന്നതാണ് ഐ.ടി വകുപ്പിലെ 66 എ നീക്കം ചെയ്തുകൊണ്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം സാമൂഹികമാദ്ധ്യമങ്ങളില്‍ ശക്തിപ്പെടുത്താന്‍ അത് കാരണമാവും. എന്നിരുന്നാലും ദൃശ്യമാധ്യമമേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനും സ്വതന്ത്ര മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് ഒഴിവാക്കാനുമുള്ള ശ്രമങ്ങള്‍ അടിയന്തിരമായി തടയേണ്ടതുണ്ടെന്നാണ് ഇന്ത്യാവിഷനും റിപ്പോര്‍ട്ടറും നമ്മോട് പറയുന്നത്. അതുകൊണ്ടുതന്നെ ഈ സ്വതന്ത്രമാധ്യമങ്ങളെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍