UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോദ്യം സി.എം.പിക്കാരോടാണ്- നാണംകെട്ട ഈ പരിപാടി നിര്‍ത്തിക്കൂടേ?

Avatar

കെ.പി.എസ്.കല്ലേരി

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേവലം ഒരു സീറ്റിന്റെ പേരില്‍ അതുവരെ എല്‍ ഡി എഫിന്റെ വാക്കും നാവുമായിരുന്ന എന്‍.കെ.പ്രേമചന്ദ്രനും ആര്‍എസ്പിയും എല്‍ഡിഎഫ് വിട്ടതിന്റെ രാഷ്ട്രീയം ഇപ്പോഴും രാഷ്ട്രീയകേരളത്തിന് വിശ്വസിക്കാനായിട്ടില്ല. ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് സിപിഎമ്മിന്റെ ഏക പോളിറ്റ് ബ്യൂറോ അംഗം മത്സരിച്ച മണ്ഡലത്തില്‍ എതിരാളിയായി നിന്ന് പ്രേമചന്ദ്രന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ കിട്ടിയ അത്രയും വലിയ പ്രഹരം തെരഞ്ഞെടുപ്പ് ഗോദയില്‍ സിപിഎമ്മിന് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്നുപോലും സംശയം. പ്രേമചന്ദ്രന്റെ മുന്നണി മാറ്റം ഉണ്ടാക്കിയ കലിയില്‍ നിന്നും തെരഞ്ഞടുപ്പ് പ്രചാരണവേളയില്‍ ഉണ്ടായ പരനാറിപ്രയോഗം തെരഞ്ഞെടുപ്പ് രംഗത്തെ എക്കാലത്തേയും മികച്ച ഹിറ്റുമായി. ലോകസഭാ തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ കാലാവസ്ഥവെച്ച് വലിയ നേട്ടം കൊയ്യേണ്ടിയിരുന്ന എല്‍ഡിഎഫ് ഉദ്ദേശിച്ച ലക്ഷ്യം കാണാതെ വന്നതിന് പിന്നില്‍ ആര്‍എസ്പിയുടെ വിട്ടുപോകല്‍ കാരണമായിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ വരെ സിപിഎം നേതാക്കള്‍ കുറ്റസമ്മതം നടത്തിയതും നമ്മള്‍കണ്ടു. അതിനുമുമ്പുള്ളൊരു തെരഞ്ഞെടുപ്പുകാലത്തായിരുന്നു കോഴിക്കോടെന്ന സീറ്റിന്റെ പേരില്‍ തങ്ങളെ ചവിട്ടിപുറത്താക്കിയെന്ന് പറഞ്ഞ് വീരനും കൂട്ടരും മുന്നണി വിട്ടത്. പ്രേമചന്ദ്രനേക്കാള്‍ ഒരുപിടിമുന്നിലായിരുന്നു എല്‍ഡിഎഫില്‍ വീരന്റെ കാലം. വീരന്റെ പുറത്തുപോകലിനൊപ്പം തന്നെയായിരുന്നു പി.ജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസും മുന്നണി വിട്ടത്. വീരനും ജോസഫും അന്ന് മുന്നണി വിട്ടില്ലായിരുന്നെങ്കില്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണം സംഭവിക്കുമായിരുന്നു. അതുപോലെ പ്രേമചന്ദ്രന്‍ വിട്ടുപോയില്ലായിരുന്നെങ്കില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് തറപറ്റിയപ്പോള്‍ കേരളം മാത്രം അവര്‍ക്ക് പിടിവള്ളിയാവില്ലായിരുന്നു.

 

പക്ഷെ  ചോദ്യം ഇതൊന്നുമല്ല, ഏറ്റവും ഒടുക്കം മുന്നണിവിട്ട ആര്‍എസ്പിയും അതിനുമുമ്പ് പോയ വീരാദികളുടെ പാര്‍ട്ടികളുമൊക്കെ ഇടതുപക്ഷത്തെ ഒന്നോ രണ്ടോ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതിന് കാരണക്കാരായി എന്നതിനപ്പുറത്ത് രാഷ്ട്രീയ കേരളത്തിന് എന്ത് സംഭാവനയാണ് നല്കിയത്? പ്രേമചന്ദ്രന്‍ എന്ന രാഷ്ട്രീയ നേതാവ് ഇന്ന് കേരളത്തിലുള്ള ഏത് വലിയ നേതാവിനുമുമ്പില്‍ നിര്‍ത്തിയാലും ഒരുപണത്തൂക്കം മുമ്പിലല്ലാതെ പുറകിലാവില്ല. പലവിധ സ്വാധീനങ്ങളും സന്നാഹങ്ങളും വെച്ചുനോക്കിയാല്‍ വീരനും ജോസഫുമൊന്നും ഒട്ടും പിറകില്ല. പക്ഷെ ഇവര്‍ നേതാക്കളായി നടക്കുന്ന പാര്‍ട്ടികളുടെ കാര്യമാണ് ചോദിക്കുന്നത്. പ്രേമചന്ദ്രന്‍ പാര്‍ട്ടിവിട്ടതിനുശേഷം നടന്ന നിരവധിയായ വാര്‍ത്താ സമ്മേളനങ്ങളില്‍ എവിടെയോ ഒന്നില്‍ ഇങ്ങനെ ഒരു ചോദ്യം ഏതോ ഒരുപത്രപ്രവര്‍ത്തകന്‍ തൊടുത്തുവിട്ടപ്പോള്‍ സ്വയം വിമര്‍ശനമായി അത് ഞാന്‍ ഏറ്റെടുക്കുന്നു എന്നായിരുന്നു സത്യസന്ധതയുള്ളൊരു നേതാവ് എന്ന നിലയില്‍ പ്രേമചന്ദ്രന്റെ മറുപടി. ഇതേ ചോദ്യം വീരനോടായിരുന്നെങ്കില്‍ ജയപ്രകാശ് നാരായണന്റെ കാലം മുതലിങ്ങോട്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം മുഴുവന്‍ അദ്ദേഹം പറഞ്ഞുകളയും. വേണമെങ്കില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അടുത്ത പുസ്തകവും അതാവും. പക്ഷെ സത്യസന്ധമായി വിലയിരുത്തിയാല്‍ കേരളത്തില്‍ സിപിഎമ്മും കുറച്ചൊക്കെ സിപിഐയും പിന്നെ കോണ്‍ഗ്രസും മുസ്‌ലീം ലീഗുമൊക്കെ രാഷ്ട്രീയമായി ഇടപെടുന്നപോലെ എത്ര പ്രശ്‌നങ്ങളില്‍ ഇവരുടേയൊക്കെ പാര്‍ട്ടികള്‍ ഇടപെടുകയും സമരം നയിക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ത്താ സമ്മേളനങ്ങളിലെ പ്രസ്താവന യുദ്ധങ്ങള്‍ക്കപ്പുറത്ത് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ അവകാശപ്പെടാന്‍ എന്തെങ്കിലും നേട്ടം ഇവര്‍ക്ക് അവകാശപ്പെടാനുണ്ടോ….!

ഇത്രയും ഇങ്ങനെ പരത്തി പറയേണ്ടി വന്നത് എംവിആര്‍ എന്ന ഉരുക്കുമനുഷ്യന്റെ മുഷ്ടി മിടിക്കുകൊണ്ടുമാത്രം കേരളം ഏറ്റുവാങ്ങിയൊരു പാര്‍ട്ടി അദ്ദേഹത്തിന്റെ മൃതദേഹത്തിനുമുമ്പില്‍ കടിപിടികൂടിയത് കണ്ടപ്പോഴാണ്. എംവിആര്‍ വിടവാങ്ങിയ ദിവസം രാത്രിയിലെ ഒമ്പതുമണി ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ മകന്റെ ചനലില്‍ മാധവന്‍കുട്ടി വന്നിരുന്ന് തെറിപറഞ്ഞതുപോലെ എംവിആറിനെ എങ്കെിലും തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുക ഇവിടെ ഉദ്ദേശിക്കുന്നേ ഇല്ല. എങ്കിലും കഴിഞ്ഞ 28വര്‍ഷമായി അദ്ദേഹം സിപിഎമ്മിനെതിരായി തൊടുത്തുവിട്ട സിഎംപി എന്ന പാര്‍ട്ടി എന്തു സംഭാവനയാണ് കേരളത്തിന് നല്‍കിയിട്ടുള്ളത്. സിപിഎമ്മിനെ അക്രമിക്കാന്‍ ഫലപ്രധാനമായ ആയുധമെന്ന നിലയില്‍ അതുവരെ തന്നെ അക്രമിച്ച രാഘവനെന്ന നാവിനെ സാക്ഷാല്‍ ലീഡര്‍ കരുണാകരന്‍ എടുത്തു ഉപയോഗിച്ചപ്പോള്‍ ഉണ്ടായ വളര്‍ച്ചയാണ് എംവിആറിന്റേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേതും.

 

കമ്യൂണിസ്റ്റുകാരന്റെ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെല്ലാം വിട്ട് കരുണാകരന്റെ തോളോട് തോള്‍ ചേര്‍ന്നിരുന്ന് സിപിഎമ്മിനോട് പടവെട്ടി കുറേ സഹകരണ സ്ഥാപനങ്ങളും പാമ്പുവളര്‍ത്ത് കേന്ദ്രവും സഹകരണ മെഡിക്കല്‍ കോളജുമുണ്ടാക്കി പാര്‍ട്ടിയെ സിപിഎം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും സമ്പത്തുള്ള പ്രസ്ഥാനമാക്കി വളര്‍ത്തിയതിനപ്പുറത്ത് കേരളജനതയ്ക്ക് അല്ലെങ്കില്‍ വര്‍ത്തമാന കേരളത്തിന് എന്ത് സംഭാവന ഈ പാര്‍ട്ടി കഴിഞ്ഞ 28വര്‍ഷം കൊണ്ടുണ്ടാക്കിക്കൊടുത്തത് എന്നുചോദിച്ചാല്‍ ഉത്തരത്തിന് ശൂന്യതയില്‍ തപ്പേണ്ടിവരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ തന്നെ എംവിആറും പാര്‍ട്ടിയും കേരള രാഷ്ട്രീയത്തില്‍ നിന്ന് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം കൂടി ആയതോടെ എംവിആര്‍ പൂര്‍ണമായും ഉള്‍വലിയാന്‍ തുടങ്ങി. സിപിഎമ്മിനെ അടിക്കാന്‍ എംവിആറിനേക്കാള്‍ നല്ല ആയുധങ്ങള്‍ വീരന്റേയും പ്രേമന്ദ്രന്റേയും ആര്‍എംപിയുടേയും പേരില്‍ കോണ്‍ഗ്രസിന് കിട്ടിത്തുടങ്ങിയപ്പോള്‍ പല്ലുകൊഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്ന എംവിആര്‍ എന്ന സിംഹത്തെ അവരും  മറന്നു തുടങ്ങി. അവസാന കാലത്ത് സിപിഎമ്മിലേക്ക് ഒരു മടക്കത്തെക്കുറിച്ച് എംവിആറും അദ്ദേഹത്തെ കൊണ്ടുവരാന്‍ സിപിഎമ്മും ആലോചന തുടങ്ങിയ വേളയിലാണ് പൂര്‍ണമായും കിടപ്പിലാവുന്നത്.

എംവിആര്‍ എന്ന സിംഹം പൂര്‍ണമായും കിടക്കയിലായി എന്ന ബോധ്യംവന്നപ്പോഴാണ് പ്രിയ ശിഷ്യരായ അരവിന്ദാക്ഷനും സിപി.ജോണും അദ്ദേഹത്തിന്റെ കസേരക്കായി വടംവലി തുടങ്ങിയത്. തനിക്കുശേഷം ആരാണ് ഈ പാര്‍ട്ടിയെ നയിക്കുകയെന്ന് പറയാനിരിക്കുന്നതിനുമുമ്പ് ശബ്ദംപോലും നഷ്ടപെട്ട് എംവിആര്‍ കിടപ്പിലായി. അതോടെ കസേരയെ ചൊല്ലി തര്‍ക്കം തുടങ്ങി. കേരളത്തിലങ്ങോളം ജില്ലാകമ്മറ്റിയും സ്വന്തം ഓഫീസും സഹകരണ സ്ഥാപനങ്ങളും നിറയെ സമ്പത്തുമുള്ള പാര്‍ട്ടിയുടെ നേതൃത്വം കൈക്കലാക്കാനായി രണ്ടുനേതാക്കള്‍ക്ക് പിന്നിലും കുട്ടിനേതാക്കളും ഉദയം ചെയ്തു. സിഎംപി എന്ന ഒറ്റപാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുന്നതില്‍ നിന്ന് ഒരാള്‍ പിന്‍മാറാന്‍ കൂട്ടാക്കാത്ത സാഹചര്യമുണ്ടായപ്പോള്‍ എംവിആറിന്റെ കിടക്കയെ സാക്ഷി നിര്‍ത്തി രണ്ടുപേരും രണ്ട് പാര്‍ട്ടിയായി പിരിഞ്ഞു. രണ്ടു പേരുടേയും പാര്‍ട്ടി സിഎംപി. ജനറല്‍ സെക്രട്ടറി എംവിആര്‍. അരവിന്ദാക്ഷനും ജോണും ഇരുപാര്‍ട്ടികളുടേയും ആക്ടിങ് സെക്രട്ടറിമാര്‍. കേരളത്തില്‍ ഇതുവരെ ഒരുപാര്‍ട്ടിക്കും ഉണ്ടാകാത്ത ഗതികേട്. അല്ലെങ്കില്‍ സൗഭാഗ്യം. ഒദ്യോഗികമായി സിഎംപി രണ്ടായി പിളര്‍ന്നതായി പ്രഖ്യാപനമുണ്ടാവാതെയാണ് എം വി ആര്‍ അരങ്ങൊഴിഞ്ഞത്. അതോടെ കസേരയെ ഓര്‍ത്ത് നിയന്ത്രണങ്ങളെല്ലാം വിട്ട് ഇരുപക്ഷവും കടിപിടികൂടിയ ചിത്രം രാഷ്ട്രീയ കേരളത്തിലെ മറയ്ക്കാനാവാത്ത കറുത്തപാടായി മാറി.

സാധാരണ എന്ത് തര്‍ക്കമുള്ള കുടുംബത്തിലും മരണം നടന്നാല്‍ തല്‍ക്കാലത്തേക്കെങ്കിലും എല്ലാം മറക്കുന്നതാണ് അനുഭവം. പക്ഷെ എംവിആറിന്റെ പ്രിയ ശിഷ്യര്‍ പതിനായിരങ്ങള്‍ കൂടി നില്‍ക്കുന്നിടത്ത് വെച്ച്  മൃതദേഹം ആരുടെ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്നതിനെച്ചൊല്ലിവരെ വാക്കേറ്റമുണ്ടാക്കി. ഒരു വേള അരവിന്ദാക്ഷനേയും ജോണിനേയും അഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല പിടിച്ചുമാറ്റുന്നിടത്തേക്ക് വരരെ കാര്യങ്ങള്‍ നീങ്ങി.

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മൃതദേഹം കൊണ്ടുവരവെയാണ്  സി.പി ജോണ്‍- കെ.ആര്‍. അരവിന്ദാക്ഷന്‍ വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. ബര്‍ണശേരിയിലെ വീട്ടില്‍ വച്ചിരുന്ന എംവിആറിന്റെ മൃതദേഹം രാവിലെ ഒമ്പതോടെ അരവിന്ദാക്ഷന്‍ പക്ഷത്തിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ ഇ.പി. സ്മാരക മന്ദിരത്തിലായിരുന്നു ആദ്യം പൊതുദര്‍ശനത്തിനു വച്ചിരുന്നത്. അവിടം പൊതു ദര്‍ശനം പാടില്ലെന്ന് ജോണ്‍ വിഭാഗം വാശിപിടിച്ചു നോക്കിയെങ്കിലും നടന്നില്ല. നടക്കാതെ വന്നപ്പോള്‍ അവിടേക്ക് പോകാതെ അവര്‍ പ്രതിഷേധിച്ചു. പിന്നീട് മൃതദേഹം ടൗണ്‍ സ്‌ക്വയറില്‍ എത്തിച്ചപ്പോള്‍ അതുവരേയുള്ള പകയെല്ലാം പൊട്ടിച്ച് കൈയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങള്‍ കൈവിട്ടു. എംവിആറിനെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയവര്‍ക്കിടയില്‍ നിന്ന് എംഎവിആറിന്റെ പാര്‍ട്ടിക്കാരെ പിടിച്ചുമാറ്റാന്‍ പോലീസിന്ഏറെ പണിപ്പെടേണ്ടിവന്നു.  പല ഘട്ടത്തിലും ജില്ലാ പോലീസ് മേധാവി കെ. ഉണ്ണിരാജന്‍ തന്നെ നേരിട്ട് പിടിച്ചു മാറ്റുകയായിരുന്നു.

സി.പി. ജോണും കെ.ആര്‍. അരവിന്ദാക്ഷനും തമ്മിലായിരുന്നു ആദ്യം വാക്കേറ്റം നടത്തിയത്. രാവിലെ പത്തിനു മൃതദേഹം ടൗണ്‍ സ്‌ക്വയറില്‍ എത്തിച്ചെങ്കിലും ഇരുവിഭാഗം തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്നു 30 മിനുട്ടോളം മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പൊരിവെയിലത്ത് കാത്ത് നിന്ന ആയിരങ്ങള്‍ കടുത്ത ദുരിതത്തിലുമായി. വാക്കേറ്റം രൂക്ഷമായതോടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു. തുടര്‍ന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ടു ഇരുവിഭാഗത്തേയും അനുനയിപ്പിക്കുകയായിരുന്നു. പിന്നീടാണ് മൃതദേഹം വാഹനത്തില്‍ നിന്നും പുറത്തെടുത്ത് പൊതുദര്‍ശനത്തിനു പോലും വെച്ചത്. തലേ ദിവസം പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം വച്ചപ്പോഴും ഇരുവിഭാഗവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. എം.വി.ആര്‍ തങ്ങളുടെ പക്ഷത്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നാണംകെട്ട കളിയായിരുന്നു മൃദേഹത്തിനായുള്ള ഈ കടിപിടി.

ചിതയ്ക്ക് തീക്കൊളുത്തിയതിനു പിന്നാലെ പുതിയ ജനറല്‍ സെക്രട്ടറിമാരായി കെ.ആര്‍. അരവിന്ദാക്ഷനേയും സി.പി.ജോണിനേയും തിരഞ്ഞെടുത്തതായി ഇരുവിഭാഗവും അവകാശപ്പെട്ടതോടെ അതുവരെ നടന്ന നാടകങ്ങള്‍ക്കെല്ലാം തിരശ്ശീല വീണു. വി.കെ. രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര സെക്രട്ടറിയേറ്റ് യോഗമാണ് സി.പി. ജോണിനെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പോളിറ്റ് ബ്യൂറോ അംഗം സി.എ. അജീറാണ് ജോണിന്റെ പേര് നിര്‍ദ്ദേശിച്ചത്. കൃഷ്ണന്‍ കോട്ടുമല പിന്താങ്ങി. ഐക്യകണ്‌ഠേനയാണ് ജോണിനെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതെന്ന് പാര്‍ട്ടിനേതാക്കള്‍ പിന്നീട് പത്രസമ്മേളനത്തില്‍ അറിയിച്ചു. എംവിആറിന്റെ നിര്യാണത്തെ തുടര്‍ന്നു ഏഴ് ദിവസം പാര്‍ട്ടി ദുഖാചരണം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ പിളര്‍പ്പ് ദൗര്‍ഭാഗ്യകരമാണ്. സമചിത്തതയോടെ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ഇനി ഐക്യത്തിനു സാധ്യതയില്ല. പിടിച്ചെടുത്ത് പാര്‍ട്ടി ഓഫീസുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ചു നിയമ പോരാട്ടം നടത്തുമെന്നും സി.പി. ജോണ്‍ വ്യക്തമാക്കി. എം.വി.ആറിന്റെ രാഷ്ട്രീയ പൈതൃകം മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍ക്കൊള്ളണമെന്നുകൂടി  സി.പി. ജോണ്‍ ആഹ്വാനം ചെയ്തപ്പോള്‍ അദ്ദേഹം സ്വയം ജനറല്‍ സെക്രട്ടറിയാവാനുള്ള പരീക്ഷയും പാസായി.

അതേ സമയം തന്നെ അതേ വേഗതയില്‍ അരവിന്ദാക്ഷന്‍ പക്ഷം യോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറിയായി കെ.ആര്‍. അരവിന്ദാക്ഷനെ തിരഞ്ഞെടുത്തു. സി.എച്ച്. ഷാരിയരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം പത്രകുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്. മറ്റേകൂട്ടര്‍ ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചപ്പോള്‍ ഇക്കൂട്ടര്‍ മൂന്നു ദിവസം കൂടി കൂട്ടി അത് പത്ത് ദിവസമാക്കി. അങ്ങനെ നോക്കുമ്പോള്‍ എംവിആറിനോട് കൂടുതല്‍ സ്‌നേഹവും ഒറിജിനല്‍പാര്‍ട്ടി അരവിന്ദക്ഷന്റേതുമാണെന്ന് രാഷ്ട്രീയ കേരളത്തിന് തെറ്റിദ്ധരിക്കാം. പാട്യം രാജന്‍, ജി. സുഗുണന്‍, ടി.സി.എച്ച്. വിജയന്‍,എം.കെ. കണ്ണന്‍ എന്നീ മുതിര്‍ന്ന നേതാക്കളാണ് അരവിന്ദാക്ഷനൊപ്പമുള്ളത്. എംവിആര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തുടങ്ങിയ കടിപിടി എന്തിനായിരുന്നെന്ന് ഇപ്പഴാണ് ജനത്തിന് വള്ളിപുള്ളിയില്ലാതെ മനിസിലാക്കാന്‍ കഴിഞ്ഞത്. ഇനി എംവിആറിന് പകരം രണ്ട് ജനറല്‍ സെക്രട്ടറിമാരുള്ള രണ്ട് സിഎംപികള്‍ കേരളത്തെ മാറ്റിമറിച്ചുകളയുന്നതിന് നമ്മള്‍ക്ക് കാതോര്‍ത്തിരിക്കാം!

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍