UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം.വി.ആര്‍ വിടവാങ്ങി

Avatar

ഒരു കാലത്ത് സിപിഎമ്മിന്റെ ഗര്‍ജ്ജിക്കുന്ന സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മുന്‍ മന്ത്രി എം വി രാഘവന്‍ (81) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. അദ്ദേഹം ചെയര്‍മാനായ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

1933 മേയ് അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരിയില്‍ മേലത്ത് വീട് ശങ്കരന്‍ നമ്പ്യാരുടെയും തമ്പായിയുടെയും മകനായി ജനനം. സാമ്പത്തിക ബാധ്യതകള്‍ മൂലം പ്രൈമറി ക്ലാസില്‍ വച്ച് തന്നെ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന എംവിആര്‍, അക്കാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം സിപിഎമ്മില്‍ ഉറച്ചു നിന്നു. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം 1967 മുതല്‍ ദീര്‍ഘകാലം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു. കണ്ണൂരില്‍ നിന്നുള്ള ഇന്നത്തെ പ്രമുഖ സിപിഎം നേതാക്കളുടെ എല്ലാം തലതൊട്ടപ്പനായിരുന്നു എംവിആര്‍. 1970 ല്‍ അന്നത്തെ മാടായി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് ഗോദയിലെത്തി. 1977ല്‍ തളിപ്പറമ്പില്‍ നിന്നും 1980ല്‍ കൂത്തുപറമ്പില്‍ നിന്നും 1982ല്‍ പയ്യന്നൂരില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥിയായി അദ്ദേഹം കേരള നിയമസഭയിലെത്തി.

1986ല്‍ ബദല്‍ രേഖ വിവാദത്തെ തുടര്‍ന്നായിരുന്നു മലബാറിലെ സിപിഎമ്മിന്റെ എല്ലാമെല്ലാമായിരുന്നു എം വി രാഘവന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നത്. ആ വര്‍ഷം ജൂലൈ 27ന് അദ്ദേഹത്തെ സിപിഎം പുറത്താക്കി. കോണ്‍ഗ്രസിനെതിരെ മുസ്ലീംലീഗുമായും കേരള കോണ്‍ഗ്രസുമായും സഖ്യമാകാമെന്ന അദ്ദേഹത്തിന്റെ ബദല്‍രേഖ പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംവിആറിനെ പാര്‍ട്ടി പുറത്താക്കിയത്. എന്നാല്‍ അതിന് മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവരൊക്കെ നിശബ്ദരായി രാഷ്ട്രീയ വനവാസത്തിലേക്ക് മടങ്ങിയപ്പോള്‍, സിപിഎമ്മിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. തന്റെ സംഘടനാപാടവം വിളിച്ചോതിക്കൊണ്ട് അദ്ദേഹം സിഎംപിയെ ഒരു ബദല്‍ ശക്തിയായി വളര്‍ത്തിയെടുത്തു. തുടര്‍ന്ന് താന്‍ എക്കാലത്തും എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് പാളയത്തിലേക്ക് കുടിയേറിയ അദ്ദേഹം, 1991, 2001 യുഡിഎഫ് മന്ത്രിസഭകളില്‍ അംഗമായി. സഹകരണം, തുറമുഖം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. യുഡിഎഫ് പാളയത്തിലെത്തിയ അദ്ദേഹം 1987ല്‍ അഴീക്കോട് എം വി ജയരാജനെ തോല്‍പിച്ച് നിയമസഭയില്‍ വീണ്ടുമെത്തി. 1991ല്‍ കഴക്കൂട്ടത്ത് നിന്നും ജയിച്ച് കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി. 1996 ല്‍ ആറന്‍മുളയില്‍ പ്രമുഖ കവി കടമ്മനിട്ട രാമകൃഷ്ണനോട് ആദ്യ പരാജയം. 2001 ല്‍ തിരുവനന്തപുരം ഈസ്റ്റില്‍ നിന്നും മത്സരിച്ച് ജയിച്ച അദ്ദേഹം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 

 

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെ അദ്ദേഹവും സിപിഎമ്മും തമ്മില്‍ കടുത്ത ശത്രുതയിലായി. പാപ്പിനിശ്ശേരി പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിലെ തീവയ്പ്പ്, കൂത്തപറമ്പ് വെടിവയ്പ്പ് തുടങ്ങിയ സംഭവങ്ങളെല്ലാം ഈ പരസ്പരവൈര്യത്തിന്റെ ബാക്കി പത്രമായി കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മികച്ച സഹകാരി കൂടിയായിരുന്ന എംവിആര്‍, സഹകരണ മന്ത്രിയായതിന് ശേഷം കണ്ണൂര്‍ ജില്ലയിലെ നിരവധി സഹകരണസംഘങ്ങളിലെ സിപിഎം കുത്തക അവസാനിപ്പിക്കുന്നതിനും ചരട് വലിച്ചു. എന്നാല്‍ പിന്നീട് രാഘവനെതിരായ നിലപാട് സിപിഎം മയപ്പെടുത്തുകയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള അദ്ദേഹത്തിന്റെ മുന്‍കാല ശിഷ്യന്മാര്‍ രോഗശയ്യയില്‍ എംവിആറിനെ സന്ദര്‍ശിക്കുകയും ചെയ്തു. നാളെ രാവിലെ പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

സി.വി. ജാനകിയാണ് ഭാര്യ. മക്കള്‍: എം.വി. ഗിരിജ (അര്‍ബന്‍ ബാങ്ക്), എം.വി. ഗിരീഷ് കുമാര്‍ (പിടിഐ, തിരുവനന്തപുരം), എം.വി. രാജേഷ്, എം.വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടിവി). മരുമക്കള്‍: റിട്ട. പ്രഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി (പെന്‍ഷന്‍ ബോര്‍ഡ് പിആര്‍ഒ), പ്രിയ, റാണി (റിപ്പോര്‍ട്ടര്‍ ടിവി).

 

ആദരാഞ്ജലികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍