UPDATES

വായന/സംസ്കാരം

എന്റെ കഥ; സിതാര എസ്

ഞാനായിട്ട് പ്രത്യക്ഷപ്പെടാനുള്ള അനുവാദം എന്റെ കഥകളില്‍ എനിക്കില്ല

സിതാര എസ്

സിതാര എസ്

വളരെ കുറച്ചു മാത്രം എഴുതുന്ന ആളാണ് ഞാന്‍. അതും കഴിഞ്ഞ കുറെ മാസങ്ങളായിട്ട് അല്ലെങ്കില്‍ വര്‍ഷങ്ങളായിട്ട് ഒരു കഥ പോലും എഴുതാത്ത ഒരാള്‍. എങ്കിലും കഥാകാരി എന്ന ലേബല്‍ ഇന്നും എനിക്കുണ്ട്. ഒരുപക്ഷേ മനസ്സില്‍ എപ്പോഴും കഥയുണ്ടെന്ന് തോന്നുന്നു ജീവനോടെ.  പലതരം കഥകള്‍, എഴുതപ്പെടാത്ത കഥകള്‍ എന്നെങ്കിലും അത് കടലാസ്സിലേക്ക് എഴുതുമോ എന്നറിയില്ല. എഴുതുമായിരിക്കാം. ഇല്ലായിരിക്കാം. എഴുതിയാലും ഇല്ലെങ്കിലും മനസ്സിലുള്ള കഥകള്‍, പൊടിച്ചുവന്ന് മരിച്ചുപോയ കഥകള്‍, അല്ലെങ്കില്‍ അവിടെ തളിര്‍ത്ത് കാത്തിരിക്കുന്ന കഥകള്‍ അങ്ങനെയുള്ള എല്ലാ കഥകളും എന്റെ തന്നെ സ്വത്വ പ്രകാശനങ്ങള്‍ തന്നെയാണ്.

കഥ എന്നുള്ളത് തന്നെ ഭൂതകാലമാണ്. പക്ഷേ നമ്മള്‍ കഥയില്‍ മിക്കവാറും പ്രതീക്ഷിക്കുന്നത് നമ്മളുടെ വര്‍ത്തമാന കാലമാണ്. എഴുതുന്ന ആളുടെ ജീവിക്കുന്ന കാലം പരിതസ്ഥിതികള്‍, മനോവ്യാപാരങ്ങള്‍. ആ സമയത്തെ മനോവ്യാപാരങ്ങള്‍ ചിലപ്പോള്‍ പിന്നീട് എഴുതുമ്പോള്‍ വ്യത്യസ്തമായിരിക്കാം. കഥ എഴുതുന്ന സമയത്തെ മനോവ്യാപാരങ്ങളെ ആ സമയത്ത് നമ്മള്‍ കേട്ട ഒരു പാട്ട് പോലും സ്വാധീനിക്കാം. നമ്മുടെ വളരെ വളരെ പേഴ്സണലായിട്ടുള്ള ദുഃഖങ്ങളും സന്തോഷങ്ങളും നമ്മുടെ രാഷ്ട്രീയവും നമ്മുടെ മേല്‍ ഇമ്പോസ് ചെയ്യപ്പെടുന്ന സമൂഹത്തിന്റെ രാഷ്ട്രീയവും കാലികമായിട്ടുള്ള കാര്യങ്ങളും ഒക്കെ കഥ എഴുതുമ്പോള്‍ എല്ലാവരെയും സ്വാധീനിക്കാറുണ്ടെന്ന് തോന്നുന്നു. എന്നെയും.

പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട് ഒരു സ്ത്രീ എന്നുള്ള നിലയില്‍ എഴുതുമ്പോളുള്ള വ്യത്യാസം എന്താണ് എന്നൊക്കെ. പെണ്ണെഴുത്ത് എന്ന രീതിയില്‍ ഉള്ള ചര്‍ച്ച പോലും ഒരുപാട് പറഞ്ഞു പറഞ്ഞു പഴകി ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട, ഒരു പാട് വലിച്ചിഴക്കപ്പെട്ട ഒരു പദമാണ്. എന്റെ ഒരു വ്യക്തിപരമായ കാഴ്ചപ്പാട് എന്താണെന്ന് വെച്ചാല്‍ സ്ത്രീ പക്ഷത്തു നിന്നുകൊണ്ടു എഴുതുന്നു എന്നത് മനഃപൂര്‍വ്വമായിട്ടുള്ള ഒരു കാര്യമല്ല. ഞാനൊരു സ്ത്രീയാണ്. എനിക്കു കൂടുതല്‍ പരിചയം ഒരു സ്ത്രീയുടെ കണ്ണിലൂടെ ഞാന്‍ എന്റെ ലോകത്തെ നോക്കിക്കാണുന്നതാണ്. എന്റെ സന്തോഷങ്ങള്‍, ഒരു സ്ത്രീ എന്നുള്ള നിലയില്‍ ഉള്ള എന്റെ സ്നേഹം, എന്റെ വെറുപ്പ് അതിനെയെല്ലാം ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെയാണ് ഞാന്‍ മിക്കവാറും നോക്കിക്കാണുന്നത്. ഒരു പക്ഷേ പുരുഷന്മാരുടെ രീതി വ്യത്യസ്തമായിരിക്കാം. എനിക്കറിയില്ല.

നമ്മള്‍ ജീവിക്കുന്ന കാലം,  അവസ്ഥകള്‍, ചുറ്റുപാടുകള്‍ ഇന്ന് അങ്ങനെയുള്ള കഥകള്‍ ഒരുപാട് വരുന്നുണ്ടെന്ന് എനിക്കു തോന്നുന്നു. അത് വായിക്കപ്പെടുന്നു എന്നു കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. സമകാലികരായിട്ടുള്ള ആളുകള്‍ ഏതു കാലത്ത് എഴുതിയാലും ഏതു കാലത്തെ റെപ്രസന്‍റ് ചെയ്തതാണെങ്കിലും അതിന്‍റേതായ രീതിയില്‍ വായിക്കപ്പെടുന്നു എന്നു കാണുമ്പോള്‍ എനിക്കു ഒരുപാട് സന്തോഷവും അഭിമാനവും തോന്നാറുണ്ട്. പ്രത്യേകിച്ചും കവിത എഴുത്ത് വളരെ വ്യാപകമായിട്ടുള്ള ഒരു കാലമാണ് ഇത്. കവികള്‍ ഒരുപാടുണ്ട് സത്യം പറഞ്ഞാല്‍ എനിക്കു കവികളോട് അസൂയയാണ്. നല്ല കവിത എന്നു ഞാന്‍ ഉദ്ദേശിക്കുന്നത് എനിക്കു മനസ്സിലാകുന്ന കവിതയാണ്. കവിതകള്‍ എഴുതുന്നവരോട് മാത്രമല്ല. നോവല്‍ എഴുതുന്ന കഥാകൃത്തുക്കളോടും എനിക്കു വലിയ അസൂയയുണ്ട്.

അപ്പോഴും കഥയ്ക്ക് അതിന്റെതായ സ്ഥാനം ഇന്നും ഉണ്ട് എന്നത് ഒരു കഥാകൃത്ത് എന്ന നിലയില്‍ വളരെ സന്തോഷം തരുന്ന കാര്യമാണ്. കഥകള്‍ അധികം വരുന്നില്ലായിരിക്കാം. പക്ഷേ വരുന്ന കഥകള്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുന്നു. ഒരുപാട് വായിക്കപ്പെടുന്നു. ഞാനെഴുതിയതല്ലെങ്കില്‍പോലും എന്റെ കൂട്ടത്തില്‍ ഒരാള്‍ എഴുതിയത് എന്ന രീതിയില്‍ എനിക്കു അഭിമാനം തോന്നാറുണ്ട്.

ഞാനൊരു കഥ എഴുതുമ്പോള്‍ അതിലെ കഥാപാത്രങ്ങളില്‍ ഒരുപക്ഷേ ഞാനുണ്ടാവാം. അല്ലെങ്കില്‍ ഞാന്‍ എന്നെങ്കിലും ആയിത്തീരാന്‍ ആഗ്രഹിച്ച ഒന്നാവാം അത്. അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആകാന്‍ ആഗ്രഹിക്കാത്ത ഒന്ന് അതില്‍ കൊണ്ടുവന്നു എന്നു വരാം. ഒരു പ്രത്യേക നിയമം എഴുത്തിനുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്നെ സംബന്ധിച്ചു എഴുത്ത് അങ്ങനെ പ്ലാനിങ്ങോടെ വരുന്ന ഒന്നല്ല. എഴുതുന്ന സമയത്ത് നമ്മുടെ മനസ്സില്‍ എന്തുണ്ടോ അതാണ് എനിക്കു എഴുത്ത്. അത് കഥയിലായാലും മറ്റ് ലേഖനങ്ങളില്‍ ആയാലും ശരി. എന്താണ് ആ സമയത്ത് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, ആ സമയത്ത് എന്താണ് എന്റെ മനസ്സിലൂടെ കടന്നുപോകുന്നത്, എങ്ങനെയാണ് ഞാന്‍ ആ കഥാപാത്രത്തെ വരച്ചിടാന്‍ ആഗ്രഹിക്കുന്നത് അതാണ് എഴുത്ത്. ഒരുപക്ഷേ അതേ കഥ തന്നെ വേറൊരു സമയത്ത് എഴുതിയാല്‍ തികച്ചും വ്യത്യസ്ഥമായ കഥയായിമാറുമായിരിക്കും. ഞാനായിട്ട് പ്രത്യക്ഷപ്പെടാനുള്ള അനുവാദം എനിക്കെന്റെ കഥകളില്‍ ഇല്ല. ഞാന്‍ തന്നെ വെച്ചൊരു റെസ്ട്രിക്ഷന്‍ ആവാം അത്.

(ഡി സി ബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍