UPDATES

വിദേശം

മ്യാന്‍മറില്‍ സൂ കി; പക്ഷേ അധികാരം എത്രത്തോളം?

Avatar

ആനീ ഗോവന്‍, ഡാനിയേല ഡിയാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂ കി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. അധികാരമേറ്റെടുക്കുന്നതില്‍ നിന്നും തടയുന്ന ഭരണഘടന വകുപ്പുകള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ അടുത്ത നേതാവ് താന്‍ തന്നെയെന്നും സൂ കി പ്രഖ്യാപിച്ചു.

ഫലം പ്രഖ്യാപിച്ച 47% സീറ്റുകളില്‍ 90%വും സൂ കിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (NLD) നേടി. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിന് ശേഷം ബി ബി സിക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ കക്ഷി, നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (NLD) കേവല ഭൂരിപക്ഷം നേടുമെന്ന് സൂ കി അവകാശപ്പെട്ടിരുന്നു.

ബര്‍മ എന്നറിയപ്പെട്ടിരുന്ന മ്യാന്മറിന്റെ അടുത്ത നേതാവ് താന്‍ തന്നെയെന്ന് അഭിമുഖത്തില്‍ സൂ കി പറയുന്നു. വിദേശ പൌരത്വമുള്ള കുട്ടികളുള്ളവര്‍ക്ക് പ്രസിഡണ്ടാകാന്‍ കഴിയില്ലെന്ന സൈനിക ഭരണകൂടം തയ്യാറാക്കിയ ഭരണഘടന നിബന്ധന നിലനില്‍ക്കുകയാണ്. ബ്രിട്ടീഷ് പൌരത്വമുള്ള രണ്ടു മക്കളാണ് സൂ കിക്കുള്ളത്. ബ്രിട്ടീഷുകാരനായിരുന്ന അവരുടെ ഭര്‍ത്താവ് സൂ കി റംഗൂണില്‍ വീട്ടുതടങ്കലിലായിരിക്കെ ബ്രിട്ടനില്‍വെച്ചു അര്‍ബുദ രോഗം ബാധിച്ച് മരിച്ചിരുന്നു.

“പാര്‍ടിയുടെ നേതാവെന്ന നിലക്ക് തീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും അതെന്നെ വിലക്കുന്നില്ല,” സൂ കി പറയുന്നു. “മറ്റൊരു പ്രസിഡന്റിനെ നിര്‍ത്തേണ്ടിവന്നാല്‍ കൂടി ഞാനായിരിക്കും എല്ലാ തീരുമാനങ്ങളും എടുക്കുക.”

തെരഞ്ഞെടുപ്പ് നീതിപൂര്‍വവും  സ്വതന്ത്രവുമായിരുന്നോ എന്ന ചോദ്യത്തിന്,“നീതി, ഇല്ല. ഏറെക്കുറെ സ്വതന്ത്രമായിരുന്നു.” എന്നാണവര്‍ മറുപടി നല്കിയത്. വോട്ടര്‍മാര്‍ക്ക് ഭീഷണി നേരിട്ട സ്ഥലങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടെന്നും അവര്‍ പറഞ്ഞു.

ഇത്തവണ സൈനിക മേധാവികള്‍ തെരഞ്ഞെടുപ്പ് ഫലം മാനിക്കുമെന്ന് കരുതാനുള്ള ന്യായം എന്താണ്? “കാലം മാറിയിരിക്കുന്നു. ആളുകളും” എന്നായിരുന്നു സൂകിയുടെ മറുപടി. “മ്യാന്മാറിലെ പൌരന്‍മാര്‍ കൂടുതല്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയും ജാഗ്രതയുള്ളവരുമായിരിക്കുന്നു.” 25 വര്‍ഷം മുമ്പ് അവരും സഖ്യകക്ഷികളും ഒരു തെരഞ്ഞെടുപ്പ് ജയിച്ചതാണ്. പക്ഷേ സൈനിക ഭരണകൂടം അതനുവദിച്ചില്ല.

തെരഞ്ഞെടുപ്പ് 70-കാരിയായ സൂ കിയെ സംബന്ധിച്ചു വലിയ നേട്ടമാണ്. 1988-ല്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരവുമായി വരികയും നാട്ടിലും ലോകത്തെങ്ങും ആദരിക്കപ്പെടുകയും ചെയ്യുന്ന അവര്‍ വര്‍ഷങ്ങളോളം വീട്ടുതടങ്കലിലായിരുന്നു.

സര്‍ക്കാരുണ്ടാക്കാനും തന്നെ പ്രസിഡണ്ടാക്കുന്നതില്‍ നിന്നും വിലക്കുന്ന ഭരണഘടന വകുപ്പിനെ മറികടക്കാനുമുള്ള സൂ കിയുടെ ശ്രമങ്ങള്‍ക്കിടയില്‍ ഒരുപക്ഷേ അനിശ്ചിതത്വം ആഴ്ച്ചകളോളം നീണ്ടുപോകാന്‍ സാധ്യതയുണ്ട്. സൂ കി പ്രസിഡണ്ടാകുന്നത് തടയുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് ആ വകുപ്പ് തന്നെ സൃഷ്ടിച്ചത്.

യു.എസും മറ്റ് രാജ്യങ്ങളും നല്കിയ പ്രേരണയും സമ്മര്‍ദവും മൂലം കഴിഞ്ഞ 5 വര്‍ഷമായി മ്യാന്‍മര്‍ ജനാധിപത്യത്തിലേക്കുള്ള നീക്കങ്ങള്‍ കൂടുതല്‍ സുഗമമാക്കുകയാണ്. സൈനിക മേധാവികള്‍ അധികാരത്തിലുള്ള തങ്ങളുടെ പിടി അയയ്ക്കുമോ എന്നതിന്റെ യഥാര്‍ത്ഥ പരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പെന്ന് നിരീക്ഷകര്‍ കരുതുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനപൂര്‍വം ഫലങ്ങള്‍ വൈകിപ്പിക്കുകയാണെന്ന് NLD കേന്ദ്ര സമിതി അംഗം വിന്‍ ഹ്തെന്‍ ആരോപിക്കുന്നു. മൊത്തം സീറ്റുകളുടെ 67% നേടിയാല്‍ അവര്‍ക്ക് കേവലഭൂരിപക്ഷമായി. ചെറുകക്ഷികളുടെ സഹായം കൂടാതെ പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കാം. 2008-ല്‍ സൈനിക ഭരണകൂടം ഉണ്ടാക്കിയ ഭരണഘടനയനുസരിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പട്ടാളത്തിന് 25% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

പട്ടാളത്തിന്റെ പിന്തുണയുള്ള USDP-യുടെ ഒരു ഡസനിലേറെ നേതാക്കളെങ്കിലും തെരഞ്ഞെടുപ്പില്‍ തോറ്റു. ആക്ടിങ് ചെയര്‍മാന്‍ ഹ്തെ ഊ റോയിട്ടേഴ്സിനോട് ലളിതമായി പറഞ്ഞു,“ഞങ്ങള്‍ തോറ്റു.” NLD ആസ്ഥാനത്ത് ഉടന്‍ തന്നെ ടീ ഷര്‍ടുകള്‍ പ്രത്യക്ഷപ്പെട്ടു,“ഞങ്ങള്‍ ജയിച്ചു.”

വിജയിക്കാന്‍ വേണ്ട പണിയെടുത്തില്ലെന്ന് ചില USDP അംഗങ്ങള്‍ പറഞ്ഞു.

1990-നു ശേഷം ഇതാദ്യമായാണ് NLD അണികള്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം ലഭിക്കുന്നത്. 51 ദശലക്ഷം ജനങ്ങളുള്ള ഈ രാജ്യം പതിറ്റാണ്ടുകളായി സ്വേച്ഛാധിപത്യ സൈനിക ഭരണകൂടത്തിന്റെ കീഴിലാണ്.

ആര്‍പ്പുവിളിക്കുന്ന അനുയായികള്‍ക്ക് മുന്നില്‍ NLD കേന്ദ്ര ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട സൂ കി വിജയികളെ അഭിനന്ദിക്കാറായില്ലെങ്കിലും “നിങ്ങളെല്ലാവര്‍ക്കും ഫലങ്ങളെക്കുറിച്ച് ഒരു ധാരണയായിട്ടുണ്ടാകുമല്ലോ” എന്നും പറഞ്ഞു.

“വിജയമോ പരാജയമൊ അല്ല പ്രധാനം. നമ്മള്‍ എങ്ങനെ ജയിക്കുന്നു, തോല്‍ക്കുന്നു എന്നതാണ്. തോല്‍ക്കുന്നവര്‍ ധീരതയോടെ അത് സമ്മതിക്കണം. വിജയിക്കുന്നവര്‍ വിനയത്തോടെ വിജയം ആഘോഷിക്കണം. അതൊരു ശരിയായ ജനാധിപത്യമാണ്.”

കടുത്ത ചൂടിനെ വകവെക്കാതെയാണ് രാജ്യത്തെ 30 ദശലക്ഷം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളായത്. സൈനികരുടെ ബാലറ്റുകള്‍ ഞായറാഴ്ച വൈകിയെത്തിയത് USDP-ക്കു അനുകൂലമായി കാര്യങ്ങള്‍ നീക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു.

സൂ കിയുടെ ഭാവി ഇനിയും അറിയാറായിട്ടില്ല. എന്നാല്‍ തടസങ്ങളെ മറികടന്നു താന്‍ ഭരിക്കുമെന്ന് അവര്‍ പറയുന്നു. “ഞാന്‍ പ്രസിഡണ്ടിനേക്കാള്‍ മേലെയാകും.” എന്നാല്‍ ഇത് ചില നിരീക്ഷകരെയും സാമൂഹ്യപ്രവര്‍ത്തകരേയും ആകുലപ്പെടുത്തുന്നു. ഇതുവരെ ഇല്ലാത്ത ഇത്തരമൊരു പദവി ഭരണഘടന ലംഘനമാകുമെന്നാണ്  അവര്‍ ചൂണ്ടിക്കാട്ടുന്നത്.

“ഇതൊരു ഉത്തരവാദിത്തമുള്ള പ്രസ്താവനയല്ല,” മുന്‍ രാഷ്ട്രീയ തടവുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഖിന്‍ സോ വിന്‍  പറഞ്ഞു. “ഇതു മറുവിഭാഗത്തെ ആകുലപ്പെടുത്തും. ഒരുതരം പൌരസ്ത്യ ഏകാധിപത്യം മണക്കുന്നു-സിംഹാസനത്തിന് പിറകിലെ അധികാരം.”

പട്ടാള ഭരണകൂടം 2010-ല്‍ പരിഷ്കരണങ്ങള്‍ തുടങ്ങിയപ്പോള്‍ സൂ കിയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു. മറ്റ് രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സെന്‍സര്‍ഷിപ്പിലും ഇന്‍റര്‍നെറ്റ് നിയന്ത്രണത്തിലും ഇളവ് വരുത്തി. 

പക്ഷേ ക്രമേണ വീണ്ടും പ്രസിഡണ്ട് തെയിന്‍ സെയിന്റെ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശകരെയും തടവിലിടാന്‍ തുടങ്ങി. നിര്‍ണായക സാമ്പത്തിക പരിഷ്കാരങ്ങള്‍ നിലച്ചു. യാഥാസ്ഥിതിക ബുദ്ധമത പുരോഹിതരുമായി ഒത്തുചേര്‍ന്ന് മതസ്വാതന്ത്ര്യം ഹനിക്കുന്ന നിയമങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. മുസ്ലീങ്ങളെ ലക്ഷ്യം വെച്ചാണ് ഇതെന്ന് പലരും ആക്ഷേപിക്കുന്നു. 2012-ല്‍ ബുദ്ധമതക്കാരുമായുള്ള വിഭാഗീയ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലക്ഷത്തിലേറെ മുസ്ലീങ്ങള്‍ അഭയാര്‍ത്ഥി താവളങ്ങളിലാണ് കഴിയുന്നത്. ഭക്ഷണം, വൈദ്യസഹായം, വിദ്യാഭ്യാസം ഇതെല്ലാം ഇവര്‍ക്ക് വിരളമാണ്.

സൂ കീയുടെ ഭാവി പങ്കാളിത്തത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 1991-ലെ നോബല്‍ സമ്മാന ജേതാവ് മ്യാന്‍മറിന് ഏറെ ആവശ്യമായ പരിഷ്കരണങ്ങള്‍ക്കും മാറ്റത്തിനുമുള്ള ശക്തമായ ശബ്ദമാണെന്ന് വൈറ്റ് ഹൌസ് മാധ്യമ സെക്രട്ടറി ജോഷ് ഏനസ്റ്റ് പറഞ്ഞു.

“പക്ഷേ അന്തിമമായി എന്തൊക്കെ ഔദ്യോഗിക ചുമതലകളാണ് അവര്‍ക്കുണ്ടാകുക എന്നു തീരുമാനിക്കേണ്ടത് ബര്‍മ്മയിലെ ജനങ്ങളും സര്‍ക്കാരുമാണ്.”

തെരഞ്ഞെടുപ്പ് മുന്നോട്ടുള്ള ഒരു സുപ്രധാനമായ നീക്കമാണെങ്കിലും അത് മികച്ചതില്‍ നിന്നും എത്രയോ അകലെയാണെന്നും വിദേശകാര്യ സെക്രട്ടറി ജോണ്‍ എഫ് കെറി പറഞ്ഞു. രോഹിങ്ഗ്യ മുസ്ലീങ്ങളെ ഒഴിവാക്കിയതും, നാലിലൊന്ന് പാര്‍ലമെന്റ്  സീറ്റുകള്‍ സൈന്യത്തിന് സംവരണം ചെയ്തതും “പൂര്‍ണതോതിലുള്ള ജനാധിപത്യ, ജനകീയ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തടസങ്ങളാണ്” എന്നും കെറി ചൂണ്ടിക്കാട്ടി.

വിജയത്തില്‍ ആഹ്ലാദമുണ്ടെന്നും എന്നാല്‍ സൈന്യത്തെ ഇപ്പൊഴും ഭയമാണെന്നും തിങ്കളാഴ്ച്ച NLD ആസ്ഥാനത്ത് ആഹ്ലാദപ്രകടനത്തിനെത്തിയ ഡോക്ടര്‍ കൂടിയായ യിന്‍ മിന്റ്,60, പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ചു പ്രസംഗിച്ച തന്റെ സഹോദരിയെ പിടികൂടാന്‍ സായുധരായ പട്ടാളക്കാര്‍ വീട്ടില്‍ വന്നത് അവര്‍ക്കോര്‍മയുണ്ട്. 1990-ലേതുപോലെ സൈനിക മേധാവികള്‍ തെരഞ്ഞെടുപ്പുഫലം മാനിക്കില്ലെന്ന് അവര്‍ കരുതുന്നു.

“നമ്മളക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. നിരവധി തവണ അവര്‍ പറഞ്ഞ പോലെ ചെയ്യുകയും ഒന്നോ രണ്ടു ദിവസത്തിന് ശേഷം മനസ് മാറ്റുകയും ചെയ്തിട്ടുണ്ട്.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍