UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മ്യാന്‍മറിലെ സിവിലിയന്‍ പ്രസിഡന്റായി ഹിതിന്‍ ക്യാവ് തെരഞ്ഞെടുക്കപ്പെട്ടു

അഴിമുഖം പ്രതിനിധി

മ്യാന്‍മര്‍ പ്രസിഡന്റ് ഇലക്ഷനില്‍ ആംഗ്സ്യാന്‍ സൂചിയുടെ അടുത്ത അനുയായി ഹിതിന്‍ ക്യാവ് വിജയിച്ചു. അര നൂറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണത്തിനിടെ ആദ്യമായാണ് മ്യാന്‍മറില്‍ ഒരു സിവിലിയന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. സൂചിക്ക് പ്രസിഡന്റാകുന്നതിന് നിയമ തടസങ്ങളുള്ളതിനാല്‍ നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസി (എന്‍.എല്‍.ഡി) പ്രസിഡന്റ് സ്ഥാനത്തേക്ക് ക്യാവിനെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. 652 വോട്ടുകളില്‍ 360 വോട്ടുകളാണ് ക്യാവ് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സൈനിക സ്ഥാനാര്‍ത്ഥി മിന്റ് സ്വെ 213 വോട്ടുകളും ഹെന്റിവാന്‍ തിയൊ 79 വോട്ടുകളും നേടി. ഇവര്‍ യഥാക്രമം ഒന്നും രണ്ടും വൈസ് പ്രസിഡന്റുമാകും. നവംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സൂചി നയിക്കുന്ന എന്‍.എല്‍.ഡി പാര്‍ട്ടി വന്‍ഭൂരിപക്ഷം നേടിയിരുന്നു.

ഭര്‍ത്താവും രണ്ടു മക്കളും ബ്രിട്ടീഷ് പൗരത്വമുള്ളവരാണെന്നതാണ് സൂചി പ്രസിഡന്റാകുന്നതിനു തടസമായത്. വിദേശ പൗരത്വമുള്ളവരുമായി അടുത്ത ബന്ധമുള്ളവര്‍ പ്രസിഡന്റ് പദവി വഹിക്കാന്‍ പാടില്ലെന്നാണ് ഭരണഘടന വ്യവസ്ഥ. ഈ വ്യവസ്ഥ നീക്കുന്നതിനായി സൈന്യവുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയം കാണാതിരുന്നതിനെത്തുടര്‍ന്നാണ് ക്യാവിന് വഴിയൊരുങ്ങുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ സ്യൂചിക്ക് ഒപ്പമുള്ള ഹിതിന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയും നിലവില്‍ അവരുടെ ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിയുമാണ്‌. ജനാധിപത്യ പ്രക്ഷോഭകാലത്തു സൂചിയുടെ ഡ്രൈവറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍