UPDATES

വിദേശം

വേരോടെ പിഴുതെറിയപ്പെട്ട ഒരു ജനത; നടുക്കടലില്‍ അഭയാര്‍ത്ഥികളായി റോഹിന്‍ഗ്യകള്‍

കൊടുംവെയിലിലൂം മഹാമാരിയിലും പെട്ടു കടലില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി പൊരുതുന്ന എണ്ണായിരത്തോളം റോഹിന്‍ഗ്യകളെ മരണത്തില്‍നിന്നും രക്ഷിക്കാനുള്ള ബാധ്യത അന്താരാഷ്ട്രസമൂഹത്തിനുണ്ട്.

ആഴ്ചകളായി ആഹാരം കിട്ടാതിരിക്കുകയാണ്. ദാഹിക്കുന്നവര്‍ സ്വന്തം മൂത്രം കുടിച്ച് തൃപ്തിയടയുന്നു. ഖരരൂപത്തിലുള്ള ഭക്ഷണം കണ്ടിട്ട് ദിവസങ്ങളെത്രയായെന്ന് ആര്‍ക്കുമറിയില്ല. അസ്വസ്ഥരായ ഇവര്‍ക്ക് സംയമനം പാലിക്കാനറിയില്ല. വിശക്കുമ്പോള്‍ ഇവര്‍ പരസ്പരം ആക്രമിക്കുന്നു. സഹോദരങ്ങള്‍ തമ്മില്‍ കടിച്ചുകീറുന്നത് ബന്ധുക്കള്‍ നോക്കിനില്‍ക്കുന്നു. തമ്മില്‍തല്ലില്‍ മരിച്ചവരുടെ ശവശരീരം കടലിലേക്കെറിയുന്നു. ഇങ്ങനെ എത്രപേര്‍ കടലിലൊടുങ്ങിയെന്ന് കണക്കില്ല. ഇത് അനിശ്ചിതമായി ഇപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഒരു പറ്റം കടല്‍സഞ്ചാരികളുടെ വൃത്താന്തമാണ്. മാധ്യമങ്ങള്‍ പുറന്തള്ളുന്ന ഒരു വാര്‍ത്തയുടെ വൃത്താന്തം.

വേരോടെ പിഴുതെറിയപ്പെട്ട ഒരു ജനത അതിര്‍ത്തികളും ഭാഷകളും ദേശങ്ങളും കടന്ന് അഭയത്തിനായി വിലപിച്ചുകൊണ്ട് ദിക്കേതെന്നറിയാതെ നടുക്കടലില്‍ അനാഥരായി അലയുകയാണ്. തൊഴിലിന് വേണ്ടിയല്ല, ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടിയുമല്ല അവര്‍ കേഴുന്നത്. ഒരേയൊരാവശ്യമേ അവരുന്നയിക്കുന്നുള്ളൂ, ഏതെങ്കിലും ഒരു രാജ്യം തങ്ങളെ അഭയാര്‍ത്ഥികളായി അംഗീകരിക്കുക എന്ന ഒറ്റ അഭ്യര്‍ത്ഥന മാത്രമേ അവര്‍ നടത്തുന്നുള്ളൂ. പക്ഷെ ആരും അവരെ വരവേല്‍ക്കാനായി മുന്നോട്ടു വരുന്നില്ല.

മ്യാന്‍മറിലെ അരക്കന്‍ പ്രവിശ്യയിലെ ന്യൂനപക്ഷ വിഭാഗമായ റോഹിന്‍ഗ്യ എന്ന വംശപ്പേര് പേറുന്ന മുസ്ലിങ്ങള്‍ക്കാണ് ഈ ദുരവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്.

പട്ടാള ഭരണകൂടത്തിന്റെയും ബുദ്ധിസ്റ്റ് സന്യാസിമാരുടെയും വിവേചനം സഹിക്കുന്നതിനും അപ്പുറമെത്തിയപ്പോഴാണ് അവര്‍ പലായനം ചെയ്തത്. പട്ടാള ഭരണകൂടത്തിന്റെ പിന്തുണയോടെ ഒരു വിഭാഗം ബുദ്ധിസ്റ്റുകള്‍ വേട്ടയാടുന്നത് ഇന്നും തുടരുകയാണ്. നൂറ്റാണ്ടുകളായി അടിസ്ഥാനസൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന റോഹിന്‍ഗ്യകള്‍ ഭരണകൂടത്തിന്റെ കണ്ണില്‍ ഇന്നും അന്യരാണ്. തിരിച്ചറിയല്‍ രേഖകളില്ല, അരക്കന്‍ ദേശത്ത് ആശുപത്രികളോ പ്രാഥമിക വിദ്യാലയങ്ങളോ ഇല്ല. ഐക്യരാഷ്ട്രസഭ പല തവണ ആവശ്യപ്പെട്ടിട്ടും പട്ടാളഭരണകൂടം കേട്ടതായിപ്പോലും നടിക്കുന്നില്ല.

പല ബോട്ടുകളിലായി ഇന്തോനേഷ്യയെയും മലേഷ്യയെയും ലക്ഷ്യമാക്കി അവര്‍ നീങ്ങിയെങ്കിലും ഇരുരാജ്യങ്ങളും ഇവര്‍ക്കഭയം നല്‍കിയിട്ടില്ല. കുടിവെള്ളവും ഭക്ഷണവുമില്ലാതെനടുക്കടലില്‍ അലയുന്ന പല ബോട്ടുകളിലെയും ഡ്രൈവര്‍മാര്‍ സുരക്ഷിതമായ മറ്റേതെങ്കിലും ബോട്ടുകള്‍ കാണുമ്പോള്‍ ഓരോരുത്തരായി മുങ്ങുകയാണ്. നിരാലംബരായി നിലവിളിക്കുന്ന ഇവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല. കാരണം പതിനഞ്ചു ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യകള്‍ ദരിദ്രരാണ്. ഒരുപക്ഷെ അതുകൊണ്ട് തന്നെയാകും ഇസ്ലാമികസംഘടനകളും ഇവരെ കയ്യൊഴിഞ്ഞിരിക്കുന്നത്.

ഏഴു രാജ്യങ്ങളിലായി ഒതുങ്ങുകയാണ് റോഹിന്‍ഗ്യകള്‍. മ്യാന്‍മാര്‍, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്തൊനേഷ്യ, സൗദി അറേബ്യ, ബംഗ്ലാദേശ്, ഇന്ത്യ ഇവിടങ്ങളിലെ ബന്ധുക്കളുമായിട്ടുള്ള സൗഹൃദബന്ധം പുനസ്ഥാപിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. നിരന്തരമായ ആക്രമണങ്ങളിലും ചെറുത്തുനില്‍പ്പിലുംപെട്ട് ഇവരുടെ ജീനുകളില്‍നിന്നും സ്‌നേഹം എന്ന വികാരം നഷ്ടപ്പെട്ടാലും അത്ഭുതമില്ല.

മ്യാന്മാറില്‍ റോഹിന്‍ഗ്യകള്‍ക്ക് സര്‍ക്കാര്‍ ജോലിക്കര്‍ഹതയില്ല, കാരണം അവര്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു.

വംശശുദ്ധീകരണത്തിന്റെ മാരകമായ പ്രവര്‍ത്തനരീതികള്‍കൊണ്ട് മ്യാന്മാര്‍ ഭരണകൂടം പുകള്‍പെറ്റ ഒരു വില്ലന്റെ റോള്‍ കയ്യടക്കിയിരിക്കുന്നു. തികച്ചും ശാന്തമെന്ന് നാം കരുതിയിരുന്ന ബുദ്ധമതാനുയായികളില്‍ നിന്ന് അപ്രതീക്ഷിതമായി മാരകമായ വംശഹത്യയുടെ വികാരം കത്തുന്നതുകാണുമ്പോള്‍ വല്ലാത്ത വേദനയും രോഷവും തോന്നുന്നു.

വംശഹത്യയ്ക്ക് കുപ്രസിദ്ധനായ ബുദ്ധസന്യാസി ആശിന്‍ വിരാട്ടുവിന്റെ ഒരു കവര്‍ ചിത്രം 2013 ജൂണില്‍ ടൈം മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖം’ എന്ന വാചകവും കവറില്‍ കൊടുത്തിരുന്നു. അവസാനത്തെ റോഹിന്‍ഗ്യയെയും ഓടിക്കുമെന്ന് ബുദ്ധമത നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടാകാം അവര്‍ക്ക് മേലുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് മേലുള്ള അതിക്രമങ്ങളും ലൈംഗിക പീഢനങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.

തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശത്തുതന്നെ ആയിരക്കണക്കിന് റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ടെന്റുകളില്‍ തിങ്ങിപ്പാര്‍ക്കുകയാണ്. അരക്കന്‍ പ്രവിശ്യയിലേക്ക് അവര്‍ മടങ്ങിപ്പോകാത്തത് ഭയംകൊണ്ടുമാത്രമാണ്. എപ്പോഴും ദൈന്യതയും ഭീതിയും നിഴലിക്കുന്ന മുഖവുമായി നടക്കുന്ന കട്ടികളുടെ ചിത്രങ്ങള്‍ പലതവണ പുറത്തുവന്നിട്ടും ഐക്യരാഷ്ട്രസഭയുടെ രക്ഷസമിതിയോ പൊതുസഭയോ ഇതുവരെ കര്‍ശനമായ നിലപാടെടുത്തിട്ടില്ല. ദരിദ്രജനവിഭാഗത്തിന്റെ പ്രശ്‌നമായതുകൊണ്ട് അംഗരാഷ്ട്രങ്ങളും അത് കണ്ടെന്ന് നടിച്ചില്ല. എണ്ണയൊഴുകുന്ന ദേശമായിരന്നെങ്കില്‍ യു എന്നിന്റെ പേരില്‍ ലോകപോലീസ് വന്ന് രക്ഷകന്‍ ചമഞ്ഞ് തകര്‍ത്ത്ആയുധക്കച്ചവടം നടത്തിയേനെ.

ഭൂരിപക്ഷം റോഹിന്‍ഗ്യകളും അടിമപ്പണികള്‍ ചെയ്താണ് കഴിയുന്നത്. സ്വന്തമായി വ്യാപാരം തുടങ്ങാനോ തൊഴില്‍ ചെയ്തു ജീവിക്കാനോ അവര്‍ക്ക് അനുവാദമില്ല. ഉറപ്പുള്ളവീടു വെയ്ക്കുന്നതിലും വിലക്കുണ്ട്. ഭൂമിക്ക് ഉടമസ്ഥവകാശം നല്‍കിയിട്ടുമില്ല. കാരണം അവര്‍ക്ക് പൗരത്വമില്ല. പല തവണ ഭൂമിയില്‍ ഭൂരിപക്ഷസമുദായത്തിന്റെ കയ്യേറ്റവും കുടിയൊഴിപ്പിക്കലും നടന്നിരിന്നു. ഇവരുടെ വിവാഹവും സര്‍ക്കാര്‍ അംഗീകരിക്കില്ല. വിവാഹം കഴിക്കണമെങ്കില്‍ വന്‍സമ്പത്തുണ്ടെന്ന് തെളിയിക്കുന്ന രേഖ സര്‍ക്കാരിന് ഹാജരാക്കണം. സര്‍ക്കാര്‍ അനുമതിയില്ലാതെ വിവാഹിതരായാല്‍ നിയമനടപടിക്ക് വിധേയരാവുകയും ചെയ്യും.

അപൂര്‍വ്വമായി വിദേശമാധ്യമ പ്രതിനിധികളെത്തുമ്പോള്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ സ്വപ്നങ്ങള്‍ അവരുടെ പങ്കുവെയ്ക്കാറുണ്ട്. അവര്‍ക്ക് വിദേശത്തുപോയി ഇംഗ്ലീഷ് പഠിക്കണം, ഉയര്‍ന്ന വിദ്യാഭ്യാസം നേടണം. അതൊക്കെ വെറും സ്വപ്നമാണെന്ന് അവര്‍ക്കറിയാമെങ്കിലും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പതിമൂന്നാം നൂറ്റാണ്ടിലെന്നും പത്താം നൂറ്റാണ്ടിലെന്നും രണ്ടഭിപ്രായം റോഹിന്‍ഗ്യകളുടെ വരവിനെക്കുറിച്ചുണ്ട്. ഇത്രയും കാലയളവിനുള്ളില്‍ ഇവരില്‍ ധാരാളം പേര്‍ പലായനത്തിന് നിര്‍ബന്ധിതരായി. ഇനി ശേഷിക്കുന്ന ജനതയെങ്കിലും ഉന്മൂലനത്തില്‍ നിന്ന് രക്ഷിക്കുന്നതിന് അന്താരാഷ്ട്രസമൂഹം മുന്നോട്ട് വരാത്തത് പരിതാപകരം തന്നെ. മ്യാന്മാര്‍ പാര്‍ലമെന്റ് അംഗവും നൊബേല്‍ സമ്മാനജേതാവുമായ ആങ്ങ് സാന്‍ സൂകിയുടെ പാര്‍ട്ടി പോലും റോഹിന്‍ഗ്യകളുടെ പ്രതിസന്ധികളെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല എന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെപ്പോലും അത്ഭുതപ്പെടുത്തുന്നു.

കൊടുംവെയിലിലൂം മഹാമാരിയിലും പെട്ടു കടലില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി പൊരുതുന്ന എണ്ണായിരത്തോളം റോഹിന്‍ഗ്യകളെ മരണത്തില്‍നിന്നും രക്ഷിക്കാനുള്ള ബാധ്യത അന്താരാഷ്ട്രസമൂഹത്തിനുണ്ട്. പൊതുസമൂഹവും ഭരണകൂടങ്ങളുംഅടിയന്തിരമായി അതിനുള്ള മാര്‍ഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു.

(ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍