UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വലിയ ലോകത്തിലെ വലിയ മനുഷ്യന്‍-ഈയിടെ അന്തരിച്ച എന്‍ ഗോപാലകൃഷ്ണന്‍ മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍

Avatar

മാങ്ങാട് രത്നാകരന്‍

(ഈയിടെ അന്തരിച്ച പ്രമുഖ എഴുത്തുകാരനും ഇന്ത്യന്‍ റെയില്‍വേയില്‍ ഉന്നത പദവികള്‍ അലങ്കരിച്ച ഉദ്യോഗസ്ഥനുമായ എന്‍.ഗോപാലകൃഷ്ണന്‍ മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍. 1999ല്‍ പ്രസിദ്ധീകരിച്ച ‘വാഴ്വ് എന്ന പെരുവഴി’യാണ്  എന്‍ ഗോപാലകൃഷ്ണന്റെ ആദ്യ പുസ്തകം. കെ പി രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ ഇംഗ്ലീഷിലേക്കും നരസിംഹ റാവുവിന്റെ ആത്മകഥയായ ‘ഇന്‍സൈഡര്‍’ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തത് എന്‍ ഗോപാലകൃഷ്ണനാണ്. വിവര്‍ത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ എന്നതിലപ്പുറം ഗോപാലകൃഷ്ണനിലെ മനുഷ്യസ്നേഹിയെ അവതരിപ്പിക്കുകയാണ് മാങ്ങാട് രത്നാകരന്‍.). 

അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന ചിത്രപരമ്പരയിലെ ഗോപി എന്ന ഗോപിയേട്ടനെ ഓര്‍മ്മിക്കുന്നുണ്ടോ? കര്‍ണ്ണാടക സംഗീതത്തെക്കുറിച്ചും ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചും രവീന്ദ്രസംഗീതത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്ന ഗോപിയേട്ടനെ… ഇതാ ആ സഹൃദയന്‍ നമുക്കു മുന്നില്‍… എന്‍.ഗോപാലകൃഷ്ണന്‍. ഇന്ത്യന്‍ റെയില്‍വേയില്‍ ഉന്നത പദവികള്‍ അലങ്കരിച്ച ഉദ്യോഗസ്ഥന്‍. ഇന്ത്യയും ലോകവും പലതവണ ചുറ്റിയ സഞ്ചാരി. മലയാളത്തിലെ ഒന്നാംതരം ഗദ്യകാരന്‍. ബഹു ഭാഷാ പണ്ഡിതന്‍. മലയാളം, ഇംഗ്ലീഷ്, ഒറിയ എന്നീ ഭാഷകളിലെ വിവര്‍ത്തകന്‍. കോളമിസ്റ്റ്, വിശേഷങ്ങള്‍ ഇങ്ങനെ നീട്ടിക്കൊണ്ടുപോകാം. പക്ഷേ, അദ്ദേഹം ഏറ്റവുമേറെ ഇഷ്ടപ്പെട്ടേക്കാവുന്ന വിശേഷം ഇതൊന്നുമായിരിക്കില്ല. ഒരു മനുഷ്യസ്‌നേഹി എന്ന വിശേഷമായിരിക്കും അത്.

എം.ടി.വാസുദേവന്‍നായരുടെ വാരാണസി എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് വി.അബ്ദുള്ള പുരസ്‌കാരം കിട്ടിയ വാര്‍ത്ത വായിച്ച ഉടനെ ഗോപിയേട്ടനെ വിളിച്ചു. കോഴിക്കോട്ടെ ജീവിതകാലത്ത് കൂടെക്കൂടെ കാണുമായിരുന്നു. സാല്‍വദോ ദാലിയെ അനുസ്മരിക്കുന്ന മീശയും മന്ദചലനവും  സംഭാഷണചാരുതിയും ദര്‍ശനഗരിമയും ജീവിതനിരീക്ഷണവും സാഹിത്യസല്ലാപവുമായി ഞങ്ങളുടെ കൂട്ടത്തില്‍ നിറഞ്ഞുനിന്ന ഗോപിയേട്ടന് താരപരിവേഷമുണ്ടായിരുന്നു. ജീവിതത്തെ പ്രസന്നതയോടെ നേരിടുന്ന ആ അപൂര്‍വ്വ വ്യക്തിത്വം, ഞങ്ങളുടെ ജീവിതത്തിലേക്കും ആ പ്രസന്നത പ്രചരിപ്പിച്ചിരുന്നു.

വരൂ… ഏത് ദുനിയാവിലാണ്… കാണാനേയില്ലല്ലോ. ഗോപിയേട്ടന്‍ പറഞ്ഞു. ഇതാ വരുന്നു… യാത്രികന്‍ നേരം കളയാതെ പുറപ്പെട്ടു.  പുരാതന യവനസംസ്‌കൃതിയുടെ സ്മൃതികളുണര്‍ത്തുന്ന മിക്കീനഷ് അഥവാ മൈസീനി എന്ന് പേരുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ആറാംനിലയിലെ ഫ്‌ളാറ്റ് പണ്ടേ പരിചിതമാണ്. കമനീയമായ മുറികള്‍, പുരാവസ്തുശേഖരങ്ങള്‍, ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന കൗതുകവസ്തുക്കള്‍, ഗ്ലാസുകള്‍, ഊന്നുവടി – തൊപ്പി ശേഖരങ്ങള്‍… പിന്നെ മുറി കവിഞ്ഞുനില്‍ക്കുന്ന വിശുദ്ധഗ്രന്ഥങ്ങള്‍. ചെറിയ മനുഷ്യനിലെ ഗോപിയേട്ടനെക്കുറിച്ചാണ് ആദ്യം ചോദിച്ചത്. അതിന്റെ സൃഷ്ടാവ് അരവിന്ദനെക്കുറിച്ചും...

       

എന്‍.ഗോപാലകൃഷ്ണന്‍: ചെറുപ്പം മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാം. അരവിന്ദന് എന്നേക്കാള്‍ ഏതാണ്ട് ഒരു വയസ്സ് പ്രായക്കുറവേയുള്ളു. അന്ന് അരവിന്ദനും ഞാനും തമ്മില്‍ കൂടുതല്‍ ബന്ധമുണ്ടായിരുന്നത് കര്‍ണ്ണാടക സംഗീതത്തിലുള്ള അഭിരുചികൊണ്ടാകും. ഞങ്ങളത് കേള്‍ക്കാന്‍ പോകും, അതിനെപ്പറ്റി സംസാരിക്കും. അങ്ങനെ.മിക്ക ദിവസവും വൈകുന്നേരം ഞങ്ങള്‍ തമ്മില്‍ കാണുമായിരുന്നു. ഞാനും അരവിന്ദനും എന്റെ അനിയനും രഘു എന്നൊരാളും കൂടെ ഞങ്ങളുടെ വീട്ടിന്റെ അടുത്തുള്ള ഒരു പാറയുടെ പുറത്തിരിക്കുമ്പോള്‍ അവിടെ ഒരു കാറുണ്ട്. അതിന്റെ മല്‍ഗാഡില്‍ ഞങ്ങള്‍ നാലുപേരുടെയും മുഖം കാണാമായിരുന്നു. അങ്ങോട്ടു ഇങ്ങോട്ടും ചരിഞ്ഞും വികൃതമായിട്ട്. അരവിന്ദന്‍ ഓടിച്ചെന്ന് കടലാസെടുത്ത് വരച്ചുതുടങ്ങി. ഞാന്‍ വിശ്വസിക്കുന്നത് അന്ന് മുതലാണ്… അതായത് ഞാന്‍, എന്റെ അനിയന്‍ ഉള്‍പ്പെട്ട ആ പടങ്ങളില്‍ നിന്നാണ് അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ഉണ്ടായത്. ചെറിയ മനുഷ്യര് എന്ന് പറയുന്നത് രാമു എന്റെ അനിയനെ പോലെയാണ് വരച്ചിരിക്കുന്നത്. അതില്‍ പേരുമാറ്റാതെ ഗോപിയേട്ടന്‍ എന്നു പറയുന്നത് ഞാന്‍ മാത്രമേയുള്ളു. ഞങ്ങളുടെ കൂടെ ഒരു ബാലന്‍സാറുണ്ടായിരുന്നു. ആ ബാലന്‍സാറ് പറഞ്ഞിട്ടുള്ളതും ഞാന്‍ പറഞ്ഞിട്ടുള്ളതുമൊക്കെ ചേര്‍ത്താണ് ആ ഗുരുജി ഉണ്ടാക്കിയിട്ടുള്ളത്. പിന്നെ ഞാന്‍ കല്‍ക്കട്ടയില്‍ പോയിട്ട് വരുമ്പോള്‍ എന്നെ കല്‍ക്കട്ടക്കാരനായിട്ട് അങ്ങ് വരച്ചു.  

ബെസ്റ്റ് ഓഫ് അഴിമുഖം 

കാട്ടിലെത്തിയാല്‍ നിശബ്ദരാകുന്ന കൂട്ടുകാര്‍ക്ക്
ദ്രാവിഡനെ ബ്രാഹ്മണ്യം പുതപ്പിക്കുമ്പോള്‍-മാങ്ങാട് രത്നാകരന്റെ യാത്ര തുടരുന്നു
കരിവെള്ളൂരിന്റെ വിപ്ലവ മണ്ണിലൂടെ മാങ്ങാട് രത്നാകരന്‍റെ യാത്ര
കത്തുന്ന നാടുകള്‍; ലുഗാന്‍സ്കിലൂടെ ഒരു യാത്ര
ജലം കൊണ്ട് കോറിയിട്ട ഒരു വയനാടന്‍ യാത്ര- മാങ്ങാട് രത്നാകരന്റെ യാത്രയില്‍ വയനാട്

   എന്‍.ഗോപാലകൃഷ്ണന്‍ കോഴിക്കോട്ട് കാരായി പേരെടുത്ത പലരേയും പോലെ കോഴിക്കോട്ടുകാരനല്ല. കോഴിക്കോട്ട് പ്രഗത്ഭനായ അഭിഭാഷകന്‍ എ.എന്‍.പണിക്കരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ഇ.എം.എസ്. ഹൈസ്‌കൂളിലും കോളേജിലുമായി വിദ്യാഭ്യാസം. 1956 ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായി. ഇന്ത്യന്‍ റെയില്‍വേയില്‍ ഡിവിഷണല്‍ മാനേജര്‍, സാമ്പത്തിക ഉപദേഷ്ടാവ് തുടങ്ങിയ ഉന്നത പദവികളില്‍ ഒഡീഷ, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഔദ്യോഗിക ജീവിതം. സമൃദ്ധിയുടെ നടുവില്‍ ജനിച്ചുവളര്‍ന്ന ഗോപാലകൃഷ്ണന് ഒഡീഷയിലെയും ബംഗാളിലെയും ജീവിതം, ഇന്ത്യന്‍ ജീവിതം എന്താണ് എന്ന തിരിച്ചറിവ് സമ്മാനിച്ചു.   

എന്‍.ഗോപാലകൃഷ്ണന്‍: അന്നാണ് ഞാന്‍ ശരിക്കുള്ള ദാരിദ്ര്യം കാണുന്നത്. ആ തരത്തിലുള്ള ദാരിദ്ര്യം കേരളത്തിലൊരിക്കലും ഉണ്ടായിട്ടില്ല. ആളുകള്‍ പട്ടിണി കിടന്ന് മരിക്കുന്നു. അമ്മമാര്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ 250 രൂപയ്ക്കും മറ്റും വില്‍ക്കുന്നു. ഇത് കണ്ടപ്പോള്‍ എന്റെ സുഗമമായ ജീവിതത്തെപ്പറ്റി എനിക്കുണ്ടായ കുറ്റബോധം കൊണ്ടായിരിക്കണം ഞാന്‍ ആളുകളെ സഹായിച്ചുതുടങ്ങി. എന്റെ ശമ്പളത്തിന്റെ ഒരു പങ്ക് അതിനായിട്ട് ചിലവാക്കിത്തുടങ്ങി. എന്റെ വരുമാനം വര്‍ദ്ധിച്ചപ്പോള്‍ ആ ചിലവും ഞാന്‍ വര്‍ദ്ധിപ്പിച്ചു. സാധാരണ ഞാന്‍ സഹായിക്കുന്ന ആളുകളുമായിട്ട് പിന്നെ ഞാന്‍ ബന്ധപ്പെടാറില്ല. കാരണം അവരെക്കൊണ്ട് നന്ദിയുടെ ഭാരം ചുമപ്പിക്കണ്ട, അവര്‍ അവരുടെ പാട്ടിനു പോട്ടെ, എന്നുള്ള ഒരു രീതി.  

ഒഡീഷയില്‍ വച്ച് ഉള്ളുലയ്ക്കുന്ന ഒരനുഭവമുണ്ടായി. പട്ടിണി മനുഷ്യരെ ഏതറ്റം വരെ കൊണ്ടുപോകാം എന്നതിന്റെ ദാരുണാനുഭവം. തിരിഞ്ഞുനോക്കുമ്പോള്‍ അതിന്റെ ശുഭകരമായ പര്യവസാനത്തില്‍ നിറഞ്ഞ സംതൃപ്തി.   

എന്‍.ഗോപാലകൃഷ്ണന്‍: ഒറീസയില്‍ ഒരു പെണ്‍കുട്ടിയെ വില്‍പ്പനയ്ക്ക് വച്ചിരുന്നു. ഞാനും മറ്റൊരാളും കൂടി ചെന്നപ്പോള്‍ 250 രൂപയ്ക്ക് ആ കുട്ടിയെ തരാമെന്ന് പറഞ്ഞു. എനിക്ക് മനസ്സില്‍ വലിയ ദുഃഖം തോന്നി.  ഞാന്‍ ജഗല്‍പ്പൂരിലെ ഒരു കോണ്‍വെന്റില്‍ സംസാരിച്ചിട്ട് ഇവരെ അവിടെ പഠിപ്പിക്കാമെന്ന് ഏറ്റു. മാസം85 രൂപ കൊടുത്താല്‍ മതിയെന്ന് പറഞ്ഞു. ഇത് കൊടുത്ത് അവിടുന്നവരെ ക്ലാസ് 12, ബി.എ. പാസായി അവള്‍ക്ക് ഇന്ത്യന്‍ ബാങ്കില്‍ ജോലി കിട്ടി, അവള്‍ ആദിവാസിയാണ്. അവളെയൊരു ബ്രാഹ്മണന്‍ വിവാഹം കഴിച്ചു. ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതായി…. വര്‍ഷങ്ങള്‍ കഴിഞ്ഞ് കല്‍ക്കത്തയില്‍ വന്ന് അവരെന്നെ കണ്ടു. അവരുടെ മകന്‍ വളരെ പ്രസിദ്ധനായ ഒരു ന്യൂറോസര്‍ജ്ജനാണ്.

എന്‍.ഗോപാലകൃഷ്ണന്‍: ഞാന്‍ അഞ്ച് വര്‍ഷമായിട്ട് കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ്. വാസ്തവം പറഞ്ഞാല്‍ ഞാന്‍ എന്റെ രോഗത്തില്‍ നിന്ന് മാനസികമായി വിട്ടുനില്‍ക്കുകയാണ്. കഠിനമായ വേദന വരുമ്പോഴും ഞാന്‍ വിട്ടുനില്‍ക്കുകയാണ്. ഞാന്‍ കൂടി അഭിനയിക്കുന്ന ഒരു സിനിമ കാണുന്നതുപോലെയാണ് ഞാന്‍ ജീവിതത്തെ കാണുന്നത്. അതില്‍ നടക്കുന്നതൊക്കെയിങ്ങനെ കാണുകയാണ്, ഞാനുമുണ്ട്. ഇത് ഞാനല്ല.. ഇപ്പോള്‍ എനിക്ക് കഠിനമായ വേദന വരുമ്പോള്‍ ഞാനെന്റെ സഹധര്‍മ്മിണിയോടുപോലും പറയാറില്ല. ഇവിടുത്തെ ഇന്‍സ്റ്റിറ്റ്യൂട്ടീവ് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി ബന്ധപ്പെടാന്‍ ഇടയായി. അവിടെ 35 ബെഡ്ഡുണ്ട്. ചികിത്സകളൊന്നും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ലാത്ത കാന്‍സര്‍ രോഗികളാണവിടെ. അതില്‍ പകുതിപ്പേരും തീരെ പാവപ്പെട്ടവരാണ്. അപ്പോള്‍ ഞാനൊരു ഫണ്ട് തുടങ്ങി. ഒരു സഞ്ചിയുമായിട്ട് ഇവിടെ കടപ്പുറത്ത് , മാവൂര്‍ റോഡില് അങ്ങനെ ചില സ്ഥലങ്ങളില്‍ ചെന്ന് ആളുകളോട് യാചിക്കുക… ആള്‍ക്കാര്‍ക്ക് എന്നെ അറിയാവുന്നതുകൊണ്ടായിരിക്കാം. എല്ലാവരും പണം തരുമായിരുന്നു. വളരെപെട്ടെന്ന് അത് ഒരു ലക്ഷത്തിലധികം രൂപയായി. അപ്പോള്‍ ഞാനൊരു ട്രസ്റ്റ് രൂപീകരിച്ചു. ഞാന്‍ ട്രസ്റ്റിലില്ല, കാര്യമെന്തെന്നു വച്ചാല്‍ എനിക്കിത്രയും പ്രായമായി, ഞാന്‍ ഇല്ലാതെയും ഇത് നടന്നുപോണം.       

ജീവിതത്തെക്കുറിച്ചുള്ള ദാര്‍ശനികമായ ഉള്‍ക്കാഴ്ച കിട്ടുന്നത് ഗംഗാതീരത്തു വച്ചാണ്.   മൃതി ദര്‍ശനത്തില്‍ നിന്നുളവായ വെളിപാട്.

എന്‍.ഗോപാലകൃഷ്ണന്‍: ഞാന്‍ ഗംഗയുടെ തീരത്തിരിക്കുമ്പോള്‍ ഒരു ശവശരീരം ഒഴുകിപ്പോകുന്നു. അതിന്റെ മുകളില്‍ ഒരു കാക്കയിരിക്കുന്നു. അത് അതിലെന്തോ കൊത്തുന്നുണ്ട്. അഞ്ചാറ് കാക്കകള്‍ ആ കാക്കയുടെ തലയ്ക്കുചുറ്റും പറന്നിട്ട് അതിനെ ഓടിച്ചിട്ട് അവിടെയിരിക്കാന്‍ നോക്കുന്നു. പെട്ടെന്ന് എന്റെ മനസ്സില്‍ കൂടി ഒരു ചിന്ത പോയി. നമ്മുടെ ജീവിതരീതിയും ഇതുമായിട്ട് എന്താണ് വ്യത്യാസം. പരിമിതമായ സ്ഥാനങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും വേണ്ടി നമ്മളിങ്ങനെ മത്സരിക്കുകയാണ്. അന്ന് മുതല്‍ എന്റെ മനസ്സില്‍ നിന്ന് ഈ മത്സരം മാറി.  

വളരെ വൈകിയാണ് എന്‍. ഗോപാലകൃഷ്ണന്‍ മലയാളത്തില്‍ എഴുതിത്തുടങ്ങുന്നത്.  ജോലിയില്‍ നിന്ന് വിരമിച്ച് കോഴിക്കോട്ടെത്തിയതിനു ശേഷം. എഴുതിയപ്പോഴോ ഭാഷയുടെ ലാളിത്യവും ചൊടിയും വെടിപ്പും ശില്‍പ്പഭംഗിയും വേറിട്ടു നിന്നു. 

എന്‍.ഗോപാലകൃഷ്ണന്‍: ഞാന്‍ ഓര്‍ക്കുന്നു… എന്റെ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ സഹധര്‍മ്മിണി എന്നോട് ചോദിച്ചു. നിങ്ങള്‍ എപ്പോഴും ഇങ്ങനെയാണോ സംസാരിക്കുന്നത്. ഞാന്‍ ചോദിച്ചു. അതെന്താ… അല്ല ഈ അച്ചടിക്കുന്ന ഭാഷ. അപ്പോഴാണ് എനിക്കും മനസ്സിലാവുന്നത്… ഞാന്‍ പൂര്‍ണ്ണ വാചകങ്ങളിലാണ് സംസാരിക്കുന്നത്. അച്ചടിക്കുന്ന ഭാഷയിലാണ് സംസാരിക്കുന്നത്. അത് ചെറുപ്പത്തിലെ ഒരു സ്വഭാവമായിപ്പോയി. നമ്മള്‍ ആരു തന്നെയാണെങ്കിലും ഒരു സാധനം, ഒരു മനുഷ്യന്‍… അല്ലെങ്കില്‍ ഒരു സംഭവം.. ഇത് കണ്ടുകഴിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം നമുക്ക് പിടികിട്ടുകയില്ല.. ഒരു ലീക്കേജ് ഉണ്ടാകും. അത് കഴിഞ്ഞ് നമ്മുടെ മനസ്സിലത് പതിഞ്ഞ് അത് വാക്കിലാക്കുമ്പോള്‍ പിന്നെയും ഒരു ലീക്കേജ് ഉണ്ടാകും. അതുകൊണ്ട് ഈ ആദ്യത്തെ ലീക്കേജ് നമുക്ക് തടയാന്‍ പറ്റില്ല.  രണ്ടാമത്തെ ലീക്കേജ് കഴിയുന്നതും തടയുന്നത് നന്നായിരിക്കും.

സവ്യസാചിയായ ഈ വിവര്‍ത്തകന്‍ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും മികച്ച വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് നോവലിന്റെ വിവര്‍ത്തനം പാതിവഴിക്ക് അവസാനിപ്പിച്ച കഥ ഫലിതച്ഛായയോടെ അദ്ദേഹം പറഞ്ഞു.  

എന്‍.ഗോപാലകൃഷ്ണന്‍: ഞാന്‍ പേര് പറയാതെ പറയാം. ഒരു ലോകപ്രസിദ്ധയായ സ്ത്രീയുടെ ഇംഗ്ലീഷ് നോവല്‍ മലയാളത്തിലാക്കാമോ എന്ന് ഡി.സി. എന്നോട് ചോദിച്ചു. അതിന് സ്വല്‍പ്പം ഞാന്‍ എഴുതി. അപ്പോള്‍ ഡി.സി. അത് അവരെ കാണിച്ചു. അവര്‍ക്ക് മലയാളം അറിയാം. മലയാളിയാണ്. എന്നിട്ട് ഡി.സി.എനിക്കൊരു എഴുത്തെഴുതി. അവര്‍ക്കതിഷ്ടപ്പെട്ടു. പക്ഷേ അവര്‍ക്ക് മലയാളം നല്ലപോലെ അറിയാവുന്നത് കൊണ്ട് ഈ വിവര്‍ത്തനം ചെയ്യുന്നത് അവരുടെ മേല്‍നോട്ടത്തില്‍, സൂപ്പര്‍വിഷനില്‍ വേണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. എനിക്ക് വളരെ വിഷമം തോന്നി. ഞാന്‍ മറുപടിയയച്ചു. ഒരു പുസ്തകം വിവര്‍ത്തനം ചെയ്യുന്നത്… വിവാഹിതയായിട്ടുള്ള ഒരു സ്ത്രീയുമായിട്ടുള്ള പ്രേമബന്ധം പോലെയാണ്. അവരുടെ ഭര്‍ത്താവ് അതിന് മേല്‍നോട്ടം വഹിക്കുന്നത്  നടക്കാത്ത കാര്യമാണ്.    

ജീവിതപ്പെരുവഴിയില്‍ കണ്ടുമുട്ടിയ മഹത്‌വ്യക്തിത്വങ്ങളെകുറിച്ച് ഗോപിയേട്ടന്‍ പറഞ്ഞു. അവരിലൊരാള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ  സരോദ് മാന്ത്രികന്‍ ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍. 

എന്‍.ഗോപാലകൃഷ്ണന്‍: ഞങ്ങള്‍ അവിടെ പോയി. അവിടെ ചെന്നപ്പോള്‍ രണ്ട് കാര്യങ്ങളാണ് എനിക്കോര്‍മ്മയുള്ളത്. എന്തോ ഒരു സംഗീത ഉപകരണം ഉണക്കാനായിട്ട് വെയിലത്തു വച്ചിരിക്കുന്നു. അത് അദ്ദേഹം എടുത്തോണ്ടുവന്നപ്പോള്‍ ദിവിഗി എന്താണെന്ന് ചോദിച്ചു. എനിക്ക് എന്തെങ്കിലും പുതിയ രാഗങ്ങള്‍ ആവശ്യമെന്നു തോന്നുമ്പോള്‍ ഇതിലാണ് ആ പരീക്ഷണങ്ങള്‍ നടത്തുന്നത്.  അപ്പോള്‍ ദിവിഗി അതിലിങ്ങനെ തൊട്ടു തൊഴുതു. അപ്പോള്‍ അലാവുദ്ദീന്‍ പറഞ്ഞു, ഇതെന്താണ്. ഇത്  വെറും മരവും തുകലും കമ്പിയുമല്ലേ, നിങ്ങളുടെ മനസ്സിലെന്തെങ്കിലും ഉണ്ടെങ്കില്‍ അതില്‍ക്കൂടി വരും. ഇതില്‍ നിന്നൊന്നുമുണ്ടാകുന്നില്ല.. എനിക്ക് അത് വളരെ അടിസ്ഥാനപരമായ ഒരു സത്യമായിട്ട് തോന്നി. പിന്നെ ഞങ്ങള്‍ അവിടെപ്പോയിരുന്നു. അദ്ദേഹം ഞങ്ങളെ സ്വല്‍പ്പം സംഗീതം വായിച്ചു കേള്‍പ്പിച്ചു. റെയില്‍വേ സ്റ്റേഷന് അദ്ദേഹത്തിന്റെ പേരിടുന്നതിനെക്കുറിച്ച് ചോദിച്ചു. എന്താ അതിന്റെ ആവശ്യം. റെയില്‍വേ സ്റ്റേഷന് വല്ല ഡ്രൈവറിന്റെയോ ഗാര്‍ഡിന്റെയോ പേരല്ലേ ഇടേണ്ടത്… എന്നൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും പിന്നീട് ഒരു സ്റ്റേഷന് അദ്ദേഹത്തിന്റെ പേരിട്ടിട്ടുണ്ട്.  എങ്കിലും എനിക്ക് അലാവുദ്ദീനെ കണ്ട് കഴിഞ്ഞ് വന്നപ്പോള്‍ ഒരു ദിവ്യദര്‍ശനം നടത്തിയതുപോലെയാണ്.         

മറ്റൊരു അതികായനെ കണ്ടുമുട്ടിയത് ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു ആ അനുഭവം.

എന്‍.ഗോപാലകൃഷ്ണന്‍: ഞാന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഞാനും എന്റെ സഹധര്‍മ്മിണിയും കൂടി നില്‍ക്കുമ്പോള്‍ അവിടെ ഒരാള്‍ ഒരു ബാഗും സ്യൂട്ട്‌കേസും തൂക്കിക്കൊണ്ടു വന്നു. കേണല്‍ ക്ലാര്‍ക്ക് എവിടെയാണ് താമസിക്കുന്നത്. ഞാന്‍ പറഞ്ഞു അഞ്ചാമത്തെ ഫ്‌ളോറിലാണ്. ഇയാള്‍ നേരെ സ്റ്റെയര്‍കേസിന്റെ അടുക്കലേക്ക് പോയി. ഞാന്‍ അയാളുടെ അടുത്ത് ചെന്ന് പറഞ്ഞു. ഇത് അഞ്ച് ഫ്‌ളോറും കേറിപ്പോണം. ഇതാ ലിഫ്റ്റുണ്ട്. ലിഫ്റ്റില്‍ പോണം. അദ്ദേഹം പറഞ്ഞു. വേണ്ട ഞാന്‍ പൊയ്‌ക്കോളാം. അന്ന് വൈകുന്നേരം ഞങ്ങള്‍ രണ്ടുപേരും കേണല്‍ ക്ലര്‍ക്കിന്റെ വീട്ടില്‍ ഡിന്നര്‍ കഴിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ പ്രധാന അതിഥിയെ പരിചയപ്പെടുത്തിത്തരാം. ഞാന്‍ പറഞ്ഞു അദ്ദേഹം താഴെ നിന്ന് ഈ അഞ്ച് ഫ്‌ളോറും ഈ പെട്ടിയും തൂക്കിക്കൊണ്ടുവന്നു. അപ്പോള്‍ അദ്ദേഹം ചിരിച്ചതേയുള്ളു. എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. എന്നിട്ടാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്. ഇത് നമ്മുടെ ടെന്‍സിംഗ് നോര്‍ഗെ. നമ്മുടെ എവറസ്റ്റ്  കയറിയയാള്‍. അപ്പോള്‍ ഞാനാണ് വെള്ളത്തിന്റെ ആവശ്യക്കാരന്‍. 

കൊല്‍ക്കത്തയില്‍ താമസിക്കുമ്പോഴുണ്ടായ മറ്റൊരനുഭവം സംഗീതസാന്ദ്രം. 

എന്‍.ഗോപാലകൃഷ്ണന്‍: ഞാന്‍ അന്ന് സൗത്ത് കല്‍ക്കട്ടയില്‍ ഒരു വാടകഫ്‌ളാറ്റിലാണ് താമസം. ഗ്രൗണ്ട് ഫ്‌ളോറിലാണ്. ഇത് ഒരു പ്രഭു കുടുംബക്കാരുടെ വകയാണ്. അപ്പോള്‍ അവിടുത്തെ ഒരു ജനലില്‍, കുട്ടികളൊക്കെ മരത്തില്‍ കൊത്തിവയ്ക്കുന്നതുപോലെ ഒരു പേര് കൊത്തി വച്ചിരിക്കുന്നു. അത് ദേവനാഗരി ലിപിയാണ്. അപ്പോള്‍ കുന്തന്‍ എന്നാണ് കൊത്തിവച്ചിരിക്കുന്നത്. അന്ന് വൈകുന്നേരം ഞാന്‍ ആ വീട്ടുടമസ്ഥരുടെ അടുക്കല്‍ പോയിരിക്കുകയായിരുന്നു. അവര്‍ പലപ്പോഴും ഞങ്ങളെ വിളിച്ച് സല്‍ക്കരിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു. ഇവിടെ കുന്തന്‍ എന്ന പേര് കൊത്തിവച്ചിരിക്കുകയാണ്. അപ്പോള്‍ അവര്‍ പറഞ്ഞു അത് കുന്തന്‍ലാലിന്റെയായിരിക്കും.  കുന്തന്‍ലാല്‍ പണ്ടവിടെ താമസിച്ചിരുന്നു. നല്ലൊരു യോഗ്യനായ മനുഷ്യനായിരുന്നു. അയാള്‍ നല്ല ബാഡ്മിന്റണ്‍ പ്ലേയറാണ്. അയാള്‍ കോളേജ് ചാമ്പ്യനായിരുന്ന സുബോധിന്റെ അച്ഛനെ ബാഡ്മിന്റണില്‍ തോല്‍പ്പിച്ചിട്ടുണ്ട്. ജോലിക്ക് പോയിട്ട് വന്നുകഴിഞ്ഞാല്‍ ഇവിടത്തെ തോട്ടക്കാരോട്, കുട്ടികളോട് എല്ലാം സംസാരിച്ച് രസിക്കുമായിരുന്നു. സുബോധിന്റെ അച്ഛന് പത്തോ മുപ്പതോ പേജ് ടൈപ്പ് ചെയ്യാനുണ്ടായിരുന്നു. കുന്തന്‍ലാല്‍ അവിടെയിരുന്ന് അതില്‍ പകുതി രണ്ട് മണിക്കൂര്‍ കൊണ്ട് ടൈപ്പ് ചെയ്തുകൊടുത്തു. പിന്നെ നല്ലവണ്ണം പാടുകയും ചെയ്യുമായിരുന്നു. ഒന്നുരണ്ട് റെക്കോര്‍ഡൊക്കെയുണ്ട്. അകത്തോട്ട് വിളിച്ച് കുന്തന്‍ലാലിന്റെ റെക്കോര്‍ഡൊന്ന് കേള്‍പ്പിക്കാന്‍ പറഞ്ഞു. പിന്നെ പിയാനോയുടെ ശബ്ദം… സോജാ രാജകുമാരി എന്ന സൈഗാളിന്റെ പാട്ടാണ് കേട്ടത്.       

കിടപ്പുമുറിയില്‍ മുള്‍ക്കിരീടമണിഞ്ഞ യേശുവിന്റെ ചിത്രം. മദനന്‍ വരച്ചത്. ഈ ക്രിസ്തു സായിപ്പല്ല അദ്ദേഹം പറഞ്ഞു. ക്രിസ്തുവിനെക്കുറിച്ചെഴുതിയ ഒരു ലേഖനം അദ്ദേഹം ഇങ്ങനെ അവസാനിപ്പിച്ചു. അതുകൊണ്ട് സായിപ്പേ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക. മുഹമ്മദ് നബിയെപ്പോലെ, കൃഷ്ണനെപ്പോലെ ക്രിസ്തുവും നമ്മളുടെ ആളാണ്. പൗരസ്ത്യരുടെ. ഇത് നമ്മളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. വഴി, പെരുവഴി എന്നീ പദങ്ങള്‍ എന്‍.ഗോപാലകൃഷ്ണന് ഏറെ പ്രിയപ്പെട്ടതാണ്. വിശേഷിച്ചും പെരുവഴി. വാഴ്‌വ് എന്ന പെരുവഴി, പെരുവഴിയിലെ നാടകങ്ങള്‍, വന്നവഴിയില്‍ കണ്ടതും തോന്നിയതും തുടങ്ങിയ ഗ്രന്ഥനാമങ്ങള്‍ അത് വേണ്ടത്ര പറയും. അദ്ദേഹം എഴുതി. ആദിയും അന്തവുമില്ലാത്ത കാലത്തിന്റെ പെരുവഴിയിലൂടെ അല്‍പ്പകാലം യാത്ര ചെയ്യാന്‍ കിട്ടുന്ന അവസരത്തെയാണല്ലോ ജീവിതം എന്നു വിളിക്കുന്നത്. എണ്‍പതിന്റെ നിറവിലും പ്രിയപ്പെട്ട ഗോപിയേട്ടന്‍ ജീവിതം എന്ന പെരുഴിയിലൂടെ യാത്ര തുടരുകയാണ്. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകിയായി,  ജ്ഞാനിയായി കര്‍മ്മയോഗിയായി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍