UPDATES

വായന/സംസ്കാരം

തീയൂര്‍ രേഖകളും മറ്റ് കഥകളും; എഴുത്തിന്റെ വഴികള്‍, പ്രതിരോധത്തിന്റെയും: എന്‍ പ്രഭാകരന്‍/അഭിമുഖം-ഭാഗം 3

അസഹിഷ്ണുതയെ ചെറുക്കാന്‍ ജാഗ്രതയുള്ള ഒരു വായനാ സമൂഹവും പൊതുസമൂഹവും ഉണ്ടാകണം; രാഷ്ട്രീയക്കാരും വര്‍ഗ്ഗീയ കക്ഷികളും വായനയെ പ്രോത്സാഹിപ്പിക്കില്ല; അത് നമ്മള്‍ തന്നെ ചെയ്തേ പറ്റൂ

(ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിലും നോവലിലും ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ പ്രമുഖ എഴുത്തുകാരില്‍ ഒരാളാണ് എന്‍ പ്രഭാകരന്‍. 1971ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ‘ഒറ്റയാന്റെ പാപ്പാൻ’ എന്ന കഥയിലൂടെ ചെറുകഥാരംഗത്തു കടന്നു വന്നു. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ രചിച്ചു. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ച എന്‍ പ്രഭാകരന്‍ തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഏറെക്കാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു. വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു. ഒറ്റയാന്റെ പാപ്പാൻ, ഏഴിനും മീതെ, പുലിജന്മം, ജന്തുജനം, ബഹുവചനം, തീയ്യൂർ രേഖകൾ, രാത്രിമൊഴി, കാൽനട, ജനകഥ, അദൃശ്യവനങ്ങൾ, ക്ഷൌരം എന്നിവയാണ് പ്രധാന കൃതികള്‍. എഴുത്ത്, ജീവിതം, ദേശം, രാഷ്ടീയം എന്നിവയെ  കുറിച്ച് എന്‍ പ്രഭാകരന്‍ സഫിയയുമായി സംസാരിക്കുന്നു. അഭിമുഖത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം-ആധുനികതയുടെ കാലത്ത് ഞാന്‍ എന്തുകൊണ്ട് എഴുതിയില്ലഇഎംഎസിന്റെ മറുകണ്ടം ചാടലും ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കാത്ത എംടിയും)

ഭാഗം-3

സഫിയ: മാടായിപ്പാറയും പരിസര പ്രദേശങ്ങളും ഒക്കെയാണ് മാഷിന്‍റെ മിക്ക കൃതികളുടെയും ഭൂമികയാവുന്നത്. ദേശത്തിന്‍റെ അതിരുകള്‍ മായ്ച്ചു കളഞ്ഞു കൊണ്ട് ഒറ്റദേശം എന്ന സങ്കല്‍പ്പത്തിലേക്ക് മാറുന്ന ആഗോളവത്കരണ കാലത്ത് മിക്ക കൃതികളും പ്രാദേശികമായ ചരിത്ര നിര്‍മ്മിതികളാവുന്നുണ്ട്. ഇതിനെ കുറിച്ച് പറയാമോ?

എന്‍ പ്രഭാകരന്‍: രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മൂലധനം ഒഴുകുന്നതിനെയാണ് ഗ്ലോബലൈസേഷന്‍ എന്നു പറയുന്നത്. ഇന്നത്തെ അവസ്ഥയില്‍ രാജ്യാതിര്‍ത്തികള്‍, രാജ്യത്തിന്‍റെ ഭരണകൂടം എന്നൊക്കെ പറയുന്നതിന് പരിമിതമായ അര്‍ഥമേയുള്ളൂ. പഴയതുപോലെയല്ല. ആര് ഭരിച്ചാലും ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളാണ്. അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചേ കാര്യങ്ങള്‍ നടക്കുകയുള്ളൂ. രാജ്യത്തിന് രേഖപ്പെടുത്തപ്പെട്ട അതിര്‍ത്തിയുണ്ടെങ്കിലും അതിര്‍ത്തികളെ മറികടന്നിട്ടാണ് ഈ മൂലധനം ഒഴുകിക്കൊണ്ടിരിക്കുന്നത്. ലോകത്ത് എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട്. സാങ്കേതികമായിട്ട് ഇംഗ്ലീഷില്‍ ഡിടെറിട്ടോറിയലൈസേഷന്‍ എന്ന ഒരു വാക്ക് ഉപയോഗിക്കുന്നുണ്ട്. അതിര്‍ത്തി തന്നെ ഇല്ലാതായിപ്പോകുന്ന അവസ്ഥ. അതിന്‍റെ റിവേഴ്സായി റീ-ടെറിട്ടോറിയലൈസേഷന്‍ നടക്കുന്നുണ്ട്. സ്വാഭാവികമായിട്ടും അതിന്‍റെ എതിര്‍ വശത്ത് അവരവരുടെ രാജ്യം, പ്രദേശം, അതിന്‍റെ സംസ്കാരം ഇതൊക്കെ പിടിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സാഹിത്യത്തിലാണ് അത് പ്രധാനമായിട്ടും സംഭവിക്കുന്നത്. സാഹിത്യത്തില്‍ ഒരോരുത്തരും അവരവരുടെ പ്രദേശം, സംസ്കാരം എന്നിവ നിലനിര്‍ത്താനും, കൃത്യമായിട്ടു മറ്റേതിനെതിരെയുള്ള പ്രതിരോധം എന്ന രീതിയിലും എഴുതുന്നുണ്ട്. ലോകത്തുള്ള എല്ലാ ഭാഷകളിലും അത് നടക്കുന്നുണ്ട്. ഫെര്‍ണാണ്ടോ പെസ്സോ എന്ന ഒരു പോര്‍ച്ചുഗീസ് കവിയുണ്ട്. എന്‍റെ രാജ്യം പോര്‍ച്ചുഗീസ് എന്ന രാജ്യം അല്ല പോര്‍ച്ചുഗീസ് എന്ന ഭാഷയാണെന്ന് പറയുന്നുണ്ട്. ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും അയാളുടെ ഭാഷയും സംസ്കാരവും പ്രദേശത്തിന്റെ ഭൂപ്രകൃതിയും ഒക്കെ തന്നെയാണ് അയാളുടെ രാജ്യം എന്നു പറയുന്നത്. ഇനിയുള്ള കാലത്ത് അത് കുറെക്കൂടി ശക്തമാകും എന്നാണ് എനിക്കു തോന്നുന്നത്. സാമ്പത്തിക മേഖലയില്‍ ഒക്കെ നടക്കുന്ന ഗ്ലോബലൈസേഷന്‍ നമുക്ക് പ്രതിരോധിക്കാന്‍ പറ്റില്ല. ചാനലുകള്‍ വഴി വരുന്ന ആശയങ്ങളെ നമുക്ക് പ്രതിരോധിക്കാന്‍ പറ്റില്ല. മാധ്യമങ്ങളെ ബഹുരാഷ്ട്ര കുത്തകകള്‍ കീഴടക്കുന്നത് നമുക്ക് പ്രതിരോധിക്കാന്‍ പറ്റില്ല. എന്നാല്‍ സംസ്കാരത്തിന്റെ മേഖലയില്‍ എഴുത്തുകാര് അവനവന്റെ ഭാഷയെയും സംസ്കാരത്തെയും ഭൂപ്രകൃതി ഉണ്ടാക്കുന്ന ഭാവങ്ങളെയെല്ലാം സംരക്ഷിക്കാന്‍ ശ്രമിക്കും. ആ ശ്രമം ശക്തമാകും. അതിലൂടെയായിരിക്കും സാഹിത്യത്തില്‍ ഒരു പുതിയ സൌന്ദര്യ ബോധം ഉണ്ടാകുന്നത്. പുതിയ സൌന്ദര്യശാസ്ത്രത്തെ നിര്‍ണ്ണയിക്കുന്നത് ഈ കാര്യങ്ങളായിരിക്കും. അത് ലോകത്തില്‍ എല്ലായിടത്തും നടക്കുന്നുണ്ട്. അത് മലയാളത്തിലും നടക്കുന്നുണ്ട്. നോവല്‍ ഒരു ചരിത്ര രചനകൂടിയായി മാറുന്നുണ്ട്. സാഹിത്യത്തില്‍ ഭൂവിഭാഗത്തിന്‍റെ പുനര്‍നിര്‍മ്മാണം നടക്കുന്നുണ്ട്.  ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യമെല്ലാം അതുമായി ബന്ധപ്പെട്ടതാണ്. എഴുതാന്‍ പോകുന്ന നോവലും മറ്റ് വര്‍ക്കുകളും ഒക്കെ ആ തരത്തിലുള്ളതാണ്.

സഫിയ: കുട്ടിക്കാലത്ത് മാടായിപ്പാറയിലൂടെ നടന്നു പുസ്തകം വായിച്ചതൊക്കെ മാഷ് എഴുതിയിട്ടുണ്ടല്ലോ. മാടായിപ്പാറയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളെകുറിച്ച്..?

എന്‍ പ്രഭാകരന്‍: മാടായിപ്പാറയിലെ ലാന്‍ഡ്സ്കേപ്പിന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഞാന്‍ ചെറിയപ്രായത്തില്‍ ഉള്ളപ്പോള്‍ ഒരു റവന്യൂ ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നു അവിടെ. അന്ന് അയാള്‍ എന്നോടു പറഞ്ഞിട്ടുണ്ട് റവന്യൂ റിക്കാര്‍ഡില്‍ 660 ത്തിലധികം ഏക്കര്‍ വിസ്താരമുള്ള ഒരു പാറപ്പരപ്പാണ് ഇതെന്ന്. റവന്യൂ റിക്കാര്‍ഡില്‍ അത്രയും ഉണ്ടെങ്കില്‍ ചിലപ്പോള്‍ അതിലും കൂടുതല്‍ കാണും. അവിടെ തടസ്സങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവിടെ കുറെ സ്ഥാപനങ്ങള്‍ വന്നു. മൂന്ന് മത വിഭാഗങ്ങള്‍ക്കും അവരവരുടെ സ്ഥാപനങ്ങള്‍ ഉണ്ടായി. ഹിന്ദു മതത്തിന്റെ ഒരു ക്ഷേത്രം അവിടെ നേരത്തെ ഉണ്ടായിരുന്നു. അത് റിവൈവ് ചെയ്തു വലിയ ക്ഷേത്രമാക്കി മാറ്റി. മുസ്ലിംകളുടെ വാദി ഹൂദ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സംഗതികളും ഒക്കെ വന്നു. ക്രിസ്ത്യാനികളുടെ മരിയ ഭവന്‍ എന്ന സ്ഥാപനം വന്നു. പിന്നെ മാടായി ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് വന്നു. ഒരു ഐ ടി ഐ പോലുള്ള ഒരു സ്ഥാപനം വന്നു. ഇങ്ങനെ പാറയുടെ വലുപ്പം ശരിക്കും ചുരുങ്ങിപ്പോയി. പിന്നെ പാറക്ക് നടുവിലൂടെ റോഡ് വന്നു. പണ്ട് ടാര്‍ റോഡോന്നും ഇല്ല. ടാര്‍ റോഡൊന്നും ഇല്ലാത്തപ്പോഴാണ് ഇതിന്റെ പരപ്പ് നമുക്ക് ബോധ്യപ്പെടുക. ഇപ്പോള്‍ പത്രത്തിലൊക്കെ കണ്ടിട്ടു കുറെ പ്രകൃതിസ്നേഹികള്‍ വന്നുവന്ന് അതൊരു ടൂറിസ്റ്റ് സ്പോട്ടായി മാറി. അതിന്‍റെ ശരിയായ പാരിസ്ഥിതികമായ സംഗതികളും മറ്റുമൊക്കെ നഷ്ടപ്പെട്ടു പോയി. ആളുകള്‍ ഒരുപാട് വരുന്നതുകൊണ്ട് പക്ഷികളുടെയും പൂമ്പാറ്റകളുടെയും ഒക്കെ വരവ് കുറഞ്ഞു. ഭൂപ്രകൃതിയുടെയോ മറ്റോ  പ്രത്യേകത കൊണ്ട് 100 ഓളം തരം പൂമ്പാറ്റകള്‍ വരുന്ന ഒരു പ്രത്യേക ഏരിയ തന്നെ അവിടെ ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ കുറഞ്ഞുപോയി. പിന്നെ പക്ഷികളുടെ എണ്ണവും കുറഞ്ഞു. മുമ്പ് ഉണ്ടായിരുന്ന തിത്തിരിപ്പക്ഷിയുടെ (ഇറ്റിറ്റിപ്പുള്ള് എന്നാണ് അതിനു പറയുക. അത് ഇറ്റിറ്റി ഇറ്റിറ്റി എന്നു ശബ്ദം ഉണ്ടാക്കും. ഇറ്റിറ്റിപ്പുള്ള് എന്ന് ഞാന്‍ എന്‍റെ ബ്ലോഗിന് പേരിടാന്‍ കാരണം അതാണ്.) എണ്ണമൊക്കെ വല്ലാതെ കുറഞ്ഞുപോയി. ഞാന്‍ ഇപ്പോ അടുത്തു പോയപ്പോ അതിന്‍റെ ശബ്ദം അധികമൊന്നും കേട്ടില്ല. പണ്ട് എപ്പോഴും ഇറ്റിറ്റി ഇറ്റിറ്റി എന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ഇപ്പോ അധികമൊന്നും കേള്‍ക്കുന്നില്ല. വാഹനങ്ങള്‍ ഇങ്ങനെ പോയിക്കൊണ്ടിരിക്കുന്നു ആളുകള്‍ വരുന്നു പിന്നെ പക്ഷി നില്‍ക്കില്ലല്ലോ. അങ്ങനെ നമ്മുടെ പ്രകൃതിക്കും അതിന്‍റെ ഘടനക്കും എല്ലാം വല്യ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതൊക്കെ ഓര്‍മ്മയിലൂടെയൊക്കെ പുനര്‍നിര്‍മ്മിച്ചെടുക്കേണ്ടി വരും. എഴുത്തില്‍ അത് നടക്കും.

സഫിയ: ജനകഥ എന്ന നോവലിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിക്കുന്ന ആളുകളാണെന്ന് കേട്ടിട്ടുണ്ട്…?

എന്‍ പ്രഭാകരന്‍: ഇരുപത്തിരണ്ടു അധ്യായങ്ങളുള്ള നോവലാണ് ജനകഥ. നോവലില്‍ അതിലധികം കഥാപാത്രങ്ങളുണ്ട്. ജീവിച്ചിരിക്കുന്ന മനുഷ്യരെ മാതൃകകളാക്കിയിട്ടാണ് ഞാന്‍ ആ നോവല്‍ എഴുതിയത്. ആ മനുഷ്യര്‍ക്ക് മനസ്സിലാകാത്ത രീതിയില്‍ ഞാന്‍ അവരെ മാറ്റിയിട്ടുണ്ട്. കൃത്യമായിട്ട് ആളുകളെ കണ്ട് ബോധ്യം വന്ന് അവരുടെ സ്വഭാവ സവിശേഷതകളും അവരുടെ ജീവിതവും എല്ലാം നിരീക്ഷിച്ചതിന് ശേഷം എഴുതിയതാണത്. അവര്‍ക്ക് വ്യക്തിപരമായിട്ടു പ്രയാസങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ വേണ്ടിയിട്ടു കാരക്ടറിലും രൂപത്തിലും എല്ലാം ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. ജനങ്ങളെ നേരിട്ടു കണ്ട് അങ്ങനെ തന്നെ ചെയ്യണം എന്ന് വെച്ചിട്ടു ചെയ്തതാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ഓരോ ജീവിതാവസ്ഥയും ഓരോ കാലഘട്ടത്തിലെ അനുഭവങ്ങളും എല്ലാം വിവരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതില്‍ ‘മരത്തന്‍’ എന്ന ഒരു കഥാപാത്രമുണ്ട്. ഒരു അദ്ധ്യായത്തിന്‍റെ പേര് തന്നെ ‘മരത്തന്‍’ എന്നാണ്. മരത്തന്‍ പഴയ കാലത്തെ ഒരു ഹരിജനാണ്. അയാള്‍ പുനം കൃഷിക്ക് പോകുന്നു. അവിടെ വെച്ചു കോളറ പിടിച്ച് അയാളുടെ ഭാര്യ മരിക്കുന്നു. ഭാര്യയുടെ മൃതദേഹം മറവ് ചെയ്തു അയാള്‍ നാട്ടില്‍ വരുന്നു. പിന്നെ അയാള്‍ കുടകില്‍ പോയി കുറച്ചു കാശുമായി തിരിച്ചുവരുന്നു. പിന്നെ അയാള്‍ക്ക് തെയ്യം കെട്ടണം എന്ന ആഗ്രഹം ഉണ്ടാകുന്നു. ഇങ്ങനെ ഓരോ സംഭവങ്ങളാണ്. ഒരു പ്രദേശത്തെ നിരീക്ഷിച്ചാല്‍ ആ പ്രദേശത്തെ ഓരോ മനുഷ്യന്റെയും ജീവിതത്തിലൂടെയും നമുക്ക് ആ പ്രദേശത്തിന്റെ ചരിത്രവും അവിടത്തെ സാംസ്കാരിക അനുഭങ്ങളും അവിടത്തെ വൈകാരിക അനുഭവങ്ങളുടെ ചരിത്രവും രേഖപ്പെടുത്താന്‍ പറ്റും. അതിനാണ് ജനകഥയില്‍ ശ്രമിച്ചിട്ടുള്ളത്.

സഫിയ: നോവല്‍ ചരിത്ര രേഖ കൂടിയാവുമ്പോള്‍ നല്ല മുന്നൊരുക്കങ്ങള്‍ വേണ്ടിവരില്ലെ..?

എന്‍ പ്രഭാകരന്‍: ഒരുപാട് മുന്നൊരുക്കങ്ങള്‍ വേണ്ടിവരും. ഒരുപാട് കാര്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. നോവല്‍ എഴുതുമ്പോള്‍ വിശദാംശങ്ങള്‍ ഒക്കെ നിലനിര്‍ത്തുന്നുണ്ട്. എന്നാലും ഒരു കാലഘട്ടത്തിന്‍റെ വൈകാരിക ചരിത്രമാണ് ഞാന്‍ പ്രധാനമായിട്ടും എഴുതുന്നത്. സമൂഹത്തിന്റെ വൈകാരിക ഘടനയാണ് കൊണ്ടുവരാന്‍ ശ്രമിച്ചത്. തീയൂര്‍ രേഖകളും അങ്ങനെ തന്നെയാണ്. അതില്‍ ഉള്ള ആളുകള്‍ പലരും ശരിക്കും ഉള്ള ആളുകള്‍ തന്നെയാണ്. കഥാപാത്രങ്ങളില്‍ ഒക്കെ ഒരുപാട് വ്യത്യാസം വരുത്തിയിട്ടാണ് അതും ചെയ്തത്.

സഫിയ: ബഹുവചനം വ്യത്യസ്ഥമായ ഒരു ആഖ്യാനമായിരുന്നല്ലോ..?

എന്‍ പ്രഭാകരന്‍: അത് ഒരു പ്രത്യേക സിറ്റ്വേഷന്‍ സാങ്കല്‍പ്പികമായി കണ്ടിട്ട് എഴുതിയതാണ്. ഒരു പ്രത്യേക ഘട്ടത്തില്‍ ആളുകള്‍ക്ക് ഓര്‍മ്മ നഷ്ടപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടായി. അതായത് ഈ ഗ്ലോബലൈസേഷന്‍ വരുന്ന സമയം തന്നെ. ഭൂതകാലം മാഞ്ഞുപോകുന്നു എന്നൊരു തോന്നല്‍. ഭൂതകാലം വേണ്ട എന്നുള്ളത് ഈ പോസ്റ്റ് മോഡേണ്‍ സിദ്ധാന്തത്തിന്റെ ഭാഗമാണല്ലോ. ചരിത്രത്തിന്റെ മരണം ആഘോഷിക്കുന്നവരാണല്ലോ അവര്. അങ്ങനെ നമ്മുടെ ചരിത്രം പോകുന്നു, ഓര്‍മ്മ പോകുന്നു എന്ന തോന്നലുണ്ടായി. അതില്‍ നിന്നു ഒരു കഥാപാത്രത്തെ ഉണ്ടാക്കി പിന്നീട് ഇങ്ങനെ ഡെവലപ് ചെയ്തു എടുത്തതാണ്. അത് മിക്കവാറും ഭാവനാ നിര്‍മ്മിതമായിട്ടുള്ള ഒരു നോവല്‍ തന്നെയാണ്. തൊഴുകണ്ണി എന്ന ചെടിയുടെ അടുത്തുപോയി അയാളിങ്ങനെ നില്‍ക്കുന്നിടത്താണല്ലോ നോവല്‍ അവസാനിക്കുന്നത്. കഥയിലായാലും നോവലിലായാലും എഴുതുന്ന സമയത്ത് അവിചാരിതമായിട്ട് ചിലത് വീണു കിട്ടും. അതായിരിക്കും ചിലപ്പോള്‍ അതിനു ഭംഗി കൊടുക്കുന്നുണ്ടാവുക. മട്ടന്നൂരിനടുത്ത് കൃഷ്ണന്‍ മാഷ് എന്നൊരാളുണ്ട്. അയാളുടെ പറമ്പ് മുഴുവനും നാനാ തരത്തിലുള്ള ഔഷധച്ചെടികളാണ്. അവിടെ ഞാന്‍ ഒരു ദിവസം പോയിരുന്നു. അവിടെ നിന്നാണ് ഞാന്‍ ഈ തൊഴുകണ്ണി എന്ന ചെടി കണ്ടത്. അതിന്‍റെ ഇലകള്‍ ഇങ്ങനെ ചേര്‍ന്നിട്ട് നമ്മളെ നമസ്ക്കരിക്കുന്നത് പോലെ തോന്നും. അതാണ് നോവലിന്റെ അവസാനം കൊണ്ടുവന്നത്.

സഫിയ: കാളപ്പാറ, മറുപിറവി, ഹനുമാന്‍, പുലിജന്മം തുടങ്ങിയ പല കൃതികളിലും മിത്തുകളും പുരാവൃത്തങ്ങളും കടന്നുവരുന്നുണ്ട്. മിത്തുകളെ കഥകളിലേക്ക് എങ്ങനെയാണ് പുനരാവിഷ്ക്കരിക്കുന്നത്..?

എന്‍ പ്രഭാകരന്‍: മനുഷ്യന്‍റെ ആദ്യത്തെ കഥകളാണല്ലോ മിത്തുകള്‍ എന്ന് പറയുന്നത്. ഒരു മനുഷ്യനു പരിഹരിക്കാന്‍ പറ്റാത്ത അതായത് ഉത്തരം കിട്ടാത്ത പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങളാണ് മിത്തുകള്‍.  മനുഷ്യന്‍ എങ്ങിനെ ഉണ്ടായി. ഒരു പക്ഷി എങ്ങിനെ ഉണ്ടായി എന്നതിനൊന്നും കൃത്യമായ ഉത്തരം ഇല്ലല്ലോ. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ആദിമ മനുഷ്യന്‍ ഉണ്ടാക്കിയ കഥകളാണ് മിത്തുകള്‍. മിത്ത് കഥയുടെ എക്കാലത്തെയും ആദിരൂപമാണ്. മിത്തിന്‍റെ ഘടനയിലേക്ക് നമ്മുടെ കഥകള്‍ എത്തിച്ചേരുമ്പോള്‍ നമുക്ക് ഒരു പ്രത്യേക സന്തോഷം ഉണ്ടാകും. അങ്ങനെ എഴുതാന്‍ പറ്റുമ്പോള്‍ നമുക്ക് വല്യ വിജയം ഉണ്ടായതായിട്ട് തോന്നും. കഥയുടെ ആദിരൂപവുമായിട്ട് നമ്മുടെ കഥ പൊരുത്തപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ടല്ലോ. ‘കാളപ്പാറ’ എന്ന കഥ എഴുതിയപ്പോള്‍ എനിക്കു അങ്ങനെ ഭയങ്കര സന്തോഷം ഉണ്ടായിരുന്നു. അതെല്ലാം ഇങ്ങനെ വീണ് കിട്ടിയ കാര്യങ്ങളാണ്. മറുപിറവി, കാളപ്പാറ എന്ന കൃതികളിലൊക്കെ ശരിക്കും ഒരു മിത്ത് നിര്‍മ്മിച്ചതിന്‍റെ ഒരു സന്തോഷം ഉണ്ട്. ആധുനിക കാലത്ത് മിത്തിന്റെ ആവശ്യം ഇല്ല. അനുഭവങ്ങളെല്ലാം ശാസ്ത്രീയമായിട്ടു വിശകലനം ചെയ്യുകയും അപഗ്രഥിക്കുകയും ഒക്കെ ചെയ്യുന്ന കാലമാണ്. എന്നാലും മനുഷ്യ ജീവിതത്തില്‍ സാധാരണ ദൈനംദിന ജീവിതാനുഭവങ്ങളില്‍ തന്നെ ഒരുപാട് പിടികിട്ടായ്കയുണ്ടല്ലോ. അതിനൊരു മിത്തിന്റെ ഘടന കൊടുക്കുമ്പോള്‍ നമുക്ക് പെട്ടെന്നു തന്നെ ഒരു ത്രില്‍ ഉണ്ടാകും. അതിന്‍റെ കാരണം ഞാന്‍ മനസ്സിലാക്കുന്നത് എന്താന്നു വെച്ചാല്‍ കഥയുടെ ആദ്യരൂപം എന്ന് പറയുന്നതു മിത്ത് തന്നെയാണല്ലൊ ആ മിത്തുകളിലേക്ക് തിരിച്ചുപോകുന്ന അല്ലെങ്കില്‍ മിത്തുമായി പൊക്കിള്‍ക്കൊടി ബന്ധം സൂക്ഷിയ്ക്കുന്നതിന്‍റെ ആനന്ദവും ത്രില്ലുമാണുള്ളത്.

‘തീയൂര്‍ രേഖകള്‍’ നാടകത്തില്‍ നിന്നുള്ള ദൃശ്യം

സഫിയ: അദൃശ്യ വനങ്ങള്‍ ഒരു സ്ത്രീപക്ഷ നോവല്‍ എന്നരീതിയില്‍ വായിക്കപ്പെടേണ്ട നോവലാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ മറ്റ് നോവലുകള്‍ക്ക് കിട്ടിയ ശ്രദ്ധ എന്തുകൊണ്ടോ ആ നോവലിന് കിട്ടിയിട്ടില്ല..?

എന്‍ പ്രഭാകരന്‍: അങ്ങനെ നിരന്തരമായ ജാഗ്രതയുള്ള ഒരു വായനാ സമൂഹം മലയാളത്തില്‍ ഇല്ല എന്നൊരു പോരായ്മയുണ്ട്. വായനാ സമൂഹത്തിന്‍റെ വലിയ പ്രശ്നമാണത്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ പുരോഗമനക്കാര്‍ ചിഹ്ന മൂല്യം ഉള്ള എഴുത്തുകാരെ നോക്കി പോയതു പോലെ കേരളത്തിലെ വായനാ സമൂഹത്തിനും കുറെ പരിമിതികള്‍ ഉണ്ട്. ശരിക്കും അത് ഗൌരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമാണ്. ചിഹ്ന മൂല്യം നോക്കിയിട്ടാണ് വായനക്കാരുടെ തെരഞ്ഞെടുപ്പും. വായനക്കാര്‍ വായനയില്‍ ഈസിനെസ് വല്ലാതെ തേടുന്നുണ്ട്. നമ്മുടെ എഴുത്തുകാരില്‍ പലരും വളരെ ലൈറ്റായിട്ട് എഴുതുന്നില്ലേ. ലബ്ദപ്രതിഷ്ഠരായ എഴുത്തുകാര്‍ തന്നെ അങ്ങനെ എഴുതുന്നുണ്ട്.  നമ്മുടെ വായനക്കാരില്‍ വലിയ ഒരു ശതമാനവും ഒരു ഉത്തരവാദിത്വവും ഇല്ലാത്ത വായനക്കാരാണ്. വായിക്കുന്നുണ്ട്. എന്നാല്‍ വായനയില്‍ നിന്നു ഇന്നത് കിട്ടണമെന്നൊന്നും അവര്‍ക്കില്ല. ഒരു ആക്ടീവ് റീഡിംഗ് എന്ന സംഭവം വളരെ കുറവാണ്. സിനിമ കാണലിലും എല്ലാം അതുണ്ട്. നമ്മുടെ തിയ്യറ്ററില്‍ വരുന്ന കുറെ സിനിമകള്‍ ചിരിച്ചു കൂക്കി വിളിച്ച് കാണുന്നു എന്നല്ലാതെ വേറെ ഒന്നും ഇല്ലല്ലോ അതിനകത്ത്. എന്താണ് അതവര്‍ക്ക് കൊടുത്തത് എന്നു ചോദിച്ചാല്‍ അവര്‍ അതിനെ പറ്റി ബോധവാന്‍മാരല്ല. അതങ്ങിനെ മതി എന്നാണ്. സാഹിത്യത്തിലും അതുണ്ട്. എങ്ങനെയാണ് വായിക്കേണ്ടത് എന്താണ് വായിക്കേണ്ടത് എന്നത് ഒരു നിയമം പോലെ ഒരാളെ അടിച്ചേല്‍പ്പിക്കേണ്ടതല്ല. പക്ഷേ എന്നാലും ചില നിര്‍ദ്ദേശങ്ങള്‍ വായനയുടെ സാധ്യതകള്‍ ആളുകളെ പരിചയപ്പെടുത്തേണ്ടതുണ്ട്. കോഴിക്കോട്ടെ ഗ്രന്ഥശാലാ സംഘം കുട്ടികള്‍ക്ക് വേണ്ടി വായിച്ച ഗ്രന്ഥങ്ങളുടെ നിരൂപണം എഴുതാനുള്ള ഒരു മത്സരം നടത്തി. ആ മത്സരത്തില്‍ അവര്‍ കണ്ടെത്തിയ കാര്യം എന്താണെന്ന് വെച്ചാല്‍ യു പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിലെ പ്രഖ്യാത നോവലുകളിലെ കഥാപാത്രങ്ങളെ ആരെയും പരിചയം ഇല്ല. എന്നാല്‍ ഇവിടെ പുസ്തകങ്ങള്‍ വിറ്റുപോകുന്നുണ്ട്. ലൈബ്രറിയില്‍ നിന്നു ആളുകള്‍ പുസ്തകം എടുക്കുന്നുണ്ട്. എനിക്കു തോന്നുന്നു ഒരു നൂറ് കോടി രൂപയുടെ പുസ്തകങ്ങളൊക്കെ ഒരു വര്‍ഷം വിറ്റു പോകുന്നുണ്ട് എന്നാണ്. പക്ഷേ ഈ വായനയുടെ സംസ്കാരം ഉണ്ടാകുന്നില്ല. യഥാര്‍ഥത്തില്‍ അത് വായിക്കപ്പെടുന്നില്ല. അങ്ങനെ ഒരു അവസ്ഥയുണ്ട്. അതുകൊണ്ട് വായന ശരിക്കും പഠിപ്പിക്കപ്പെടേണ്ടത് തന്നെയാണ്. ഇങ്ങനെയേ വായിക്കാന്‍ പാടുള്ളൂ എന്നു പറയാന്‍ പറ്റില്ല. എന്നാലും വായനയുടെ മിനിമം സംഗതികളുണ്ടല്ലോ അത് ശരിക്കും പഠിപ്പിക്കേണ്ടതുണ്ട്. അത് ഒരു ജോലി എന്ന നിലക്ക് തന്നെ ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ സുഹൃത്തുക്കളോടൊക്കെ ആലോചിച്ചിട്ടു ചെയ്യാന്‍ പോകുന്ന ഒരു പണി അതാണ്. അതിന്‍റെ ഔപചാരികമായ ഒരു ഉത്ഘാടനം എന്ന നിലയ്ക്കുള്ള ഒരു പരിപാടി ജനുവരി ഒന്നാം തിയ്യതി കാഞ്ഞിരക്കൊല്ലിയില്‍ വെച്ചു ചെയ്തു. ജനശക്തി ആര്‍ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. അവിടെ വായനയെ കുറിച്ച് ഒരു പ്രഭാഷണം നടത്തി. എന്താണ് വായന, എങ്ങനെയാണ് വായിക്കേണ്ടത്, എന്താണ് അതിന്‍റെ പ്രശ്നങ്ങള്‍, അതിനെ എങ്ങിനെ മറികടക്കാം എന്നൊക്കെയുള്ള കാര്യങ്ങള്‍ സംസാരിച്ചു. അത് കഴിയുന്നിടത്തോളം ചെയ്യണം എന്നുണ്ട്.

സഫിയ: ഇപ്പോള്‍ ഓണ്‍ലൈനില്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുന്നുണ്ട്. അത് വായനയെ പോസിറ്റീവ് ആയിട്ടാണൊ നെഗറ്റീവ് ആയിട്ടാണൊ സ്വാധീനിച്ചത്..?

എന്‍ പ്രഭാകരന്‍: കിന്‍ഡില്‍ ഒക്കെ വന്നതുകൊണ്ട് വായനയുടെ സാധ്യത ഒരുപാട് കൂടിയിട്ടുണ്ട്. പ്രിന്‍റഡ് പുസ്തകങ്ങള്‍ തന്നെ വായിക്കണം എന്നില്ലല്ലോ. വേള്‍ഡ് ക്ലാസിക് പുസ്തകങ്ങള്‍ ഒക്കെ ഇപ്പോള്‍ ഓണ്‍ലൈനില്‍ കിട്ടുന്നുണ്ട്. താരതമ്യേന പൈസയും കുറവാണ്. ഞാന്‍ വ്യക്തിപരമായ ഒരനുഭവം പറയാം. ഒരു ദിവസം പയ്യന്നൂരില്‍ പോകുമ്പോള്‍ എന്‍റെ കൂടെ പ്രീഡിഗ്രിക്ക് പഠിച്ച ഒരാളെ ഞാന്‍ യാദൃശ്ചികമായി ട്രെയിനില്‍ വെച്ചുകണ്ടു. വായനയെ കുറിച്ചൊക്കെ പറഞ്ഞപ്പോള്‍ മൂപ്പര്‍ മൊബൈല്‍ എടുത്തു കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു നൂറ് നൂറ്റമ്പതു പുസ്തകങ്ങള്‍ ഇതിനകത്തുണ്ട് എന്നു പറഞ്ഞു. ഓണ്‍ലൈന്‍ വഴി വരുത്തിച്ചതാണ്. എന്‍റെ വായന ഇത് വെച്ചാണ് എന്നു പറഞ്ഞു. എനിക്കിത് അപ്പോള്‍ അറിയില്ലായിരുന്നു. ഞങ്ങള്‍ ഇങ്ങനെ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ തൊട്ടപ്പുറത്ത് ഏതാണ്ട് ഒരു 70 വയസ്സുള്ള ഒരാള്‍ ഇരിക്കുന്നുണ്ട്. അയാള്‍ പെട്ടെന്ന് അടുത്തു വന്നിട്ട് അയാളുടെ മൊബൈല്‍ കാണിച്ചിട്ടു പറഞ്ഞു ഇതിനകത്ത് ഒരു 400 പുസ്തകങ്ങള്‍ ഉണ്ടെന്ന് .അപ്പോ ആ ജനറേഷന്‍ പോലും അങ്ങനെ വായിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

സഫിയ: മലയാള സാഹിത്യത്തില്‍ ആദ്യമായി കാവൂതിയന്‍മാര്‍ എന്ന അധഃസ്ഥിത വിഭാഗം കടന്നുവരുന്നത് മാഷിന്റെ ക്ഷൌരം എന്ന നോവലിലാണ്. എന്തായിരുന്നു അങ്ങനെയൊരു നോവലിന് പ്രചോദനം..?

എന്‍ പ്രഭാകരന്‍: തികച്ചും വ്യക്തിപരമായ അനുഭവത്തില്‍ നിന്നാണ് അങ്ങനെ ഒരു നോവല്‍ ഉണ്ടാകുന്നത്. കാവൂതിയ വിഭാഗത്തില്‍ പെട്ട ഒരാളെ കുറച്ചുനാള്‍ നിരീക്ഷിക്കാന്‍ എനിക്കു യാദൃശ്ചികമായി ഒരവസരം കിട്ടി. മരണവീട്ടില്‍ വന്നിട്ട് തിരിച്ചു പോകുന്ന ഒരു കാവൂതിയനെ കാണുകയുണ്ടായി. മരിക്കാന്‍ കിടക്കുന്നയാളുടെ ക്ഷൌരം ചെയ്യാന്‍ വന്നതാണ് അയാള്‍. ഞാനും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അന്നേരമാണ് ഈ കാവുതീയന്‍ എന്ന ഒരു വിഭാഗത്തെ കുറിച്ച് എഴുതേണ്ടതുണ്ട് എന്നു എനിക്കു തോന്നിയത്. രോഗികള്‍ കിടക്കുന്ന സ്ഥലത്തു പോയി ക്ഷൌരം ചെയ്യുന്ന ആളുകള്‍ ഉണ്ട്. അതിന് വേണ്ടി ഞാന്‍ മൂന്നോളം കാവൂതിയന്‍മാരുടെ അടുത്തുപോയി കാര്യങ്ങള്‍ വിശദാംശങ്ങള്‍ എല്ലാം ചോദിച്ച് മനസ്സിലാക്കി. മലയാളത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നോവല്‍ വരുന്നത്. ബോധപൂര്‍വ്വം ആദ്യമായിട്ട് വരുന്ന നോവല്‍ എന്നുദ്ദേശിച്ച് ചെയ്തതല്ല. അങ്ങനെ സംഭവിച്ചതാണ്. അത് ആരും ശ്രദ്ധിച്ചിട്ടില്ലെങ്കിലും ബാര്‍ബര്‍മാര്‍ ശ്രദ്ധിച്ചു. സംസ്ഥാന ബാര്‍ബേഴ്സ് അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനം നടക്കുമ്പോള്‍ അവര്‍ എന്നെ ക്ഷണിച്ചു. ആ കാര്യം അവര്‍ തന്നെ അവിടുന്നു പ്രസ്താവിച്ചു. സംസ്ഥാന നേതാക്കന്മാര്‍ തന്നെ പറഞ്ഞു നമ്മളെപറ്റി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം വരുന്നത്, ആദ്യത്തെ അനുഭവമാണിത്, അതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ഇദ്ദേഹത്തെ പ്രസംഗിക്കാന്‍ ക്ഷണിച്ചിരിക്കുന്നത് എന്നു പറഞ്ഞു. അവര്‍ക്കത് വളരെ സ്വീകാര്യമാവുകയും ചെയ്തു. അവര്‍ക്കത് ഇഷ്ട്ടപ്പെടുക എന്നുള്ളതാണല്ലോ പ്രധാനം. ഇങ്ങനെ പല തൊഴിലില്‍ പെട്ട ആളുകളും സംഭവങ്ങളും സാഹിത്യത്തില്‍ ഇനിയും ഒരുപാട് വരാനുണ്ട്. മനോഹരന്‍ പി പേരകത്തിന്‍റെ ‘കയറ്റത്തിന്‍റെ മൂന്നു ദശാബ്ദങ്ങള്‍’ എന്നൊരു നോവല്‍ ഉണ്ട്. തെങ്ങ് കയറ്റത്തൊഴിലാളികളുടെ ജീവീതം മാത്രമാണു അതിലുള്ളത്. ബാര്‍ബര്‍മാരുടെ ജില്ലാ സമ്മേളനത്തിന് എന്നെ അവര്‍ വിളിച്ചപ്പോള്‍ അവിടെ പോയിട്ട് എന്തെങ്കിലും കാര്യങ്ങള്‍ പറയണം എന്നുള്ളതുകൊണ്ട് ബാര്‍ബര്‍മാരെ പറ്റി വേറെ ഏതെങ്കിലും സാഹിത്യ കൃതികള്‍ വന്നിട്ടുണ്ടോ എന്നു ഞാന്‍ റഫര്‍ ചെയ്തു നോക്കി. അന്നേരമാണ് ഞെട്ടിക്കുന്ന ഒരു സംഭവം മനസ്സിലാക്കിയത് 1942 ല്‍ തന്നെ ‘ബാര്‍ബെര്‍ഴ്സ് ട്രേഡ് യൂണിയന്‍’ എന്നൊരു ചെറുകഥ വന്നിരുന്നു. മുല്‍ക്ക് രാജ് ആനന്ദ് എഴുതിയത്. അതായിരിക്കും ഒരു പക്ഷെ ഇന്ത്യന്‍ സാഹിത്യത്തില്‍ ബാര്‍ബറെ പറ്റി വന്ന ആദ്യത്തെ കൃതി. ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ ഒരു ബാര്‍ബര്‍ ജന്‍മിയുടെ വീട്ടില്‍ ക്ഷൌരം ചെയ്തു കൊടുക്കാന്‍ പോയപ്പോള്‍ ഷര്‍ട്ട് ധരിക്കാന്‍ നിനക്കു ആരാണ് അധികാരം തന്നത് എന്നൊക്കെ ചോദിച്ചുകൊണ്ട് സവര്‍ണര്‍ അയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് അയാള്‍ ആ ഗ്രാമം വിട്ടുപോകുന്നു. എന്നിട്ട് നഗരത്തില്‍ പോയി അവിടെ ബാര്‍ബര്‍ ഷോപ്പ് തുടങ്ങുകയും പിന്നീട് അവിടെ ബാര്‍ബേഴ്സ് ട്രൈഡ് യൂണിയന്‍ ഉണ്ടാക്കുന്നതുമാണ് കഥ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയുടെ അഭിവാജ്യ ഘടകമായിരുന്നു ബാര്‍ബര്‍മാര്‍. എന്നാല്‍ സാഹിത്യത്തില്‍ അവര്‍ അധികമൊന്നും വന്നിട്ടില്ല. കേരളത്തില്‍ ഇപ്പോള്‍ എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ ബാര്‍ബര്‍ ജോലി ചെയ്യുന്നുണ്ട്. വടക്കെ മലബാറില്‍ കാവൂതിയന്‍ എന്ന പ്രത്യേക ജാതി വിഭാഗത്തില്‍ പെട്ടവരാണ് തിയ്യന്‍മാരുടെ ബാര്‍ബര്‍. നായന്‍മാര്‍ക്ക് നാവൂതിയന്‍ എന്ന വിഭാഗമാണ് ബാര്‍ബര്‍ പണിചെയ്യുന്നത്. ഇതില്‍ ജാതിയും കൂടെ വരുന്നതുകൊണ്ട് അതിന്‍റെ പ്രശ്നങ്ങള്‍ കുറച്ചുകൂടെ സങ്കീര്‍ണ്ണമാണ്. മുസ്ലിംകള്‍ക്ക് ഒസ്സാന്‍ എന്നൊരു വിഭാഗം ഉണ്ട്. ഇവര്‍ക്കൊക്കെ സ്വസമുദായത്തില്‍ ചില വിലക്കുകളും തരംതാഴ്ത്തലും ഉണ്ടായിട്ടുണ്ട്. ബാര്‍ബര്‍ എന്ന തൊഴിലിനോടുള്ള അവജ്ഞ കൊണ്ടാണല്ലോ ചെറുക്കാന്‍ പോടാ എന്നൊക്കെയുള്ള പ്രയോഗം ഒക്കെ വരുന്നത്. അത്തരം പ്രശ്നങ്ങളൊന്നും സാഹിത്യത്തില്‍ വന്നിട്ടെയില്ല. അങ്ങനെ സാഹിത്യത്തില്‍ വരാത്ത ഒരുപാട് ജീവിതങ്ങളും അനുഭവ മേഖലകളും ഉണ്ടാകും. ഈ അടുത്തകാലത്തു വന്ന ‘കരിക്കോട്ടക്കരി’ പറഞ്ഞതും മലയാള സാഹിത്യത്തില്‍ ഇതുവരെ അവതരിപ്പിക്കപ്പെടാത്ത ജീവിതമാണ്.

സഫിയ: മാഷ് കൃത്യമായി ബ്ലോഗ് അപ്ഡേഷന്‍ നടത്തുന്നുണ്ട്. പിന്നെ ഫേസ്ബുക്കിലും മാഷ് സജീവമാണ്. നവമാധ്യമങ്ങളുടെ സാധ്യതയെ എങ്ങനെയാണ് കാണുന്നത്…?

എന്‍ പ്രഭാകരന്‍: ബ്ലോഗ് ഞാന്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യാറുണ്ട്. നമ്പര്‍ പരിമിതമാണെങ്കിലും അതിനു സ്ഥിരം വായനക്കാരുണ്ട്. എണ്ണം എടുത്തു നോക്കിയാല്‍ ഇന്ത്യയില്‍ നിന്നുള്ള ആളുകളാണ് കൂടുതല്‍ എങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും വായനക്കാരായുണ്ട്. തുടക്ക കാലത്ത് യുഎഇയില്‍ നിന്നു ധാരാളം വായന ഉണ്ടായിരുന്നു. ബ്ലോഗ് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റിയ നല്ല മാധ്യമമാണ്. ഫേസ്ബുക്ക് ഞാന്‍ ആദ്യം സജീവമായിരുന്നു. ഇപ്പോള്‍ അങ്ങനെ നോക്കാറില്ല. ഫേസ്ബുക്കിന്റെ ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍ അതില്‍ വരുന്ന കമന്‍റ്സ് തീരെ ഇറെസ്പോണ്‍സിബിള്‍ ആയിപ്പോകുന്നു എന്നുള്ളതാണ്. ക്രൂരമായിട്ടോക്കെ ആളുകള്‍ ചിലപ്പോള്‍ കമന്‍റ് ചെയ്തു കളയും. അങ്ങനെ അല്ലാതെ ഉപയോഗിക്കുകയാണെങ്കില്‍ ഫേസ്ബുക്ക് നല്ലൊരു ഏരിയ തന്നെയാണ്. പലസ്ഥലത്തും നടക്കുന്ന കാര്യങ്ങള്‍ പെട്ടെന്നു അറിയാന്‍ ഫേസ്ബുക്ക് നല്ലൊരു മാധ്യമമാണ്. പിന്നെ ലോക്കലായിട്ടുള്ള പുസ്തക പ്രകാശനങ്ങള്‍ സാംസ്കാരിക പരിപാടികള്‍ ഒന്നും ചിലപ്പോള്‍ പത്രങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നില്ല. ചെയ്താല്‍ തന്നെ ലോക്കല്‍ പേജിലായിരിക്കും. അതൊക്കെ ഫേസ്ബുക്കിലൂടെ ആരെങ്കിലും പോസ്റ്റ് ചെയ്യുമ്പോഴാണ് പലപ്പോഴും അറിയുന്നത്. കമ്മ്യൂണിക്കേഷന് നല്ലൊരു മീഡിയം തന്നെയാണ് ഫേസ്ബുക്ക്. പിന്നെ ഓരോരുത്തര്‍ക്കും അവനവനെ ആവിഷ്ക്കരിക്കാനുള്ള വെടികൂടിയാകുന്നുണ്ട് ഫേസ്ബുക്ക്. മൊത്തത്തില്‍ രാഷ്ട്രീയത്തിലെ അനീതികളെ ചെക്ക് ചെയ്യാനുള്ള വേദി കൂടിയാകുന്നുണ്ട് ഫേസ്ബുക്ക്. രാഷ്ട്രീയ നേതാക്കള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്.

സഫിയ: വളര്‍ന്ന് വരുന്ന ഈ അസഹിഷ്ണുതയും പ്രതികരിക്കുന്നവരെ ഇല്ലായ്മ ചെയ്യുക അല്ലെങ്കില്‍ നിശ്ശബ്ദരാക്കുക, ഒരു വ്യക്തി എന്തു ചെയ്യണം എന്ന കാര്യം പോലും ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ എങ്ങിനെയാണ് നോക്കിക്കാണുന്നത്..?

എന്‍ പ്രഭാകരന്‍: അതിനെ ചെറുക്കണം എന്നുണ്ടെങ്കില്‍ ജാഗ്രതയുള്ള ഒരു വായനാ സമൂഹവും പൊതുസമൂഹവും ഉണ്ടാകണം. നമ്മുടെ പൊതുമണ്ഡലം വളരെ നിര്‍ജ്ജീവമാണിന്ന്. കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ആളുകളുടെ പൊതുബോധം അതുകൊണ്ട് വളരെ ദുര്‍ബ്ബലമാണ്. എല്ലാവരും അവനവനിലേക്ക് ചുരുങ്ങിപ്പോകുന്ന അവസ്ഥയുണ്ട്. ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടുന്ന പൊതുമണ്ഡലം ഇല്ല. വായനശാലകളില്‍ ഒന്നും ചര്‍ച്ചകള്‍ നടക്കുന്നില്ല. ആകെ ഈ ഫേസ്ബുക്ക് കമ്മ്യൂണിക്കേഷന്‍ ഒക്കെയേ നടക്കുന്നുള്ളൂ. അതെങ്ങനെയെങ്കിലും ഉണ്ടായി വരണം. ഉണ്ടായി വന്നാലെ ഈ ഒരവസ്ഥ മാറുകയുള്ളൂ. ഞാന്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യണം എന്നു തീരുമാനിച്ചതിന്റെ ഒരു കാരണം അതും കൂടിയാണ്. ഓരോ സ്ഥലത്തും പത്തിരുപത് ആള്‍ക്കാര്‍ ഇതിലേക്ക് വന്നു കഴിഞ്ഞാല്‍ അതിന് മിനിമം ഫലം ഉണ്ടാകും. ഒരു ഉണര്‍വ്വുള്ള ഒരു പൊതു സമൂഹം ഉണ്ടെങ്കില്‍ ഭരണകൂടത്തിന് ഒന്നും ചെയ്യാന്‍ പറ്റില്ല. സദാചാര പോലീസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഒരു എഴുത്തുകാരനെ നിശ്ശബ്ദനാക്കാനോ മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാനോ സാധിക്കില്ല. അതിനു ജാഗ്രതയുള്ള ഒരു സമൂഹം വേണം. അതിനുള്ള ഒരേ ഒരു വഴി വായന വളര്‍ത്തുക എന്നുള്ളത് തന്നെയാണ്. നമ്മുടെ സാക്ഷരത വര്‍ദ്ധിച്ചത് കൊണ്ടോ കമ്പ്യൂട്ടറിന്‍റെ എണ്ണം വര്‍ദ്ധിച്ചത് കൊണ്ടോ മൊബൈലിന്‍റെ എണ്ണം കൂടിയതുകൊണ്ടോ ശരിക്ക് ആളുകള്‍ സാക്ഷരരാവില്ല. ഡേവിഡ് ടസ്കാന്‍ എന്നു പറഞ്ഞിട്ടു മെക്സിക്കോവിലെ ഒരു എഴുത്തുകാരന്‍റെ ‘അവസാനത്തെ വായനക്കാര്‍’ എന്ന ഒരു നോവല്‍ തന്നെയുണ്ട്. അയാള്‍ The country that stopped reading എന്ന ഒരു ലേഖനം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയിരുന്നു. അതില്‍ അയാള്‍ പറയുന്നതു മെക്സിക്കോയില്‍ സാക്ഷരത വര്‍ദ്ധിച്ചു. എല്ലാവരും സ്കൂളില്‍ പോകുന്നുണ്ട്. പക്ഷേ വായന എന്ന ഒരു കാര്യം ഇല്ലാണ്ടായിപ്പോയി എന്നാണ്. നമ്മുടെ സമൂഹത്തിലും അത് സംഭവിക്കുന്നുണ്ട്. നമ്മള്‍ സാക്ഷരരാണ്. എല്ലാരും സ്കൂളില്‍ പോകുന്നുണ്ട്. സ്കൂളുകളില്‍ വായന പ്രോത്സാഹിപ്പിക്കുന്നുണ്ട്. അധികവായനക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുണ്ട് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. പക്ഷേ ഫലത്തില്‍ ഒന്നും കാണുന്നില്ല എന്നുള്ളതാണ്. രണ്ടാമൂഴത്തിലെ കഥാപാത്രത്തെ പോലും കുട്ടികള്‍ക്ക് അറിയാത്ത അവസ്ഥയുണ്ട്. ഒരര്‍ത്ഥത്തില്‍ അങ്ങനെ ഒരു നിരക്ഷരത പടരുന്നുണ്ട്. സാഹിത്യം മാത്രമല്ല പൊതുവായുള്ള കാര്യങ്ങളും ഒക്കെ വായിച്ചാല്‍ മാത്രമേ ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാവുകയുള്ളൂ. അതിനു വായനയെ ബോധപൂര്‍വ്വം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കേരളത്തെ രക്ഷിക്കാന്‍ അതേയുള്ളൂ മാര്‍ഗ്ഗം. രാഷ്ട്രീയക്കാര്‍ അത് ചെയ്യുമെന്നു തോന്നുന്നില്ല. ചോദ്യം ചെയ്യുന്നവരെ അവര്‍ക്ക് ആവശ്യമില്ല. വര്‍ഗ്ഗീയ കക്ഷികള്‍ ഒന്നും ഒരിയ്ക്കലും സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിക്കില്ല. മറ്റ് സ്വതന്ത്രരായ വ്യക്തികള്‍ക്ക് മാത്രമെ അത് ചെയ്യാന്‍ കഴിയൂ. വായിക്കുന്ന ഒരു സമൂഹം ഉണ്ടായാല്‍ മാത്രമേ പുരോഗമനപരമായ ഒരു രാഷ്ട്രീയ ബോധം ഉണ്ടാവുകയുള്ളൂ. വായനയെ എല്ലാ അര്‍ഥത്തിലും വളര്‍ത്തുക എന്നുള്ളതാണ്. വെറും ആസ്വാദനം അല്ല. വിപുലമായ വായനയിലൂടെ വിശാലമായ ഒരു ലോകം വളര്‍ത്തുക എന്നുള്ളതാണ്. അതിനു കൃത്യമായ ബോധവത്ക്കരണം വേണം. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയെ അത് സാധിക്കൂ.

സഫിയ: ദീര്‍ഘകാലം അധ്യാപകനായി ബ്രണ്ണനില്‍ ജോലി ചെയ്തിരുന്നല്ലോ. അതിനെ കുറിച്ച്…?

എന്‍ പ്രഭാകരന്‍: ഞാന്‍ 1981 ലാണ് ബ്രണ്ണനില്‍ അധ്യാപകനായി വരുന്നത്. ഞാന്‍ ഒരു വര്‍ഷം പെരാമ്പ്ര കോളേജില്‍ ഉണ്ടായിരുന്നു. കുറച്ചുനാള്‍ യൂണിവേഴ്സിറ്റി കോളേജിലും ഉണ്ടായിരുന്നു. അതിനു ശേഷമാണ് ഞാന്‍ ബ്രണ്ണനില്‍ വരുന്നത്. 80 മുതല്‍ 90 വരെയുള്ള കാലത്ത് ഒരു പത്തു കൊല്ലത്തോളം കോളേജില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥി സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലമായിരുന്നു. കേരളത്തിലെ എല്ലാ കാമ്പസുകളിലും അന്ന് സമരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് അങ്ങനെ നടന്നു എന്നത് കുറച്ചൊരു വിഷമം ഉണ്ടാക്കുന്ന ഒരു ചോദ്യമാണ്. കാര്യമായിട്ടുള്ള എന്തെങ്കിലും പ്രശ്നത്തിന്റെ പേരില്‍ അല്ല പല സമരങ്ങളും നടന്നത്. തുടരെ തുടരെ ഇങ്ങനെ സമരം നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അധ്യയന വര്‍ഷങ്ങള്‍ ഒരുപാട് നഷ്ടപ്പെട്ടു. അത് ശരിക്കും കോളേജിന്‍റെ അന്തരീക്ഷം ആകെ തകര്‍ത്ത് കളഞ്ഞു. ഏതോ ഒരു വര്‍ഷം നമ്മള്‍ ആ വര്‍ഷത്തെ പ്രവര്‍ത്തി ദിവസം ഞങ്ങള്‍ കണക്ക് കൂട്ടി നോക്കി. അപ്പോ ആകെ 60 ദിവസമെ പ്രവര്‍ത്തി ദിവസം ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാ ദിവസവും അധ്യാപകര്‍ വന്നു ഒപ്പിടുന്നുണ്ട്. പക്ഷേ വിദ്യാര്‍ത്ഥികള്‍ വന്നു സമരം നടത്തിയിട്ടു പോകുമായിരുന്നു. തുടരെ തുടരെ സമരം അങ്ങനെ വന്നു കഴിഞ്ഞപ്പോള്‍ അക്കാദമിക് അന്തരീക്ഷം ഇല്ലാതായി. സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഇല്ല. ഒന്നും ഇല്ല. ആ സമയത്താണ് കേരളത്തില്‍ നിന്നു വെളിയിലേക്ക് ആളുകള്‍ വിദ്യാഭ്യാസത്തിന് വേണ്ടി പോകാന്‍ തുടങ്ങിയത്. പിന്നെ എഞ്ചിനീയറിംഗ് ആളുകളെ ആകര്‍ഷിക്കുന്ന ഒരു പഠന മേഖലയായി വന്നു. കമ്പ്യൂട്ടര്‍ മേഖല വന്നു. പിന്നെ പ്രീഡിഗ്രീ കോളേജില്‍ നിന്നു വേര്‍പ്പെടുത്തി. പ്രീഡിഗ്രി വേര്‍പെടുത്തിയത് ശരിക്കും കോളേജിന്‍റെ അന്തരീക്ഷം തകര്‍ത്ത് കളഞ്ഞു. പ്രീഡിഗ്രിക്ക് പുതിയ കുട്ടികള്‍ വരുന്നു. അവര്‍ മുതിര്‍ന്ന കുട്ടികളുമായി ഇടപെടുന്നു. അങ്ങനെ കോളേജ് വളരെ സജീവമായിരുന്നു.

സഫിയ: സെമസ്റ്റര്‍ സിസ്റ്റം വരുന്നതും മാഷുടെ കാലത്തല്ലെ. അതും കോളേജിലെ അന്തരീക്ഷത്തെ വല്ലാതെ മാറ്റിക്കളഞ്ഞിട്ടില്ലേ?

എന്‍ പ്രഭാകരന്‍: സെമസ്റ്റര്‍ സിസ്റ്റം വന്നതും കോളേജിന്‍റെ അന്തരീക്ഷം തകര്‍ത്ത് കളഞ്ഞിട്ടുണ്ട്. കുറെ കുട്ടികള്‍ ഒന്നിച്ച് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന അന്തരീക്ഷം കോളേജില്‍ ഇല്ലാതായി. ഇന്‍റ്റേണല്‍ മാര്‍ക്ക്, അസൈന്‍മെന്‍റ്, ടെസ്റ്റ് പേപ്പറുകള്‍ ഒക്കെ വന്നതോടെ കോളേജ് ദരിദ്രമായിപ്പോയി. അത് ശരിക്കും കോളേജിന്‍റെ പൊതു നിലവാരത്തെ തന്നെ വല്ലാണ്ട് തകര്‍ത്ത് കളഞ്ഞിട്ടുണ്ട്. അത് എല്ലാ അധ്യാപകരും പറയുന്നതാണ്. നമ്മുടെ അധ്യാപക സംഘടനകള്‍ ചിലപ്പോള്‍ അത് സമ്മതിക്കില്ല. കോളേജുകള്‍ കൂടുതല്‍ അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടു. കുട്ടികള്‍ ഏതെങ്കിലും ഒരു വിഷയം കോണ്‍സന്‍റ്റേറ്റ് ചെയ്തു പഠിക്കുന്ന ഒരവസ്ഥ ഇല്ല. അക്കാദമിക് അന്തരീക്ഷം ഇല്ലാതായി. പകരം അസൈന്‍മെന്റിനൊക്കെ എങ്ങനെയെങ്കിലും മാര്‍ക്ക് വാങ്ങാന്‍ വേണ്ടിയുള്ള മെക്കാനിക്കലായിട്ടുള്ള കാട്ടിക്കൂട്ടലാണ് നടക്കുന്നത്. അസൈന്‍മെന്‍റ് മോഷ്ടിക്കുക, മറ്റ് കോളേജിലെ കുട്ടികളുടെ അസൈന്‍മെന്‍റ് കൊണ്ടുവന്നു കാണിക്കുക, ഡെസേര്‍ട്ടേഷന്‍റെ കാര്യത്തിലൊക്കെ പലപ്പോഴും അങ്ങനെയാണ് സംഭവിക്കുന്നത്. അവിടുന്നും ഇവിടുന്നുമൊക്കെ എടുത്തിട്ടാണ് ചെയ്യുന്നത്. അത് കോളേജിന്‍റെ അന്തരീക്ഷത്തെ വളരെ മോശമാക്കിയിട്ടുണ്ട്. പിന്നെ ഈ നാഷനല്‍ അസ്സസ്മെന്‍റ് അക്രഡിറ്റേഷന്‍ കമ്മിറ്റിയൊക്കെ വന്നു പരിശോധിച്ചിട്ട് ഗ്രേഡ് കൊടുക്കുന്ന പരിപാടിയുണ്ടല്ലോ. ആ സമയത്ത് ഈ നാക് കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയിട്ടു കുറെ റെക്കാര്‍ഡുകള്‍ ഉണ്ടാക്കും. എല്ലാ കോളേജുകളും ചെയ്യുന്ന കാര്യമാണ്. അങ്ങനെ വന്നതോടുകൂടി മൊത്തത്തില്‍ ഇതൊക്കെ ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്നതാണെന്ന തോന്നല്‍ കുട്ടികള്‍ക്കും ഉണ്ടായി. വാസ്തവത്തില്‍ നാക് പരിശോധനയൊന്നും കോളേജിന്‍റെ അന്തരീക്ഷത്തെ നന്നാക്കുകയല്ല ചെയ്തത്. സെമസ്റ്റര്‍ സിസ്റ്റം വന്നതിനു ശേഷമുള്ള അദ്ധ്യാപകരുടെ പ്രധാനപ്പെട്ട പ്രശ്നം എന്താന്നു വെച്ചാല്‍ കുറെ റെക്കാര്‍ഡുകള്‍ ഉണ്ടാക്കലാണ്. പിന്നെ രണ്ട് സെമസ്റ്ററായിട്ടു പരീക്ഷ വന്നു. അതിനു വേണ്ടിയുള്ള ചോദ്യപ്പേപ്പര്‍ ഉണ്ടാക്കണം. പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപകര്‍ മിക്കവാറും അതില്‍ എന്‍ഗേജ്ഡ് ആയിരിക്കും. വര്‍ക്കിംഗ് ഡെയ്സില്‍ അവര്‍ ചെയ്യുന്ന പണി അതാണ്. ഇന്‍റര്‍നെറ്റ് വ്യാപകമായതോടെ വിദ്യാര്‍ത്ഥികളുടെ വായന കുറഞ്ഞു. വായിക്കുന്നതിന് പകരം കോപ്പി എടുക്കാന്‍ തുടങ്ങി. അത്രയേ വേണ്ടൂ എന്ന തോന്നല്‍ ഉണ്ടായി. അതൊക്കെ കോളേജിന്‍റെ അക്കാദമിക് അന്തരീക്ഷം തകര്‍ത്തു. നാക് പരിശോധനകളൊന്നും ഒരു തരത്തിലും കോളേജിന്‍റെ ഗുണ നിലവാരം വര്‍ദ്ധിപ്പിച്ചിട്ടില്ല. പിന്നെ വേറൊരു സംഗതി വന്നതെന്താണെന്നുവെച്ചാല്‍ വിഷയങ്ങളെയെല്ലാം പെട്ടെന്നു ഫംഗ്ഷണല്‍ ആക്കുന്ന ഒരു പരിപാടിയാണ്. ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ഫംഗ്ഷണല്‍ മലയാളം, ഫംഗ്ഷണല്‍ ഹിന്ദി എന്നൊക്കെ പറഞ്ഞിട്ടു തുടങ്ങി. അപ്പോ പെട്ടെന്നു ഈ പഠനത്തിന്റെ ലക്ഷ്യം തന്നെ മാറി വേറെന്തോ ആയിപ്പോയി. ഫംഗ്ഷണല്‍ ഇംഗ്ലീഷ് എന്നൊക്കെ പറഞ്ഞാല്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, റേഡിയോനു വേണ്ടി എഴുതല്‍, ടി വിക്ക് വേണ്ടി എഴുതല്‍ മൊത്തത്തില്‍ പറഞ്ഞാല്‍ വെറും ഉപകരണയുക്തി മാത്രം നയിക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറിപ്പോയി. അതും മൊത്തത്തില്‍ വിദ്യാഭ്യാസ രംഗത്ത് വലിയ തകര്‍ച്ചയുണ്ടാക്കി. വിദ്യാര്‍ത്ഥികളുടെ പരന്ന വായനയൊക്കെ നഷ്ടപ്പെട്ടു. 1970 കളില്‍ പൊതുവേ കോളേജുകളില്‍ അച്ചടക്കരാഹിത്യം ഉണ്ടായിരുന്നു എന്നു പറയാം. കുട്ടികള്‍ തോന്നുന്ന പോലെ ക്ലാസ് കട്ടുചെയ്യും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം ഉണ്ടായിരുന്നെങ്കിലും ഒരു വിദ്യാര്‍ഥി പ്രീഡിഗ്രിക്ക് വന്നു ഡിഗ്രീ ഒക്കെ കഴിഞ്ഞു പോകുമ്പോഴേക്കും നല്ല മാനസിക വളര്‍ച്ചയുണ്ടാവും. പിന്നെ ജീവിതത്തെ നേരിടാനുള്ള നല്ല ശേഷിയുണ്ടാകും. പോസ്റ്റ് ഗ്രാജ്വേഷന്‍ ഒക്കെ കഴിഞ്ഞു പോകുമ്പോഴേക്കും ആ വിഷയത്തില്‍ പ്രത്യേക പ്രാവീണ്യം നേടിയിട്ടുണ്ടാകും. എത്ര മോശം അന്തരീക്ഷമാണെന്ന് പറഞ്ഞാലും അക്കാദമിക് ആയിട്ട് നല്ല നിലവാരം ഉണ്ടായിരുന്നു. ആ കാലത്ത് പഠിച്ചു പോയവര്‍ അവരവരുടേതായ മേഖലകളില്‍ നല്ല പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അത് പക്ഷേ പിന്നീട് ഉണ്ടായിരുന്നില്ല. അതിനു പറ്റുന്ന സാഹചര്യം ഉണ്ടായിരുന്നില്ല.

സഫിയ: പിഗ്മാന്‍ എന്ന കഥയില്‍ പറയുന്നതും ഉന്നത വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിയെക്കുറിച്ചും മറ്റുമാണല്ലോ…?

എന്‍ പ്രഭാകരന്‍: ഉന്നത വിദ്യാഭ്യാസ രംഗം ഞാന്‍ പിഗ്മാനില്‍ പറഞ്ഞ അതേ അവസ്ഥയില്‍ തന്നെയാണ് ഇന്നും തുടരുന്നത്. ഒരുപാട് പ്രശ്നങ്ങളുള്ള ഒരു മേഖലയാണ് അത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചിംഗ് ഏര്‍പ്പെടുത്തിയപ്പോള്‍ അവര്‍ വലിയ സമരം ഒക്കെ നടത്തിയിരുന്നു. ഒന്നാമത് പഠന ഗവേഷണ മേഖല എന്നൊക്കെ പറഞ്ഞാല്‍ വളരെ സ്വതന്ത്രമായിട്ടു ഇരിക്കേണ്ട മേഖലയാണ്. അതിനകത്ത് കുറെ നിയമങ്ങളും ഒരുപാട് തരത്തിലുള്ള ചിട്ടവട്ടങ്ങളൊക്കെ കൊണ്ട് വന്ന് ബ്യൂറോക്രസിയുടെ നിയന്ത്രണത്തിനകത്ത് ഇതിന്റെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് കഴിഞ്ഞാല്‍ ഈ സംഭവങ്ങള്‍ അങ്ങ് ദുര്‍ബ്ബലമായിപ്പോകും. മൊത്തം തകര്‍ന്നുപോകും. ഗവേഷണ മേഖലയില്‍ അത് അന്നും ഇന്നും നടക്കുന്നുണ്ട്. ഒരുപാട് സാങ്കേതികമായിട്ടുള്ള കുരുക്കുകള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആ സാങ്കേതിക കുരൂക്കുകള്‍ മറികടന്നിട്ടു ഒരാള്‍ ഗവേഷണം പൂര്‍ത്തിയാക്കുക എന്നുപറഞ്ഞാല്‍ ഭയങ്കര വിഷമമാണ്. ഗൈഡുമാരുടെ പീഡനം എനിക്കു തോന്നുന്നു പഴയതിനെ അപേക്ഷിച്ച് ഇപ്പോ കുറവുണ്ടെന്നാണ്. പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് ആരോപണങ്ങള്‍ ഉണ്ടാകുന്നുണ്ട്. പണ്ട് കാലത്ത് ഗൈഡും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം ശരിക്കും ഒരു അടിമ ഉടമ ബന്ധം പോലെയായിരുന്നു. അതിനു കുറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും ഈ സിസ്റ്റം മൊത്തത്തില്‍ പഠന ഗവേഷണ രംഗത്തെ സ്വതന്ത്രമായി പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. അതിന്റെ പ്രയാസങ്ങള്‍ ഒരുപാട് ഉണ്ട്. പിന്നെ കോളേജ് അധ്യാപകരെ സംബന്ധിച്ചിടത്തോളം അവര് ഗവേഷണം നടത്തുന്നതും വര്‍ക്ക് പബ്ലിഷ് ചെയ്യുന്നതും എല്ലാം പ്രമോഷന് വേണ്ടിയിട്ടാണ്. പ്രമോഷന് ഇത്ര പോയന്‍റ് കിട്ടും എന്ന കണക്കിലാണ് അവര്‍ ഈ പണി ചെയ്യുന്നത്. അപ്പോ അതിനു സ്വാഭാവികത നഷ്ടപ്പെടുന്നു. നമ്മള്‍ ഒരു വിഷയത്തില്‍ ഉപരിപഠനം നടത്തുമ്പോള്‍ സ്വാഭാവികമായിട്ടും അതിനു ഉള്‍പ്രേരണ വേണമല്ലോ. ആ പ്രേരണയില്ലാതെ ലാഭം മുന്നില്‍ കണ്ടിട്ടു ഈ പണിചെയ്യുമ്പോള്‍ അത് മൊത്തത്തില്‍ ഇതിന്റെ നിലവാരം തകര്‍ക്കും. വാസ്തവത്തില്‍ വിദ്യാഭ്യാസ മേഖല വളരെ സ്വതന്ത്രമായിരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന അളവില്‍ സ്വാതന്ത്ര്യം കിട്ടണം ആ രീതിയില്‍ അത് പ്രവര്‍ത്തിക്കണം. അത് ഇപ്പോ ഇല്ല. പിഗ്മാന്‍ എന്ന കഥയില്‍ പറയുന്ന അതേ അവസ്ഥ ഇപ്പൊഴും അത് ഏറെക്കുറെ അതേ അളവില്‍ നിലനില്‍ക്കുന്നുണ്ട്. ഞാന്‍ 1975 മുതല്‍ 1977 വരെയുള്ള കാലത്ത് കേരള യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. ആ സമയത്തുള്ള എന്റെ ഒരു അനുഭവങ്ങളുടെ ഓര്‍മ്മയിലാണ് ഞാന്‍ പിന്നീട് കുറെക്കാലം കഴിഞ്ഞിട്ട് ഇത് എഴുതുന്നത്. അന്ന് അവിടെയുള്ള ഗവേഷണ വിദ്യാര്‍ത്ഥികളുടെ ലോകം ഏറെക്കുറെ ആ കഥയില്‍ പറയുന്നതു പോലെയായിരുന്നു. കുറെ പീഡനങ്ങളും കുറെ പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതിനു അടിസ്ഥാനപരമായിട്ടുള്ള ഒരു മാറ്റം ഇപ്പൊഴും വന്നിട്ടില്ല. പ്രശ്നങ്ങള്‍ ഒന്നും മാറിയിട്ടൊന്നും ഇല്ല. കേരളത്തില്‍ ഉള്ളതിലും രൂക്ഷമായിട്ടുള്ള പ്രശ്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ട്. ജാതി പോലുള്ള പ്രശ്നങ്ങളൊക്കെ വളരെ ഭീകരമായിട്ടുണ്ട്. ഹൈദരബാദിലെ സംഭവങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാമല്ലോ. ഇവിടെ അത് ആ ലെവലില്‍ ഇല്ല. എന്നാലും അകത്തു ജാതീയതയും സവര്‍ണ്ണ ബോധവും ഒക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ചില സ്ഥലങ്ങളില്‍ ചില അധ്യാപകരുടെ ഇടയില്‍ അതൊക്കെ ശക്തമായിട്ടുണ്ട്. ഉത്തരേന്ത്യയില്‍ കാണുന്നപോലെ അത്ര രൂക്ഷവും അത്ര പ്രത്യക്ഷവും അല്ലെന്നുമാത്രം. ഇവിടെ അത് എക്സ്പ്രസ് ചെയ്യാന്‍ ചെറിയ പേടിയുണ്ട്. പൊതുസമൂഹത്തില്‍ പെട്ടെന്നു എതിര്‍ക്കപ്പെടും അപമാനിതനാവും എന്നൊക്കെ അറിയാം. അതുകൊണ്ട് ഇവിടെ അതങ്ങനെ പ്രയോഗിക്കുന്നില്ല.

സഫിയ: ‘തീയൂര്‍ രേഖകള്‍’ നാടകമാക്കിയതിനെ കുറിച്ച്..

എന്‍ പ്രഭാകരന്‍: രാജു നരിപ്പറ്റയാണ് അത് നാടകമാക്കിയത്. ഇപ്പോ അത് മൂന്നു സ്റ്റേജില്‍ കളിച്ചുകഴിഞ്ഞു. പൊതുവേ നല്ല അഭിപ്രായമാണ് നാടകത്തെ കുറിച്ചു കേട്ടത്. നാടകത്തില്‍ 25 ഓളം നടീനടന്‍മാരുണ്ട്. അതില്‍ 12 ഓളം സ്ത്രീകളാണ്. ഒന്നുരണ്ട് പേരൊഴിച്ചു ഇവരെല്ലാം സാധാരണക്കാരായിട്ടുള്ള ആള്‍ക്കാരാണ്. എല്ലാരും വൈകീട്ട് ജോലികഴിഞ്ഞു വന്നതിനുശേഷമാണ് റിഹേഴ്സല്‍ നടത്തുന്നത്. അവരുടെ ഒരു കൂട്ടായ്മയും അവരുടെ അധ്വാനവും അത്ഭുതകരമാണ്. നാടകത്തോട് തൃശൂരിലെ ചേര്‍പ്പ് എന്ന സ്ഥലത്തുള്ളവര്‍ക്കുള്ള അഭിനിവേശം എടുത്തു പറയേണ്ടതാണ്.  അതിന്‍റെ ഒരു മെച്ചം ആ നാടകത്തിനുണ്ട്. ആളുകള്‍ നാടകം നന്നായി സ്വീകരിച്ചിട്ടുണ്ട്. നാടകം കണ്ടിട്ടു എന്നെ കുറേപ്പേര്‍ വിളിച്ചിരുന്നു.

‘പുലിജന്മം’ സിനിമയില്‍ നിന്നുള്ള ദൃശ്യം

സഫിയ: പുലിജന്മം എന്ന നാടകവും പിഗ്മാന്‍ എന്ന ചെറുകഥയും സിനിമയായിട്ടുണ്ടല്ലോ. പുലിജന്മം നാടകത്തില്‍ നിന്നു സിനിമയായപ്പോള്‍ അതിനു കൂടുതല്‍ പോപ്പുലാറിറ്റി കിട്ടിയിട്ടുണ്ട്. എന്നാല്‍ പിഗ്മാന്‍ സിനിമ ആയപ്പോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതെന്തുകൊണ്ടാണ്…?

എന്‍ പ്രഭാകരന്‍: ശരിയാണ്. പുലിജന്മം സിനിമയായപ്പോള്‍ അതിനു നല്ല അംഗീകാരം കിട്ടിയിട്ടുണ്ട്. പക്ഷേ പിഗ്മാന്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനു ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ശ്രദ്ധിക്കപ്പെടാതെ പോയതും. തിരക്കഥ സിനിമയായി മാറിയപ്പോള്‍ എക്സിക്ക്യൂഷന്‍ ലെവലില്‍ എന്തൊക്കെയോ സംഭവിച്ചു. പക്ഷേ പുലിജന്മത്തില്‍ അത് സംഭവിച്ചില്ല. പ്രിയനന്ദനന്‍ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോഴൊക്കെ ചോദിച്ചിട്ടേ ചെയ്തിട്ടുള്ളൂ. സാധാരണ സിനിമകളില്‍ തിരക്കഥ എഴുതുമ്പോള്‍ അതിന്‍റെ ഷൂട്ടിംഗ് ലെവലില്‍ എത്തുമ്പോള്‍ സംഭവങ്ങള്‍ കുറെ മാറിപ്പോകും. പിഗ്മാന്‍ ഒരുപാട് പ്രതീക്ഷ ഉള്ള സിനിമയായിരുന്നു. ജയസൂര്യ വളരെ ഡെഡിക്കേറ്റഡ് ആയിട്ട് വന്നതാണ്. നന്നായി ചെയ്യണം എന്ന താത്പര്യം അയാള്‍ക്കുണ്ടായിരുന്നു.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍