UPDATES

നാ. മുത്തുകുമാര്‍; പാതിയില്‍ നിലച്ച പാട്ട്

അഴിമുഖം പ്രതിനിധി

ഉള്ളലയിക്കുന്ന വരികള്‍ കൊണ്ട് തമിഴരുടെ മാത്രമല്ല, മലയാളിയുടെയും ഏറെ ആരാധന നേടിയെടുത്ത ഗാനരചയിതാവായിരുന്നു നാ. മുത്തുകുമാര്‍. എഴുതിപൂര്‍ത്തിയാകാത്ത ഒരു ഗാനംപോലെ പാതിയില്‍ പൊടുന്നനെ നിലച്ച ആ ജീവിതം ഇനി നൊമ്പരമുണര്‍ത്തുന്നൊരു പാട്ടോര്‍മ..

വാലിയും വൈരമുത്തുവിനുംശേഷം പുതിയകാല തമിഴ്ഗാനരചയിതാക്കളില്‍ മുത്തുകുമാര്‍ തന്നെയായിരുന്നു ചലച്ചിത്രഗാനാസ്വദകരുടെ ആരാധന കൂടുതല്‍ നേടിയിരുന്നത്. അത്രയേറെ ഹിറ്റുകള്‍ മുത്തുകുമാര്‍ തന്റെ തൂലികയില്‍ നിന്നും സൃഷ്ടിച്ചിരുന്നു.

1000 ത്തിലധികം സിനിമകള്‍ക്ക് അദ്ദേഹം പാട്ടുകള്‍ എഴുതി. അവയില്‍ ഏറെയും തെന്നിന്ത്യയില്‍ തന്നെ സൂപ്പര്‍ ഹിറ്റുകളായവ. വെയില്‍, ഗജിനി, കാതല്‍ കൊണ്ടേന്‍, പയ്യ, അഴകിയ തമിഴ് മകന്‍, യാരഡീ നീ മോഹിനി, അയന്‍, ആദവന്‍, അങ്ങാടിത്തെരു, സിങ്കം, മദ്രാസപ്പട്ടണം, ദൈവ തിരുമകള്‍ സൈവം, തങ്കമീന്‍ഗള്‍ തുടങ്ങിയ സിനിമകളിലെ ഹിറ്റു ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്. ജി.വി പ്രകാശ് ഈണമിട്ട 200 ലധികം പാട്ടുകള്‍ക്ക് മാത്രം മുത്തുകുമാര്‍ വരികള്‍ എഴുതിയിട്ടുണ്ട്. ജി. വി പ്രകാശ് സ്വതന്ത്ര സംഗീത സംവിധായകനായ ആദ്യം ചിത്രം അജിത് നായകനായ കിരീട(മലയാളം റീമേക്ക്)ത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയതും നാ. മുത്തുകുമാറായിരുന്നു. വാരണം ആയിരം എന്ന ഗൗതം മേനോന്‍-സൂര്യ ചിത്രത്തിനും മുത്തുകുമാര്‍ സംഭാഷണം രചിച്ചിരുന്നു.

കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും തമിഴ്‌നാട്ടില്‍ പ്രശസ്തനായിരുന്ന മുത്തുകുമാര്‍ ചലച്ചിത്രലോകത്തേക്ക് വരുന്നത് സംവിധായകനാകാന്‍ ആയിരുന്നു. ബാലു മഹേന്ദ്രയുടെ കീഴില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. നാലുവര്‍ഷം അതേ തൊഴില്‍ അദ്ദേഹം തുടര്‍ന്നു. എന്നാല്‍ സംവിധാനത്തിലല്ല, ഗാനരചനയിലൂടെയാണു തമിഴ്‌സിനിമാലോകത്തിനു സംഭവാന നല്‍കേണ്ടതെന്നായിരുന്നു മുത്തുകുമാറിന്റെ നിയോഗം. സീമാന്‍ സംവിധാനം ചെയ്ത വീര നാടേയ് എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനങ്ങളെഴുതുന്നത്.

പിന്നീടങ്ങോട്ട് മുത്തുകുമാര്‍ സ്വയമൊരു ബിംബമായി മാറുകയായിരുന്നു. വെയില്‍ എന്ന സിനിമയിലെ ഉരുകുതേ മരുകുതേ, വാരണം ആയിരത്തിലെ നെഞ്ചുക്കുള്‍ പെയിതിടും ആ മഴൈ, അനല്‍ മേലെ പനിതുള്ളിയേ, കാതല്‍ കൊണ്ടേനിലെ ദേവതയെ കണ്ടേന്‍, നെഞ്ചോട് കളന്ദിത്, ഗജിനിയിലെ സുട്ടും വിഴി, ഗൗതം മേനോന്റെ നീ താനെ എന്‍ പൊന്‍വസന്തം എന്ന സിനിമയിലെ ഗാനങ്ങള്‍, നാന്‍ മഹാന്‍ അല്ല എന്ന സിനിമയിലെ വാ വാ നിലവ് പുടിച്ചിതരവ, ബോസ് എങ്കിര ഭാസ്‌കരനിലെ യാര്ഡ ഇന്ത പെണ്‍താന്‍.. അങ്ങാടിത്തെരുവിലെ ഉന്‍ പേരെ സൊല്ലും.. പയ്യയിലെ തുള്ളി തുള്ളി മഴയായി.., പൂങ്കാട്രേ പൂങ്കാട്രേ, അഡഡ മഴഡ, തുടങ്ങി നിരവധി ഗാനങ്ങള്‍. ഇതിനിടയില്‍ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. റാം സംവിധാനം ചെയ്ത തങ്കമീങ്കള്‍ എന്ന ചിത്രത്തിലെ ‘ആനന്ദ യാഴൈ മീട്ടുകിറാല്‍’, എ എല്‍ വിജയം സംവിധാനം ചെയ്ത സയ് വത്തിലെ ‘അഴകേ അഴകേ’ എന്നീ ഗാനങ്ങള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. ഗജിനിയിലെ ഗാനങ്ങള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കി. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പലതവണ അദ്ദേഹത്തെ തേടിയെത്തി.

ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം തന്നെ തന്റെ കവിതകള്‍ കൊണ്ടും മുത്തുകുമാര്‍ തമിഴ്‌നാട്ടില്‍ ശ്രദ്ധേയനായിരുന്നു. നിരവധി കവിതകളും കവിത സഹാമഹരങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നു. സില്‍ക്ക് സിറ്റി എന്ന നോവലും മുത്തുകുമാര്‍ രചിച്ചിച്ചിട്ടുണ്ട്.

മഞ്ഞപ്പിത്തം ബാധിച്ച് അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് ഇന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. ഇനിയുമേറെ പ്രിയഗാനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും കിട്ടാനുണ്ടെന്നിരിക്കെയാണ് മരണം മുത്തുകുമാറിനെയും കൊണ്ടു യാത്രപോയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍