UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാദാപുരത്തെ ചില ‘നല്ല നേരങ്ങള്‍’- അക്ബര്‍ കക്കട്ടില്‍ എഴുതുന്നു

Avatar

അക്ബര്‍ കക്കട്ടില്‍ 

നാദാപുരം മേഖലയിലെ തൂണേരിയില്‍ ഈയിടെ ഒരു ചെറുപ്പക്കാരന്‍ കൂടി കൊലചെയ്യപ്പെട്ടു. എല്ലാം അവസാനിച്ചു എന്ന് കരുതിയ ഘട്ടത്തിലാണ് വീണ്ടും ഈ ക്രൂരഹത്യ. ഇതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇത് ഒരു തുടര്‍ച്ചയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്പ് സി വി ശ്രീരാമന്‍ പറഞ്ഞ ഒരു സംഭവമാണ് പെട്ടെന്നെനിക്ക് ഓര്‍മ്മ വരുന്നത്.  

”നമ്മുടെ ചങ്ങാതിയില്ലേ? അക്ബര്‍, കക്ഷി ആ നാദാപുരംഭാഗത്ത് എവിടെയോ അല്ലേ? ജീവനോടെ ഉണ്ടോ?”

മദ്രാസില്‍ വെച്ച് ബാലേട്ടനെ (സി.വി. ശ്രീരാമനെ) കണ്ടപ്പോള്‍ ജി.കെ.നായര്‍ ചിരിച്ചുകൊണ്ട് ആരാഞ്ഞത്രെ. ഇത് എന്നോട് പറഞ്ഞ് ബാലേട്ടനും ചിരിച്ചു. ദക്ഷിണേന്ത്യന്‍ ചെറുകഥാ സെമിനാറിനു പോയപ്പോള്‍ ബാലേട്ടന്‍ മുഖേന എന്‍.പി മുഹമ്മദ്ക്കയ്ക്കും എനിക്കും കിട്ടിയ സുഹൃത്താണ് ബിസിനസ്സുകാരനായ ജി.കെ നായര്‍. 

മുമ്പൊക്കെ എവിടെ ചെന്നാലും ഇങ്ങനെ കളിയായോ കാര്യമായോ ‘നാദാപുര’ത്തു തൊട്ടായിരിക്കും കുശലമാരംഭിക്കുന്നത്. വീട്ടിലേക്ക് മടങ്ങേണ്ട വിധത്തില്‍ കോഴിക്കോട് നഗരത്തിലെത്തിയാല്‍ കല്യാണമായാലും മീറ്റിങ്ങായാലും സുഹൃത്തുക്കള്‍ പറയും: ”നീ വേഗം പൊയ്‌ക്കൊ.” എഴുപതോളം കിലോമീറ്റര്‍ യാത്രചെയ്ത് കക്കട്ടില്‍ എത്തുമ്പോള്‍ കടകളാകെ അടഞ്ഞു കിടക്കുകയാവും. വഴികള്‍ വിജനമായിരിക്കും. അല്ലെങ്കില്‍ അക്രമങ്ങളുടെയോ പോലീസ് മുറകളുടെയോ നടുക്കാവും സ്ഥലത്തെത്തുക – അവര്‍ക്കതറിയാം.

സാധാരണ നിലയില്‍ ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പക്ഷെ ഏതുനേരവും അതു പ്രതീക്ഷിക്കണം എന്ന അവസ്ഥയായിരുന്നുതാനും. വിഷ്വല്‍ മീഡിയയില്‍ ജോലിചെയ്യുന്ന ഒരു ചങ്ങാതി അക്കാലത്ത് ചോദിച്ചു: ”അക്ബര്‍ക്ക് കക്കട്ടില്‍ ടൗണില്‍ നിന്ന് പോലീസിന്റെ തല്ലുകിട്ടി എന്നു കേട്ടല്ലോ. ശരിയാണോ?”

ചിരിച്ചു തള്ളാനേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ചെയ്യാന്‍ തോന്നിയില്ല. ആ വാര്‍ത്ത ശരിയായിരുന്നില്ലെങ്കിലും അതൊരു ശരിയായ വാര്‍ത്തയാവാന്‍ ഒരു നിമിഷം വേണ്ട. ഞൊടിയിടയിലായിരിക്കും എവിടെയെങ്കിലും എന്തെങ്കിലും സംഭവിക്കുന്നത്. പിന്നെ റോഡില്‍ ഒറ്റമനുഷ്യന്‍ പാടില്ല. ഒന്നുമറിയാതെ വഴിയില്‍ പെട്ടുപോയാല്‍ പെട്ടതു തന്നെ. അത് പോലീസ് വലയില്‍ തന്നെയാവണമെന്നില്ല.

ഇതിനകത്തു പെട്ടുപോയ ഞങ്ങളുടെ മനസ്സ് ഒരു പ്രത്യേക രൂപത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുകയാണ് – ഒരു തരം മരവിപ്പ്. മാരകമായ രോഗങ്ങള്‍ വന്നവരെ കാണുമ്പോള്‍ നമ്മള്‍ക്കതു വന്നാല്‍ എങ്ങനെ താങ്ങുമെന്ന് ആലോചിച്ച് മനുഷ്യര്‍ പേടിക്കാറില്ലേ? വന്നു കഴിഞ്ഞാല്‍ ദേഹം അതുമായങ്ങു പൊരുത്തപ്പെടുന്നു. അതു പോലെയായിരുന്നു ഞങ്ങളുടെ സ്ഥിതി.

ശാന്തമായ നാദാപുരം മേഖല നല്ല മനുഷ്യരുടെ സ്‌നേഹസാമ്രാജ്യമാണ്. നല്ല നേരത്ത് നിങ്ങള്‍ ഇവിടെ വന്നു നോക്കൂ. അതിഥിസല്‍ക്കാരം കൊണ്ട് ആളുകള്‍ നിങ്ങളെ വീര്‍പ്പുമുട്ടിക്കും. ഒരു കാര്യത്തിനും നിങ്ങളിവിടെ വിഷമിച്ചു പോവില്ല. എന്നാല്‍ കുഴപ്പങ്ങളാരംഭിച്ചാലോ? ഒന്നിച്ചുണ്ണുകയും ഒരു പായയില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ തമ്മില്‍ പോലും വഴിയില്‍ കണ്ട ലോഗ്യമുണ്ടാവില്ല. എല്ലാവരും ഇങ്ങനെയാണെന്നല്ല. മഹാഭൂരിപക്ഷവും ഇങ്ങനെയല്ലതാനും. പക്ഷെ നഞ്ഞെന്തിന് നാനാഴി? കൊല്ലപ്പെട്ടവരുടെയും കൊള്ളയടിക്കപ്പെട്ടവരുടെയും മാനഭംഗത്തിന് ഇരയായവരുടെയും മര്‍ദ്ദിക്കപ്പെട്ടവരുടെയും ‘കേസ് ഹിസ്റ്ററി’ ഒന്നു നോക്കൂ: ഏറിയകൂറും ചെയ്തത് തൊട്ടുമുമ്പുള്ള നിമിഷം വരെ തോളില്‍ കയ്യിട്ടു നടന്നവരാണ്. അല്ലെങ്കില്‍ അവരുടെ ഒത്താശയോടെയാണ്.

നാദാപുരം ഭാഗത്ത് നല്ലനേരം ഏതാണെന്ന് പറയുക പ്രയാസമായിരുന്നുപലപ്പോഴും. ‘നല്ല നേര’ത്ത് നാദാപുരത്ത് ഒരു സുഹൃത്തിനെ തേടിയെത്തി അയാളോടൊപ്പം താമസിക്കുമ്പോള്‍ കുഴപ്പങ്ങളുടെ നടുവിലേക്ക് വലിച്ചെറിയപ്പെട്ട നിസ്സഹായനായ ഒരു അതിഥിയുടെ കഥ (‘നാദാപുരം’) ഞാനെഴുതിയിരുന്നു. നമ്മുടെ നിയമസഭയില്‍ ഈ കഥ ഉദ്ധരിക്കപ്പെട്ടത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ആ കഥയെഴുതുമ്പോള്‍ എന്റെ  ഒരു ദീര്‍ഘദര്‍ശനം മാത്രമായിരുന്നു, സുഹൃദ് സന്ദര്‍ശനത്തിന്റെ അംശം. പിന്നീട് സമാനമായ രണ്ടനുഭവങ്ങള്‍ എനിക്കുണ്ടായി, അറംപറ്റിയപോലെ. എന്റെ ‘വടക്ക് നിന്നൊരു കുടുംബ വൃത്താന്തം’ എന്ന നോവലിന്റെ പശ്ചാത്തലം യഥാതഥമായി വരയ്ക്കാന്‍ അതിരാവിലെ സ്ഥലത്തെത്തിയതായിരുന്നു അകലെ നിന്നും ചിത്രകാരനായ സുഹൃത്ത്. അന്ന് ഈ ഗ്രാമത്തില്‍ ഒന്നിച്ചു കഴിയാനും തീരുമാനിച്ചതാണ്. ഉച്ചനേരം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ‘ഇടിത്തീ’ പോലെയാണ് ഒരു കുഞ്ഞ് സ്‌ഫോടനത്തില്‍ മരിച്ച വാര്‍ത്തയെത്തിയത്. അത് ‘പതിവ്’ പ്രതികരണങ്ങളിലേക്കു കടന്നാല്‍ എന്റെ അതിഥി പുറത്തേക്ക് പോലും ഇറങ്ങാനാവാതെ ദിവസങ്ങളോളം എന്റെ വീട്ടില്‍ കഴിച്ചുകൂട്ടേണ്ടി വന്നുകൂടായ്കയില്ല. അന്തരീക്ഷം മാറും മുമ്പ് എന്റെ ചില കൂട്ടുകാര്‍ അദ്ദേഹത്തെ കുറ്റ്യാടി വഴി കോഴിക്കോട്ടേക്ക് ‘നാടുകടത്തുക’യായിരുന്നു. കലാകൗമുദിയില്‍ ചിത്രം വരക്കുന്ന ഡോക്ടര്‍ അജിത് കുമാറാണ് ഈ എപ്പിസോഡിലെ നായകന്‍.

വീണ്ടും പുതിയ എപ്പിസോഡ് വരുന്നു. ഒമാന്‍ യാത്രക്കിടയില്‍ എന്റെ സൗഹൃദത്തിലേക്ക് കടന്നുവന്നവരാണ് തിരുവനന്തപുരത്തെ ഫില്‍ക്ക ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി ഡോ. എം.കെ.പി.നായരും ഭാര്യ ഡോ. ചന്ദ്രികാ നായരും. തലസ്ഥാനത്ത് സ്ഥിരതാമസമാക്കിയത് മുതല്‍ ഒരു ‘കക്കട്ടില്‍ യാത്ര’ അവര്‍ പ്ലാന്‍ ചെയ്യുന്നു. അവര്‍ യാത്രാ തീയതി അറിയിക്കുമ്പോള്‍ ഈ ഭാഗത്ത് ‘നല്ല നേര’മായിരുന്നു. വടകരയില്‍ ട്രെയിനിറങ്ങുമ്പോഴോ? കഥ മാറിയിരിക്കുന്നു. ഒരു ബോഡി മോര്‍ച്ചറിയിലേക്ക് പോയിരിക്കുന്നു. വീടുകളും കടകളും കത്താന്‍ തുടങ്ങിയിരിക്കുന്നു. കലാപത്തിന്റെ ‘തുടക്ക’മായതുകൊണ്ട്, റിസ്‌കെടുത്ത് എന്റെ സുഹൃത്തും കോഴിക്കോട്ടെ ബിസിനസ്സുകാരനുമായ ഫൈസല്‍ കണ്ണങ്കണ്ടി സ്വന്തം കാര്‍ വിട്ടുതന്നതുകൊണ്ട്, ‘പരിചിതമുഖങ്ങളുടെ’ സൗമനസ്യം കൊണ്ട് ഒരുവിധം ഞാനെന്റെ അതിഥികളെ കക്കട്ടില്‍ എന്റെ വീട്ടിലെത്തിച്ചു. അപ്പോഴേക്കും, അപ്പുറത്തും ഇപ്പുറത്തുമുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ‘കാര്‍മേഘങ്ങള്‍’ കടന്നുപോകുമ്പോള്‍ വീര്‍പ്പുമുട്ടി കഴിയേണ്ടിവരികമാത്രം ചെയ്യാറുള്ള കക്കട്ടില്‍ അങ്ങാടിക്കും ‘തീപിടിച്ചു’ കഴിഞ്ഞിരുന്നു. ഒരു ധൈര്യമവംലബിച്ച് സുഹൃത്തുക്കളുടെ സഹകരണത്തോടെ പിറ്റേന്നു പുലര്‍ച്ചെ വയനാട്ടിലുള്ള തിരുനെല്ലിയില്‍പോയ ഞങ്ങളുടെ രണ്ടു കുടുംബത്തിനും കക്കട്ടില്‍ തിരിച്ചെത്താനായില്ല. വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ദേഹമാസകലം ചോരയില്‍കുളിച്ച് ആളുകള്‍ ഓടുകയായിരുന്നു. കരുതലോടെ യാത്ര ചെയ്തതുകൊണ്ട്, നിരവില്‍പുഴയില്‍ നിന്നു മടങ്ങി, വീണ്ടും വയനാട് ചുറ്റി താമരശ്ശേരി ചുരമിറങ്ങി ഞങ്ങള്‍ കോഴിക്കോട്ടെത്തി. അതിഥികള്‍ രാത്രിവണ്ടിക്കു മടങ്ങി. എന്റെ കുടുംബം കോഴിക്കോട്ട് യു.എ.ഖാദര്‍ക്കയുടെ വീട്ടില്‍കൂടി.

ചിരിച്ചുകൊണ്ടാണെങ്കിലും അന്ന് ഡോ.ചന്ദ്രികാ നായര്‍ പറഞ്ഞു: ”ഇനി ഞങ്ങള്‍ കക്കട്ടിലേക്കില്ല. അക്ബര്‍ കോഴിക്കോട്ടേക്കോ, തിരുവനന്തപുരത്തേക്കോ താമസം മാറ്റ്”

എന്നുവച്ച് നാദാപുരം മേഖലയില്‍ ആരും വരാറുണ്ടായിരുന്നില്ലേ? ഉണ്ടല്ലോ. സ്വീകരിക്കപ്പെടാറില്ലേ? ഉണ്ടല്ലോ. ഇവിടെ എപ്പോഴും ഭീതിജനകമായ അന്തരീക്ഷമാണെന്നൊന്നും അര്‍ത്ഥമാക്കേണ്ട. നേരത്തെ പറഞ്ഞതുപോലെ ഒരു രോഗാവസ്ഥയുമായി പൊരുത്തപ്പെട്ടുപോയിരുന്നു ഞങ്ങള്‍. ഇതിനിടയില്‍ ‘നല്ല നേരത്ത്’ എപ്പോഴും നിങ്ങള്‍ക്ക് വരാം. ഇതേ സമയം പുതിയ പ്രദേശങ്ങളിലേക്ക് ചേക്കേറിയിരുന്നു കലാപപ്രദേശങ്ങളില്‍ നിന്ന് പലരും. അക്കാലങ്ങളില്‍ ഇവിടെ വീടുകളും കടകളും ഇന്‍ഷൂര്‍ ചെയ്യാന്‍ കമ്പനികള്‍ വൈമനസ്യം കാണിച്ചു തുടങ്ങി എന്നുപറഞ്ഞാല്‍, കല്യാണാലോചനകളെപ്പോലും ഇത് ബാധിച്ചു എന്നുപറഞ്ഞാല്‍ ഇതിന്റെ ആഴം ഊഹിക്കാമല്ലോ. വരുന്നവരെല്ലാവരുമിതൊന്നും അറിയണമെന്നില്ല. കഴിയുന്നതും ഞങ്ങള്‍ അറിയിക്കാറില്ല.

എന്തായിരുന്നു ഈ നാദാപുരം മേഖലയിലെ യഥാര്‍ത്ഥ പ്രശ്‌നം? എതിരാളികളോട് അങ്കം കുറിക്കുന്ന കളരിപാരമ്പര്യമുള്ള കടത്തനാടിന്റെ ഭാഗമാണ് നാദാപുരം മേഖല. ഈ ചരിത്ര പശ്ചാത്തലം നല്‍കുന്ന ഒരു മന:ശാസ്ത്രതലം തല്‍ക്കാലം നമുക്ക് മാറ്റിവെക്കാം. ഭൗതികതലത്തില്‍ വേരുകള്‍ തേടിപ്പോയാല്‍ നമുക്ക് കിട്ടുന്ന ഒരു ഏകദേശ ചിത്രം ഇങ്ങനെയാവും: ഈ മേഖലയിലെ രണ്ടു പ്രധാന മതങ്ങളില്‍ ഓരോന്നിലും സ്വാഭാവികമായും സമ്പന്നനും ദരിദ്രനുമുണ്ടായിരുന്നു. ആദ്യം അവനവന്റെ മതത്തിനുള്ളില്‍ നിന്നുതന്നെ ജാതിതിരിഞ്ഞും ചേരിതിരിഞ്ഞും ആവശ്യാനുസൃതം ഇവര്‍ അന്യോന്യം കലഹിച്ചു. പതുക്കെ അതാതിടത്തെ പ്രാമാണ്യമനുസരിച്ച് ചില സ്ഥലങ്ങളില്‍ അത് രണ്ട് മതങ്ങള്‍ക്കുള്ളിലുള്ളവര്‍ തമ്മിലായി. എന്നാല്‍ രണ്ടു മതങ്ങള്‍ തമ്മിലല്ല, ആ മതങ്ങള്‍ക്കുള്ളിലൂടെ അതാത് കാലത്ത് ജാതീയവും വിഭാഗീയവുമായ പ്രശ്‌നങ്ങളില്‍ ഇടപെട്ട്  വളര്‍ന്ന രാഷ്ട്രീയപാര്‍ട്ടികളിലെ (അത് പിന്നീട് തീവ്രവാദ സംഘടനകളിലുമെത്തി) ഒരു കൂട്ടം ആളുകള്‍ തമ്മിലാണ് സ്പര്‍ദ്ധ. കുഴപ്പമുണ്ടാക്കുന്നവര്‍ക്ക് മറുപക്ഷത്തെ മതത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാനാവൂ എന്നിടത്തെത്തിയിരുന്നു കാര്യങ്ങള്‍. അങ്ങനെയായപ്പോള്‍, ‘രാഷ്ട്രീയ സംഘട്ടനം’ എന്ന് അതുവരെയും വര്‍ണ്ണപ്പൊലിമയോടെ വിളിച്ച (ഇടയ്ക്ക് പറയട്ടെ, മറ്റൊന്നും പോരാഞ്ഞ് ഇങ്ങനെ തന്നെ വിളിക്കാവുന്ന ഭീകരതകളും ഈ മണ്ണില്‍ അടിക്കടി ഉണ്ടാവാറുണ്ട്) ഇതിനെ വര്‍ഗ്ഗീയ സംഘര്‍ഷം എന്നു വിളിക്കുകയല്ലാതെ മറ്റൊരു ഗതിയുമില്ലാതായി.

ഓരോ പക്ഷത്തും ഭൂരിഭാഗം പേരും നിസ്സഹായരാണ്. രണ്ടുഭാഗത്തും ചെറിയ ഓരോ ഗ്രൂപ്പേയുള്ളൂ. ഓരോ ഗ്രൂപ്പിനും ചില പാര്‍ട്ടികളുടെ ബലമുണ്ട്. നേതൃത്വത്തിന്റെ അറിവോടെയല്ല പലപ്പോഴും സംഘട്ടനങ്ങള്‍ ഉണ്ടാവുന്നതെങ്കിലും, ഉണ്ടായിക്കഴിഞ്ഞാല്‍ ഓരോ നേതൃത്വവും പ്രത്യക്ഷമായോ പരോക്ഷമായോ അതേറ്റെടുക്കുന്നു. ‘ഞങ്ങളല്ല, മറുപക്ഷമാണ് കുഴപ്പക്കാര്‍’ എന്നിവര്‍ ഏകസ്വരത്തില്‍ പറയുകയും ചെയ്യും. കുറ്റവാളികളെ ഏറ്റെടുക്കാന്‍ ആളുള്ളേടത്തോളം നാദാപുരം മേഖലയിലെ പ്രശ്‌നത്തിന് അറുതിയില്ല എന്നതാണ് സത്യം.

(അവലംബം: നക്ഷത്രങ്ങളുടെ ചിരി)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍