UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാദാപുരം നീറുന്ന മുറിവാണ്; മതേതരത്വത്തിന് ഏറ്റ കൊടിയ മുറിവ്

Avatar

കെ എ ആന്റണി

കാര്യങ്ങള്‍ വീണ്ടും കൈവിട്ടു പോവുകയാണ്. പയ്യന്നൂരിനുശേഷം നാദാപുരത്തു നിന്നും ഉയരുന്നത് അശാന്തിയുടെ രോദനവും സന്ദേശവും തന്നെ. ശാന്തി തേടുന്നവരെക്കാള്‍ അശാന്തി വിതയ്ക്കുന്നവരുടെ നാടുകൂടിയാണ് കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍പ്പെട്ട നദാപുരം. നാദാപുരം എന്നാല്‍ പഴയ കടത്തനാടിന്റെ ഭാഗം. കടത്തനാടന്‍ വീരഗാഥകള്‍ പാടി കൊതി തീരാത്തവരുടെ നാടെന്നു വിശേഷിപ്പിക്കുന്നതില്‍ ഇന്നിപ്പോള്‍ അര്‍ത്ഥമില്ല. അശാന്തി വിതയ്ക്കുന്നവരുടെ മേഖലയായി കടത്തനാടന്‍ മണ്ണിലെ നാദാപുരവും കുറ്റിയാടിയും വേളവും എന്തിനേറെ ഒഞ്ചിയം പോലും മാറിക്കഴിഞ്ഞു. ഈ അശാന്തിക്കാരുടെ ഒരു ഗൂഢതന്ത്രമായി തന്നെ വേണം ഇന്നലെ നടന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെയും വിലയിരുത്താന്‍. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ എത്തിയതുപോലെ ഏതോ ഒരു ഗൂഢസംഘം ഇന്നോവ കാറില്‍ വന്നു കൃത്യം നടത്തി മടങ്ങിയെന്നാണു പൊലീസ് ഭാഷ്യം. കൊല ചെയ്യപ്പെട്ടയാള്‍ ഇക്കഴിഞ്ഞ വര്‍ഷം അതിദാരുണമായി കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ മരണവുമായി ബന്ധപ്പെട്ടു പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന മൂന്നാമന്‍ ആകയാല്‍ കൊലയ്ക്കു പിന്നില്‍ സിപിഎം ആണെന്ന സാധ്യതയ്ക്കപ്പുറം വസ്തുതയിലേക്കും നീങ്ങേണ്ടതുണ്ട് എന്നാണ് അന്നാട്ടിലെ ശാന്തി കൊതിക്കുന്ന സുഹൃത്തുക്കള്‍ പറയുന്നത്. അതല്ല യഥാര്‍ത്ഥ്യം, ആരൊക്കെയോ മന:പൂര്‍വം സിപിഎമ്മിനെ കരിതേച്ചു കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വാദവും പ്രബലമാണ്. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന യുക്തിക്കു പിന്നാലെ ഓടുന്നത് തത്കാലം ന്യായമല്ലെന്നു സാരം.

ഇക്കഴിഞ്ഞ വര്‍ഷമാണ് തൂണേരിയില്‍ ഷിബിന്‍ കൊലചെയ്യപ്പെട്ടത്. തുടര്‍ന്നങ്ങോട്ടു നടന്നതത്രയും മൃഗയാ വിനോദം. എഴുപതിലേറെ വീടുകള്‍ കൊള്ളയിടക്കപ്പെട്ടു. മാനഹാനി ഭയന്നു പലരും മറ്റു ചിലതൊക്കെ ഒളിപ്പിച്ചു വയ്ക്കുന്നുണ്ടെന്നു പൊലീസ് പറയുന്നു.

പുതിയ കൊലപാതകം സംബന്ധിച്ച് പൊലീസ് കൃത്യമായ കാര്യങ്ങളൊന്നും പറയുന്നില്ലെങ്കിലും അവര്‍ക്കും അറിയാം ആരൊക്കെയാവാം ഇതിനൊക്കെ പിന്നിലെന്ന്. ഷിബിന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ തെളിവിന്റെ അഭാവത്തില്‍ കോടതി വിട്ടയയ്ക്കുകയായിരുന്നു. അതിലൊരാളാണ് ഇന്നലെ കൊല ചെയ്യപ്പെട്ടത്. നാദാപുരത്തിനടുത്ത വളയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി ബോംബുണ്ടാക്കി നല്‍കുന്ന ഒരു സംഘമുണ്ടായിരുന്നു. പുലി നേതാവ് പ്രഭാകരന്റെ പുഷ്‌കല കാലത്ത് എല്‍ടിടിഇ എന്നു സ്വയം പ്രഖ്യാപിച്ച ഈ സംഘം പിന്നീട് ശിഥിലമായി. കോഴി കടത്തും ആടു കടത്തും ഇടയ്ക്കല്‍പ്പം ബോംബ് നിര്‍മാണവുമായി ഇപ്പോഴും വിരാജിക്കുന്നുണ്ട് അവരില്‍ പലരും. വിളിച്ചാല്‍ വിളിപ്പുറത്തു കിട്ടുന്ന ഇത്തരക്കാരില്‍ ചിലര്‍ തന്നെയായിരുന്നു ടി പി ചന്ദ്രശേഖരനെ അരുംകൊല ചെയ്തത്.

പാനൂരും കൂത്തുപറമ്പും തലശേരിയുമൊക്കെ കലാപഭരിതമാകുന്നതിനു മുമ്പു തന്നെ കടത്തനാട് കേരളത്തിന്റെ മുറിവായി മാറിക്കഴിഞ്ഞിരുന്നു. തച്ചോളി ഒതേനക്കുറുപ്പും ഉണ്ണിയാര്‍ച്ചയും ഒക്കെ അങ്കംപൊരുതി ജയിച്ചു എന്നു പറയുന്ന നാട്ടില്‍ കളരി മുറകള്‍ക്ക് അപ്പുറത്തേക്ക് വര്‍ഗീയത കടന്നുവന്നത് നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്. ഉണ്ണിയാര്‍ച്ച വടകരക്കാരി അല്ലെന്നും പൊന്നാനിക്കാരിയാണെന്നും ഒരു വാദം നിലനില്‍ക്കുന്നുണ്ടെങ്കിലും ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ചയും വടകരയിലെ ലോകനാര്‍കാവും നാദാപുരത്തെ ജോനകപ്പടയും പഴയ പാണപ്പാട്ടുകളിലൂടെ നെഞ്ചേറ്റി നടക്കുന്ന ഒരു ജനത ഇന്നും പഴയ കടത്തനാടന്‍ മണ്ണില്‍ ജീവിക്കുന്നുണ്ട്.

ജന്മിമാരായി മാറിയ മുസ്ലിം പ്രമാണിമാര്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ക്കെതിരെയുള്ള നിരന്തരപോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഭൂമികൂടിയാണ് കടത്തനാട്. കടത്തനാട്ടിലെ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വര്‍ഗീയ നിറം കൈവന്നതും ഇങ്ങനെ തന്നെ. കുറ്റിയാടി പുഴ ഒഴുകി മയ്യഴിയിലെത്തി അറബിക്കടലില്‍ ലയിക്കുന്നു. പക്ഷേ ഇട്ടാവട്ടത്തില്‍ പുഴയ്ക്ക് അക്കരെയും ഇക്കരെയും പാനൂരും കടത്തനാടും. പാനൂര്‍ മേഖലയിലെ സംഘര്‍ഷം ചുവപ്പന്‍മാര്‍ക്കും കാവിക്കാര്‍ക്കും ഇടയിലാണെങ്കില്‍, പുഴ കടന്ന് കടത്തനാട്ട് എത്തിയാല്‍ അതു മാപ്ലിയും ഹിന്ദുവും തമ്മിലുള്ള കണക്കുതീര്‍പ്പുകളാണ്. ഇടയ്ക്ക് രംഗം കൊഴുപ്പിക്കാന്‍ അതിതീവ്ര മുസ്ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് നരിക്കാട്ടേരിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരില്‍ അധികവും എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്നു. ഇക്കഴിഞ്ഞ മാസം കുറ്റിയാടിക്കടുത്ത വേളത്ത് നസ്‌റുദ്ദീന്‍ അസീസ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊന്നവരും എസ്ഡിപിഐക്കാര്‍ ആയിരുന്നുവെന്നു പൊലീസും മുസ്ലിം ലീഗ് നേതാക്കളും പറയുന്നു. ഇതു സംബന്ധിയായി മുസ്ലിം ലീഗിന്റെ ആത്മീയനേതാവ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ ഒരു ലേഖനം തന്നെയെഴുതിയിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് ഇക്കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ പങ്കില്ലെന്നു തീര്‍ത്തു പറയാന്‍ ആകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സംസ്ഥാന തലത്തില്‍ സിപിഎം നേതൃത്വം ലീഗിനോടും മാണിയോടും കൂടുതല്‍ അടുക്കുന്നതില്‍ അസംതൃപ്തിയുള്ളവര്‍ ഉണ്ടാകാം. അവര്‍ പക്ഷേ എന്‍ഡിഎഫുകാരാണോ പാര്‍ട്ടിക്കാരു തന്നെയാണോ എന്ന ബാധ്യത ആഭ്യന്തരം കൂടി കൈയാളുന്ന മുഖ്യമന്ത്രിയുടേതാണ്. കണാരേട്ടന്റെ സമരങ്ങള്‍ നീതിക്കു വേണ്ടിയുള്ളതായിരുന്നു. ആ നീതി നടപ്പിലാക്കാനും സിപിഎം സര്‍ക്കാരിനു കഴിയില്ലേ. അതിനായി പുതിയ കൊലപാതക പരമ്പരകള്‍ ആവര്‍ത്തിക്കേണ്ടതുണ്ടാവില്ലല്ലോ?

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍