UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

സിനിമ

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍: ഫാന്‍സിന് പലവട്ടവും മറ്റുള്ളവര്‍ക്ക് ഒരു വട്ടവും കാണാം

അമര്‍ അക്ബര്‍ അന്തോണിക്കു ശേഷം വരുന്ന നാദിര്‍ഷയുടെ സിനിമയാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍. നോട്ട് പിന്‍വലിക്കലിനു ശേഷം റിലീസായ ആദ്യ മലയാള സിനിമയാണിത്. തിരിക്കഥാകൃത്തും നടനുമൊക്കെയായ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായകവേഷത്തിന്റെ കൗതുകവും നാദിര്‍ഷ എന്ന സംവിധായകനു മേലുള്ള പ്രതീക്ഷയുമെല്ലാം തീയേറ്ററില്‍ സാമ്പത്തിക ദുരിതങ്ങള്‍ക്കിടയിലും പ്രേക്ഷകരെ എത്തിച്ചു. ഒരു പൂര്‍ണ്ണമായ വിനോദോപാധി എന്നതാണ് സിനിമയെപ്പറ്റി അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

കൃഷ്ണന്‍നായര്‍ (വിഷ്ണു ഉണ്ണികൃഷ്ണന്‍) ഒരു സിനിമാ ഭ്രാന്തന്റെ മകനാണ്. ജയന്‍ മരിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന, ജൂനിയര്‍ ആര്‍ട്ടിസ്‌റ്റെങ്കിലുമാവാന്‍ മദ്രാസിലേക്ക് വണ്ടി കയറിയ അച്ഛന്റെ സിനിമാ ഭ്രാന്ത് മകനിലേക്കും പകരുന്നുണ്ട്.

സ്‌കൂള്‍ കാലത്ത് യാദൃശ്ചികമായി ഒരു കള്ളന്റെ വേഷത്തില്‍ ജൂനിയര്‍ നടന്‍ റോള്‍ കിട്ടുന്നു. പിന്നീട് സ്ഥിരം കള്ളന്‍ വേഷങ്ങള്‍ ചെയ്യുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അയാള്‍ മാറുന്നു. സിനിമയില്‍ മുഖ്യ വേഷങ്ങള്‍ ചെയ്യാന്‍ കഠിനമായി ശ്രമിക്കുമ്പോഴും വ്യവസ്ഥാപിത സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് അത്രയൊന്നും പ്രിയതരമല്ലാത്ത അയാളുടെ രൂപം അതിനു തടസ്സം നില്‍ക്കുന്നു. കൂട്ടുകാരന്‍ ദാസപ്പനുമായി (ധര്‍മ്മജന്‍) ചേര്‍ന്ന് എല്ലാ അപമാനങ്ങളെയും മറികടന്ന് അയാള്‍ തന്റെ ലക്ഷ്യത്തിനുവേണ്ടി ശ്രമിക്കുന്നു. ഈ യാത്രയാണ് സിനിമ.

ഇതരസംസ്ഥാന തൊഴിലാളികളെ ‘അന്യരാ’ക്കുന്ന പൊതുബോധത്തോട് കത്തിയെടുക്കാന്‍ പറയുന്ന പോലുള്ള കൊടിയ സാമൂഹ്യ സന്ദേശങ്ങളൊന്നുമില്ലാത്ത സിനിമയാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍. ഇടുക്കി ഗോള്‍ഡിനും മഹേഷിന്റെ പ്രതികാരത്തിനും ശേഷം മലയാളത്തില്‍ ഹിറ്റായ ഇടുക്കിയുടെ പശ്ചാത്തലം ഈ സിനിമയിലും ഉപയോഗിക്കുന്നുണ്ട്. ഭാവന സ്റ്റുഡിയോയുടെ റഫറന്‍സും സോണിയയുടെ സാന്നിധ്യവുമെല്ലാം അതിനെ പൊലിപ്പിക്കുന്നുമുണ്ട്. ഇടുക്കിയിലെ സൗമ്യജീവിതത്തിന്റെ പതിവു ലളിത കാഴ്ചകള്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷനിലും ആവര്‍ത്തിച്ചു.
ഹാസ്യമാണ് സിനിമയുടെ പ്രധാന പ്രതീക്ഷകളിലൊന്ന്. വിഷ്ണുവിന്റെ കൂട്ടാളിയായ ധര്‍മ്മജനിലൂടെയാണ് ഹാസ്യത്തിന്റെ ട്രാക്ക് ഒഴുകുന്നത്. ടി.വിയിലെ ധര്‍മ്മജന്‍ സ്‌കിറ്റുകളുടെ തുടര്‍ച്ചയാണ് ഇതിലെ ഹാസ്യവും. സലിം കുമാര്‍ തോപ്പില്‍ ജോപ്പനിലെ പോലെ തന്റെ പ്രതാപകാലത്തെ കഷ്ടപ്പെട്ട് അനുകരിക്കും പോലെ തോന്നി. സിറ്റ്വേഷന്‍ കോമഡികളല്ല, കോമഡികള്‍ക്കു വേണ്ടി സിറ്റ്വേഷനുകള്‍ ഉണ്ടാക്കുകയാണ് ചെയ്തതെന്ന് കാണാം. പെണ്‍ചതികളെ പറ്റിയുള്ള സ്വീക്വന്‍സ് അമര്‍ അക്ബര്‍ അന്തോണിയില്‍ എന്ന പോലെ കട്ടപ്പനയിലെ ഹൃത്വിക് റോഷനിലുമുണ്ട്. നാദിര്‍ഷാ പാരഡികളുടെ തുടര്‍ച്ചയാണ് ഇത്തരം രംഗങ്ങള്‍. നല്ലത് – ചീത്ത ദ്വന്ദ്വങ്ങളെ ഇടയ്‌ക്കെങ്കിലും സൂചിപ്പിച്ചു കടന്നുപോയി പ്രയാഗയുടെയും സോണിയയുടെയും കഥാപാത്രങ്ങള്‍. പ്രശസ്തമായ പശ്ചാത്തല സംഗീതങ്ങളെ ചില ഹാസ്യസന്ദര്‍ഭങ്ങളുമായി കൂട്ടിയിണക്കുന്നത് കാണാന്‍ കൗതുകമുണ്ട്. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ വളരെ കുറവാണ്.

 

 

പ്രധാന കഥാഗതിയുമായി ചേരുന്ന വൈകാരിക രംഗങ്ങള്‍ ചിലപ്പോള്‍ തനി ക്ലീഷേയായി മാറി. മറ്റു ചിലപ്പോള്‍ വല്ലാതെ വലിഞ്ഞു നീണ്ടു. ചില രംഗങ്ങള്‍ പതിവുദുരന്ത കാഴ്ചകളുടെ തനിയാവര്‍ത്തനമായി. ഒരു നടനാവുക എന്ന ലക്ഷ്യത്തിലേയ്ക്ക് നടക്കുകന്ന കറുത്ത ഉയരമില്ലാത്ത, നിലവിലെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ പൊളിക്കുന്ന ഒരാള്‍ നേരിടുന്ന വെല്ലുവിളികള്‍ നമ്മുടെ ഊഹത്തില്‍ നിന്നും ഒട്ടും മുന്നോട്ടു പോയില്ല. ജയനില്‍ നിന്നും ദുല്‍ഖാര്‍ സല്‍മാനിലേക്കുള്ള മലയാള സിനിമയുടെ ചരിത്രത്തെ ചെറുതായി, സമാന്തരമായി ആവിഷ്‌ക്കരിക്കുന്നുണ്ട്. ചിലപ്പോള്‍ വളരെ ദുര്‍ബലമായെങ്കിലും കാഴ്ചയുടെ രാഷ്ട്രീയത്തെ തൊട്ടും തലോടിയുമൊക്കെ പോകുന്നുണ്ട്. പക്ഷേ അതിഭാവുകത്വവും അതിവൈകാരികതയും കലര്‍ന്ന ദുരന്തകഥയായി ഇടയ്ക്ക് സിനിമ രൂപാന്തരം പ്രാപിക്കുന്നു.

ധനുഷും രജനീകാന്തുമൊക്കെയാണ് കൃഷ്ണന്റെ പ്രതീക്ഷകള്‍. പക്ഷെ സിനിമയുടെ മായക്കാഴ്ചകളുടെ ഓരത്തുനില്‍ക്കുന്ന ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പോലെ അത്തരം വിജയഗാഥകള്‍ കൃഷ്ണനും അതിവിദൂരമായ ഒരു സ്വപ്‌നമാണ്. ഈ ത്രെഡില്‍ മുന്നോട്ട് പോകുമ്പോഴും രണ്ടാം പകുതിയില്‍ ആവര്‍ത്തന വിരസമായ കുറേ സിനിമാറ്റിക് ട്വിസ്റ്റുകളെ കുത്തിനിറച്ചു. ട്വിസ്റ്റുകളെ കളിയാക്കി ആ വഴിയെ തന്നെ പോയി സിനിമ. നാദിര്‍ഷ ചെയ്യുന്ന പാട്ടുകള്‍ക്കെല്ലാം പഴയ പാരഡി പാട്ടുകളുടെ അതേ ഛായ.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തീര്‍ച്ചയായും റിയലിസ്റ്റിക് ആയ സംഭവത്തെ അയാളപ്പെടുത്തുന്ന ഒന്നാണ്. നിലവിലുള്ള നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന ഒരാള്‍ മുന്നോട്ടു കൊണ്ടുപോകുന്ന സിനിമ പുരോഗമനപരമാണ്. ഇത് നിര്‍മ്മിച്ച ദിലീപിന്റെ ധൈര്യത്തിനും കയ്യടി കൊടുക്കാം. പക്ഷെ റിയലിസ്റ്റിക് ആയ ഒന്നിനെ അമിതമായ സിനിമാറ്റിക് സങ്കേതങ്ങളുപയോഗിച്ച് ദുര്‍ബ്ബലപ്പെടുത്തുന്ന സ്‌കിറ്റ് ഹാസ്യം രസിപ്പിക്കുന്നവര്‍ക്കും നാദിര്‍ഷാ ഫാന്‍സിനും തീര്‍ച്ചയായും എന്റര്‍ടൈന്‍മെന്റ് തന്നെയാവും കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍. അതല്ലാത്തവര്‍ക്ക് പ്രതീക്ഷാഭാരം ഒന്നുമില്ലാതെ പോയാല്‍ ഒറ്റത്തവണ കാണാവുന്ന ഒരു സിനിമയും.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍