UPDATES

33 ശതമാനമല്ല പ്രശ്നം; നാഗ സ്ത്രീകളുടെ ചെറുത്തുനില്‍പ്പ് ലിംഗനീതിക്കു വേണ്ടിയാണ്

സ്ത്രീ സാക്ഷരത 76.11%; ഇതുവരെയായി പാര്‍ലമെന്റില്‍ എത്തിയത് ഒരൊറ്റ സ്ത്രീ; അറുപതംഗ നിയമസഭയിലേക്ക് ഇന്നുവരെ ഒരൊറ്റ സ്ത്രീ പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല

പരമ്പരാഗത നിയമ പ്രകാരം പുരുഷന്‍മാര്‍ക്ക് മാത്രമേ ഭരണസ്ഥാപനങ്ങള്‍ നടത്താനാകൂ എന്നുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയുമോ? രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെപ്പോലെ സ്ത്രീകള്‍ നഗര തദ്ദേശ സ്ഥാപനങ്ങളില്‍ (Urban Local Bodies) 33 ശതമാനം സംവരണം ആവശ്യപ്പെടുന്ന നാഗാലാന്‍ഡിലെ പ്രശ്നത്തിന്റെ കാതല്‍ ഇതാണ്. സംവരണം പരമ്പരാഗത നിയമത്തെ ഒരുതരത്തിലും ലംഘിക്കുന്നില്ലെന്ന് സ്ത്രീകള്‍ പറയുന്നു. പാരമ്പര്യ രീതികള്‍ മുറുക്കിപ്പിടിക്കണമെന്നും ആചാരങ്ങള്‍ വിശുദ്ധമായി തുടരണമെന്നും വാദിക്കുന്ന പാരമ്പര്യവാദികളും നാഗ സമൂഹം മുന്നോട്ട് നീങ്ങണമെന്നും ആധുനികതയെ സ്വീകരിക്കണമെന്നും കരുതുന്നവരുമായി നാഗ സമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു.

പ്രതിസന്ധിയെ തുടര്‍ന്ന് ഫെബ്രുവരി ഒന്നിനു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന സംസ്ഥാനത്തെ 32 നഗര തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചെങ്കിലും ഗുവാഹാത്തി ഹൈക്കോടതി ബുധനാഴ്ച തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണം എന്നുത്തരവിട്ടതിനാല്‍ ചില സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഗോത്ര സംഘങ്ങളുടെ കൂട്ടായ്മ പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിക്കുകയാണ് സര്‍ക്കാര്‍.

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന 74-ആം ഭരണഘടന ഭേദഗതി 1993-ല്‍ തന്നെ വന്നെങ്കിലും നാഗാലാന്‍ഡ് അത് അംഗീകരിക്കുന്നത് സാവധാനത്തിലായിരുന്നു. 2006-ലാണ് അവരത് അംഗീകരിച്ചത്. പക്ഷേ എന്നിട്ടും ഒരു പതിറ്റാണ്ടോളം ഇത് നടപ്പാകാതെ കിടന്നു. നാഗാലാന്‍ഡിന്റെ പരമ്പരാഗത നിയമങ്ങള്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 371-A ആര്‍ട്ടിക്കിളിനെ ഇത് ലംഘിക്കുന്നുണ്ടോ എന്നതായിരുന്നു സംസ്ഥാനത്ത് ചൂടുപിടിച്ച തര്‍ക്കം. ഇതിനിടയില്‍ സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ ഭരണ സ്തംഭനവും പൊതു സേവനങ്ങള്‍ക്കുള്ള പണമില്ലായ്മയും നേരിട്ടു. 2011-ല്‍ നിയമമുണ്ടായിട്ടും തദ്ദേശ തെരഞ്ഞെടുപ്പ് നടത്താത്ത സര്‍ക്കാരിനെതിരെ പൌരസമൂഹ സംഘടനകള്‍ ഗുവഹാത്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഒക്ടോബറില്‍ ഹര്‍ജി അംഗീകരിച്ച കോടതി ജൂണ്‍ 2012-ഓടെ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ അതിനെതിരെ നിര്‍ത്തിവെക്കല്‍ ഉത്തരവ് സമ്പാദിച്ചു. എങ്കിലും ഒരു പ്രത്യേകാനുമതി ഹര്‍ജിയില്‍ ഏപ്രില്‍ 2016-നു സുപ്രീം കോടതി നിര്‍ത്തിവെക്കല്‍ ഉത്തരവ് റദ്ദാക്കി. ഇതോടെ മറ്റ് വഴിയില്ലാതായ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുകയായിരുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്നും എവിടെയാണ് പരമ്പരാഗത നിയമം നടപ്പാക്കേണ്ടത് എന്നതിലുമാണ് തര്‍ക്കത്തിന്റെ കേന്ദ്രം. 16 ഗോത്ര സംഘങ്ങളുടെ ഉന്നത സമിതിയായ നാഗ ഹോഹോയും മറ്റുള്ളവരും പറയുന്നത് സ്ത്രീകളുടെ 33 ശതമാനം സംവരണം ഭരണഘടനയുടെ 371 -A ആര്‍ട്ടിക്കിളിനെ ലംഘിക്കുന്നു എന്നും പരമ്പരാഗത നിയമത്തിന് എതിരാണെങ്കില്‍ പാര്‍ലമെന്റിന്റെ ഒരു നിയമവും നാഗാലാണ്ടില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നുമാണ്. ഈ സമിതികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിന് എതിരാണെന്നും അവര്‍ വാദിക്കുന്നു. തെരഞ്ഞെടുപ്പ് എന്നാല്‍ മദ്യവും പണവും തോക്കുകളും നിറഞ്ഞതാണെന്നും സ്ത്രീകള്‍ക്ക് അതില്‍ മത്സരിക്കാന്‍ കഴിയില്ലെന്നുമാണ് അവരുടെ നിലപാട്. മത്സരത്തെക്കാള്‍ സ്ത്രീകളെ നാമനിര്‍ദേശം ചെയ്യാമെന്നാണ് അവര്‍ പറയുന്നത്.

സ്ത്രീ സംവരണത്തിനായുള്ള സംയുക്ത കര്‍മ്മസമിതി എന്ന സഖ്യം വാദിക്കുന്നത്, ഈ നിയമം പാര്‍ലമെന്റ് വഴിക്കല്ല വന്നതെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243- ടിയുടെ ഭാഗമാണെന്നുമാണ്. ULB-കള്‍ പരമ്പരാഗത നാഗ സമൂഹത്തിന്റെ ഭാഗമല്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ് തന്നെ നഗര ഭരണത്തിന് പരമ്പരാഗത നിയമങ്ങള്‍ ബാധകവുമല്ല. ഇതില്‍ നിന്നും വ്യത്യസ്തമായി ഗോത്ര രീതികള്‍ പിന്തുടര്‍ന്ന് നാഗ ഗ്രാമങ്ങള്‍ ഇപ്പൊഴും മിക്കവാറും പുരുഷന്മാര്‍ മാത്രമുള്ള ഗ്രാമ സമിതികളാണ് ഭരിക്കുന്നത്. 73-ആം ഭേദഗതിയുണ്ടായിട്ടും തെരഞ്ഞെടുക്കുന്ന പഞ്ചായത്തുകളായി ഇത് മാറിയിട്ടില്ല. 1989 മുതല്‍ക്ക് തന്നെ നാഗാലാണ്ട് ഗ്രാമ, മേഖല വികസന സമിതി നിയമം 1978-ലെ 50-ആം വകുപ്പ് പ്രകാരം വികസന നിധി കൈകാര്യം ചെയ്യുന്ന വികസന സമിതികളില്‍ 25 ശതമാനം സ്ത്രീ സംവരണം ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സംവരണത്തിന് ഗോത്ര സമിതികള്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. അതുകൊണ്ട് ULB-കളില്‍ സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനോടുള്ള എതിര്‍പ്പിന് യുക്തിയില്ല.

32 എണ്ണത്തില്‍ ഗോത്ര സമിതികള്‍ ബഹിഷ്കരിച്ച 6 ULB-കളില്‍ ഒരൊറ്റ നാമനിര്‍ദേശം പോലും വന്നില്ല. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോള്‍ മറ്റ് നാലെണ്ണത്തില്‍ എല്ലാ പത്രികകളും പിന്‍വലിച്ചു. ഇതേ തുടര്‍ന്ന് 57 പുരുഷന്മാരും 37 സ്ത്രീകളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സംഘര്‍ഷം കാരണം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതോടെ ഇവിടങ്ങളിലെ ഭരണ സ്തംഭനം തുടരും എന്നതുറപ്പായി.

എന്തൊക്കെയായാലും ഈ പ്രതിസന്ധി നാഗ സമൂഹത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും പ്രത്യേകിച്ചും സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. മൊത്തം സാക്ഷരത നിരക്ക് 79.55 ശതമാനമാണ്, സ്ത്രീകളുടേത് 76.11 ശതമാനവും. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ നാഗാലാന്‍ഡ് ഏറെ മുന്നിലാണ്. എന്നിട്ടും ഒരൊറ്റ സ്ത്രീ മാത്രമാണ് നാഗാലാന്‍ഡില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്, 1977-ല്‍ റാനോ ഷൈസ. അറുപതംഗ നിയമസഭയിലേക്ക് ഇന്നുവരെ ഒരൊറ്റ സ്ത്രീ പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഉയര്‍ന്ന സാക്ഷരതയുണ്ടായിട്ടും ഭൂമി ഉടമസ്ഥതയ്ക്ക് സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ ഏറെ പരിമിതമാണ്. അവര്‍ക്ക് പാരമ്പര്യ സ്വത്തിന് അവകാശമില്ല. സ്വത്തില്‍ ഒരു ഭാഗം ദാനമായി മാത്രമേ കിട്ടാന്‍ വഴിയുള്ളൂ. അതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രാതിനിധ്യത്തിനുള്ള അവരുടെ പോരാട്ടം ലിംഗനീതിയുള്ള ഒരു സമൂഹത്തിന്നുകൂടി വേണ്ടിയാണ്. അധികാരവും ലാഭവുമുള്ള ഏത് സ്ഥാനമായാലും സ്ത്രീകളുമായി പങ്കുവെക്കാനുള്ള എല്ലാ പുരുഷന്‍മാരുടെയും-അത് ഗോത്രവര്‍ഗക്കാരായാലും മറ്റുള്ളവരായാലും- വിസമ്മതവും ഈ സമരം ഒന്നുകൂടി കാണിച്ചുതരുന്നു.

(ഏകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍