UPDATES

സിനിമ

എല്ലാവരും ശ്രീനിവാസന്‍മാരാകുന്നു എന്ന വകതിരിവില്ലായ്മ

Avatar

എന്‍. രവി ശങ്കര്‍

ചിന്താവിഷ്ടയായ ശ്യാമളയുടെ മാജിക്‌ വീണ്ടും കാണാം എന്ന് വിചാരിക്കുന്നവര്‍ക് തീര്‍ത്തും നിരാശ തരുന്ന ഒരു ചിത്രമാണ് ‘നഗരവാരിധി നടുവില്‍ ഞാന്‍’. ശ്രീനിവാസനും സംഗീതയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണല്ലോ ഇത്. ശ്രീനിയുടെ തന്നെ തിരക്കഥയും. എങ്കിലും കഥ തൊട്ടു സംവിധാനം വരെ ആദ്യന്തം ചെടിപ്പു നല്‍കുന്ന ഈ ചിത്രത്തിനെ വിശേഷിപ്പിക്കാന്‍ സില്ലി എന്ന ആംഗല പദം തന്നെ വേണ്ടി വരും.

പതിവ് പോലെ ശ്രീനിയുടെ വക ഒരു സാമൂഹ്യപാഠം ആണ് കാണികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ശ്യാമളയില്‍ കുടുംബത്തിനോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ വെമ്പുന്ന ഒരു ശരാശരി മധ്യ വര്‍ഗ മലയാളി പുരുഷനെ ആയിരുന്നു കണ്ടതെങ്കില്‍ ഇവിടെ തങ്ങളോടു തന്നെ ഉത്തരവാദിത്തമില്ലാത്ത ഒരു സമൂഹത്തെയാണ് വരച്ചു കാട്ടാന്‍ ശ്രമിക്കുന്നത്. ശ്രീനിയുടെ മാധ്യമം പതിവുപോലെ കുടുംബം തന്നെ. 25 വര്‍ഷം ഗള്‍ഫില്‍ പണിയെടുത്തുണ്ടാക്കിയ കാശ് മുഴുവന്‍ തന്റെ കുടുംബത്തിനായി ചിലവഴിച്ചു ഒടുവില്‍ പുറത്താക്കപ്പെട്ടു സ്വന്തം ഭാര്യയും മകളുമായി വാടക വീട്ടില്‍ താമസിച്ചു ഒരു അപാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി പണിക്കാരനായി ജീവിക്കേണ്ടി വരുന്ന ഒരു ഹതഭാഗ്യനാണ് ശ്രീനി. അയാളുടെ മകള്‍ക്കും ആഗ്രഹം ഡോക്ടര്‍ ആവുക എന്നതാണ്. പക്ഷെ അവള്‍ക്ക് എന്ട്രന്‍സ് കടന്നുകൂടാനാകുന്നില്ല. ആത്മഹത്യാ ഭീഷണി മുഴക്കിയ അവളെ എന്ത് ചെയ്തും പഠിപ്പിക്കുവാന്‍ ശ്രീനി തയ്യാറാവുന്നു.

പിന്നീട് വരുന്നത് സാമൂഹ്യ പാഠങ്ങളുടെ ഒരു ഘോഷയാത്രയാണ്. ശ്രീനിക്ക് നഗരത്തിലെ ഒരു മുന്തിയ കോളനിയില്‍ അഞ്ചു സെന്‍റ് സ്ഥലം ഉണ്ട്. അവിടെയാണ് കോളനിക്കാര്‍ മാലിന്യം നിക്ഷേപിക്കുന്നത്. ശ്രീനിയുടെ ആ പ്ലോട്ട് വില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും കോളനിക്കാര്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നു. റെസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി, വ്യായാമക്കാര്‍, മീന്‍ വില്ക്കുന്നവന്‍, മാലിന്യം തട്ടുന്ന ജനങ്ങള്‍, പോലീസ്, കരാട്ടെ പഠിക്കുന്നവര്‍, ലോക്കല്‍ വിപ്ലവ പാര്‍ട്ടി അണികള്‍, ജെസിബി  തുടങ്ങി എല്ലാ ക്ലീഷേകളും ചിത്രത്തില്‍ മാലിന്യം പോലെ കൊണ്ട് തള്ളിയിട്ടുണ്ട്. എന്ട്രന്‍സ് പരീക്ഷ, റിസള്‍ട്ട്, പണ്ടം വില്‍ക്കല്‍ എന്നിവയില്‍ തുടങ്ങി പഴയ നക്സല്‍ പ്രവര്‍ത്തകര്‍ വരെ ചിത്രത്തില്‍ കുപ്പയായി കുമിയുന്നുണ്ട്. ഒന്നും പോരാതെ കൊട്ടേഷന്‍, ഗുണ്ട, തോക്ക്, മുംബൈ മാഫിയ വരെ എത്തുന്നുണ്ട് ചിത്രത്തില്‍.

പച്ചപ്പാവമായി നടന്ന ശ്രീനി മകള്‍ക്ക് കാപിറ്റേഷന്‍ ഫീ കൊടുത്തു പഠിപ്പിക്കാനുള്ള കാശിനു വേണ്ടി കൊലപാതകം വരെ ചെയ്യാന്‍ ഒരുങ്ങുന്നു അവസാനം. ഈ ഡോക്ടര്‍/എന്‍ജിനീയര്‍/എന്ട്രന്‍സ് മോഹങ്ങള്‍ നമ്മുടെ സമൂഹത്തെ എവിടം വരെ എത്തിച്ചുവെന്ന് കാണുക. തൃശൂര്‍ നഗരത്തില്‍ നിന്നും കേരള-കര്‍ണാടക അതിര്‍ത്തി വരെ ശ്രീനിയെപ്പോലെ  ഒരാള്‍ തോക്കുമായി കാറോടിച്ചു പോവുക, കൊല്ലേണ്ട ആളെ കാത്തുനില്‍ക്കുക, ഇത് വരെ തോക്ക് കണ്ടിട്ടുപോലുമില്ലാത്ത അയാള്‍ വെടി വെക്കാന്‍ തുനിയുക – ഒരു നല്ലവനായ മനുഷ്യനെ സമൂഹം താറുമാറാക്കിയത് കണ്ടുവോ നിങ്ങള്‍! എന്നിട്ടെന്തുണ്ടായി? മകള്‍ താന്‍ അത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞതോടെ കുമിള പൊട്ടി. കഥയും തീര്‍ന്നു.

പക്ഷെ, ഒരു വലിയ സാമൂഹ്യപാഠം ഇനിയും ബാക്കിയാണ്. മാലിന്യം. അതാണല്ലോ പ്രധാന വിഷയം. അതിനു ശ്രീനി കണ്ടു പിടിച്ച വിദ്യ സൂപ്പറില്‍ സൂപ്പര്‍ എന്ന് പറയാതെ വയ്യ. കൊലയ്ക്കു തനിക്കു കിട്ടിയ ലക്ഷക്കണക്കിന്‌ രൂപ കുപ്പയില്‍ വിതരണം ചെയ്യുക. കുപ്പയില്‍ പണമുണ്ടെന്നു കോളനിക്കാരെ ധരിപ്പിക്കുക. ഒറ്റ രാത്രി കൊണ്ട് കോളനിക്കാര്‍ ആ മാലിന്യം മുഴുവന്‍ തങ്ങളുടെ വീടുകളില്‍ എത്തിക്കുക. അടിപൊളി! എന്നിട്ടവസാനം ആ പ്ലോട്ട് വിറ്റ കാശ് കൊണ്ട് വാങ്ങിയ വയലില്‍ കൃഷി ചെയ്തു ജീവിക്കുക! അഹോ! ശ്രീനി ഒരു ചെറു പ്രസംഗം ചെയ്യുക. ജൈവകൃഷിയുടെ മാഹാത്മ്യത്തെ കുറിച്ച്! ഭാര്യയും മകളുമായി വയല്‍ വരമ്പിലൂടെ നടക്കുന്ന ശ്രീനിയില്‍ ചിത്രം അവസാനിക്കുക!

ശ്രീനിയുടെ അതിഭയങ്കരമായ നിഷ്കളങ്കതയാണ് ചിത്രത്തിന്റെ പ്രധാന പരാധീനത. പേടിപ്പെടുത്തുന്നിടത്തോളം ഭയാനകമാണ് ഈ ഹൃദയ നൈര്‍മല്യം. ഇത്രയും പൊട്ടനായിട്ടുള്ള ഇവന്‍ സഹിക്കട്ടെ സഹിക്കട്ടെ എന്ന് ക്രൂരന്മാരായ നമ്മള്‍ ആലോചിച്ചു പോകും. ഒടുവില്‍, ഒടുവില്‍ മാത്രം, കോളനിക്കാരെ കൊണ്ട് മാലിന്യം കോരിക്കുമ്പോഴാണ് നമ്മള്‍ ആശ്വാസം കൊള്ളുക – ഈ പൊട്ടനും നമ്മളെപ്പോലെ തന്നെ എന്ന്. ജൈവകൃഷിഗീത ചൊല്ലുന്ന കള്ളക്കൃഷ്ണനായി അയാള്‍ അവസാനം പ്രത്യക്ഷപ്പെടുമ്പോള്‍ ആ ആശ്വാസം ഒരു ഉത്തമ ഗുണപാഠം ആയി നമ്മെ ത്രസിപ്പിക്കുകയും ചെയ്യുന്നു.

ഈ ചിത്രത്തിലെ ഏതു വകുപ്പെടുത്താലും അതില്‍ എന്തെങ്കിലും മേന്മ കണ്ടെത്താന്‍ പ്രയാസമാണ്. തിരക്കഥയുടെ കാര്യം നമ്മള്‍ കണ്ടു കഴിഞ്ഞു. സംഗീതത്തെ കുറിച്ച് ഒന്നും പറയണ്ട. ക്യാമറയെ പറ്റിയും. ശ്രീനിവാസന്‍ ശ്രീനിവാസന്‍ ആയി അഭിനയിക്കുന്നു. സംഗീത ശ്യാമളയാവാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു. ഒന്നും ചെയ്യാനില്ല എന്നതാണ് ശരി. സംവിധായകന്‍ ഒരു പുതിയ ആളാണ്‌. അദ്ദേഹവും ശ്രീനിവാസനാവാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു. കോമണ്‍മാന്‍ എന്നറിയപ്പെടുന്ന ആ സവിശേഷ ജന്തു വിചാരിച്ചാല്‍ ഇവിടെ പലതും നടക്കുമെന്ന പ്രബോധനത്തില്‍ ചിത്രം കൂട്ടിക്കെട്ടി അട്ടത്തു വെക്കുന്നു.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍