UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ്-എബിവിപി ഭീഷണി; യെച്ചൂരിക്ക് നാഗ്പൂര്‍ സര്‍വകലാശാലയില്‍ വിലക്ക്

ഭീഷണിയെത്തുടര്‍ന്ന് വിസി മാനസിക സമ്മര്‍ദ്ദത്തിലാണെന്നും സംഘാടകര്‍

ആര്‍എസ്എസിന്റെയും എബിവിപിയുടെയും ഭീഷണിയെത്തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് നാഗ്പൂര്‍ സര്‍വകലാശാലയില്‍ വിലക്ക്. മാര്‍ച്ച് 18ന് യെച്ചൂരി സര്‍വകശാലയില്‍ നടത്താനിരുന്ന പ്രഭാഷണത്തിന് വൈസ് ചാന്‍സിലര്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. സര്‍വകലാശാലയിലെ അംബേദ്കര്‍ തോട്ട് ഡിപ്പാര്‍ട്ടമെന്റാണ് പ്രഭാഷണത്തിനായി യെച്ചൂരിയെ ക്ഷണിച്ചത്.

ജനാധിപത്യവും അതിന്റെ മൂല്യങ്ങളും എന്ന വിഷയത്തില്‍ നടത്തേണ്ടിയിരുന്ന പ്രസംഗം അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുന്നുവെന്നാണ് വിസിയുടെ അറിയിപ്പ്. അതേസമയം വിസിയുടെ വിലക്കിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. സംഘാടകരും എഴുത്തുകാരും ചിന്തകരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്എസിന്റെയും എബിവിപിയുടെയും തീട്ടൂരങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കരുതെന്ന് അവര്‍ വിസിയോട് ആവശ്യപ്പെട്ടു.

വെളിപ്പെടുത്താനാകാത്ത കാരണങ്ങളാല്‍ പരിപാടി റദ്ദാക്കുകയാണെന്നാണ് വിസി പറഞ്ഞതെന്ന് സംഘാടകര്‍ അറിയിച്ചു. എന്നാല്‍ എബിവിപി വിസിയെ ഭീഷണിപ്പെടുത്തിയാണ് പരിപാടി റദ്ദാക്കിച്ചതെന്നാണ് സംഘാടകര്‍ പറയുന്നത്. ഭീഷണിയെത്തുടര്‍ന്ന് വിസി മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പരിപാടി മാറ്റിവയ്ക്കുന്നു മാത്രമേയുള്ളൂവെന്നും റദ്ദാക്കിയിട്ടില്ലെന്നുമാണ് വിസി പറയുന്നത്.

യെച്ചൂരി പങ്കെടുത്താല്‍ വന്‍തോതില്‍ പ്രതിഷേധമുണ്ടാകുമെന്നും ആക്രമങ്ങള്‍ നേരിടേണ്ടി വരുമെന്നുമുള്ള ഭീഷണികള്‍ എബിവിപിയില്‍ നിന്നുമുണ്ടായതായി വിസിയെ സന്ദര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിതിന്‍ റൗത് അറിയിച്ചു. യെച്ചൂരി ഒരു തീവ്രവാദിയോ രാജ്യദ്രോഹിയോ അല്ലെന്നും 25 വര്‍ഷമായി പാര്‍ലമെന്റേറിയനും അറിയപ്പെടുന്ന ചിന്തകനുമാണെന്നും അദ്ദേഹം പ്രതികരിച്ചു. അത്തരമൊരാളെ വിലക്കുന്നത് ശരിയല്ല. അതേസമയം പ്രഭാഷണം മാറ്റിവച്ച സംഭവത്തില്‍ പങ്കില്ലെന്നാണ് എബിവിപിയുടെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍