UPDATES

സയന്‍സ്/ടെക്നോളജി

‘ഇന്‍റര്‍നെറ്റ് നിഷ്പക്ഷത’യെ പറ്റി അഞ്ചു മിത്തുകള്‍

Avatar

നാന്‍സി സ്കോള
(വാഷിംഗ്ടണ്‍ പോസ്റ്റ്)


നിഷ്പക്ഷത: ഈ വാക്ക് പിടികിട്ടിയില്ലേ? അത് നിങ്ങളുടെ മാത്രം പ്രശ്നമല്ല. നെറ്റ് നിഷ്പക്ഷത ഒരു കുഴപ്പം പിടിച്ച വാക്ക് തന്നെയാണ്. ഇന്‍റര്‍നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളെ നിഷ്പക്ഷമായി കടത്തിവിടുന്ന ഒരു മാധ്യമം മാത്രമാവണം അതെന്ന അര്‍ഥത്തിലുള്ള ഈ പദത്തിന്റെ ഉപജ്ഞാതാവ് നിയമവിദഗ്ദ്ധനായ പ്രൊഫ. റ്റിം വു ആണ്. 2003- ലാണിത് ആദ്യമായി പ്രയോഗത്തില്‍ വരുന്നത്. അമേരിക്കയില്‍ ഡയല്‍-അപ് കണക്ഷനുകള്‍ക്ക് പകരം ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് വ്യാപകമായപ്പോള്‍ മുതല്‍ ഉയര്‍ന്ന വേഗതയുള്ള ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കുന്ന കമ്പനികള്‍ പാലിക്കേണ്ട ‘നിഷ്പക്ഷത’ എന്ന പ്രമാണം ഉറപ്പുവരുത്താനുള്ള നിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫെഡറല്‍ കമ്മ്യൂണികേഷന്‍സ് കമ്മീഷന്‍ (എഫ്സിസി). തങ്ങളുടെ വാദമുഖങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്‍റര്‍നെറ്റ് നശിച്ചുപോകുമെന്നാണ് ‘നെറ്റ് നിഷ്പക്ഷത’യ്ക്കു പിന്തുണ നല്‍കുന്നവരും അതിനെ എതിര്‍ക്കുന്നവരും ഒരുപോലെ പറയുന്നത്. ഇത് സത്യമാവുമോ?

 

1. നാളിതു വരെ ഇന്‍റര്‍നെറ്റ് നിയന്ത്രിക്കപ്പെട്ടിട്ടില്ല- ഇപ്പോള്‍ അത് തുടങ്ങേണ്ട കാര്യവുമില്ല.

 

ഫോണ്‍ സംഭാഷണങ്ങളുടെ ആരംഭവും ലക്ഷ്യവും എവിടെയായാലും അവ വിതരണം ചെയാനുള്ള ‘പൊതുവാഹക’രായി, പ്രവര്‍ത്തിക്കാനായി നിയമപരമായി പൂര്‍ണമായും നിയന്ത്രണവിധേയമായിരുന്ന അമേരിക്കയിലെ ടെലിഫോണ്‍ നെറ്റ് വര്‍ക്കുകളില്‍ നിന്നാണ് ഇന്‍റര്‍നെറ്റിന്റെ തുടക്കം. ഡയല്‍-അപ് നെറ്റ് വര്‍ക്കുകളില്‍ നിന്നും മാറി കൂടുതല്‍ വേഗതയുള്ള കണക്ഷനുകളായി ഇത് മാറിയപ്പോള്‍, ജോര്‍ജ് W. ബുഷിന്റെ കാലത്ത് ബ്രോഡ്ബാന്‍ഡ് കേബിള്‍ ഇന്‍റര്‍നെററ്റിനെ കുറഞ്ഞ തോതിലുള്ള നിയന്ത്രണം മാത്രമുള്ള ‘വാര്‍ത്താസംവിധാന’മായി കാണാന്‍ തുടങ്ങി. എന്നാല്‍, ഇന്‍റര്‍നെറ്റ് തുറന്നതും നിഷ്പക്ഷവുമായി തുടരണമെന്ന വാദത്തില്‍ എഫ്‌സി‌സി  ഉറച്ചുനിന്നു. ഇപ്പോഴും ആ നിലപാട് തുടരുന്നു. എല്ലാവരെയും ബാധിക്കുന്ന നിയമമായി നിഷ്പക്ഷതയെ മാറ്റാന്‍വേണ്ട നിയമങ്ങള്‍ ഉണ്ടാക്കാന്‍ ഒബാമ ഭരണത്തിന്‍ കീഴിലും എഫ്സിസി ശ്രമിച്ചു. കഴിഞ്ഞ ജനുവരിയിലെ ഒരു കോടതിവിധി എഫ്സിസിയുടെ ഈ ശ്രമങ്ങളെയെല്ലാം നിരാകരിച്ചതിനാല്‍ ഇപ്പോള്‍ അവര്‍ വീണ്ടും പ്രയത്നത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

 

ഇന്‍റര്‍നെറ്റില്‍ നാമിഷ്ടപ്പെടുന്ന ഏതാണ്ടെല്ലാ സവിശേഷതകളും നെറ്റ് നിഷ്പക്ഷത എന്ന ആശയത്തിന്റെ തണലില്‍ നിന്നുകൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടുള്ളവയാണ്. അതുകൊണ്ടു തന്നെയാണ് അത് നിലനിര്‍ത്താനായി നിരവധിപേര്‍ പരിശ്രമിക്കുന്നത്.

 

 

2. പുതിയ നെറ്റ്-നിഷ്പക്ഷതാ നിയമങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ ഇന്‍റര്‍നെറ്റ് അടുത്തുതന്നെ തകര്‍ന്നുവീഴും.

 

ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നെന്ന മട്ടിലാണ് നെറ്റ്-നിഷ്പക്ഷതയെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനെ അനുകൂലിക്കുന്നവരുടെ സംഘത്തിന്റെ പേര് തന്നെ അത്തരത്തിലുള്ളതാണ്- ‘ സേവ് ദി ഇന്‍റര്‍നെറ്റ്’. എന്നാല്‍, ഒരു ദിവസം കൊണ്ട് ഇന്‍റര്‍നെറ്റ് തകര്‍ന്നു വീഴുമെന്ന പേടിയല്ല യഥാര്‍ഥത്തില്‍ വേണ്ടത്. മറിച്ച്, മെല്ലെ മെല്ലെ അതൊരു താഴ്ചയിലേക്ക് പോയേക്കുമെന്നതാണ്.

 

പൂര്‍ണമായും നിഷ്പക്ഷമായ ഇന്‍റര്‍നെറ്റ് സംവിധാനത്തില്‍, രണ്ടു കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒരു വീഡിയോ-അധിഷ്ഠിത വിദ്യാഭ്യാസ സര്‍വീസ് തുടങ്ങണമെങ്കില്‍ തങ്ങളുടേതായ ഒരു വെബ്സൈറ്റ് ഉണ്ടാക്കി അനായാസമായി ആരുമായും മല്‍സരിക്കാവുന്നതേയുള്ളൂ. എന്നാല്‍, കൃത്യമായ നിഷ്പക്ഷതാ ചട്ടങ്ങള്‍ ഇല്ലെങ്കില്‍ ഫേസ്ബുക്ക് പോലെയുള്ള ഒരു സൈറ്റിന് ലഭിക്കുന്നത്ര വേഗതയുള്ള ഇന്‍റര്‍നെറ്റ് ലഭിക്കണമെങ്കില്‍ അവര്‍ക്ക് ചിലപ്പോള്‍ വന്‍തോതില്‍ പണം കൊടുക്കേണ്ടി വരും.  അവരുടെ വേഗം കുറഞ്ഞ സര്‍വീസ് നന്നായി നടന്നെങ്കില്‍ പോലും ആളുകള്‍ വേഗത കൂടിയ, കൂടുതല്‍ പൊലിമയുള്ള സൈറ്റുകളിലേക്ക് ആകൃഷ്ടരാകും. അങ്ങനെ, ഈ യുവ സംരഭകര്‍ ക്രമേണ പിന്‍വലിയുകയും ചെയ്യും. ഇതിനെക്കുറിച്ച് മനസ്സിലാക്കിയ അടുത്ത തലമുറയിലെ കുട്ടികള്‍ ഇത് ചെയ്തുനോക്കാന്‍ പോലും ധൈര്യപ്പെടുകയില്ല. വര്‍ഷങ്ങളായി ഇന്‍റര്‍നെറ്റിന്റെ മുഖമുദ്രയായ പരീക്ഷണ സ്വഭാവം അതിനു നഷ്ടപ്പെടുകയാവും ഇതിന്റെയെല്ലാം അന്തിമ ഫലം.

 

ഈ തകര്‍ച്ച ഒരു രാത്രികൊണ്ടുണ്ടാകുകയില്ല. എന്നാല്‍ ഒരിക്കല്‍ സംഭവിച്ചു കഴിഞ്ഞാല്‍ അത് തിരുത്താന്‍ പ്രയാസമാവും.

 

3. നെറ്റ് നിഷ്പക്ഷത ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റിന്റെ വളര്‍ച്ച തടസപ്പെടുത്തും.

 

ഇന്‍റര്‍നെറ്റ് കമ്പനികളുടെ നടത്തിപ്പിനെ തങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിച്ചാല്‍ അവര്‍ ബ്രോഡ്ബാന്‍ഡ് വികസിപ്പിക്കുന്നത് ഇല്ലാതായെങ്കിലോ എന്നു ഭയന്നായിരുന്നു പണ്ടൊക്കെ എഫ്സിസി കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത്. അമേരിക്കയിലെ മിക്കയിടങ്ങളിലും ഒന്നോ രണ്ടോ ഇത്തരം കമ്പനികള്‍ മാത്രം ഉണ്ടായിരുന്ന അക്കാലത്ത് ഈ ഭയം ആസ്ഥാനത്തല്ലായിരുന്നു താനും. എന്നാലിന്ന് സാഹചര്യം ഏറെ മാറിയിരിക്കുന്നു. കാന്‍സാസ് സിറ്റിയിലെ ഗൂഗിള്‍ ഫൈബര്‍ കണക്ഷന്‍ മുതല്‍ ടെന്നീസീയിലെ ചാറ്റനൂഗയിലെ മുനിസിപ്പല്‍ ബ്രോഡ് ബാന്‍ഡ് വരെയുള്ള നിരവധി പുതിയ നെറ്റ് വര്‍ക്കുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുളില്‍ വന്നുകഴിഞ്ഞു. നാം ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന ഇന്‍റര്‍നെറ്റിനെക്കാള്‍ വേഗത കൂടിയ ഒരു ജിബി വരെ സ്പീഡുള്ള കണക്ഷനുകള്‍ നല്കാന്‍ അവയ്ക്കു കഴിയും. ഈ ന്യൂജനറേഷന്‍ കണക്ഷനുകള്‍ വ്യാപകമല്ലെങ്കില്‍ കൂടി ഇപ്പോഴത്തെ വന്‍കിട  കമ്പനികള്‍ക്ക് ഈ രംഗം എക്കാലവും കുത്തകയാക്കി വെയ്ക്കാനാവില്ലെന്ന കാര്യം ഈ മാറ്റങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

 

4. വമ്പന്‍ കോര്‍പ്പറേറ്റുകള്‍ തമ്മിലുള്ള കിടമല്‍സരമാണ് നെറ്റ് നിഷ്പക്ഷത പ്രശ്നത്തിന് പിന്നില്‍.

 

“ഈ കണക്ഷന്‍ പൈപ്പുകള്‍ സൌജന്യമായി ഉപയോഗിക്കാം എന്നു ഗൂഗിളോ യാഹുവോ വോനേജോ മറ്റാരെങ്കിലുമോ കരുതുന്നുണ്ടെങ്കില്‍ അത് വിഡ്ഢിത്തമാണ്” എന്നാണ് എസ്ബിസി കമ്മ്യൂണിക്കേഷന്‍സിന്റെ തലവന്‍ 2005ല്‍ പറഞ്ഞത്. നിഷ്പക്ഷത ബിഗ് കണ്ടെന്‍റും ബിഗ് ടെലികോമും തമ്മിലുള്ള മത്സരമാണെന്ന ധാരണ പരത്തിയത് ഇത്തരത്തിലുള്ള സംസാരങ്ങളാണ്.

 

ഫ്രീ പ്രസ്, കണ്‍സ്യുമേഴ്സ് യൂണിയന്‍ തുടങ്ങിയ കൂട്ടായ്മക്‍ളുടെയും റെഡിറ്റിന്റെ അലെക്സിസ് ഒഹാനിയന്‍, ക്രയ്ഗ്സ്ലിസ്റ്റിന്റെ ക്രയ്ഗ് ന്യൂമാര്‍ക് മുതലായ സാങ്കേതികരംഗത്തെ നേതാക്കളുടെയും പിന്തുണയോടെ ഒരു നിഷ്പക്ഷ ഇന്‍റര്‍നെറ്റ് എന്ന ആശയം സജീവമായ ചര്‍ച്ചാവിഷയമായി കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നിലര്‍ത്തുന്നത് ഓണ്‍ലൈന്‍ ലോകത്തെ സാധാരണക്കാരാണ്. വളരെ സാങ്കേതികവും ദുര്‍ബലമായി തോന്നുന്നതുമായ വാദങ്ങളെ മൂല്യങ്ങളെക്കുറിച്ചുള്ള ഒരു സംവാദമാക്കി മാറ്റാന്‍ ഇവര്‍ക്ക് കഴിഞ്ഞു. 1980-കളുടെ അവസാനം വേള്‍ഡ് വൈഡ് വെബ്ബിന് രൂപം നല്കിയ സര്‍ റ്റിം ബെര്‍നേഴ്സ്-ലീ ഒരു ശക്തനായ നിഷ്പക്ഷതാ വാദിയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്വതന്ത്രമായും സൌജന്യമായും ഇന്റ്റര്‍നെറ്റിലേക്കെത്താന്‍ എല്ലാവര്‍ക്കും സാധിക്കുക എന്നത് ഇന്‍റര്‍നെറ്റിന്റെയും ഇപ്പോള്‍ അതിന്മേല്‍ പടുത്തുയര്‍ത്തിയിരിക്കുന്ന സമൂഹത്തിന്റെയും തന്നെ ഒരടിസ്ഥാന സാമൂഹ്യ അടിത്തറയാണ്. 

ബെസ്റ്റ് ഓഫ് അഴിമുഖം

ഇന്റര്‍നെറ്റില്‍ പോര്‍ണോഗ്രാഫി ഉണ്ടെന്നറിയാത്ത കുട്ടികളുണ്ടോ?
ഫേസ്ബുക്ക് ഭൂതകാലം നിങ്ങളെ വേട്ടയാടുന്നോ? പോംവഴി ഇതാ
തരൂരിനും വേണം സ്വകാര്യത, അത് ട്വിറ്ററിലായാലും
സോഷ്യല്‍ മീഡിയയില്‍ സൌഹൃദങ്ങള്‍ നെയ്യുന്നവര്‍
ഫേസ്ബുക്കിലെ അമ്മമാര്‍ ശല്യക്കാരോ?

നെറ്റ് നിഷ്പക്ഷത വലിയൊരളവുവരെ പൊതുജനശ്രദ്ധ നേടിയിട്ടുണ്ട്. ‘തീവ്രമായി ഈ പ്രശ്നത്തെ സമീപിക്കുന്നതിനാല്‍ പുറത്തു കൂടിനിന്നിരുന്നവര്‍ക്ക്’ കഴിഞ്ഞ മാസം ജനങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം എഫ്സിസി ചെയര്‍മാന്‍ ടോം വീലര്‍ നന്ദി പറഞ്ഞിരുന്നു. ഇന്റെര്‍നെറ്റിന്റെ ഭാവി എന്താവുമെന്നതിനെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടുള്ള ഒരു ഫോണ്‍ കോള്‍ തന്റെ അമ്മയില്‍ നിന്നും ലഭിച്ചുവെന്ന് എഫ്സിസി കമ്മീഷണര്‍ മിഗ്നോന്‍ ക്ലൈബേണ്‍ പറഞ്ഞു. തന്റെ 16 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഒരിയ്ക്കലും ഒരൌദ്യോഗിക വിഷയത്തെക്കുറിച്ച് തന്റെ അമ്മ സംസാരിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്റെ അവരുടെ കോള്‍ ഈ വിഷയത്തില്‍ രാജ്യമൊട്ടാകെയുള്ള ആയിരക്കണക്കിന് സാധാരണ ഉപഭോക്താക്കളുടെ ആശങ്കകളും താല്പര്യവുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ക്ലൈബേണ്‍ അഭിപ്രായപ്പെട്ടു.

 

 

5. ഇന്‍റര്‍നെറ്റ് ഒന്നുകില്‍ നിഷ്പക്ഷമാണ്. അല്ലെങ്കില്‍ തീര്‍ത്തും അല്ല.

 

ഇതൊരിക്കലും സത്യമല്ല. നെറ്റ് നിഷ്പക്ഷതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ പോലും അതിന്റെ പല നിര്‍വചനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. വെബ് പേജുകളിലെ ട്രാഫികിനെ ഈ-മെയിലിലേത് പോലെ തന്നെ കാണണം എന്നതാണ് ചിലര്‍ക്ക് നിഷ്പക്ഷത. എന്നാല്‍, മറ്റ് ചിലര്‍ക്കാകട്ടെ എല്ലാ ഇന്‍റര്‍നെറ്റ് വിവരങ്ങളും ഒരേ പോലെ തന്നെ കൈകാര്യം ചെയ്യുകയാണ് നിഷ്പക്ഷതയുടെ ലക്ഷ്യം. ഇന്‍റര്‍നെറ്റ് കമ്പനികള്‍ ചില സേവനങ്ങളോ സൈറ്റുകളോ തടയുന്നതു നിരോധിക്കുന്നതാണ് മറ്റ് ചിലരുടെ കാഴ്ചപ്പാടില്‍ നിഷ്പക്ഷത.

 

നെറ്റിലെ ട്രാഫിക് സുഗമമായി നിലനിര്‍ത്തുന്നതിനായി ഇന്റെര്‍നെറ്റിന്റെ സാങ്കേതിക നിര്‍വഹണം നടത്തുന്ന നെറ്റ് വര്‍ക് എഞ്ചിനീയര്‍മാരെ നിരന്തരമായി നിയോഗിക്കുന്നുണ്ട്. നെറ്റ് വര്‍ക് ഡിസൈന്‍ എല്ലായ്പ്പോഴും ഒത്തുതീര്‍പ്പുകളുടെ കളിയാണെന്ന് വു കൂട്ടിച്ചേര്‍ക്കുന്നു. വ്യക്തമായി പക്ഷം പിടിക്കാവുന്ന പ്രശ്നമല്ല നിഷ്പക്ഷതയുടേത്. ഇതില്‍ പങ്കെടുക്കുക എന്നാല്‍, അതിന്റെ അവ്യക്തതകളെ കൂടി ഏറ്റെടുക്കുക എന്നാണ്.

 

Scola is a journalist covering technology and politics. Starting this month, she’ll be joining The Washington Post to write for the Switch, a blog on technology and policy.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍