UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിര്‍ത്താം ഈ സദാചാര വിചാരണകള്‍; അവര്‍ നമ്മുടെ കുഞ്ഞുങ്ങളാണ്

Avatar

ദീപ പ്രവീണ്‍

അപമാനഭാരം കൊണ്ട് ചിലര്‍ നന്ദനയെ തലകുനിപ്പിച്ചു നിറുത്തിയത് പോലെ നമ്മളെയും പലരും നിറുത്തിയിട്ടുണ്ട്. നന്ദനയെപോലെ തന്നെ നമ്മില്‍ പലരും ആത്മഹത്യയെകുറിച്ചും ഭൂമിപിളര്‍ന്നു ഇല്ലാതായി പോകുന്നതിനെക്കുറിച്ചും ചിന്തിച്ചിട്ടുണ്ട്.

 

എന്തായിരുന്നു നമ്മിലൊക്കെ ആരോപിക്കപ്പെട്ട കുറ്റം? കുറ്റമെന്താണ് എന്നറിയാതെ വിധിക്കപ്പെടുന്ന ശിക്ഷയില്‍ ഉരുകി തീര്‍ന്നിട്ടില്ലേ നമ്മളില്‍ പലരും?

 

മറ്റുള്ളവരുടെ അളവുകോലുകൊണ്ട് അവര് അളന്നത് നമ്മുടെ ജീവിതമായിരുന്നു, ഇല്ലാതാക്കിയത് നമ്മുടെ ഇത്തിരി നിഷ്‌കളങ്കതയെ ആയിരുന്നു. കൊന്നു കളയാന്‍ ശ്രമിച്ചത് നമ്മില്‍ പലരിലും ഉണ്ടായിരുന്ന കലര്‍പ്പില്ലാത്ത നമ്മളെയായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവര്‍ ചെയ്യുന്നത് ഒരു ചേലാ കര്‍മ്മമാണ്; സദാചാരത്തിന്റെ പേരില്‍ പുറമേയ്ക്ക് ചോര പൊടിയാതെ, നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍ നിന്ന് ആഴത്തില്‍ മുറിച്ചു കളയുന്ന ‘ഹൃദയപൂര്‍വ്വം പുഞ്ചിരിക്കാനുള്ള, ലോകത്തെ അഭിമുഖീകരിക്കാനുള്ള കഴിവ്’.

 

എന്റെ അനുഭവം
അച്ഛന്റെയും അമ്മയുടേയും ഒറ്റക്കുട്ടിയായിരുന്നു ഞാന്‍. അച്ഛന്‍ ജോലി സ്ഥലത്തായിരുന്നതുകൊണ്ട് നാല് വയസ്സ് മുതല്‍ വീട്ടിലെ എല്ലാ കാര്യത്തിനും സ്വയം ഓടി നടക്കേണ്ടി വന്ന കുട്ടി. ഈ ഓട്ടപ്പച്ചിലുകള്‍ക്ക് ഇടയ്ക്ക് എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒരു ചേട്ടനുണ്ടായിരുന്നെങ്കിലെന്ന്. കടയില്‍ പോകാന്‍, സിനിമയ്ക്ക് കൊണ്ടുപോകാന്‍, കവിത ചൊല്ലിത്തരാന്‍, കൈ പിടിച്ചു കൂടെ നടക്കാന്‍, മത്സരങ്ങള്‍ക്കു കൊണ്ടുപോകാന്‍, പുതുതായി എന്ത് പഠിക്കണം എന്ന് പറയാന്‍, എനിക്ക് ഒരു കൊച്ചു കുട്ടിയെ പോലെ കയ്യില്‍ തൂങ്ങി നടക്കാന്‍ ഒരേട്ടന്‍.

 

ഈ സങ്കടങ്ങളെ ഇരട്ടിപ്പിക്കാനാണ് വീണ ജീവിതത്തിലേക്ക് വന്നത്. തിരുവനന്തപുരത്തു നിന്ന് വന്ന കൂട്ടുകാരി. അവള്‍ക്ക് പറയാനുണ്ടായിരുന്നത് മുഴുവന്‍ മംഗലാപുരത്ത് വക്കീല്‍ ഭാഗം പഠിക്കുന്ന ‘അണ്ണനെ’ക്കുറിച്ചായിരുന്നു. എന്നും കാണും അണ്ണന്‍ വിശേഷങ്ങള്‍, അണ്ണന്റെ എഴുത്തുകള്‍, അണ്ണന്‍ അവളെ മോളെന്നു വിളിക്കുന്നത്. ഞങ്ങളുടെ ഭാഗത്തു അന്ന് ചെറിയ കുട്ടികളെ, പേരോ, അല്ലെങ്കില്‍ എടി, കൊച്ചെ ഇങ്ങനെ ഒക്കെയെ വിളിക്കൂ. മോളെന്നു ഒന്നും ആരും വിളിക്കില്ല. അതുകൊണ്ട് തന്നെ ആ വിളി ഒരു പുതുമയായിരുന്നു. അവളുടെ അച്ഛനു സ്ഥലംമാറ്റം വന്ന്‍ അവരു പോയപ്പോഴും എന്റെ മനസ്സില്‍ ‘ഏട്ടന്‍’ എന്ന ശൂന്യാവസ്ഥയെ ഒരു വിങ്ങലാക്കിയാണ് അവള്‍ പോയത്.

ആയിടക്കാണ് ആ ഇന്റര്‍ യൂണിക്യാമ്പ് വന്നത്.

ആദ്യ ദിവസം പല കോളേജില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ എത്തുന്നു, പരസ്പരം പരിചയപ്പെടുന്നു. 90-കളില്‍ അതായതു പ്രീഡിഗ്രി നിലവിലുള്ള ഇന്നത്തെ ഇന്റേര്‍ണല്‍ സംവിധാനങ്ങള്‍ ‘നന്നാക്കി’ എടുക്കാത്ത ക്യാമ്പസ് കാലം. ക്യാമ്പുകള്‍ക്ക് ചില പ്രത്യേക കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പേടിയാണ്. കാരണം അവര് അവരുടെ മേല്‍ക്കോയ്മ കൊണ്ട് ക്യാമ്പ് മൂപ്പന്മാരാകും, മറ്റു കുട്ടികളെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കും.

 

ഇങ്ങനെയുള്ള പെരുമാറ്റങ്ങള്‍ക്ക് പേര് കേട്ട ഒരു കോളേജില്‍ നിന്നാണ് ആ ചേട്ടനും ചേച്ചിമാരും വന്നത്. അതുകൊണ്ട് തന്നെ ആദ്യം തോന്നിയ വികാരം പേടിയായിരുന്നു. കുട്ടികളെ ക്യാമ്പിലേക്ക് സ്വാഗതം ചെയ്ത ആദ്യ പരിപാടി, അതിനൊടുവില്‍ കുട്ടികളില്‍ ആരെയെങ്കിലും ഒരാളെ കൃതജ്ഞത പറയാന്‍ ക്യാമ്പ് ഡയറക്ടര്‍ ക്ഷണിച്ചു. പ്രസംഗ വേദികള്‍ വീക്‌നെസ്സായ പെണ്‍കുട്ടി ചാടിയെണീറ്റ് കൃതജ്ഞത പറഞ്ഞു. കൃതജ്ഞതാ കലാപരിപാടിക്കൊടുവില്‍ ഒരു പുഞ്ചിരിയോടെ ആ ഏട്ടന്‍ വന്നു ഇങ്ങോട്ട് പരിചയപ്പെട്ടു; ചോദിച്ചത് ‘മോളുടെ പേരെന്താണ്?’ എന്നായിരുന്നു.

 

ഞാന്‍ ജീവിതത്തില്‍ എന്താകാനാണോ ആഗ്രഹിക്കുന്നത് ആ കോഴ്‌സിനു പഠിക്കുന്ന, കവിതകള്‍ ചൊല്ലുന്ന, എന്റെ പ്രസംഗത്തിലെ പാളിച്ചകള്‍ പറഞ്ഞു തന്ന, എന്നെ മോളെന്നു വിളിച്ച ആ ഏട്ടന്‍, കുറച്ചു ദിവസങ്ങള്‍ കൊണ്ട്, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശൂന്യത, ജ്യേഷ്ഠസാന്നിധ്യം, അത് നികത്തിത്തരികയായിരുന്നു ആ കണ്ണടക്കാരന്‍. ആ ദിവസങ്ങളില്‍ ഏട്ടന്‍ പറഞ്ഞു, എന്റെ അനിയന്‍ എന്നെ അണ്ണാ എന്നാ വിളിക്കുന്നത്. ഞാനും അണ്ണാ എന്നാക്കി വിളി. വീണയുടെ അണ്ണനെപോലെ എനിക്കും ഒരണ്ണന്‍.

 

എന്നാല്‍ സദാചാരത്തിന്റെ കട്ടിക്കണ്ണടയുമായി അവിടെയും ഉണ്ടായിരുന്നു ഒരു സാറ്. ഒരു ദിവസം വിളിച്ചു മാറ്റി നിറുത്തി ഒരു 16 വയസ്സുകാരിയോട് ചോദിക്കാന്‍ പാടില്ലാത്ത ഭാഷയിലൊക്കെയാണ് അദ്ദേഹം എന്നെ ക്രോസ്സ് വിസ്താരം ചെയ്തത്.

 

എനിക്കന്നു നന്ദനയുടെ അതെ പ്രായം. നന്ദനയുടെത് പോലെ അപ്പുറത്തും ഇപ്പുറത്തുമായി ചെവി കൂര്‍പ്പിക്കുന്ന കുട്ടികള്‍. നന്ദന കവിതകളാണ് എഴുതിയത് എന്ന് പറഞ്ഞെങ്കില്‍, ഞാന്‍ അത് എനിക്ക് എന്റെ ഏട്ടനെ പോലെയാണ്, ഏട്ടന്റെ കവിതകളാണ് എനിക്കിഷ്ടം എന്നൊക്കെ കരച്ചിലിനിടയിലും പറയാന്‍ ശ്രമിച്ചു. സാര്‍ എന്നാല്‍ നിറുത്താന്‍ ഭാവമില്ലാതെ പിന്നെയും എന്തൊക്കയോ, ആരോടൊക്കെയോ ഉള്ള വാശി തീര്‍ക്കും പോലെ പറഞ്ഞു കൊണ്ടിരുന്നു. കരയാനല്ല നന്ദനയെപോലെ ജീവിതം ഇല്ലാതാക്കാനാണ് എനിക്കും തോന്നിയത്. ഒരു രാത്രി മുഴുവന്‍ കരഞ്ഞു തീര്‍ത്തപ്പോ എന്നെ ചേര്‍ത്ത് പിടിക്കാന്‍ എനിക്ക് ഒരു ഓപ്പോള്‍ ഉണ്ടായിരുന്നു. അതുപോലെ ആ ക്യാമ്പില്‍ ഉള്ള ഒരു ടീച്ചറും. ടീച്ചര്‍ എന്റെ അടുത്ത് വന്നിരുന്നു പറഞ്ഞു ‘പലപ്പോഴും സാറന്മാരുടെ ഉപദേശം ഒരേ അച്ചില്‍ വാര്‍ത്തതാവും. ആളും തരവും നോക്കാതെ ചിലര് ചിലതു വിളമ്പും. എനിക്കും രണ്ടു പെണ്‍കുട്ടികളാണ്, അതുകൊണ്ട് തന്നെ കുട്ടികള്‍ ആരോടെങ്കിലും അടുക്കുന്നു എന്ന് തോന്നുമ്പോ ഞാന്‍ ഒന്ന് ശ്രദ്ധിക്കാറുണ്ട്, ഒരമ്മയുടെ വേവലാതി, എന്നാല്‍ അവര്‍ക്കു നല്ല കൂട്ടുകാരുണ്ടാകുന്നതിന് ഞാന്‍ ഒട്ട് എതിരുമല്ല. കുട്ടിയുടെ മനസ്സില്‍ ഒരേട്ടന്‍ ഉണ്ടെങ്കില്‍ ആ ഏട്ടന്‍ അവിടെ തന്നെ ഇരുന്നോട്ടെ.’

 

ഒരേ ദിവസത്തെ ഒരേ വിഷയത്തോടുള്ള രണ്ടു വ്യക്തികളുടെ രണ്ടു സമീപനമാണ് ഞാന്‍ അന്ന് കണ്ടത്. ആ ടീച്ചര്‍ പറഞ്ഞതു പോലെ ഞാന്‍ എന്റെ അണ്ണനെ എന്റെ ജീവിതത്തില്‍ നിലനിര്‍ത്തി. പിന്നീട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിയായി വളരാന്‍, ഇഷ്ടമുള്ള പ്രൊഫഷന്‍ എടുക്കാന്‍, എന്റെ പാഷനുകളെ പിന്തുടരാന്‍ അങ്ങനെ എന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലെ പോസറ്റീവ് ഇന്‍ഫ്ലൂവന്‍സായി അണ്ണന്‍ എന്റെ കൂടെയുണ്ടായി. കുറെയേറെ വര്‍ഷങ്ങളില്‍ ഞാന്‍ തന്നെ തുന്നുന്ന ചുവന്ന രാഖി ഞാന്‍ അയച്ചു കൊടുക്കുമ്പോ, എന്നെ കുഞ്ഞുട്ടി എന്ന് വിളിക്കുന്ന ‘ആദരിക്കപ്പെടുന്നു ഞാനീ രക്തച്ചുവപ്പിനാല്‍ പെങ്ങളെ’ എന്ന് കുറിക്കുന്ന എന്റെ അണ്ണന്‍.

 

പിന്നീട് വിദ്യാര്‍ത്ഥി ജീവിതം തുടര്‍ന്നപ്പോഴും, അതിനു ശേഷം കുറച്ചു നാള്‍ അധ്യാപികയായപ്പോഴും പല തരത്തിലുള്ള ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തുന്ന വിദ്യാര്‍ഥി സമൂഹത്തെയും ആ ബന്ധങ്ങളെ വ്യത്യസ്ത വീക്ഷണകോണിലൂടെ കാണുന്ന, അതിനെ വ്യത്യസ്തമായി സമീപിക്കുന്ന അധ്യാപകരെയും കണ്ടിട്ടുണ്ട്.

 

ഒരാണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും ഒന്നിച്ചു കണ്ടാല്‍ വിളിച്ചു ചീത്ത പറയുന്നവര്‍, വീട്ടുകാരെ അറിയിക്കുമെന്നു ഭീഷണിപെടുത്തുന്നവര്‍, ഇതൊന്നും പോരാഞ്ഞു എക്‌സ്ട്രാ പ്രൊജക്റ്റും, അസ്സൈന്‍മെന്റും വരെ കൊടുക്കുന്നവര്‍ (വേറെ പണിയില്ലാത്തതു കൊണ്ടാണല്ലോ ഇങ്ങനെ പഞ്ചാര അടിച്ചു നടക്കുന്നത്, ആ സമയത്തു ഇരുന്ന് അസൈന്‍മെന്റ് എഴുതൂ എന്ന് വാച്യാര്‍ത്ഥം).

 

വിദ്യാഭ്യാസമേഖലയും സദാചാരവിചാരണകളും
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ ജീവിതം തുടങ്ങുന്നത് അവന്റെ കൗമാരത്തില്‍ നിന്നാണ്. അത് യൌവനാരംഭം വരെ നീളും. ഈ കാലഘട്ടത്തിലുള്ള ഒരുവന്റെ ശരിയായ മാനസിക വികാസമാണ് അവന്റെ സ്വഭാവത്തിന്റെ നട്ടെല്ലെന്നു പഠനങ്ങള്‍ തെളിയിക്കുന്നു പ്രശസ്ത മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് genital stage എന്നും എറിക് എറിക്‌സണ്‍ Identity versus role confusion stage എന്നും പറയുന്ന അഡോളസെന്‍സ് അഥവാ കൗമാരപ്രായം. ഈ കാലയളവില്‍ ഒരു വ്യക്തി ശാരീരികമായും മാനസികമായും ബൗദ്ധികമായും വളരെയധികം സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നു. പതിമൂന്നു മുതല്‍ ഏതാണ്ട് ഇരുപതുകളുടെ ആരംഭം വരെ എന്നു പൊതുവില്‍ പറയാമെങ്കിലും, അഡോളസെന്‍സ് എയ്ജ് എന്നത് വ്യക്തിനിഷ്ഠമായും സാമൂഹിക ഘടന അനുസരിച്ചും മാറാമെന്നും അത് കുട്ടികളുടെ ഹൈ റിസ്‌ക് ബിഹേവിയറല്‍ ഏരിയ ആണെന്നും ആ സമയത്ത് ഈ വ്യക്തികള്‍ക്ക് ഏറ്റവും കൂടുതല്‍ കരുതലും ഇമോഷണല്‍ സപ്പോര്‍ട്ടും നല്‍കണമെന്നുമാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ന്റെതടക്കമുള്ള പഠനങ്ങള്‍ പറയുന്നത്.

 

കേരളത്തിന്റെ നിലവിലുളള സ്ഥിതി
13 വയസ്സു മുതല്‍ 20-കളുടെ തുടക്കം വരെ ഒരു സാധാരണ കുട്ടി കടന്നു പോകുന്ന വഴികള്‍. കേരളത്തിലെ കുടുംബങ്ങള്‍ മിക്കതും ഇന്ന് അണുകുടുംബാംഗങ്ങളാണ്. അച്ഛനോ അമ്മയോ ചില സന്ദര്‍ഭത്തില്‍ രണ്ടു പേരും ജോലിക്കു പോകുന്ന, കുട്ടികളെ കേള്‍ക്കാന്‍, മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് സമയമില്ലാത്ത കുടുംബങ്ങള്‍. ജോലി എന്നത് തൊഴിലുറപ്പു പദ്ധതി തുടങ്ങി ഐറ്റി മേഖലവരെ എന്തുമാകാം. മാതാപിതാക്കള്‍ ജോലിക്കു പോയി കുട്ടികളെ നല്ല വിദ്യാഭ്യാസമുള്ളവരാക്കാന്‍ പാടുപെടുന്നു. നല്ല ഒരു കോഴ്‌സിനു അഡ്മിഷന്‍ കിട്ടുന്നതും നല്ല മാര്‍ക്ക് വാങ്ങുന്നതും ആവണം ലക്ഷ്യമെന്നും പിന്നെ കലാപരമായി എന്തെങ്കിലും ഒരു വാസന കുട്ടിക്കുണ്ടെങ്കില്‍ അതിനെ എങ്ങനെ റിയാലിറ്റി ഷോ ലെവലാക്കി മാര്‍ക്കറ്റ് ചെയ്യാം എന്നതും ഒരു അധിക (അഡിഷണല്‍) ലക്ഷ്യമായി, ബാധ്യതയായി തലയില്‍ വെച്ചു കൊടുക്കുന്ന രക്ഷിതാക്കള്‍. അങ്ങനെ ഹൈലി മത്സരാധിഷ്ഠിതമായ വിദ്യാര്‍ത്ഥി സമൂഹം. മാര്‍ക്കിന്റെയും ക്ലാസ് പെര്‍ഫോമന്‍സിന്റെയും അടിസ്ഥാനത്തില്‍ കുട്ടികളെ കാണുന്ന നല്ലൊരു വിഭാഗം അധ്യാപക സമൂഹം. കാരണം സ്‌കൂളിന്റെ, കോളേജിന്റെ പേര് നിലനിര്‍ത്തേണ്ടത് ഈ കുട്ടികളാണല്ലോ. അവരുടെ വിദ്യാഭ്യാസ, കലാ കായിക നേട്ടങ്ങള്‍ വിറ്റു വേണമല്ലോ അടുത്ത അധ്യായന വര്‍ഷം പുതിയ കുട്ടികളെ (അതോ മാതാപിതാക്കളെയോ) ആകര്‍ഷിക്കാന്‍. അതുകൊണ്ട് തന്നെ പഠന വിഷയങ്ങളില്‍ മാത്രമല്ല, ക്ലാസ് മുറിക്കു പുറത്തും ഭൂതക്കണ്ണാടിയുമായി കുട്ടികളെ സ്‌കാന്‍ ചെയ്യുന്ന അധ്യാപകര്‍. ഇതിനിടയില്‍ കുട്ടികള്‍ ഡി സ്‌ട്രെസ്സ് ചെയ്യുന്നത് വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും.

 

നമ്മുടെ കുഞ്ഞുങ്ങള്‍
മാതാപിതാക്കളുടെ അമിത പ്രതീക്ഷ, താങ്ങാനാവാത്ത പഠനഭാരം, ശാരീരികമായും മാനസികമായുമുള്ള മുതിര്‍ന്ന വ്യക്തിയിലേക്കുള്ള ട്രാന്‍സിഷന്‍, അത് കൊടുക്കുന്ന മാനസിക വ്യഥകള്‍, പോരാത്തതിന് എസ് എസ് എല്‍ സി, പ്ലസ് ടു, എന്‍ട്രന്‍സ് കടമ്പകള്‍ കൊടുക്കുന്ന അമിതഭാരം. കല്ല് എടുക്കുന്ന കൊച്ചു തുമ്പികളാണ് നമ്മുടെ കുഞ്ഞുങ്ങള്‍. അവരുടെ മനസ്സുകള്‍, അവരുടെ പ്രായത്തിനനുസൃതമായ സ്‌നേഹം/പ്രണയം തുടങ്ങിയ വികാരങ്ങളില്‍ ഏറ്റവും സ്വാഭാവികമായി ഏര്‍പ്പെടാന്‍ ഏറ്റവും സാധ്യതയുള്ള സമയമാണിത്. ആ സമയത്ത് അധ്യാപകരും മാതാപിതാക്കളും ചെയ്യേണ്ടത് അവരുടെ നല്ല കൂട്ടുകാരാവുകയാണ്. അവരെ കേള്‍ക്കുകയാണ്.

 

നമ്മള്‍ ചെയ്യേണ്ടത്
മുന്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ (ശാരീരികവും മാനസികവുമായ വിവിധ സംഘര്‍ഷങ്ങള്‍), ചില കുട്ടികളുടെ തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയെ മറ്റു ചില ഘടകങ്ങള്‍ സ്വാധീനിക്കാം. അതിനും അപ്പുറം ലൈംഗിക ചൂഷണങ്ങളും മയക്കുമരുന്ന് പോലെയുള്ള സാമൂഹിക വിപത്തുകള്‍ നിലനില്‍ക്കുന്ന സമൂഹവുമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ചില തിരഞ്ഞെടുപ്പുകള്‍ ഉചിതമല്ല എന്ന് തോന്നുകയാണെങ്കില്‍, ആ വ്യക്തിയെ ആദ്യം കേള്‍ക്കാന്‍ തയ്യാറാവുക. അവിടെ ഭയം എന്ന വികാരമാവരുത് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്ന വ്യക്തിയെ ഭരിക്കുന്നത്, മറിച്ചു നിങ്ങളില്‍ ആ വ്യക്തിക്ക് ഉണ്ടാകുന്ന വിശ്വാസമാവണം. ഭയം പലപ്പോഴും വ്യക്തിയെ തന്റെ യഥാര്‍ത്ഥ മനോവികാരം വെളിപ്പെടുത്തുന്നതില്‍ നിന്ന് അകറ്റി നിറുത്താം. അതുകൊണ്ട് തന്നെ തുറന്നു പറയുന്ന വ്യക്തി പലപ്പോഴും ശ്രോതാവിനു അംഗീകരിക്കാവുന്ന ഉത്തരങ്ങളായായി തന്റെ മറുപടികളെ മാറ്റാം. അതുകൊണ്ട് കുട്ടികള്‍ നിങ്ങളെ വിശ്വസിക്കുന്ന മാതാപിതാക്കളും അധ്യാപകരുമാവുക. അവരെ വ്യക്തികളായി കാണുക. നിങ്ങള്‍ ഒരു വ്യക്തിയോടാണ് സംസാരിക്കുന്നത് എന്ന് ഒരിക്കലും മറക്കാതിരിക്കുക. പ്രായം അല്ല ഒരു മനുഷ്യന്റെ പക്വത നിര്‍ണ്ണയിക്കുന്നത്, അവന്റെ അനുഭവങ്ങളും ചിന്തകളും സൗഹൃദങ്ങളുമാണ്. വ്യക്തിബന്ധങ്ങള്‍ ഉണ്ടാവട്ടെ, പ്രണയങ്ങള്‍, പ്രണയ തകര്‍ച്ചകള്‍ ഉണ്ടാവട്ടെ, അതില്‍ നിന്ന് അവര്‍ ഫിനിക്‌സ് പക്ഷികളെ പോലെ ഉയര്‍ത്തെണീക്കട്ടെ. അവര്‍ കഥയും കവിതയും എഴുതട്ടെ. കുട്ടികള്‍ ആത്മവിശ്വാസമുള്ളവരാകട്ടെ. അപ്പോള്‍ അവര്‍ മൊബൈല്‍ ഫോണ്‍ മാറ്റി വെച്ചു നിങ്ങളോടു സംസാരിച്ചു തുടങ്ങും. അപ്പൊ നമ്മളും മാറ്റി വെക്കണം അവര്‍ക്കായി നമ്മുടെ സമയം. എല്ലാറ്റിനും ഉപരിയായി എന്റെ അണ്ണന്‍ എനിക്കായി എഴുതാറുള്ള കത്തുകള്‍ അവസാനിപ്പിക്കുന്ന വരി ഞാനും കുറിക്കുന്നു.

 

എത്ര വളര്‍ന്നാലും മനസ്സിലെ ഇത്തിരി നിഷ്‌കളങ്കത കൈവിടാതിരിക്കുക.

(നിയമത്തിലും (എം ജി യൂണിവേഴ്‌സിറ്റി) ക്രിമിനോളജിയിലും (സ്വാന്‍സി യൂണിവേഴ്‌സിറ്റി, യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോള്‍ വെയില്‍സില്‍ താമസിക്കുന്നു. സ്വാന്‍സി യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് അസോസിയേറ്റായും ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന Llanelli  Womens  Aid ട്രസ്റ്റിയായും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്).

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍