UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എത്ര കുട്ടികളാണ്…, എന്താണ് നമ്മുടെ അധ്യാപകരുടെ സെന്‍സിബിലിറ്റിക്ക് സംഭവിക്കുന്നത്

Avatar

സഫിയ ഒ.സി

സ്കൂളിലെ പ്രധാനാധ്യാപിക ‘അപമാനിച്ചു’ എന്നതിന്റെ പേരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മൂവാറ്റുപുഴ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ നന്ദന എന്ന വിദ്യാര്‍ഥിനി സെപ്തംബര്‍ 6-നാണ് മരണത്തിനു കീഴടങ്ങിയത്. ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിലാണ് നന്ദനയുടെ മരണം സംഭവിച്ചത് എന്നത് തികച്ചും യാദൃശ്ചികം.

ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒരു ലക്ഷത്തില്‍ 25 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ദേശീയ ആത്മഹത്യാ നിരക്ക് ഒരു ലക്ഷത്തില്‍ 10.6 എന്ന തോതിലാണ്. ഓരോ വര്‍ഷവും കേരളത്തില്‍ ശരാശരി 9000 പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട്. അതോടൊപ്പം ഗൌരവതരമായി കാണേണ്ട കാര്യം കേരളത്തില്‍ കുട്ടികളുടെ ആത്മഹത്യാ നിരക്ക് കൂടിവരുന്നു എന്നതാണ്.

മാര്‍ക്ക് കുറഞ്ഞതുകൊണ്ട് ടീച്ചര്‍ വഴക്ക് പറഞ്ഞതിന് മലപ്പുറത്ത്‌ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് അടുത്തകാലത്താണ്. പത്താം ക്ലാസ്സുവരെ ഒരു സ്കൂളില്‍ പഠിച്ച മകളെ പ്ലസ് വണ്ണിന് സ്കൂള്‍ മാറ്റി ചേര്‍ത്തതിനാണ് അധ്യാപക ദമ്പതികളുടെ ഏക മകള്‍ വടകരയില്‍ ആത്മഹത്യ ചെയ്തത്. റാഗിംഗ് ഭയന്നും സെക്സ് റാക്കറ്റിന്റെ വലയില്‍ പെട്ടുമൊക്കെ കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ആഗ്രഹിച്ച സാധനങ്ങള്‍ രക്ഷിതാക്കള്‍ വാങ്ങിച്ചുകൊടുക്കാത്തതിന്റെ പേരിലും പരീക്ഷ റിസള്‍ട്ടിനെ ഭയന്നും കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഏറെ ചര്‍ച്ച ചെയ്ത കോന്നി പെണ്‍കുട്ടികളുടെ തിരോധാനത്തിനും മരണത്തിനും പിന്നിലെ യഥാര്‍ത്ഥ കാരണം നമുക്കിപ്പോഴും അജ്ഞാതമാണ്. കുറച്ചുനാള്‍ മുന്‍പ് ആലപ്പുഴയിലെ ഒരു സ്കൂളില്‍ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. സായ് സ്പോര്‍ട്സ് സ്കൂളില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതും ഈ അടുത്തകാലത്താണ്. മറ്റു അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കുട്ടികളില്‍ ചിലരുടെ രക്ഷിതാക്കളുടെയും മുന്നില്‍ വെച്ച് പ്രധാനാധ്യാപിക മാനസികമായി പീഡിപ്പിച്ചു എന്നതാണ് ആ കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍.

പരീക്ഷ ഹാളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാനായി ബാഗ് പരിശോധിച്ചപ്പോള്‍ നന്ദനയുടെ ബാഗില്‍ നിന്ന് പ്രണയലേഖനം കണ്ടെടുത്തെന്നും അതിനെക്കുറിച്ച്‌ സ്റ്റാഫ്‌ റൂമില്‍ വിളിച്ചുവരുത്തി അന്വേഷിച്ചതേയുള്ളൂ എന്നുമാണ് സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നത്. ഈ സംഭവം നമ്മുടെ പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും അധ്യാപികയുടെ സസ്പെന്‍ഷനില്‍ കലാശിക്കുകയും ചെയ്തു. അധ്യാപികയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും കേള്‍ക്കുന്നു. 

എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ ആത്മഹത്യ ഒരു രക്ഷാമാര്‍ഗ്ഗമായി തിരഞ്ഞെടുക്കുന്നത്? അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ കുറ്റപ്പെടുത്തലുകളെ നേരിടാനുള്ള മാനസികമായ കരുത്ത് കുട്ടികള്‍ക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? ആരാണ് കുഞ്ഞുങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്? കുടുംബ ഘടനയില്‍, സാമ്പത്തിക സ്ഥിതിയില്‍, ജീവിത ശൈലിയില്‍, വിദ്യാഭ്യാസ മേഖലയില്‍ ഒക്കെ ഉണ്ടാകുന്ന മാറ്റങ്ങള്‍, നേട്ടങ്ങള്‍ മാത്രമല്ല നമുക്ക് സമ്മാനിച്ചത്‌ എന്നത് തന്നെയാണ് ഇത് തെളിയിക്കുന്നത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ കുട്ടികളാണ് പലപ്പോഴും അതിന് ഇരകളാകുന്നത്.

ഉയര്‍ന്ന വിദ്യാഭ്യാസ നിരക്കും സാക്ഷരതാ നിരക്കുമുള്ള സംസ്ഥാനമാണ് കേരളം. ഒരു വ്യക്തി മൂന്നോ നാലോ വയസ്സില്‍ തുടങ്ങി ഇരുപതോ ഇരുപത്തിരണ്ടോ വര്‍ഷങ്ങള്‍ നീളുന്ന വിദ്യാഭ്യാസ ജീവിതത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് അധ്യാപകരോടൊത്താണ്. അതുകൊണ്ട് തന്നെ അച്ഛനമ്മമാരോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് അധ്യാപകര്‍ക്കും നല്ലൊരു പങ്കുണ്ട്. സമൂഹത്തില്‍ ഏറ്റവും വിശിഷ്ടമായ ജോലിയായിട്ടാണ് അധ്യാപനത്തെ കണ്ടിരുന്നത്‌. അധ്യാപകര്‍ മാര്‍ഗ്ഗദര്‍ശികളും മാതൃകകളുമായിരുന്നു. സിലബസ് മാത്രമല്ല പഠിപ്പിച്ചിരുന്നത്, അതിജീവിക്കാനും മുന്നേറാനുമുള്ള കരുത്തുകൂടിയായിരുന്നു അവര്‍ പകര്‍ന്നു കൊടുത്തിരുന്നത്. ഒരു നാടിന്റെ സാംസ്കാരിക സ്പന്ദനങ്ങള്‍ തന്നെയായിരുന്നു അധ്യാപകര്‍. ഇന്നും അത്തരം അധ്യാപകര്‍ ഇല്ലെന്നല്ല, മറിച്ച് അധ്യാപനം വെറും ഒരു തൊഴില്‍ മാത്രമായി ചുരുങ്ങുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. തന്‍റെ മുന്നിരിക്കുന്ന വിദ്യാര്‍ഥികളുടെ ഉള്ളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സ്പര്‍ശിക്കാന്‍ കഴിയാത്ത വിധത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ അകലം വര്‍ധിക്കുന്നുണ്ട്. കാലത്തിനനുസരിച്ച് സ്വയം അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തതതും അദ്ധ്യാപകര്‍ നേരിടുന്ന മുഖ്യ പ്രശ്നമാണ്. 

നന്ദന ചെയ്ത തെറ്റെന്താണ്? സ്കൂള്‍ അധികൃതര്‍ പറയുന്നത് നന്ദനയെ അപമാനിച്ചിട്ടില്ല, ബാഗില്‍ നിന്ന് കണ്ടെത്തിയ എഴുത്തിനെ കുറിച്ചു ചോദിച്ചിട്ടേയുള്ളൂ എന്നാണ്. നന്ദനയ്ക്ക് അത്തരം ബന്ധങ്ങളൊന്നും ഇല്ലെന്നും അവള്‍ എഴുതിയ എന്തെങ്കിലും കുറിപ്പുകളാവും അവര്‍ കണ്ടെടുത്തതെന്നും നന്ദനയുടെ അച്ഛനും പറയുന്നു. അഥവാ നന്ദന എഴുതിയത് പ്രണയലേഖനമാണെങ്കില്‍ തന്നെ നന്ദനയുടെ പിതാവ് ആരോപിക്കുന്നതുപോലെ ‘ഇതുപോലെ അഭിസാരികയായി നടക്കുന്നതിനേക്കാള്‍ ഭേദം പോയി ചത്തൂടെ’ എന്ന് അധ്യാപിക ചോദിച്ചിട്ടുണ്ടെങ്കില്‍, ആ അധ്യാപികയുടെ സെന്‍സിബിലിറ്റിയ്ക്ക് കാര്യമായ തകരാറുണ്ട് എന്നു തന്നെ വേണം കരുതാന്‍.  

കൌമാര പ്രായത്തില്‍ എതിര്‍ ലിംഗത്തില്‍പ്പെട്ടവരോട് ഇഷ്ടമോ ആകര്‍ഷണമോ തോന്നുക സ്വാഭാവികമാണ്. അതില്‍ പലതും സ്കൂള്‍ പഠനകാലത്തോടെ അവസാനിക്കുകയും ചെയ്യാറാണ് പതിവ്. അങ്ങനെയൊന്നും തോന്നാത്തവര്‍ ഉണ്ടാവുമോ എന്നതും സംശയമാണ്. പഠനത്തെയും ജീവിതത്തെയും ബാധിക്കുന്ന രീതിയില്‍ അത്തരമൊരു ബന്ധത്തില്‍ കുട്ടികള്‍ പെട്ടുപോകുന്നുണ്ടെങ്കില്‍ കുട്ടികളോട് അവരുടെ വിശ്വാസം ആര്‍ജ്ജിച്ച് സ്നേഹത്തോടെ മാന്യമായി സംസാരിക്കുകയാണ് വേണ്ടത്.  ഒരു കൌമാര പ്രണയമായി അതിനെ അതിന്റെ വഴിക്ക് വിടുകയോ അല്ലെങ്കില്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു കാര്യങ്ങള്‍ അറിയിക്കുകയോ ചെയ്യാം. നമ്മുടെ നടപ്പുരീതിവെച്ച് പ്രണയിക്കുന്നതും പ്രണയ ലേഖനം എഴുതുന്നതുമൊക്കെ അക്ഷന്തവ്യമായ തെറ്റാണ്. ഇവിടെ ഈ അധ്യാപികയും അത്തരമൊരു പൊതുബോധത്തിന്റെ സൃഷ്ടിയാണ്. നന്ദനയുടെ അച്ഛന്‍ ആരോപിക്കുന്നത് പോലെയുള്ള വാക്കുകള്‍ ആ അധ്യാപികയില്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ സ്കൂളുകളില്‍ മാനസിക വൈകാരിക സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും കൌണ്‍സിലിംഗ് കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് പറയേണ്ടി വരും.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍