UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ക്ക് നമ്മളല്ലാതെ ആരാണുള്ളത്? ഒരധ്യാപികയ്ക്ക് പറയാനുള്ളത്

Avatar

വിനീത മോഹന്‍

 

നമ്മള്‍ അങ്ങനെയാണ്. പലപ്പോഴും വിഷയം പഠിക്കാന്‍ ആരംഭിക്കുന്നത് ആപത്ഘട്ടത്തിലായിരിക്കും. കതിരിന്മേല്‍ വളം വയ്ക്കുന്നതുപോലെ ഒരു പഠനം. പാരിസ്ഥിതിക വിഷയങ്ങളിലും നമ്മുടെ കുട്ടികളെ മനസ്സിലാക്കുന്ന വിഷയത്തിലും ഒക്കെ ഇതേ നിലപാട് നമ്മള്‍ തുടരും. അതിന്റെ ചൂര് കുറയുമ്പോള്‍ നമ്മുടെ പഠനവും തീരും. പിന്നെയും വഴി പഴയതുതന്നെ. ഗ്രാമഫോണ്‍ പാടുന്നപോലെ ഇതിങ്ങനെ പാടിക്കൊണ്ടേയിരിക്കും.

 

ഒരു കൗമാരക്കാരിയുടെ പുസ്തകത്താളുകള്‍ക്കുള്ളില്‍ ഒരു പ്രണയലേഖനം കണ്ടാല്‍ എങ്ങനെയാകണം ഒരു അധ്യാപിക /അധ്യാപകന്‍ പ്രതികരിക്കേണ്ടത്? എഴുതിയത് കവിത എന്ന് അവള്‍ പറയുമ്പോള്‍ മുഖവിലക്കെടുക്കാന്‍ അധ്യാപകര്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ല?

 

നമ്മള്‍ പഠിപ്പിക്കുന്ന പാഠങ്ങളിലെല്ലാം പ്രണയം വാഴ്ത്തപ്പെട്ടതാണ്. അതേ സമയം, നമ്മള്‍ കൊടുക്കുന്ന മൂല്യബോധനങ്ങളെല്ലാം പെണ്‍കുട്ടികള്‍ എങ്ങനെ അവരുടെ സദാചാരം സ്വയം സംരക്ഷിക്കണമെന്നുള്ള ഉത്‌ബോധനങ്ങളും. അവിടെ പ്രണയത്തെ കുറിച്ച് ഉദാത്തമായ പാഠപുസ്തക ക്ലാസ് ആണെങ്കില്‍ ജീവിതത്തില്‍ പഠിപ്പിക്കുന്നത് ചതിക്കുഴികളെക്കുറിച്ചുമായിരിക്കും.

 

ഈ വൈരുധ്യങ്ങള്‍ നമ്മുടെ സാമൂഹിക ബോധത്തിന്റെ സമസ്ത മേഖലകളിലും കാണാം. പ്രണയവും നന്മയും ത്യാഗവും നമുക്കിഷ്ടമാണ്; പുസ്തകങ്ങളിലും സിനിമകളിലും ആണെന്നു മാത്രം. പക്ഷെ ജീവിതത്തില്‍ നമ്മള്‍ പഠിപ്പിക്കുക പ്രായോഗിക ബുദ്ധി ഉപയോഗിക്കാനാണ്. ഇതാണ് നമ്മുടെ ശൈലി, എല്ലാറ്റിലും. പലപ്പോഴും ചെറിയ ക്ലാസ്സുകളില്‍ കൊടുക്കുന്ന മൂല്യബോധനം മതാധിഷ്ഠിതമാണ്. മതത്തിന്റെ പ്രത്യേകത വിശ്വാസമാണ്, അനുസരണയാണ്. ഒരവസരമെത്തുമ്പോള്‍ ചോദ്യം ചോദിക്കുന്നത് അവസാനിപ്പിക്കുന്ന അനുസരണ. അനുസരണയുള്ള കുഞ്ഞാടുകളായി മാറുമ്പോള്‍ ഒരു കാര്യം മറക്കരുത്; ശാസ്ത്രീയ അവബോധം ഭരണ ഘടനയില്‍ രേഖപ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഇന്ത്യ എന്നത്.

 

എങ്ങനെയാണ് നമ്മള്‍ അധ്യാപകര്‍ കൗമാരക്കാരെ സമീപിക്കേണ്ടത്? കൗമാരത്തില്‍ മനസ്സുകൊണ്ടെങ്കിലും പ്രണയിക്കാത്തവര്‍ എവിടെയാണുണ്ടാകുക? അത് വളര്‍ച്ചയുടെ ഘട്ടത്തില്‍ സ്വാഭാവികമല്ലേ? പക്ഷെ ഇന്നത്തെ സാങ്കേതിക വിദ്യയുടെ ദുരുപയോഗ സാധ്യതയും കുട്ടികളിലെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന ഒരു ന്യൂനപക്ഷത്തേയും നമുക്ക് അവഗണിക്കാനുമാകില്ല. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് അധ്യാപകര്‍ മിടുക്ക് കാണിക്കേണ്ടത്. അവരുടെ പ്രശ്‌നത്തെ പൊതുമധ്യത്തിലേക്കു വലിച്ചിഴക്കാതെ ഒരു രക്ഷിതാവിനെപ്പോലെ ചര്‍ച്ച ചെയ്യാനും ശാസിക്കാനും ഉള്ള ഒരു ബന്ധം വിദ്യാര്‍ത്ഥിയോട് സ്ഥാപിക്കാന്‍ അധ്യാപകനോ/അധ്യാപികക്കോ സാധിക്കണം. കാരണം വിദ്യാര്‍ത്ഥികള്‍ ഏറ്റവും സമയം ചെലവിടുന്നത് നമ്മള്‍ അധ്യാപകരോടൊപ്പമാണ്.

ഓരോ അധ്യാപകര്‍ക്കും തന്റെ മുന്നില്‍ ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും വരുന്നവര്‍ ആണ്. ഇവന്റ് മാനേജ്മന്റ് ടീമിനൊപ്പവും കാറ്ററിങ് സര്‍വീസും നടത്തി രാത്രിയോളം പണി ചെയ്തു പിറ്റേന്ന് ക്ലാസ്സിലെത്തുന്ന കുട്ടി. ക്ലാസ് സമയം കഴിഞ്ഞു തുണിക്കടകളിലും മറ്റും പണി ചെയ്തു കുടുംബത്തെ സഹായിക്കുന്ന എത്രയോ കുഞ്ഞുങ്ങള്‍. ഒരേ വാര്‍പ്പ് മാതൃക ഇവര്‍ക്ക് ചേരില്ല. അച്ഛന്‍ അകാല ചരമം അടഞ്ഞപ്പോള്‍ ദുഃഖം സഹിക്കാനാകാതെ സഹോദരി ആത്മഹത്യ ചെയ്യുകയും അമ്മ മാനസിക വിഭ്രാന്തിക്ക് അടിമയായി പോകുകയും ചെയ്യുന്നതു കണ്ടു നില്‍ക്കേണ്ടി വന്ന എന്റെ പ്രിയ ശിഷ്യയെ ഒന്ന് ചേര്‍ത്ത് നിര്‍ത്തുകയും പ്രശ്‌നങ്ങള്‍ നിന്റേതു മാത്രമല്ല എന്റേത് കൂടി ആണ് എന്ന് പറയുമ്പോള്‍ അവളുടെ ആരൊക്കെയോ ആകുകയാണ് നമ്മള്‍.

 

കൗമാര കാലം ഏറ്റവും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട പ്രായമാണ്. കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പരിഹരിക്കുന്നത് എങ്ങനെ എന്ന് അധ്യാപകര്‍ മനസിലാക്കണം. അതിനു വേണ്ട പരിശീലനം നല്‍കേണ്ടത് അനിവാര്യമാണ്. തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷത്തില്‍ പെണ്‍കുട്ടികളെ സാരി ഉടുക്കാന്‍ അനുവദിച്ചു. അതേ സമയം ആണ്‍കുട്ടികള്‍ മുണ്ട് ഉടുക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. ഇത്തരം വിലക്കുകളുടെ വലിയ രൂപമാണ് ഉത്തരേന്ത്യയിലെ ദുരഭിമാനകൊലകള്‍.

 

അച്ചടക്കം എന്നതു പട്ടാള ചിട്ടയായി തെറ്റിദ്ധരിക്കുകയാണ് പല അധ്യാപകരും ചെയ്യുന്നത്. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ അഭിപ്രായത്തില്‍ അച്ചടക്കം എന്നത് സ്വയം പഠിക്കാനുള്ളതാണ്. അനുകരിക്കുന്നതോ അടിച്ചേല്‍പ്പിക്കുന്നതോ അല്ല. എങ്ങോട്ടു നോക്കണം എന്ന് പറയാനുള്ള അധികാരം മാത്രമാണ് അധ്യാപകര്‍ക്കുള്ളത്; അല്ലാതെ എന്ത് കാണണം എന്ന് നിര്‍ബന്ധിക്കാന്‍ അവകാശമില്ല. തെളിഞ്ഞ ബുദ്ധിയും ആകാംഷയും ഉള്ള കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ളതു നോക്കട്ടെ. അവരുടെ ചിന്തകളുടെ കടിഞ്ഞാണ്‍ അവര്‍ക്കു തന്നെ നല്‍കുക.

 

ശിഷ്യരെ തുല്യരായി കാണണം എന്നതിനര്‍ത്ഥം എല്ലാവരെയും ഒരേ കണ്ണട വച്ച് നോക്കണം എന്നല്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പലപ്പോഴും സദാചാര പോലീസുകാരുടെ ജോലി പോലും ഗുരുക്കന്മാര്‍ ചെയ്യുന്നുണ്ട്. ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടി പ്രസവിച്ചതിന്റെ മാസക്കണക്കുകള്‍ സ്റ്റാഫ് റൂമില്‍ ചര്‍ച്ചയാകാറുണ്ട്. ഒരിക്കല്‍ ക്ലാസ്സില്‍ അധ്യാപകരുടെ സദാചാര പോലീസ് ചമഞ്ഞു കൊണ്ടുള്ള പീഡനം സഹിക്കാതെ പൊട്ടിത്തെറിച്ച പെണ്‍കുട്ടി കരഞ്ഞു പറഞ്ഞതിങ്ങനെ ‘എന്നെയും അമ്മയേയും തല്ലിച്ചതക്കാന്‍ അച്ഛനിന്നിത്രയും മതി’. ഇത്തരം ഗാര്‍ഹികാന്തരീക്ഷത്തില്‍ നിന്ന് ശ്വാസം മുട്ടി വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികളെ ധൈര്യം പകര്‍ന്നു ചേര്‍ത്ത് നിറുത്തേണ്ടത് നമ്മളല്ലാതെ മറ്റാരാണ്?

 

വിദ്യാര്‍ത്ഥികള്‍ നമ്മുടെ മക്കളാണ്. അവര്‍ക്കു തെറ്റുപറ്റാം… നമുക്കും പറ്റിയിട്ടുണ്ടല്ലോ? നമുക്കവരെ സ്‌നേഹത്തോടെ തിരുത്താം… അവര്‍ക്കു കൊടുക്കാം സ്വാതന്ത്ര്യം; ചോദ്യങ്ങള്‍ ചോദിക്കാന്‍, എതിര്‍വാദം നിരത്താന്‍, പൊട്ടിത്തെറിക്കാന്‍, ഉറക്കെ കരയാന്‍…

 

(തിരുവനന്തപുരം നിറമന്‍കര എന്‍എസ്എസ് കോളേജ് കോളേജിലെ ഫിലോസഫി അധ്യാപികയാണ്  ലേഖിക)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍