UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നന്തന്‍കോട് കൂട്ടക്കൊല; തെളിവെടുപ്പ് പൂര്‍ത്തിയായി, 90 ദിവസത്തിനകം കുറ്റപത്രം

കേഡലിനെ ഇന്നു കോടതിയില്‍ ഹാജരാക്കും

നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ ഇന്നു കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണു പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്. കേസില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചതിനാല്‍ കേഡലിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുതരാന്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെടില്ല. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

കൊലപാതകങ്ങള്‍ നടത്തിയശേഷം രക്ഷപ്പെട്ടു ചെന്നൈയില്‍ എത്തി താമസിച്ച ഹോട്ടലില്‍ നടത്തിയ തെളിവെടുപ്പിനുശേഷം പൊലീസ് സംഘം ഇന്നലെ തിരുവനന്തപുരത്ത് തിരിച്ചെത്തിയിരുന്നു. ഇവിടെ നിന്നും കൊലനടത്തിയശേഷം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബാഗ് എന്നിവ പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു.

പ്രതി കുറ്റം സമ്മതം നടത്തിയ സാഹചര്യത്തില്‍ ചില രാസപരിശോധനാഫലങ്ങള്‍ കൂടി ലഭിക്കാന്‍ ഉള്ളൂവെന്നാണു പൊലീസ് പറയുന്നത്. മറ്റു തെളിവുകളും തൊണ്ടിമുതലും കണ്ടെത്തിക്കഴിഞ്ഞു. ആവശ്യമായ തെളിവുകളെല്ലാം പൊലീസിന് കിട്ടി. ഇനി അറിയേണ്ടത് കൊലകള്‍ നടത്തിയത് ഭക്ഷണത്തില്‍ വിഷം നല്‍കിയാണോ എന്നതാണ്. അതിനായി കൊല്ലപ്പെട്ടവരുടെ ആന്തരീകാവയവങ്ങള്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ അയച്ചുകൊടുത്തിരിക്കുകയാണ്. മുറിയില്‍ അവശേഷിച്ച ഭക്ഷണത്തിന്റെ സാമ്പിളും അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായാണു കാത്തിരിക്കുന്നതെന്നു ഡിസിപി അരുള്‍ ബി കൃഷ്ണ പറഞ്ഞു.

ഈ മാസം എട്ടാംതീയതി രാത്രിയാണു മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും അടക്കം നാലുപേരെ കേഡല്‍ കൊലപ്പെടുത്തിയത്. ഇതില്‍ മൂന്നുപേരുടെ ശരീരം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയും ചെയ്തു. കൊലപാതകങ്ങള്‍ക്കുശേഷം തമ്പാനൂരില്‍ എത്തി ചെന്നൈയിലേക്കു കടന്നു. അവിടെ ഒരു ദിവസം താമസിച്ചശേഷം തന്നെ പൊലീസ് തിരയുന്നുണ്ടെന്നു മനസിലാക്കി പിടികൊടുക്കാനായി തിരികെ എത്തിയപ്പോഴാണു തമ്പാനൂരില്‍വച്ച് പൊലീസ് കേഡലിനെ അറസ്റ്റ് ചെയ്യുന്നത്.

ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണു കൊലകള്‍ നടത്തിയെന്നായിരുന്നു പ്രതി ആദ്യം മൊഴി നല്‍കിയത്. പിന്നീട് വീട്ടില്‍ നിന്നുള്ള അവഗണനയാണു കൊലപാതകങ്ങളിലേക്കു നയിച്ചതെന്നു മൊഴി തിരുത്തി. അച്ഛന്റെ സ്വഭാവദൂഷ്യമാണ് തന്നെക്കൊണ്ട് കൂട്ടക്കൊല ചെയ്തതെന്നാണ് ഒടുവില്‍ കേഡല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്ക് മാനസികപ്രശ്‌നമൊന്നും ഇല്ലെന്നു പൊലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ മനോനിലയ്ക്ക് തകരാര്‍ ഒന്നുമില്ലെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും പൊലീസിനു ലഭിച്ചിട്ടുണ്ട്. അച്ഛനോടുള്ള വിരോധം തന്നെയാകാം കൊലകള്‍ക്കു കാരണമെന്ന നിഗമനിത്തിലാണ് ഇപ്പോള്‍ പൊലീസും ഉള്ളത്.

രാസപരിശോധനഫലങ്ങളുടെ റിപ്പോര്‍ട്ട് കൂടി കിട്ടയശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക എന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ജാമ്യം ലഭിക്കില്ല. പ്രതിക്കു ജയിലില്‍ കിടന്നുകൊണ്ടു തന്നെ വിചാരണ നേരിടേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍