UPDATES

ട്രെന്‍ഡിങ്ങ്

മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയത് മറ്റൊരാള്‍? ദുരൂഹതയേറുന്നു

ഓരോ പ്രാവശ്യവും മൊഴി മാറ്റിക്കൊണ്ടിരിക്കുന്ന കേഡല്‍ തന്നെയാണു പൊലീസിനെ കുഴയ്ക്കുന്നത്.

നന്തന്‍കോട് കൂട്ടക്കൊലയില്‍ ദുരൂഹ വര്‍ദ്ധിക്കുന്നു. മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും അടക്കം നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയത് താനാണെന്ന് കേഡല്‍ ജീന്‍ജോണ്‍സണ്‍ സമ്മതിക്കുമ്പോഴും അയാള്‍ എന്തിനത് ചെയ്തൂ എന്ന കാര്യത്തില്‍ അന്തിമമായ ഉത്തരം പൊലീസിനു കിട്ടിയിരുന്നില്ല. ഓരോ പ്രാവശ്യവും മൊഴി മാറ്റിക്കൊണ്ടിരിക്കുന്ന കേഡല്‍ തന്നെയാണു പൊലീസിനെ കുഴയ്ക്കുന്നത്. ആസ്‌ട്രോ പ്രൊജക്ഷന്റെ ഭാഗമായാണു താന്‍ കൊലകള്‍ നടത്തിയതെന്ന് ആദ്യം പറഞ്ഞ കേഡല്‍ പിന്നീട് വീട്ടില്‍ നിന്നുള്ള അവഗണനയാണു തന്നെ കൊലപാതകിയാക്കിയതെന്നു തിരുത്തി. വീണ്ടും അയാള്‍ മൊഴിമാറ്റി പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൂട്ടക്കൊലയിലേക്ക് തന്നെ നയിച്ചതെന്നാക്കി. കൊലപ്പെടുത്തിയ രീതികളും മുന്നൊരുക്കങ്ങളുമെല്ലാം കേഡല്‍ വിശദീകരിക്കുമ്പോഴും കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണത്തില്‍ അയാള്‍ എന്തൊക്കെയോ മറച്ചു പിടിക്കുന്നതായാണു പൊലീസ് സംശയിച്ചിരുന്നത്.

ആ സംശയം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു മൊഴി ഇപ്പോള്‍ പൊലീസിനു കിട്ടിയിരിക്കുകയാണ്. മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും മഴുവിനു വെട്ടി കൊലപ്പെടുത്തിയശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. കത്തിക്കാനായി കവടിയാറില്‍ ഉള്ള ഒരു പെട്രോള്‍ ബങ്കില്‍ നിന്നാണു പെട്രോള്‍ വാങ്ങിയതെന്നു കേഡല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പെട്രോള്‍ ബങ്കിലെ ജീവനക്കാരന്‍ പ്രകടിപ്പിച്ച സംശയം കേഡല്‍ ആയിരുന്നില്ല മറ്റൊരാള്‍ ആയിരുന്നു പെട്രോള്‍ വാങ്ങാന്‍ എത്തിയതെന്നാണ്. 25 വയസു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അതെന്നാണു ജീവനക്കാരനായ ജയകുമാര്‍ പറയുന്നത്. ഓട്ടോയിലെത്തിയ യുവാവ് കന്നാസിലാണു പെട്രോള്‍ വാങ്ങിപ്പോയതെന്നും ഇയാള്‍ ഓര്‍ക്കുന്നു. കേഡലിനെ മുമ്പും പെട്രോള്‍ ബങ്കില്‍വച്ചു കണ്ടു പരിചയമുള്ളതിനാല്‍ അന്നു പെട്രോള്‍ വാങ്ങാന്‍ എത്തിയയാള്‍ കേഡല്‍ അല്ലെന്നാണ് ഇയാള്‍ പറയുന്നതെന്നു മനോരമ ന്യൂസ് പറയുന്നു. ഏപ്രില്‍ ആറിനായിരുന്നു ഈ സംഭവം.

ജയകുമാറിന്റെ മൊഴി പൊലീസ് ഗൗരവമായി കാണുകയാണെങ്കില്‍ നന്തന്‍കോട് കൂട്ടക്കൊല കൂടുതല്‍ ദുരൂഹതയിലേക്കു നീങ്ങും. ഒന്നിലധികം പേര്‍ കൊലയ്ക്കു പിന്നില്‍ ഉണ്ടാകാനുള്ള സാധ്യത നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇല്ലെങ്കിലും പുതിയ വെളിപ്പെടുത്തലുകള്‍ വരുന്ന സ്ഥിതിക്ക് ഈ രീതിയിലേക്കും അന്വേഷണം കൊണ്ടുപോകേണ്ടി വരും. ഒരുപക്ഷേ കേഡല്‍ തന്നെ കൊലപാതകങ്ങള്‍ നടത്തുകയും പിന്നീട് രക്ഷപ്പെടാനും മറ്റുമായി വേറെ ആരുടെയെങ്കിലും സഹായം തേടിയതുമാകാം. അങ്ങനെയെങ്കില്‍ കേഡലുമായി ബന്ധമുള്ളവരിലേക്കും പൊലീസ് അന്വേഷണം നീളും. കേഡലിന്റെ ഉള്ളില്‍ മാനസികരോഗിയല്ലെന്നും ഒരു കൊടുംക്രിമിനലാണ് ഉള്ളതെന്നും മനശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ അയാള്‍ പുറത്തു നിന്നുള്ള സഹായം തേടിയിരിക്കാമെന്ന സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ ഇപ്പോള്‍ കൊലപാതകങ്ങള്‍ നടത്താന്‍ കാരണമായി പറയുന്നവ ആയിരിക്കില്ല യഥാര്‍ത്ഥത്തില്‍ നാലുേപരുടെ അരുംകൊലയ്ക്കു പിന്നില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍