UPDATES

ട്രെന്‍ഡിങ്ങ്

കല്ലില്‍ വെട്ടി പരിശീലിച്ചു, ഒടുവില്‍ കഴുത്തില്‍ വെട്ടി; കൊടുംകൊല നടത്തിയത് വിശദീകരിച്ച് കേദല്‍

തെളിവെടുപ്പിലും പൊലീസിനോടു പൂര്‍ണസഹകരണമായിരുന്നു കേദലിന്.

ആദ്യമായിട്ടായിരുന്നു കേദലിനെ പരിസരവാസികള്‍ അങ്ങനെയൊരു മുഖത്തോടെ കാണുന്നത്. ഹൃദ്യമായ പുഞ്ചരി, പരിചയഭാവം. ഇതൊന്നും അവരാരും ആ മുഖത്ത് മുന്‍പൊന്നും കണ്ടിട്ടില്ലായിരുന്നു. കേദലിനെ കണ്ടിട്ടുള്ളതു തന്നെ അപൂര്‍വമായിരുന്നു. മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും ക്രൂരമായി വകവരുത്തിയശേഷം വീണ്ടും നന്തന്‍കോട് ബെയ്ന്‍സ് കോമ്പൗണ്ടിലെ 117 ആം നമ്പര്‍ വീട്ടിലേക്കു തെളിവെടുപ്പിനായി പൊലീസുകാര്‍ കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു സൗമ്യനായ കേദലിനെ പരിസരവാസികളും ബന്ധുക്കളും കാണുന്നത്. തെളിവെടുപ്പിലും പൊലീസിനോടു പൂര്‍ണസഹകരണമായിരുന്നു കേദലിന്.

തലയുടെ പിന്‍ഭാഗത്തു വെട്ടി സഹോദരിയേയും മാതാപിതാക്കളെയും കൊന്ന രീതി കേദല്‍ പൊലീസിനു വിശദീകരിച്ചു കൊടുത്തു. ഓരോ കൊലപാതകങ്ങളും എങ്ങനെ നടത്തിയെന്നും വിശദീകരിച്ചു. മഴുകൊണ്ടുള്ള ആക്രമണം അനുകരിച്ചു കാണിച്ചു.

ഒരു മാസം മുമ്പ് ഓണ്‍ലൈന്‍ വഴിയാണു മഴു വാങ്ങിയത്. വീടിനു പുറത്ത് ടര്‍ക്കി കോഴികളെ വളര്‍ത്തിയിരുന്ന കൂടിനു സമീപത്തായി ഉണ്ടായിരുന്ന കല്ലില്‍ വെട്ടി മഴു ഉപയോഗിക്കാന്‍ പരിശീലിച്ചിരുന്നു. അച്ഛനെയും അമ്മയേയും ഈ മഴു കൊണ്ടാണു വെട്ടിയത്. ഒറ്റവെട്ടില്‍ അവര്‍ വീണു. ബന്ധുവിനെ തലയ്ക്കടിച്ചാണു കൊന്നത്. സഹോദരിയേയും മഴുവിനു വെട്ടിയെങ്കിലും ആദ്യ ശ്രമത്തില്‍ കരോലിന്‍ മരിച്ചില്ല. അതോടെ തുടര്‍ച്ചയായി വെട്ടി.

വീടിന്റെ മുകളിലത്തെ നിലയിലുള്ള കേദലിന്റെ കമ്പ്യൂട്ടര്‍ ലാബിലും- ഇവിടെ വച്ചാണ് മൂന്നുപേരെ കൊന്നത്- മാതാപിതാക്കളുടെ കിടപ്പുമുറിയിലും- ഇവിടെവച്ചാണു ബന്ധു ലളിതയെ തലയ്ക്കടിച്ചു കൊന്നത്- ഇന്നലെ തെളിവെടുപ്പ് നടത്തി. ഒന്നരമണിക്കൂറോളം ഇതു നീണ്ടു. ആദ്യം മാതാപിതാക്കളെ വിഷം കൊടുത്തുകൊല്ലാനായിരുന്നു തീരുമാനിച്ചതെന്നും തെളിവെടുപ്പിനിടയില്‍ കേദല്‍ പറഞ്ഞു. വീട്ടില്‍ സൂക്ഷിച്ചിരുന്ന വിഷക്കുപ്പി പൊലീസിനു കൈമാറുകയും ചെയ്തു. കൊലനടത്തുമ്പോള്‍ കേദല്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കം പലസാധനങ്ങളും പൊലീസ് ഇന്നലെ ശേഖരിച്ചിരുന്നു.

തെളിവെടുപ്പു നടക്കുമ്പോള്‍ വീട്ടില്‍ കേദലിന്റെ അമ്മയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവരാരോടും മിണ്ടാന്‍ കേദല്‍ തയ്യാറായില്ല. അതേസമയം കേദലിന്റെ പൊലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിക്കും. അതിനു മുമ്പ് കേദല്‍ ഒളിവില്‍ താമസിച്ച ചെന്നൈയിലെ ലോഡ്ജിലും മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ ബങ്കിലും തെളിവെടുപ്പ് നടത്തും. എങ്ങനെയാണു കൊല നടത്തിയെന്നു കേദല്‍ വിശദീകരിച്ചെന്നും എല്ലാ കൊലപാതകങ്ങള്‍ക്കും തെളിവു ലഭിച്ചെന്നും പൊലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍