UPDATES

കേഡല്‍ ത്രില്ലില്‍ ആണ്, ടെന്‍ഷന്‍ പൊലീസിനും

അടിക്കടി മൊഴി മാറ്റുന്നതാണു പൊലീസിനെ കുഴയ്ക്കുന്നത്

നന്തന്‍കോട് കൂട്ടക്കൊലപാതക കേസ് പ്രതി കേഡല്‍ ജീന്‍സണ്‍ രാജയുടെ ശരീരഭാഷ പൊലീസിനെ വട്ടംകറക്കുകയാണ്. ക്രൂരമായ നാലുകൊലകള്‍, അതും മാതപിതാക്കളെയും സഹോദരിയേയും അടുത്ത ബന്ധുവിനെയും; പക്ഷേ കേഡലിന്റെ മുഖത്ത് കുറ്റബോധത്തിന്റെ ലാഞ്ചനപോലും ഇല്ല. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമെല്ലാം കേഡല്‍ സഹകരിക്കുന്നത് ഒരു തരം ത്രില്ലോടെയെന്നാണു പൊലീസ് പറയുന്നത്. ഈ രീതികള്‍ തന്നെയാണു പൊലീസിനെ കുഴയ്ക്കുന്നതും. പ്രതി കുറ്റം സമ്മതിച്ചെങ്കിലും തെളിവുകള്‍ കിട്ടിയെങ്കിലും പൊലീസ് ഒട്ടും ആശ്വസിക്കാത്തതിനു കാരണവും കേഡല്‍ തന്നെ. അപ്രവചനീയമാണ് കേഡലിന്റ രീതികള്‍.

ഓരോ വട്ടവും ഓരോ മൊഴികളാണു കേഡല്‍ നല്‍കുന്നത്. ആദ്യം പറഞ്ഞ ആസ്‌ട്രോ പ്രൊജക്ഷന്‍ പരീക്ഷണം വലിയ ഞെട്ടലുണ്ടാക്കിയെങ്കിലും വിശ്വസിക്കാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു കേഡലിന്റെ മൊഴിമാറ്റം. ആസട്രോ പ്രൊജക്ഷനെ കുറിച്ച് മാധ്യമങ്ങള്‍ കഥകളും പരമ്പകളുമൊക്കെ എഴുതി തുടങ്ങിയിരുന്നു. എന്നാല്‍ ആസ്‌ട്രോ പ്രൊജക്ഷന്‍ കേഡലിന്റെ ഒരു കെട്ടുക്കഥയാണെന്നു ബോധ്യമായതോടെ അടുത്ത മൊഴിവന്നത് വീട്ടില്‍ നിന്നും ഉണ്ടായ അവഗണനയാണു തന്നെ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ്. അമ്മ തന്നെ തീര്‍ത്തും അവഗണിച്ചെന്നും വീട്ടിലുള്ള ആരും തന്നെ പരിഗണിക്കുന്നില്ലെന്നും മനസിലാക്കിയതോടെയാണ് എല്ലാവരെയും കൊല്ലാന്‍ തീരുമാനിച്ചതെന്നും കേഡല്‍ പറഞ്ഞു. ഇത് സത്യമായിരിക്കാം എന്ന കരുതുമ്പോഴാണ് പൊലീസിന്റെ മുന്നിലേക്ക് അടുത്ത കാരണം വന്നത്. പിതാവിന്റെ സ്വഭാവദൂഷ്യമാണ് തന്നെ കൊലയാളിയാക്കിയതെന്നായി കേഡല്‍. മദ്യപിച്ച് സ്ത്രീകളെ വിളിച്ചു ലൈംഗിക ചുവയോടെയുള്ള അശ്ലീലം പറയുന്നയാളായിരുന്നു തന്റെ പിതാവെന്നും അദ്ദേഹത്തിന്റെ പെരുമാറ്റദൂഷ്യത്തെ കുറിച്ച് പലതവണ അമ്മയോടു പരാതിപ്പെട്ടെങ്കിലും തന്നെ അവഗണിക്കുകയാണ് അമ്മ ചെയ്തതെന്നും കേഡല്‍ പറഞ്ഞു. ഇതോടെയാണു അച്ഛനെയും അമ്മയെയും കൊല്ലാന്‍ തീരുമാനിച്ചത്. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ ബന്ധുവും ഒറ്റപ്പെടും. അതുകൊണ്ട് ഇരുവര്‍ക്കും ദയാവധം വിധിക്കുകയായിരുന്നുവെന്നും കേഡല്‍ മൊഴി നല്‍കി. എന്നാല്‍ ഈ മൊഴിയും ഏതു നിമിഷവും മാറാം എന്ന ആശങ്കയാണ് പൊലീസിന്.

കേഡലിനു മാനസികപ്രശ്‌നം ഉണ്ടെന്നു പൊലീസ് ഇപ്പോള്‍ കരുതുന്നില്ല. ആദ്യഘട്ടത്തില്‍ അങ്ങനെയൊരു അനുമാനം ഉണ്ടായിരുന്നുവെങ്കിലും അയാളുടെ ഉള്ളില്‍ ഒരു കൊടുംക്രിമിനലാണ് ഉള്ളതെന്നു മനഃശാസ്ത്രജ്ഞര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്ന പ്രകടനങ്ങളാണു കേഡലില്‍ കാണുന്നത്. സാഹചര്യംമൂലം ചെയ്തുപോയ തെറ്റാണെങ്കില്‍ പിന്നീടതേക്കുറിച്ചോര്‍ത്ത് പശ്ചാത്താപം തോന്നുക പതിവാണ്. എന്നാല്‍ കേഡലിന്റെ കാര്യത്തില്‍ ആ തരത്തില്‍ ഒരു വികാരവും അയാളില്‍ ഉണ്ടാകുന്നില്ല. താന്‍ നടത്തിയ കൊലപാതകങ്ങളില്‍ യാതൊരു വിഷമമോ പശ്ചാത്താപമോ ഇല്ലെന്നാണു കേഡലിന്റെ ശരീരഭാഷ കാണിക്കുന്നതെന്നു പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും കരയുകയോ കുറ്റബോധം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.

കൊന്നതു താനാണെന്നും കൊന്നരീതികളും കേഡല്‍ വിശദീകരിച്ചും അനുകരിച്ചും കാണിച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ കാരണം മാത്രമാണ് ഇപ്പഴും സംശയത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്. വീട്ടില്‍ നിന്നും ഉണ്ടായ അവഗണന തന്നെയാവാം കേഡലിലെ കൊലയാളിയെ രൂപപ്പെടുത്തിയതെന്ന നിഗമനത്തിലാണു പൊലീസ് ഇപ്പോള്‍ ഉള്ളത്. പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും കൊല്ലാന്‍ ഉള്ള തീരുമാനം മുന്നേ തന്നെ കേഡല്‍ എടുത്തതാണെന്നും ഇതിനായി പദ്ധതികള്‍ ഒരുക്കുകയും ശ്രമം നടത്തുകയും ചെയ്തിട്ടുണ്ടെന്നു കേഡലിന്റെ മൊഴിയില്‍ തന്നെ വ്യക്തമാകുന്നുണ്ട്. കൊലപാതകം എങ്ങനെ ചെയ്യണമെന്നതില്‍ സ്വയം പരിശീലനം തന്നെ ഇയാള്‍ നടത്തിയിരുന്നു എന്നതും ഒരു ക്രിമിനലിനെയാണു കാണിക്കുന്നതെന്നും വ്യക്തം. പക്ഷേ കോടതിയില്‍ ഇയാള്‍ മാനസിക പ്രശ്‌നം ഉള്ളയാളാണെന്നു തെളിഞ്ഞാല്‍ കേസിനെ ബാധിക്കുമെന്ന ഭയം പൊലീസിനുണ്ട്. ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണു പൊലീസ് ലക്ഷ്യം.

ഇനി കേഡലിനെ തെളിവെടുപ്പിനായി കൊണ്ടുപോകേണ്ടത് ചെന്നൈയിലാണ്. കൊലപാതകങ്ങള്‍ നടത്തിയശേഷം രക്ഷപ്പെട്ട ഇയാള്‍ ചെന്നൈയിലാണ് എത്തിയത്. അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. ഈ ഹോട്ടല്‍ മുറിയിലാണ് ഇനി തെളിവെടുപ്പ് വേണ്ടത്. പൊലീസ് തന്നെ തെരയുന്നുണ്ടെന്നു മനസിലാക്കിയതോടെ ചെന്നൈയില്‍ നിന്നും മടങ്ങുമ്പോള്‍ ബാഗും വസ്ത്രങ്ങളും അവിടെ ഉപേക്ഷിച്ചിരുന്നു. ഇവ കണ്ടെത്തണം. 20 ആം തീയതി കേഡലിനെ കോടതിയില്‍ ഹാജരാക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍