UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവോമി കവാസെ: ജാപ്പനീസ് ഗ്രാമ്യ ജീവിതത്തിന്റെ കണ്ണാടി

Avatar

നീതു ദാസ്

ആത്മകഥാംശപരമായ ഡോക്യുമെന്ററികളിലൂടെയാണ് നവോമി കവാസെ സിനിമാ ലോകത്ത് പ്രവേശിക്കുന്നത്. ഡോക്യുമെന്ററിയും ഫിക്ഷനും തമ്മിലുള്ള അന്തരം മായ്ച്ചുകളയുന്ന പരീക്ഷണങ്ങളാണ് നവോമിയുടെ ചിത്രങ്ങളെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സുസാകു, ഫയര്‍ഫ്‌ളൈ, ഹനേസു, സ്റ്റില്‍ ദി വാട്ടര്‍ തുടങ്ങിയ ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജപ്പാനിലെ നാറോയില്‍ 1969ലാണ് നവോമി കവാസെ ജനിക്കുന്നത്. നാറോയില്‍ മുത്തശ്ശിയുടെ കൂടെ ജീവിച്ച കുട്ടിക്കാലം നവോമിയുടെ സിനിമകളെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. 1989ല്‍ ഒസാകാ സ്‌കൂള്‍ ഓഫ് ഫോട്ടാഗ്രഫിയില്‍ നിന്ന് ബിരുദം നേടിയ നവോമിയുടെ ആദ്യ ചിത്രമാണ് എംബ്രേസിങ്. കുട്ടിക്കാലത്ത് തന്നെ ഉപേക്ഷിച്ചുപോയ അച്ഛനു വേണ്ടിയുള്ള നവോമിയുടെ തെരച്ചിലാണ് ചിത്രത്തിന്റെ പ്രമേയം. മാതാപിതാക്കള്‍ പിരിഞ്ഞതിനെത്തുടര്‍ന്ന് കുട്ടിക്കാലം തൊട്ട് തന്നെ വളര്‍ത്തിയ മുത്തശ്ശിയെക്കുറിച്ചുള്ള നവോമിയുടെ ഡോക്യുമെന്ററിയാണ് 1994ല്‍ പുറത്തിറങ്ങിയ കതാസുമോറി.


നവോമി കവാസെ

ജപ്പാന്‍ ഗ്രാമങ്ങളുടെ കഥ പറയുന്ന മോ നോ സൂസാകുവിലൂടെയാണ് മുഴുനീള സിനിമയിലെ തുടക്കം. ചിത്രത്തിലൂടെ 1997ലെ കാന്‍ ഫെസ്റ്റിവലില്‍ മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്‌കാരം നേടി. ജപ്പാനിലെ ഒരു കര്‍ഷക ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തില്‍ ഗ്രാമം സുന്ദരമാണെന്ന് തോന്നുമെങ്കിലും അവിടുത്തെ ജനങ്ങളുടെ സാമ്പത്തിക പരാധീനതകള്‍ ചിത്രത്തിന്‍റെ കേന്ദ്ര പ്രമേയമായി മാറുകയാണ്.  ഗ്രാമ സൌന്ദര്യവും ജീവിത യാഥാര്‍ഥ്യങ്ങളും ചേര്‍ന്ന് വൈരുദ്ധ്യാത്മകമായ അര്‍ഥതലം സിനിമയ്ക്ക് സമ്മാനിക്കുന്നുണ്ട്.


സുസാകു

സുസാകു, ഫയര്‍ഫ്‌ളൈ എന്നീ ചിത്രങ്ങളെ ആസ്പദമാക്കി നവോമി നോവല്‍ രചിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയും ഫിക്ഷനും തമ്മിലെ അന്തരം ഇല്ലാതാക്കും വിധം മനോഹരമായ ഒരു ചെറു ദൃശ്യകാവ്യമാണ് ഫയര്‍ഫ്‌ളൈ. ചിത്രത്തിന്റെ സംവിധാനം കൂടാതെ തിരക്കഥയും ഛായാഗ്രഹണവും സംഗീതവും ചിത്രസംയോജനവുമെല്ലാം നിര്‍വഹിച്ചിരിക്കുന്നത് നവോമി തന്നെയാണ്. ലൊക്കോര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രത്തിന് ഫിപ്രസി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ അമ്മ ഉപേക്ഷിച്ചു പോയ ഒരു സ്ട്രിപ്ടീസ് നര്‍ത്തകിയും മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്നയാളും തമ്മിലെ തീവ്രമായതെങ്കിലും പ്രതിസന്ധികളടങ്ങിയ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. സംവിധായിക വളര്‍ന്ന നാറയിലെ ഗ്രാമങ്ങളിലെയും കൃഷിയിടങ്ങളിലെയും ഋതുഭേദങ്ങളെ പശ്ചാത്തലമാക്കിയാണ് കഥ നടക്കുന്നത്.


ഫയര്‍ഫ്‌ളൈ

മുത്തശ്ശിയുമായുള്ള ബന്ധത്തെ ആസ്പദമാക്കി 2006ല്‍ നവോമി വീണ്ടുമൊരു ഡോക്യുമെന്ററി പുറത്തിറക്കി. 2007ല്‍ പുറത്തിറങ്ങിയ മോണിങ് ഫോറസ്റ്റ് കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്റ് പിക്‌സ് പുരസ്‌കാരം നേടി. 2011ല്‍ പുറത്തിറങ്ങിയ ഹനേസു ആ വര്‍ഷത്തെ കാന്‍ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. മസാകോ ബണ്ടോയുടെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഹനേസു. സമകാലീന അസൂകയുടെ കഥ പറയുന്ന സിനിമ പ്രദേശത്തിന്റെ ആദിമ ചരിത്രം കൂടി ഓര്‍മിപ്പിക്കുന്നുണ്ട്. സ്വാഭാവിക വാസസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ വേര്‍തിരിക്കാനാകില്ലെന്ന് ചിത്രം പ്രഖ്യാപിക്കുന്നു. 2013ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രധാന ജൂറിയായിരുന്നു നവോമി കവാസെ.


ഹനേസു

2014ല്‍ പുറത്തിറങ്ങിയ സ്റ്റില്‍ ദി വാട്ടര്‍ കാന്‍ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിന്റെ ഉള്‍ക്കാഴ്ചയാണ് സ്റ്റില്‍ ദി വാട്ടര്‍ എന്ന ചിത്രം പകരുന്നത്. ഉഷ്ണ മേഖലയോട് അടുത്ത് കിടക്കുന്ന അമാമി ഓഷിമയിലെ ദ്വീപാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു കൊടുങ്കാറ്റ് ദ്വീപിനെ തകര്‍ത്തതിന് അടുത്ത ദിവസം രാവിലെ പതിനാറ് വയസുകാരനായ കയ്‌തോ, കടലില്‍ ഒഴുകിക്കൊണ്ടിരുന്ന ഒരു മനുഷ്യന്റെ മൃതദേഹം കാണാനിടയാകുന്നു. നിരവധി സ്വകാര്യ സംഘര്‍ഷങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കയ്‌തോയുടെയും സഹപാഠി ക്യോകോയുടെയും ജീവിതം മാറ്റിമറിക്കുന്ന തരത്തിലുള്ള സംഭവ പരമ്പരകളിലൂടെയാണ് ചിത്രം തുടരുന്നത്.

യാഥാര്‍ഥ്യത്തെ അതുപോലെ ചിത്രീകരിക്കുക എന്ന ഡോക്യുമെന്ററി സങ്കേതമാണ് നവോമി തന്റെ ചിത്രങ്ങളില്‍ ഉപയോഗിക്കാറുള്ളത്. അവയ്ക്ക് എന്നും വിഷയമാകാറുള്ളത് താഴെത്തട്ടിലെ മനുഷ്യരുടെ ജീവിതമാണ്. ജാപ്പനീസ് സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ സങ്കല്‍പ്പങ്ങളെയും നവോമി തന്റെ ചിത്രങ്ങളിലൂടെ ചോദ്യം ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍