UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോരയോടുള്ള ഭയം മനുഷ്യന് ഉണ്ടാവണം- ദാബോല്‍ക്കര്‍ അനുസ്മരണത്തില്‍ ആനന്ദ്

Avatar

അന്ധവിശ്വാസത്തിനെതിരെ പൊരുതി മരിച്ച നരേന്ദ്ര ദാബോല്‍ക്കറുടെ രക്തസാക്ഷി ദിനമാണ് ആഗസ്ത് 20. ദാബോല്‍ക്കര്‍ കൊല്ലപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാസ്സാക്കിയ അന്ധവിശ്വാസ വിരുദ്ധ നിയമം 2013 ഡിസംബറില്‍ നിയമവുമായി. ദുര്‍മന്ത്രവാദം കേരളീയ സമൂഹത്തിലും ചര്‍ച്ചയായിക്കഴിഞ്ഞു. വിദ്യാഭ്യാസത്തിലും ജീവിതനിലവാരത്തിലുമൊക്കെ ലോകത്തിനു മാതൃകയായ കേരളം അന്ധവിശ്വാസത്തിലും ഞെട്ടിക്കുന്ന മോഡലാവുമ്പോള്‍ മഹാരാഷ്ട്ര കേരളത്തിനും ഒരു ഓര്‍മ്മക്കുറിപ്പാവുന്നു. ഇങ്ങനെയൊരു നിയമം ഇനിയെങ്കിലും കേരളം ചര്‍ച്ച ചെയ്യാതിരിക്കുന്നതെങ്ങനെ! ദാബോല്‍ക്കര്‍ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് ഡല്‍ഹി ഫോറം സംഘടിപ്പിച്ച സംവാദത്തില്‍ നിന്ന്: 

ആനന്ദ് (എഴുത്തുകാരന്‍)

വിശ്വാസം വളരെ സങ്കീര്‍ണ്ണവും വിഷമം പിടിച്ചതുമായ ഒരു വിഷയമാണ്. ഒരു മതത്തില്‍, ആശയത്തില്‍, പ്രത്യയശാസ്ത്രത്തില്‍ അങ്ങനെ പലതിലുമുള്ള ഒരു വിശ്വാസം. വിശ്വാസം എവിടെയായാലും അതില്‍ അന്ധതയുടെ ഒരു ഘടകമുണ്ട്. ദൈവത്തില്‍ മനുഷ്യന്‍ വിശ്വസിക്കുന്നത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്, പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് എന്നുള്ളതാണ്. അത് ശാസ്ത്രവുമായി അടുത്തു നില്‍ക്കുന്നു. ഭൗതികശാസ്ത്രത്തിലൊക്കെ അങ്ങനെയൊരു ശക്തിയെക്കുറിച്ചു പറയുന്നു. മറ്റൊന്ന്, നമുക്ക് വിഷമം വരുമ്പോള്‍ ആശ്രയം തരുന്ന ഒരാളെക്കുറിച്ചുള്ള വിശ്വാസമാണ്. അങ്ങനെയുള്ള ഒരാളായി കുറേപ്പേര്‍ ദൈവത്തെ കാണുന്നു. ദൈവം ആശ്വാസം തരുന്നുണ്ടോ ഇല്ലയോ എന്നതു വേറെക്കാര്യം. ഏതു നിലയിലാണ് വിശ്വാസം അന്ധവിശ്വാസമായി മാറുന്നത് എന്നു പറയാന്‍ വിഷമമാണ്. ദൈവവിശ്വാസം മുഴുവനായി തന്നെ അന്ധവിശ്വാസം തന്നെയാണ്. ഈ അന്ധവിശ്വാസം എവിടെയാണ് ഉപദ്രവകരമായി തീരുന്നത്? ഒരാള്‍ ദേവാലയങ്ങൡ പോവുന്നു, നേര്‍ച്ച കഴിക്കുന്നു തുടങ്ങിയവയെല്ലാം അന്ധമാണെങ്കിലും ഉപദ്രവകരമല്ല. ആ വ്യക്തിയെ മാത്രം ബന്ധിക്കുന്നതാണ്. വിശ്വാസം ഒരു തലം വിടുമ്പോള്‍, അവിടെ വഞ്ചനയും ചൂഷണം ശാരീരികോപദ്രവവുമൊക്കെ വരാം. ഇങ്ങനെയൊരു സാഹചര്യത്തിലാണ് നിയമനിര്‍മ്മാണത്തിന്റെ ആവശ്യം വരുന്നത്.

 

മഹാരാഷ്ട്രയിലേതു പോലെ കേരളത്തില്‍ എവിടെയെങ്കിലും ഇതുപോലെ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഉണ്ടായിട്ടില്ലെങ്കിലും ജനാധിപത്യം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനു മുമ്പു തന്നെ രാജവാഴ്ചയുടെ കാലത്ത് ക്ഷേത്രപ്രവേശനം, മൃഗബലിനിരോധനം തുടങ്ങിയവ ഉണ്ടായിട്ടുണ്ട്. നരബലി നിരോധിക്കേണ്ടതില്ല, അതൊരു കുറ്റകൃത്യം തന്നെയാണ്. രാജവാഴ്ചയുടെ കാലത്തെ ഈ ഉത്തരവുകള്‍ നിയമമായിട്ടുണ്ടോയെന്ന് എന്നെനിക്കറിയില്ല. പല സംസ്ഥാനങ്ങളിലും ചിലതൊക്കെയുണ്ടായിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഇത്രയും കാലം ഇടതുസര്‍ക്കാര്‍ ഭരിച്ചിട്ടും ഇത്തരം നിയമങ്ങള്‍ ഉണ്ടായിട്ടില്ലെന്നതാണ് അത്ഭുതകരം. മാത്രവുമല്ല, ഏറ്റവും ഹീനമായി മൃഗബലി നടക്കുന്ന സംസ്ഥാനവും ബംഗാളാണ്. നരബലി ഒരു കൊലപാതകമാണ്. അതു തടയാന്‍ നിയമനിര്‍മ്മാണത്തിന്റെ ആവശ്യമില്ല. ബാധയൊഴിപ്പിക്കല്‍ പോലുള്ള കാര്യങ്ങളൊന്നും നിയമത്തില്‍ വരുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങളൊക്കെ ഏതെങ്കിലും ഐ.പി.സി വകുപ്പനുസരിച്ച് തടയാവുന്നതേയുള്ളൂ. അതില്ല എന്നതു കൊണ്ടാണ് ഇത്തരമൊരു പ്രത്യേക നിയമം.

 

ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് കൂടുതല്‍ ശിക്ഷ കിട്ടാവുന്നതാണ് ഇപ്പോഴുള്ള കുറ്റകൃത്യങ്ങളില്‍ പലതും. മഹാരാഷ്ട്രയിലെ നിയമത്തില്‍ മനുഷ്യബലിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍, മൃഗബലിയെക്കുറിച്ചു പരാമര്‍ശമില്ല. നരബലിയെപ്പോലെ ഭയാനകവും പൈശാചികവുമാണ് മൃഗബലി. ഞാന്‍ ബംഗാളില്‍ പത്തു പതിനഞ്ചു വര്‍ഷക്കാലമുണ്ടായിരുന്നു. അവിടെ മൃഗബലി നേരിട്ടു കണ്ടിട്ടുണ്ട്. ഇപ്പോഴും കാളിപൂജയുടെ ഭാഗമായി അവിടെ മൃഗബലി നടക്കുന്നുണ്ട്.വരിവരിയായി ആടുകളെ കൊണ്ടു വരും. ഒരിടത്ത് വാളുമായി ഒരാളിരിക്കും. ആടിനെ പൂട്ടിയിട്ട് വാളു കൊണ്ട് തല വെട്ടും. ഓരോ തവണയും വെട്ടുമ്പോള്‍ ‘കാളി മാതാ കീ ജയ്’ എന്നു വിളിക്കും. കൊച്ചുകുട്ടികള്‍ വരെ ഇതു കാണാനുണ്ടാവും. ചോരയോടുള്ള ഭയം ഇല്ലാതാക്കാനാണെന്നാണ് അവര്‍ പറയുക. എന്നാല്‍, ചോരയോടുള്ള ഭയം മനുഷ്യന് ഉണ്ടാവേണ്ടതാണ്. അത് ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടത്. കുട്ടിക്കാലം മുതല്‍ ഇതു കാണുന്ന ഒരാളില്‍ ഇങ്ങനെയൊരു പ്രവൃത്തി ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തെന്നു പറയാനാവില്ല. മനുഷ്യബലി പോലെ തന്നെ മൃഗബലിയും ഗൗരവമായി കാണേണ്ടതാണ്. കൊച്ചിയിലും തിരുവിതാംകൂറിലും മൃഗബലി നിരോധിച്ചിട്ടു പോലും ചില കാവുകളിലും മറ്റും ഇപ്പോഴും അതു നടക്കുന്നു. ബക്രീദിനു പോലും നടക്കുന്നത് ഒരു തരം മൃഗബലിയാണ്. ഇതൊക്കെ തടയാന്‍ നിയമമുണ്ടെങ്കിലും പലതരം പരിഗണനകളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കണ്ണടയ്ക്കുന്നു. കേരളത്തില്‍ നിയമനിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ മഹാരാഷ്ട്രയിലേത് ഒരു മാതൃകയായി ഉപയോഗിക്കാം. ദുര്‍മന്ത്രവാദം, ആഭിചാരക്രിയ എന്നൊക്കെ മഹാരാഷ്ട്ര നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അന്ധവിശ്വാസം എന്ന വാക്കില്ല. ഇതും കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാവണം കേരളത്തിലെ നിയമം.

 

അഡ്വ.ജയേഷ് (നിയമോപദേശകന്‍, സി.എസ്.ഐ.ആര്‍)

മഹാരാഷ്ട്രയിലേത് സമഗ്രമായ ഒരു നിയമമല്ല. എന്താണ് വിശ്വാസം, എന്താണ് മതം? അതൊരു ചോദ്യം തന്നെയാണ്. മതവും വിശ്വാസവും അന്ധവിശ്വാസവും, ഈ മൂന്നു സംജ്ഞകളുടെ ആശയക്കുഴപ്പത്തിലാണ് സമൂഹത്തില്‍ അന്ധവിശ്വാസമുണ്ടാവുന്നത്. ഏതു നിയമവും എന്തിനാണ് പാസ്സാക്കുന്നത്? മഹാരാഷ്ട്ര നിയമത്തിന്റെ ഉള്ളടക്കത്തില്‍ തന്നെ പറയുന്നു. ഈ നിയമത്തിന്റെ ഉദ്ദേശ്യം ഒരു സാമൂഹ്യബോധം ഉണ്ടാക്കുക എന്നതാണ്. ഈ നിയമത്തിന്റെ ഉദ്ദേശ്യം അന്ധവിശ്വാസത്തെ സമഗ്രമായി പരിശോധിക്കുകയോ തിരിച്ചറിയുകയോ അതിനെ തടയുകയോ അല്ല. അന്ധവിശ്വാസം വ്യക്ത്യധിഷ്ഠിതത്തില്‍ നിന്നും പുറത്തു കടക്കുമ്പോള്‍, മറ്റുള്ളവരെ ബാധിക്കുമ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പലതും അതിനു ബാധകമാവും. ഇതൊരു സാമൂഹികാവബോധത്തിനുള്ള നിയമനിര്‍മ്മാണമാണ്. ക്ഷേത്രപ്രവേശന നിയമം, അയിത്തോച്ചോടനം എന്നിവയുടെയൊക്കെ തുടര്‍ച്ചയാണ് ഈ നിയമം. ദാബോല്‍ക്കറുടെ മരണം സൃഷ്ടിച്ചേയ്ക്കാവുന്ന ഒരു സാമൂഹ്യപ്രത്യാഘാതത്തെ വഴി തിരിച്ചു വിടാന്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ നിയമം. അങ്ങനെ പെട്ടെന്നുണ്ടായതാണ് ഈ നിയമം. ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തിനു ശേഷം നിയമഭേദഗതി ഉണ്ടായതും കുട്ടിക്കുറ്റവാളികളെ സംബന്ധിച്ച നിയമഭേദഗതിയുമൊക്കെ ഇതിനോടു കൂട്ടി വായിക്കണം.

നിയമം തന്നെ പ്രമോട്ട് ചെയ്യുന്ന അന്ധവിശ്വാസങ്ങളുണ്ട്. കുറ്റവാളി ഗോത്രങ്ങളെക്കുറിച്ച് ആനന്ദ് ഒരു പഠനം നടത്തിയിട്ടുണ്ട്. പ്രത്യേക ഗോത്രത്തില്‍ ജനിക്കുമ്പോള്‍ തന്നെ ഒരാള്‍ കുറ്റവാളിയാവുന്നു എന്നതിനെക്കുറിച്ച് ആ പഠനം. ഭരണത്തിനു സൗകര്യമാണ് ചില നിയമങ്ങള്‍ ഉണ്ടാക്കുന്നതെന്നും ചില അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതും എന്നതാണ് വസ്തുത. അന്ധവിശ്വാസം തടയാന്‍ നമ്മുടെ നിയമസംവിധാനങ്ങള്‍ പര്യാപ്തമല്ല.

 

ശാസ്ത്രമെന്നു പറയുന്നത് സ്ഥിരമായി നിലനില്‍ക്കുന്ന ഒരു വിശ്വാസമാണോ? ശാസ്ത്രീയമായി സ്ഥിരമായി ഗവേഷണങ്ങള്‍ നടക്കുന്നു. ശാസ്ത്രീയമായ ചില അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടോ? നിയമങ്ങളുടെ ബാഹുല്യം കൊണ്ട് മഹാരാഷ്ട്ര നിയമത്തില്‍ പറഞ്ഞ ഉദ്ദേശ്യം നടക്കുമായിരിക്കും. ചില ചര്‍ച്ചകളുണ്ടായേക്കാം. എന്നാല്‍, സാമൂഹ്യമാറ്റം നിയമം കൊണ്ടു സാധിക്കുമോയെന്നത് സംശയകരമാണ്. യുക്തിസഹമാണ് നിയമം. പ്രായോഗികതയ്ക്കനുസരിച്ച് മാറുന്ന ഒരു വസ്തുവായി നിയമം മാറിയില്ലെങ്കില്‍ അതു ഹൃദയം കൊണ്ടു സ്വീകരിക്കപ്പെടില്ല. ഞാന്‍ കാറിലിരുന്നു സിഗരറ്റു വലിക്കുന്നു, അതു സ്വകാര്യസ്ഥലമാണ്. എന്നാല്‍, പാര്‍ക്കു ചെയ്തിടത്ത് കാറിന്റെ ഗ്ലാസ് താഴ്ത്തി ഞാന്‍ സിഗരറ്റു വലിക്കുന്നു. അപ്പോഴതൊരു പൊതുസ്ഥലമായി. ഇങ്ങനെ സിഗരറ്റു വലിക്കുന്നത് കുറ്റകരമാണ്. കാരണം പൊതുസ്ഥലത്താണ് സിഗരറ്റുവലി. ഇത്രയേ ഉള്ളൂ നിയമം. പൊതുധാര്‍മ്മികത, ആരോഗ്യം എന്നീ നിയന്ത്രണങ്ങളാണ് ഭരണഘടനയിലുള്ളത്. സമൂഹം മാറുന്നതിനനുസരിച്ച് ധാര്‍മ്മികത മാറുന്നു. വിശ്വാസവും അന്ധവിശ്വാസവും പോലുള്ള കാര്യങ്ങളില്‍ സാമൂഹ്യമായ ഉണര്‍വ്വുണ്ടാക്കാന്‍ കഴിയുമെങ്കിലും നിമയങ്ങള്‍ക്ക് പരിമിതമായി മാത്രമേ ഇടപെടാന്‍ കഴിയൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍