UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര ദാബോല്‍ക്കര്‍ എന്ന ബൗദ്ധിക രക്തസാക്ഷി

രക്തസാക്ഷിത്വം പലവിധത്തിലുണ്ട്. അത്തരത്തില്‍ അനശ്വരമായ ചരിത്രസാക്ഷ്യങ്ങള്‍ നിരവധിയാണ്. ഭഗത് സിങ്ങും രണ്ടു സഖാക്കളും കഴുമരമേറിയത് സാമ്രാജ്യത്വവിരുദ്ധ രക്തസാക്ഷിത്വമായിരുന്നെങ്കില്‍ മഹാത്മജിയുടെ ചോര വീണത് ഇന്ത്യന്‍ ഫാസിസത്തിന്റെ വെടിയുണ്ടകളിലായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയിലൂടെ കൊല ചെയ്യപ്പെട്ടത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തന്നെയായിരുന്നു. ഇങ്ങനെ, ജാജ്വല്യമായ രക്തസാക്ഷിത്വങ്ങള്‍ നമുക്കു മുന്നിലുള്ളപ്പോഴാണ് വര്‍ത്തമാന ഇന്ത്യയുടെ കലണ്ടറില്‍ ആഗസ്ത് 20 മറ്റൊരു അടയാളം കുറിക്കുന്നത്. അന്ധവിശ്വാസത്തിനെതിരെ പൊരുതി വെടിയേറ്റു വീണ മഹാരാഷ്ട്രയിലെ നരേന്ദ്ര അച്യുത് ദാബോല്‍ക്കറുടെ രക്ഷസാക്ഷിദിനം. മുറുകെപ്പിടിച്ച ഉന്നതമായ രാഷ്ട്രീയമൂല്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ഗാന്ധിയും ഭഗത് സിങ് രക്തസാക്ഷികളായതെങ്കില്‍, രാജ്യത്തിന്റെ കലുഷിതമായ രാഷ്ട്രീയകാലാവസ്ഥയില്‍ ഭരണത്തിനു നേതൃത്വം നല്‍കി ജീവന്‍ വെടിയേണ്ടി വന്ന നേതാവാണ് ഇന്ദിരാഗാന്ധി. ഇങ്ങനെ, രക്തസാക്ഷിത്വങ്ങളെ രാഷ്ട്രീയമെന്നോ ഔദ്യോഗികമെന്നോ ഒക്കെ വേര്‍തിരിക്കുമ്പോള്‍, ഈ നിര്‍വ്വചനങ്ങളിലൊന്നും ഉള്‍പ്പെടാത്ത വേറിട്ട ജീവത്യാഗമാണ് ദബോല്‍ക്കറുടേത്. ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുന്നതിനായി സമൂഹത്തെ മുന്നോട്ടു നയിച്ച ഒരു ജീവിതം. തലയ്ക്കും നെഞ്ചിനും വെടിയേറ്റു വീണ ദബോല്‍ക്കര്‍, ഇതുവരെ എഴുതപ്പെടാത്ത ഇന്ത്യയിലെ ആദ്യത്തെ ബൗദ്ധിക രക്തസാക്ഷിയാണ്. യുക്തിചിന്തയെ തകര്‍ക്കുക, മസ്തിഷ്‌കത്തെ മരവിപ്പിക്കുക എന്നീ ആസൂത്രിത അജണ്ടകളോടു കൂടിയ ആദ്യത്തെ കൊലപാതകവും 2013 ആഗസ്ത് 20-ന് അടയാളപ്പെട്ടു.

ആരാണ് ദാബോല്‍ക്കര്‍?

1945 നവംബര്‍ ഒന്നിന് അച്യുത് താരാബായ് ദമ്പതികളുടെ മകനായി ജനിച്ചു. പത്തു മക്കളില്‍ ഇളയ ആള്‍. ന്യൂ ഇംഗ്ലീഷ് സ്‌കൂള്‍, സാംഗ്ലിയിലെ വില്ലിങ്ടണ്‍ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മിറാജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് ബിരുദം നേടി. ശിവാജി സര്‍വ്വകലാശാലയിലെ കബഡി ടീം ക്യാപ്റ്റനുമായിരുന്നു ദാബോല്‍ക്കര്‍. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെയും അദ്ദേഹം പ്രതിനിധീകരിച്ചു. യുക്തിവാദിയായിരുന്ന ദാബോല്‍ക്കര്‍ വ്യക്തിജീവിതത്തിലും അതു പ്രാവര്‍ത്തികമാക്കി. വാസ്തുവിന്റെ വിശ്വാസസംഹിതകളെ നിരാകരിച്ച അദ്ദേഹം വാസ്തുശാസ്ത്രം നോക്കാതെ സ്വന്തം വീടു വെച്ചു. വിവാഹങ്ങളിലെ ചടങ്ങുകളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സ്വന്തം മക്കളായ മുക്തയുടെയും ഹമീദിന്റെയും വിവാഹങ്ങള്‍ ശുഭകാലമോ ഗ്രഹനിലയോ നോക്കാതെ നടത്തി. സാമൂഹ്യമുന്നേറ്റങ്ങളെയും പീഡിതര്‍ക്കു വേണ്ടിയുള്ള സമരങ്ങളെയും പിന്തുണച്ച ദാബോല്‍ക്കര്‍ സാമൂഹ്യപരിഷ്‌കര്‍ത്താവായ ഹമീദ് ദല്‍വായുടെ സ്മരണയിലാണ് സ്വന്തം മകന് ഹമീദ് എന്നു പേരിട്ടത്. മെഡിക്കല്‍ ബിരുദം നേടി ലക്ഷങ്ങള്‍ കൊയ്യുന്ന ഡോക്ടര്‍മാരുള്ള ഈ നാട്ടില്‍ ദാബോല്‍ക്കര്‍ വേറിട്ടു നിന്നു. പന്ത്രണ്ടു വര്‍ഷം മാത്രമേ അദ്ദേഹം ഡോക്ടറായി സേവനമനുഷ്ഠിച്ചുള്ളൂ.

 

 

1980-ല്‍ അദ്ദേഹം സാമൂഹ്യനീതിക്കു വേണ്ടിയുള്ള പ്രസ്ഥാനങ്ങളില്‍ സജീവമായി സാമൂഹ്യപ്രവര്‍ത്തകനായി. ബാബ അധവിനെപ്പോലുള്ളവരുടെ സംഘടനകങ്ങളില്‍ പങ്കാളിയായി. ക്രമേണ അന്ധവിശ്വാസത്തിനും ആഭിചാരക്രിയകള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ തുടങ്ങി. അഖില ഭാരതീയ അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1989ല്‍ ദാബോല്‍ക്കര്‍ സ്വന്തമായി രൂപീകരിച്ചതാണ് മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി (എം.എന്‍.എസ്). അന്ധവിശ്വാസം ഇല്ലാതാക്കാനുള്ള സംഘടന എന്നാണ് ഈ പേരിനര്‍ഥം. മന്ത്രവാദത്തെയും ആള്‍ദൈവങ്ങളുടെ മായാജാലങ്ങളെയും അദ്ദേഹം നിരന്തരം എതിര്‍ക്കുകയും ജനങ്ങള്‍ക്കിടയില്‍ യുക്തിബോധം വളര്‍ത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. താന്ത്രികവിദ്യയുടെ പേരിലുള്ള ചൂഷണങ്ങളെ തുടര്‍ച്ചയായി ചോദ്യം ചെയ്തു കൊണ്ടിരുന്നു. ദളിതരടക്കമുള്ള പാര്‍ശ്വവല്‍ക്കൃതരെ ശാക്തീകരിക്കാനായി പരിവര്‍ത്തന്‍ എന്ന സംഘടനയും രൂപീകരിച്ചു. മറാത്ത് വാദ സര്‍വ്വകലാശാലയ്ക്ക് അംബേദ്കറുടെ പേരിടണമെന്ന് വാദിച്ച വ്യക്തിയായിരുന്നു ദാബോല്‍ക്കര്‍. പുസ്തകങ്ങളെഴുതിയും പൊതുയോഗങ്ങള്‍ നടത്തിയും അന്ധവിശ്വാസത്തെ ഉന്‍മൂലനം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചു കൊണ്ടേയിരുന്നു. ആള്‍ദൈവമായി വിശേഷിപ്പിക്കപ്പെട്ട ആശാറാം ബാപ്പുവിനെതിരെയും അദ്ദേഹം നീങ്ങി. നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും ടാങ്കറുകളിലെ കുടിവെള്ളം ഹോളി ആഘോഷങ്ങള്‍ക്കായി ഉപയോഗിച്ച ആശാറാം ബാപ്പുവിന്റെ നടപടിയെ അദ്ദേഹം എതിര്‍ത്തു. മഹാരാഷ്ട്രയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നിരിക്കേ, വെള്ളം പാഴാക്കുന്നതാണ് ബാപ്പുവിന്റെ ഈ നടപടിയെന്നായിരുന്നു ദാബോല്‍ക്കറുടെ വിമര്‍ശനം.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രസംഗിക്കുക മാത്രമല്ല, നിയമപരമായി തന്നെ ഈ സാമൂഹ്യവിപത്തു തടയാനായിരുന്നു ദാബോല്‍ക്കറുടെ ശ്രമം. മഹാരാഷ്ട്രയില്‍ ഇങ്ങനെയൊരു നിയമനിര്‍മ്മാണം നടത്താന്‍ 2010ല്‍ അദ്ദേഹം സ്വന്തം നിലയില്‍ ഒരു നിയമത്തിന്റെ രൂപരേഖയുണ്ടാക്കി. എന്നാല്‍, ബി.ജെ.പിയും ശിവസേനയും ഇതിനെ രൂക്ഷമായി എതിര്‍ത്തു. ഹിന്ദു പാരമ്പര്യത്തെയും ആചാരങ്ങളെയും ബാധിക്കുന്നതാണ് ഈ നിയമമെന്നായിരുന്നു അവരുടെ വിമര്‍ശനം. എന്നാല്‍, ദൈവത്തേയോ മതത്തെയോ കുറിച്ച് ഒരു വാക്കു പോലും തന്റെ നിയമത്തിലില്ലെന്നായിരുന്നു വിമര്‍ശനങ്ങളോട് ദാബോല്‍ക്കറുടെ വിശദീകരണം. ‘വിശ്വാസത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നു. ഞാനതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍, വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തെയും തട്ടിപ്പിനെയുമാണ് ഞാന്‍ എതിര്‍ക്കുന്നത്.’ ഇതായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ ദാബോല്‍ക്കറുടെ വിശദീകരണം. മഹാരാഷ്ട്ര നിയമസഭയില്‍ ഏഴു തവണ ബില്‍ മേശപ്പുറത്തു വെച്ചിട്ടും പാസ്സാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുമ്പാകെ വിമര്‍ശനമുന്നയിച്ചു.

 

അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനുമെതിരെ പോരാട്ടം തുടങ്ങിയ നാള്‍ മുതല്‍ ദാബോല്‍ക്കറുടെ ജീവനു ഭീഷണിയുണ്ടായിരുന്നു. 1983ല്‍ അപായഭീഷണിയുള്ളതിനാല്‍ സര്‍ക്കാര്‍ പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹമതു നിരസിച്ചു. ‘എന്റെ രാജ്യത്ത്, എന്റെ ജനങ്ങളില്‍ നിന്നു തന്നെ ഞാന്‍ സംരക്ഷണം തേടുന്നു എന്നതിനര്‍ഥം, ഞാനെന്തോ തെറ്റു ചെയ്യുന്നുവെന്നതാണ്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് എന്റെ പോരാട്ടം. അത് ഏതെങ്കിലുമൊരാള്‍ക്ക് എതിരായിട്ടുള്ളതല്ല. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഈ സമരം.’ പോലീസ് സംരക്ഷണം നിരസിച്ചതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഇങ്ങനെ, ജീവരക്ഷ പോലും അവഗണിച്ച് അദ്ദേഹം സ്വന്തം നിലപാടുകള്‍ക്കു വേണ്ടി നിലയുറപ്പിച്ചു. പതിയിരുന്ന മരണം ഒടുവില്‍ 2013 ആഗസ്ത് 20ന് ദാബോല്‍ക്കറെ തേടിയെത്തി. പ്രഭാത സവാരിക്കിടെ, രാവിലെ 7.20ന് പുനെ ഓംകരേശ്വര്‍ ക്ഷേത്രത്തിനടുത്തു വെച്ച് അജ്ഞാതരായ രണ്ടു പേര്‍ അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തി. തലയിലും നെഞ്ചിലും വെടിയേറ്റ ദാബോല്‍ക്കര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മരണശേഷം മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു കൊടുക്കാന്‍ ദാബോല്‍ക്കര്‍ നേരത്തെ സമ്മതപത്രം നല്‍കിയിരുന്നു. കൊല്ലപ്പെട്ടതിനാല്‍ അദ്ദേഹത്തിന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടി വന്നു. അതിനാല്‍, വിദ്യാര്‍ഥികള്‍ക്ക് പഠനയോഗ്യമായിരുന്നില്ല. മതപരമായ ചടങ്ങുകളൊന്നുമില്ലാതെ അദ്ദേഹത്തെ സതാറയില്‍ സംസ്‌കരിച്ചു. മകന്‍ ചിതക്കു തീ കൊളുത്തുക എന്ന പരമ്പരാഗത ആചാരം ലംഘിച്ച് അതു നടത്തിയത് മകള്‍ മുക്തയായിരുന്നു. ചാരം അനുഷ്ഠാനപരമായി പുഴയിലൊഴുക്കാതെ ദാബോല്‍ക്കറുടെ ജൈവക്കൃഷിസ്ഥലത്തു വിതറി. ഇങ്ങനെ, ജീവിതത്തിലും മരണത്തിലും ദാബോല്‍ക്കര്‍ ഒരു മാതൃകയായി.

തികച്ചും ആസൂത്രിതമാണ് ദാബോല്‍ക്കറുടെ കൊലപാതകമെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മാത്രമേ ദാബോല്‍ക്കര്‍ പുണെയിലെ വീട്ടിലുണ്ടാവൂവെന്ന് അറിയാവുന്നവരാണ് കൊലക്കു പിന്നിലെന്നാണ് നിഗമനം. എന്നാല്‍, പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ കൊലപാതകികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചു. എന്‍.ഐ.എ അന്വേഷണത്തിനായി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു. കൊല നടന്ന പ്രദേശത്തെ ഏഴു സി.സി.ടി.വി ദൃശ്യങ്ങള്‍ ലണ്ടനില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം. കൃത്യം നടത്തിയ രണ്ടു പേരെക്കുറിച്ച് ഈ ദൃശ്യത്തില്‍ നിന്നു വിവരം ലഭിക്കുമെന്നും പോലീസ് കരുതുന്നു. എന്നാല്‍, പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ദാബോല്‍ക്കര്‍ വധാന്വേഷണം ഈ വര്‍ഷം മാര്‍ച്ച് നാലിന് ബോംബെ ഹൈക്കോടതി സി.ബി.ഐയ്ക്കു കൈമാറി. കൊലയ്ക്കു പിന്നില്‍ ആരാണെന്നും ലക്ഷ്യമെന്തെന്നുമുള്ള വിവരങ്ങള്‍ ഇന്നുമൊരു സമസ്യയായി തുടരുന്നു.

 

നിയമവും വിശ്വാസവും

എന്തിനു വേണ്ടി ദാബോല്‍ക്കര്‍ പൊരുതിയോ അതു നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് അദ്ദേഹത്തിന്റെ രക്തത്തുള്ളികള്‍ വേണ്ടി വന്നു. ദാബോല്‍ക്കര്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം സംസ്ഥാന മന്ത്രിസഭ അന്ധവിശ്വാസ വിരുദ്ധ നിയമം ഓര്‍ഡിനന്‍സായി അംഗീകരിച്ചു. ആറു ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നു. 2013 ഡിസംബറില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കി. ഓര്‍ഡിനന്‍സ് ഇറങ്ങിയ ഉടന്‍ മന്ത്രവാദത്തെയും ആഭിചാരക്രിയകളെയും നേരിടാന്‍ പോലീസ് വേട്ട തുടങ്ങി. ഓര്‍ഡിനന്‍സ് പാസ്സായി ഒരാഴ്ചയ്ക്കുള്ളില്‍ നാന്ദഡില്‍ രണ്ടു മുസ്ലീങ്ങള്‍ പിടിയിലായി. അന്ധവിശ്വാസ വിരുദ്ധ നിയമം ഹിന്ദു സംസ്‌കാരത്തെ ലക്ഷ്യമിട്ടാണെന്നുള്ള ബി.ജെ.പിയുടെ വാദം ഇതോടെ പൊളിഞ്ഞു. യു.പി ഗാസിയാബാദ് സ്വദേശി സഹീല്‍ഖാന്‍ ലിയാക്കത്ത്, മേറാത്ത് ജില്ലയിലെ അമീറുദ്ദീന്‍ അബ്ദുള്‍ ലത്തീഫ് എന്നിവരാണ് പിടിയിലായ ദുര്‍മന്ത്രവാദികള്‍. നാന്ദഡിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത്, ചികിത്സിച്ചു ഭേദമാവാത്ത രോഗങ്ങള്‍ക്ക് മന്ത്രവാദത്തിലൂടെ മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു ഇരുവരും. നാന്ദഡിലെ ഭാഗ്യനഗര്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. അന്ധവിശ്വാസ നിയമപ്രകാരം ഇതുവരെ 12 കേസുകള്‍ മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ ഒരു ബുദ്ധിസ്റ്റ് മാന്ത്രികനും ഉള്‍പ്പെടും. കര്‍ണ്ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കേസില്‍ പിടിയിലായവര്‍.

സാമൂഹ്യ ഉണര്‍വ്വിനും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടുള്ളതാണ് അന്ധവിശ്വാസ വിരുദ്ധ നിയമമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലെ ആമുഖവാക്യം. മനുഷ്യബലി പോലുള്ള പൈശാചിക കൃത്യങ്ങളില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കുമെന്നും നിയമം അടിവരയിടുന്നു. ദുര്‍മന്ത്രവാദവും ആഭിചാരക്രിയയും പോലുള്ളവ തുടച്ചു നീക്കും. മഹാരാഷ്ട്രയിലെ ഒരു പൗരനും വ്യക്തിപരമായോ മറ്റൊരാള്‍ വഴിയോ ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിക്കരുതെന്നും നിയമം അനുശാസിക്കുന്നു. ഇത്തരം കൃത്യങ്ങള്‍ കണ്ടെത്താനും നടപടിയെടുക്കാനും ഓരോ പോലീസ് സ്‌റ്റേഷനിലും ഒരു വിജിലന്‍സ് ഓഫീസറെ നിയമിക്കാനാണ് വ്യവസ്ഥ. കുറ്റക്കാരായി കണ്ടെത്തിയാല്‍ ചുരുങ്ങിയത് ആറു മാസവും പരമാവധി ഏഴു വര്‍ഷവും ശിക്ഷ ലഭിക്കും. പിഴയാവട്ടെ അയ്യായിരം രൂപ മുതല്‍ അര ലക്ഷം രൂപ വരെയും. തന്റെ കേസുമായി ബന്ധപ്പെട്ട് പരാതിയുള്‍പ്പെടുന്ന പ്രദേശത്തിന്റെ പരിധിയിലുള്ള ഏതു സ്ഥലത്തും പരിശോധന നടത്താന്‍ വിജിലന്‍സ് ഓഫീസര്‍ക്ക് അധികാരമുണ്ട്. കേസുമായി ബന്ധപ്പെട്ട ഏതു സാമഗ്രികളും പിടിച്ചെടുക്കുകയും ചെയ്യാം.

ബെസ്റ്റ് ഓഫ് അഴിമുഖം

അസ്ഥിരതയുടെ ഇന്ത്യന്‍ കാഴ്ചകള്‍
ഈ ജാതി തീരത്ത് തരരുത് ഇനിയൊരു ജന്മം കൂടി
ഡിസംബര്‍ ഇന്നും ഭയപ്പെടുത്തുന്നുണ്ട്
ജെ.എന്‍.യുവില്‍ നടന്നത് ജെന്റര്‍ വയലന്‍സ് തന്നെയാണ്
നാണിച്ച്, നാണിച്ച്…കുറെ നാണക്കേടുകള്‍

പ്രേതബാധയുടെ പേരിലുള്ള മര്‍ദ്ദനവും പീഡനവും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതും ശരീരാവയവങ്ങളില്‍ തൊടുന്നതുമൊക്കെ കുറ്റകൃത്യങ്ങളായി നിയമം അനുശാസിക്കുന്നു. ബാധയുടെ പേരില്‍ ഒരാള്‍ക്കു വൈദ്യചികിത്സ നിഷേധിച്ച്, ആഭിചാരക്രിയയിലൂടെ അതു മാറ്റാന്‍ ശ്രമിക്കുന്നതും കുറ്റകരമാണ്. ദുര്‍മന്ത്രവാദത്തിന്റെ പേരിലുള്ള മനുഷ്യവിരുദ്ധ നടപടികളെല്ലാം കുറ്റകൃത്യമാണെന്നും നിയമം അടിവരയിട്ടു. ഭ്രൂണഹത്യ, ബാധയുടെ പേരിലുള്ള ദേഹോപദ്രവം, ഗര്‍ഭിണികളാവാത്ത സ്ത്രീകള്‍ക്ക് മാതൃത്വം വാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിക്കല്‍ തുടങ്ങിയവയൊക്കെ കുറ്റകൃത്യങ്ങളാണെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇങ്ങനെ, നാനാവിധത്തിലുള്ള മന്ത്രവാദക്രിയകളെ അടിമുടി ഉന്മൂലം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് ദാബോല്‍ക്കറുടെ ജീവത്യാഗത്തിനു ശേഷമുള്ള ഈ നിയമം.

 

വിശ്വാസമെന്നാല്‍ ദൈവവിശ്വാസമാണ്. ഈ പ്രപഞ്ചം ഇങ്ങനെ നിലനില്‍ക്കാന്‍ അമാനുഷികമായ ഒരു ശക്തിയുടെ സ്വാധീനമുണ്ട് എന്നുള്ള വിശ്വാസം. എന്നാല്‍, മനുഷ്യന്റെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ശക്തികളുണ്ട് എന്ന മട്ടില്‍ വ്യക്തിയിലും സമൂഹത്തിലും അബദ്ധജടിലമായ ധാരണകളും പ്രവൃത്തികളും മാത്രം ഉല്‍പ്പാദിപ്പിക്കുന്നത് അന്ധവിശ്വാസമാണ്. നാം പ്രപഞ്ചത്തെക്കുറിച്ചു നേടിയെടുത്ത അറിവിനെക്കുറിച്ചുള്ള അപക്വവും ഭാഗികവുമായ ധാരണകള്‍ വിശ്വാസങ്ങളെ ശക്തിപ്പെടുത്തുന്നതിലും അതുവഴി അന്ധവിശ്വാസങ്ങളില്‍ എത്തിക്കുന്നതിലും മുഖ്യ പങ്കുവഹിക്കുന്നു. നവലിബറല്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമായുള്ള വാണിജ്യസംസ്‌കാരവും പുതിയ വിശ്വാസസംഹിതകളെ വളര്‍ത്തുന്നതില്‍ പ്രധാനമാണ്. ഒരു കാലഘട്ടത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങളുടെ ഫലമായി രൂപം കൊണ്ട ശാസ്ത്രബോധത്തിനും പൊതുജീവിതത്തിലെ യുക്തിപരതയ്ക്കും എതിരായിട്ടുള്ള ഈ കടന്നുകയറ്റം നിത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്.

 

രാഷ്ട്രീയ വലതുപക്ഷത്തിന്റെ വളര്‍ച്ച കമ്പോളവ്യവസ്ഥയും വിശ്വാസസംഹിതകളും തമ്മിലുള്ള സമന്വയത്തിന് അടിത്തറ നല്‍കുന്നുണ്ട്. സവര്‍ണ്ണ മേധാവിത്വവും ജാതിഭിന്നതകളും വീണ്ടും പരസ്യമായി പ്രത്യക്ഷപ്പെടുന്നു. എല്ലാ മതങ്ങളുടെയും ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു. ജാതിമത സംഘടനകള്‍ അതിശക്തമായി പൊതു ഇടങ്ങള്‍ കൈയ്യേറുന്നു. ശാസ്ത്രസാങ്കേതികവിദ്യയും ഏറ്റവും പുതിയ ശാസ്ത്രനേട്ടങ്ങളും ശാസ്ത്രബന്ധത്തെയോ ശാസ്ത്രത്തെയോ ശക്തിപ്പെടുത്താനല്ല, വിശ്വാസത്തെ ശക്തിപ്പെടുത്താനാണ് ഇന്ന് ഉപയോഗിക്കുന്നത്. ദൃശ്യശ്രാവ്യ പത്രമാധ്യമങ്ങള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ തുടങ്ങിയവ ശാസ്ത്രപ്രചാരണത്തിനല്ല, എല്ലാവിധ അന്ധവിശ്വാസത്തിന്റെയും പ്രചാരണത്തിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നു. കേരളത്തില്‍ ഏറ്റവുമധികം ഫണ്ടു സ്വരൂപിക്കുന്ന രണ്ടു ‘ദൈവിക’ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ചാനലുകളുണ്ട്. നിരവധി മതപ്രചാരണചാനലുകളും ദൈവീകസീരിയലുകളും മത്സരിച്ചു സംപ്രേഷണം ചെയ്യപ്പെടുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത നിരവധി ഉല്‍പ്പന്നങ്ങള്‍ ഇതുവഴി വിറ്റഴിക്കപ്പെടുന്നു. ‘ദൈവാംശമുള്ള’ വ്യക്തികളും സ്ഥാപനങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്നു.

 

നാം ആര്‍ജ്ജിച്ച സാമൂഹ്യമുന്നേറ്റങ്ങള്‍, ഇങ്ങനെ അതിവേഗം പിന്നോട്ടടിക്കപ്പെടുകയാണ്. സാമൂഹ്യ വിപ്ലവത്തിന് ശാസ്ത്രത്തിന്റെ ആയുധം നല്‍കാന്‍ തുനിയുന്നവര്‍ക്ക്, വിശ്വാസത്തിന്റെ അന്ധവും അശാസ്ത്രീയവുമായ ചട്ടക്കൂടുകളെ എതിര്‍ക്കാതെ നിര്‍വ്വാഹമില്ല. ദാബോല്‍ക്കര്‍ നയിച്ച ജീവിതവും യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കലാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വസ്മരണയുടെ രാഷ്ട്രീയം.

 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍