UPDATES

പങ്കജ് മിശ്ര

കാഴ്ചപ്പാട്

പങ്കജ് മിശ്ര

ന്യൂസ് അപ്ഡേറ്റ്സ്

അസഹിഷ്ണുതയുടെ ‘നല്ല ദിനങ്ങള്‍’; മോദിയുടെ ഇന്ത്യ – പങ്കജ് മിശ്ര എഴുതുന്നു

‘നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു’ (അച്ചേ ദിന്‍ ആ രഹേ ഹെ) എന്ന മുദ്രാവാക്യവുമായാണ് നരേന്ദ്ര മോദി കഴിഞ്ഞ മേയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വ്യവസായ മേഖല നവീകരിക്കുക, ഉത്പാദനക്ഷമത ഉയര്‍ത്തുക, തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങളോടു കൂടി മോദിയുടെ ഹിന്ദു ദേശീയ ഗവണ്‍മെന്റ് അധികാരത്തില്‍ വരികയും ചെയ്തു.

അമേരിക്ക കേന്ദ്രമായ സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുതല്‍ വലതുപക്ഷ ബുദ്ധിജീവികള്‍, പ്രശസ്ത ഇന്ത്യന്‍ ഫെമിനിസ്റ്റ് എഴുത്തുകാരി മധു കിഷ്വാര്‍ തുടങ്ങിയവരെ പോലുള്ള ഒരുപാട് നിരൂപകര്‍ മോദിയുടെ യോഗ്യതകളെ അംഗീകരിച്ചു സംസാരിച്ചിരുന്നു. മോദിയെ ഇന്ത്യയുടെ പുതിയ സാമ്പത്തിക പരിഷ്‌കര്‍ത്താവ് (വികാസ് പുരുഷ്), വികസന പുരുഷന്‍ തുടങ്ങിയ ഉപനാമങ്ങള്‍ നല്‍കി പ്രശംസിക്കുകയായിരുന്നു അവര്‍. 

ആറു മാസങ്ങള്‍ക്കു ശേഷം മോദിയുടെ വികസനമേഖലയിലെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ സമ്മിശ്ര അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റു മൂന്നുമാസം തികയുമ്പോഴേക്കും ഇന്ത്യയുടെ ജി.ഡി.പി 5.7 ശതമാനത്തില്‍ നിന്നും 5.3 ആയി കുറഞ്ഞു. യന്ത്രവത്കരണം വര്‍ദ്ധിച്ചുവരികയും അന്താരാഷ്ട്ര വളര്‍ച്ചാനിരക്കു കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കിഴക്കേഷ്യന്‍ കയറ്റുമതി മാതൃക അനുകരിച്ചു മോദി ഗവണ്‍മെന്റ് കൊണ്ടുവന്ന ‘ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന പദ്ധതി പരാജയപ്പെടുകയാണ്. കൂടാതെ വ്യവസായ വളര്‍ച്ച കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍ കഴിഞ്ഞ മാസം ഇതു കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്.

മോദിയുടെ പക്ഷം പിടിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദു ദേശീയ വാദികകള്‍ ഈ ആറുമാസത്തെ വിലയിരുത്തുന്നത് മറ്റൊരു രീതിയിലാണ്. വിദേശ സ്വാധീനം നിയന്ത്രിച്ചു ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ഗവണ്‍മെന്റിന്റെ ഇടപെടലുകളെയാണ് രാജ്യത്തിന്റെ പുരോഗതിയായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വയം ഹിന്ദുവായി കരുതണം എന്നതാണു മോദിക്ക് ആജീവനാന്ത അംഗത്വമുള്ള ആര്‍.എസ്.എസ്സിന്റെ ആവശ്യം. ഈ മാസം ഉത്തര്‍പ്രദേശിലെ 2000 മുസ്ലീങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട് എന്നാണ് ആര്‍.എസ്. എസിന്റെ സഖ്യകക്ഷിയായ ബജ്‌റംഗദളിന്റെ അവകാശവാദം. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കള്‍ ‘വീട്ടിലേക്കുള്ള മടക്കം’ (ഘര്‍ വാപ്പസി) എന്ന പദ്ധതി ഒരു അജണ്ടയായി ആഹ്വാനം ചെയ്തിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ കാബിനറ്റിലെ പത്തൊമ്പതോളം അംഗങ്ങള്‍ ആര്‍.എസ്.എസ് അനുഭാവികളാണ്. ക്രിസ്ത്യാനികള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെ ഹിന്ദുത്വവത്കരിക്കുകയാണ് അവരുടെ അടുത്ത നീക്കം.

രാമന്റെ മക്കളായ ഹിന്ദുക്കളും ജാരസന്തതികളായ മുസ്ലീമും ക്രിസ്ത്യാനികളുമടങ്ങുന്ന രണ്ടുതരം ജനവിഭാഗങ്ങളാണ് ഇന്ത്യയിലുള്ളതെന്ന് ഈ സര്‍ക്കാരിലെ മുതിര്‍ന്ന നേതാവു പറഞ്ഞു. ശക്തമായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഈ പ്രസ്താവന തിരിച്ചെടുക്കാന്‍ ആ വനിതാമന്ത്രി നിര്‍ബന്ധിതയായെങ്കിലും, വികസനം എന്ന ലക്ഷ്യത്തില്‍ നിന്നു തന്റെ ശ്രദ്ധ തിരിച്ചു വിടരുത് എന്ന തികച്ചും നിസ്സാരമായ പ്രതികരണം മാത്രമാണു മോദി നല്‍കിയിട്ടുള്ളത്. ഉന്നത ജാതിക്കാരുടെ പ്രധാന ഗ്രന്ഥമായ ഭഗവത്ഗീത രാഷ്ട്രത്തിന്റെ ദേശീയ ഗ്രന്ഥമാക്കണം എന്നാണു ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ് വാദം.

വെര്‍ണര്‍ ഹൈസന്‍ബര്‍ഗന്റെ അനിശ്ചിതത്വ സിദ്ധാന്തം വേദങ്ങളില്‍ നിന്നും എടുത്തതാണെന്നാണ് അടുത്തിടെ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടത്. ആധുനിക ശാസ്ത്രങ്ങളും ചരിത്രങ്ങളും പുനഃപരിശോധിക്കണം എന്നാണ് ഭാരതീയ ജനത പാര്‍ട്ടിയിലെ പല നേതാക്കന്മാരുടെയും ആവശ്യം. ചിലരുടെ അഭിപ്രായത്തില്‍ പശുവിന്‍ പാലു മുതല്‍ മൂത്രം വരെ ഇന്ത്യയിലെ അഴിമതിക്കും കാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ക്കും പ്രതിവിധിയാണത്രേ. മാത്രവുമല്ല മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ ദേശസ്‌നേഹിയായി വാഴ്ത്തപ്പെടുന്നു. താജ് മഹല്‍ ഹിന്ദുക്കളുടെ ക്ഷേത്രവുമായി.

ആഘോഷിക്കപ്പെട്ട വികസന പ്രതിപുരുഷനായ മോദിയില്‍ നിന്നും, വിവേക ശൂന്യമായ ദേശഭക്തിയും വിഭാഗീയ രാഷ്ട്രീയം പ്രവര്‍ത്തന അജണ്ടയുമാക്കിയ ഈ മോദിയിലേക്കുള്ള ദൂരം എങ്ങനെയാണ് നമ്മള്‍ മനസ്സിലാക്കുക? പണ്ട് മോദി ഇങ്ങനെ ആയിരുന്നില്ല എന്നും പ്രധാനമന്ത്രി സ്ഥാനമാണ് മോദിയുടെ ബുദ്ധിയെ നശിപ്പിച്ചതെന്നാണ് മധു കിഷ്വാര്‍ ഇപ്പോള്‍ പറയുന്നത്.

പ്രധാനമന്ത്രി ആയതിനു ശേഷം വാക്കുകള്‍ കൊണ്ടുള്ള ഇരട്ടത്താപ്പ് മോദി കുറച്ചിട്ടുണ്ട്. സാമ്പത്തിക വികസന കാര്യങ്ങളാണ് പ്രധാനലക്ഷ്യമെന്നു ഇടയ്ക്കിടെ പറയുന്നതിനോടൊപ്പം മോദി, അനുയായികളുടെ പ്രതിലോമരാഷ്ട്രീയത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറുള്ളതൊക്കെ മനസ്സിലാക്കാവുന്ന കാര്യമാണ്. പക്ഷെ ആര്‍എസ്എസ്സിന്റെ പ്രവാചകന്‍ എന്ന മോദിയുടെ അപകടകരമായ ചരിത്രത്തെ നമ്മള്‍ മറന്നു കൂട. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തെ ഹിന്ദുത്വവത്കരിക്കുക എന്ന ആര്‍എസ്എസ് സംഘടനയുടെ ദീര്‍ഘകാല അജണ്ടയെ നിരാകരിക്കുന്നുമുണ്ട് മോദി.

പ്രയോഗിക ആവശ്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ വരുമ്പോള്‍ പല രാഷ്ട്രീയക്കാരും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും പ്രത്യയശാസ്ത്ര വിശ്വാസങ്ങളെ മറച്ചുവെക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ പ്രത്യയശാസ്ത്രങ്ങളുടെ ആവശ്യകതളെകുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും മനസ്സിലാക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ്.

ചെറുതായൊന്നു വിമര്‍ശിക്കുക എന്നതില്‍ കവിഞ്ഞ് അനുയായികളുടെ രാഷ്ട്രീയത്തെ നിരാകരിക്കാനോ നിശിതമായി വിമര്‍ശിക്കുവാനോ മോദി ശ്രമിക്കാറില്ല എന്നത് അത്ഭുതകരമായ കാര്യമല്ല. മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം എന്നു പറഞ്ഞ രാഷ്ട്രീയ നേതാവ് ഗിരിരാജ് സിംഗ് ഇന്നു മന്ത്രിസഭയിലെ ഒരംഗമാണ്. ക്രിമിനല്‍ കേസുകളില്‍ ഇന്നും വിചാരണ നേരിട്ടു കൊണ്ടിരിക്കുകയും ഇലക്ഷന്‍ സമയത്ത് വെറുപ്പ് പ്രചാരണം നടത്തിയത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുകയും ചെയ്ത അമിത് ഷാ ഇന്ന് പാര്‍ട്ടിയുടെ പ്രസിഡന്റാണ് എന്നതും ശ്രദ്ധേയമാണ്.

ഹിന്ദുരാഷ്ട്രത്തിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറായിട്ടുള്ള ഇത്തരം അപകടകാരികളായ സാംസ്‌കാരിക യോദ്ധാക്കളുടെ ‘നല്ല ദിവസങ്ങള്‍’ (അച്ചേ ദിന്‍) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതു മുതല്‍ തുടങ്ങിയതാണ്. ജി.ഡി.പി കണക്കുകളോ നിക്ഷേപകരുടെ വിലയിരുത്തലുകളോ ഇവരെ സംബന്ധിച്ചിടത്തോളം പ്രസക്തമായ കാര്യമേ അല്ല.

പങ്കജ് മിശ്ര

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍