UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യാ വിഭജനത്തിന് കാരണം കോണ്‍ഗ്രസ്സ്: നരേന്ദ്ര മോദി ലോക്സഭയില്‍

പട്ടേലായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ കാശ്മീര്‍ മുഴുവന്‍ ഇന്ത്യയുടേതാകുമായിരുന്നു

1947 ലെ ഇന്ത്യാ വിഭജനത്തിന് കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മോദി കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവിന് പകരം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആണ് പ്രധാനമന്ത്രിയായിരുന്നതെങ്കില്‍ കശ്മീര്‍ മുഴുവന്‍ ഇന്ത്യയുടെ ഭാഗമായി മാറുമായിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയില്‍ മോദി പറഞ്ഞു. കോണ്‍ഗ്രസ്സ് പടര്‍ത്തിയ വിഷത്തിന്റെ വില ഓരോ ഇന്ത്യക്കാരനും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആന്ധ്രാ പ്രദേശിനെയും തെലങ്കാനയെയും ധൃതിപ്പെട്ട് വിഭജിച്ച കോണ്‍ഗ്രസ്സിന്റെ നടപടിയെയും മോദി വിമര്‍ശിച്ചു. “നാല് വര്‍ഷത്തിന് ശേഷവും ആന്ധ്രാ പ്രദേശില്‍ പ്രശ്നങ്ങള്‍ തുടരുകയാണ്. കാരണം വേണ്ടത്ര ആലോചനയില്ലാതെയാണ് കോണ്‍ഗ്രസ്സ് ആ വിഭജനം നടത്തിയത്”

കേന്ദ്ര ബജറ്റിനെതിരെ തെലുങ്കു ദേശം പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം. ബജറ്റില്‍ ആന്ധ്രാ പ്രദേശിന് വേണ്ടത്ര പരിഗണന കിട്ടാത്തതില്‍ ടി ഡി പി നിരാശരായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഉത്തരാഖണ്ഡ്, ജാര്‍ഖണ്ട്, ചത്തീസ്ഖണ്ട് എന്നീ സംസ്ഥാനങ്ങള്‍ രൂപീകരിച്ചത് മാതൃകാപരമായ ഉദാരണമായി മോദി എടുത്തു പറഞ്ഞു.

കോണ്‍ഗ്രസ്സ് ശരിയായതും സത്യസന്ധവുമായ നയങ്ങളല്ല ഇവിടെ നടപ്പാക്കിയത്. “കോണ്‍ഗ്രസ്സ് കരുതുന്നത് ഇന്ത്യാ രാജ്യം ഉണ്ടായത് 1947 ആഗസ്ത് 1നാണ് എന്നാണ്. അതിനു മുന്‍പ് രാജ്യം ഉണ്ടായിരുന്നില്ല എന്ന മട്ടില്‍.. “മോദി പറഞ്ഞു. നെഹ്രുവാണ് ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റിയത് എന്ന കോണ്‍ഗ്രസ്സിന്റെ വാദം അവരുടെ അഹങ്കാരത്തെയാണ് കാണിക്കുന്നത്. “ഇതാണോ അവരുടെ ചരിത്രത്തെ കുറിച്ചുള്ള ധാരണ?” മോദി ചോദിച്ചു. ആ പാര്‍ട്ടി ഒരു കുടുംബത്തിന്റെ കാര്യത്തില്‍ മാത്രമേ ആശങ്കപ്പെട്ടിട്ടുള്ളൂ.

പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട് എന്നു പറഞ്ഞ മോദി കോണ്‍ഗ്രസ്സ് തങ്ങളെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കേണ്ട എന്നു പറഞ്ഞു. “എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയവരാണ് കോണ്‍ഗ്രസ്സ്. ആന്ധ്രാ പ്രദേശിന്റെ അഭിമാന പുത്രനായ നീലം സഞ്ജീവ റെഡ്ഡിയെ കോണ്‍ഗ്രസ്സ് എങ്ങിനെയാണ് അപമാനിച്ചത് എന്നു എല്ലാവര്‍ക്കും അറിയാം. ഇന്ത്യയില്‍ ആരും കോണ്‍ഗ്രസില്‍ നിന്നും ജനാധിപത്യം പഠിക്കാന്‍ ആഗ്രഹിക്കുന്നില്ല.”

എന്നാല്‍ മോദിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. “ഞങ്ങള്‍ പ്രധാനമന്ത്രി ഒരു പ്രധാനമന്ത്രിയെ പോലെ പ്രസംഗിക്കുമെന്ന് പ്രതീക്ഷിച്ചു. എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ പ്രസംഗം കോണ്‍ഗ്രസ്സ് പാര്‍ട്ടിയെക്കുറിച്ചും കോണ്‍ഗ്രസ്സ് നേതാക്കളെ കുറിച്ചും നരേന്ദ്ര മോദിയെ കുറിച്ചുമാണ്. രാജ്യത്തിന് മുന്‍പില്‍ നിരവധി വലിയ വിഷയങ്ങളുണ്ട്. റാഫേല്‍ ഇടപാട്, കര്‍ഷകരുടെ പ്രശ്നം. അതിനെ കുറിച്ചൊക്കെ അദ്ദേഹം നിശബ്ദനാണ്.” രാഹുല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍