UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദിയുടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രസംഗം; ചില സൂചനകള്‍

Avatar

സ്റ്റീവന്‍ മഫ്സന്‍, ഡെമിര്‍ജിയന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു ദശാബ്ദത്തോളം യു.എസില്‍ പ്രവേശിക്കാന്‍ വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി, ബുധനാഴ്ച്ച അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയും യു.എസും ‘സ്വാഭാവിക സഖ്യകക്ഷികളാണ്’ എന്നു പറഞ്ഞ മോദി ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ശക്തമായ ബന്ധത്തിനും ആഹ്വാനം ചെയ്തു.

കോണ്‍ഗ്രസിനെ ഇംഗ്ലീഷില്‍ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് ദീര്‍ഘനേരം മുഴങ്ങിയ കരഘോഷത്തിന് മോദി കൈവീശി പ്രത്യാഭിവാദ്യം ചെയ്തു.

ഇടക്കൊക്കെ തമാശകള്‍ നിറച്ച പ്രസംഗത്തില്‍  ഇന്ത്യന്‍ വംശജരായ അമേരിക്കയിലെ കുടിയേറ്റക്കാരെക്കുറിച്ചും തര്‍ക്കവിഷയമായ ബൌദ്ധിക സ്വത്തവകാശത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള സാമ്പത്തിക സഹായത്തെക്കുറിച്ചുമെല്ലാം മോദി പരാമര്‍ശിച്ചു.

“യു.എസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വളരെ ഒത്തൊരുമയോടെയാണ് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളുടെ ദ്വികക്ഷിരാഷ്ട്രീയത്തെക്കുറിച്ചും,” ചിരികള്‍ക്കിടയില്‍ മോദി പറഞ്ഞു. “ഇതേ പ്രവണത ഇന്ത്യന്‍ പാര്‍ലമെന്റിലും ഞാന്‍ കണ്ടിട്ടുണ്ട്. നാം പല രീതികളും പങ്കുവെക്കുന്നു എന്നു കാണാം.”

അമേരിക്കയിലെ 3 ദശലക്ഷം ഇന്ത്യന്‍ വംശജര്‍ “നിങ്ങളുടെ കരുത്താണ്. ഇന്ത്യയുടെ അഭിമാനവും” എന്നും മോദി പറഞ്ഞു. സ്പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ വിജയിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. അവരില്‍ മൂന്നുപേര്‍ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എസ് എന്നു അദ്ദേഹം പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ബൌദ്ധിക സ്വത്തവകാശത്തിന് പണം നല്‍കില്ല എന്നു പറഞ്ഞ ഇന്ത്യ യോഗയുടെ ബൌദ്ധിക സ്വത്തവകാശം അവകാശപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

1874-നു ശേഷം നാല് ഇന്ത്യന്‍ നേതാക്കളടക്കം 118 തവണ വിദേശ രാഷ്ട്ര നേതാക്കള്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിട്ടുണ്ട്. ചിലര്‍ ഒന്നിലേറെ തവണയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലും ഇസ്രയേല്‍ പ്രധാനമന്ത്രിയെ ബെഞ്ചമിന്‍ നെതന്യാഹുവും മൂന്നു തവണ വീതം ചെയ്തു.

ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരിക്കെ  2002-ല്‍ നടന്ന മുസ്ലീം വംശഹത്യ തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ വര്‍ഷങ്ങളോളം യു.എസിലേക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട മോദിയെ സംബന്ധിച്ച് ഇത് തികച്ചും പ്രത്യേകതയുള്ള ഒരു അഭിസംബോധന കൂടിയാണ്. ആഭ്യന്തര വിമര്‍ശകരെ മോദി കൈകാര്യം ചെയ്യുന്ന രീതിയിലും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലെ വീഴ്ച്ചയിലും മനുഷ്യാവകാശ സംഘങ്ങള്‍ ആശങ്കയിലാണ് എന്നത് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.

പക്ഷേ മഹാത്മ ഗാന്ധിയുടെ അഹിംസയിലൂന്നിയ നിയമലംഘന പ്രസ്ഥാനത്തെയും മാര്‍ടിന്‍ ലൂഥര്‍ കിംഗില്‍ അതുണ്ടാക്കിയ സ്വാധീനത്തെയും കുറിച്ചു പറഞ്ഞ മോദിക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റ് നിന്നു കയ്യടി നല്കി. മസ്സാചുസെട്സില്‍ ഗാന്ധിയുടെയും കിംഗിന്റെയും സ്മാരകങ്ങള്‍ അടുത്തടുത്ത് നില്‍ക്കുന്നത് അവര്‍ വിശ്വസിച്ച ആദര്‍ശങ്ങളുടെയും മൂല്യങ്ങളുടെയും അടുപ്പത്തെ പ്രതിഫലിപ്പിക്കുന്നു എന്നു മോദി വിശേഷിപ്പിച്ചു.

കോണ്‍ഗ്രസിനെ ‘ജനാധിപത്യത്തിന്റെ ക്ഷേത്രം’ എന്നു വിശേഷിപ്പിച്ച മോദി തന്നെ ഇവിടേക്ക് ക്ഷണിച്ചതിലൂടെ ‘നിങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ ആദരിച്ചിരിക്കുന്നു’ എന്നും പറഞ്ഞു.

യു.എസ്-ഇന്ത്യ തന്ത്രപര പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ട്. ശക്തമായ ഇന്ത്യയാണ് അമേരിക്കയുടെ തന്ത്രപരമായ താത്പര്യം. വാണിജ്യത്തിനായി സമുദ്രപാതകള്‍ സുരക്ഷിതമാക്കാന്‍, യു.എന്‍ സമാധാന ദൌത്യങ്ങളിലേക്ക് സൈനികരെ നല്കാന്‍, അഫ്ഗാനിസ്ഥാനുള്ള സഹായം, ഭീകരവാദത്തെ ചെറുക്കാന്‍ എന്നിവക്കെല്ലാം ഇന്ത്യ മുന്നിലായിരുന്നു എന്നും മോദി ചൂണ്ടിക്കാട്ടി.

“മറ്റേത് പങ്കാളിയെക്കാളും കൂടുതലായി സൈനികാഭ്യാസങ്ങള്‍ ഇന്ത്യ യു.എസിനൊപ്പമാണ് നടത്തുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയിലേക്കുള്ള യു.എസ് സൈനികോപകരണങ്ങളുടെ വില്‍പ്പന പൂജ്യത്തില്‍ നിന്നും 10 ബില്ല്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. ചിനൂക്, അപ്പാചേ ഹെലികോപ്റ്ററുകളും പി-8 അന്വേഷണ വിമാനങ്ങളും പോലുള്ളവയാണ് ഇവയില്‍ ഏറെയും.

ഇന്ത്യയില്‍ ആണവനിലയങ്ങള്‍ പണിയാന്‍ യു.എസ് കമ്പനികളെ സഹായിക്കുന്ന തരത്തില്‍ സാധ്യതകള്‍ തുറന്നിട്ട 2008-ലെ ആണവ സഹകരണ കരാര്‍ അംഗീകരിച്ചതിനും ഇന്ത്യന്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിന് നന്ദി പറഞ്ഞു. മറ്റ് നിയമ, കരാര്‍ പ്രശ്നങ്ങള്‍ മൂലം ഇതുവരെയും ഈ മേഖലയില്‍ ധാരണകളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും ഇന്ത്യയുടെ പൊതുമേഖല ആണവ സ്ഥാപനവും തോഷിബയുടെ ഉപകമ്പനിയായ Westinghouse Electric ചേര്‍ന്ന് ഒരു ആണവ നിലയം തുടങ്ങുമെന്നും ഇതിനുള്ള ധാരണ 2017 ജൂണില്‍ ശരിയാകുമെന്നും അവര്‍ പറയുന്നുണ്ട്.

“നമുടെ  ബന്ധത്തിന്റെ സ്വഭാവത്തെതന്നെ ആണവ കരാര്‍ മാറ്റി” എന്നും മോദി പറഞ്ഞു.

മോദി പ്രധാനമന്ത്രിയായതിന് ശേഷം ഒബാമ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മോദിയുമായി ബന്ധം സ്ഥാപിച്ചു. ചൈനയുടെ സ്വാധീനം വ്യാപിക്കുന്നത് തടയാന്‍ അവര്‍ക്ക് ഒബാമ ഭരണകൂടത്തിന് താത്പര്യമുണ്ട്. ഇന്ത്യയുമായി ചില അതീവ നിര്‍ണായകമായ സൈനിക സാങ്കേതികവിദ്യകള്‍ കൈമാറാന്‍ യു.എസ് തയ്യാറാണെന്ന് ചൊവ്വാഴ്ച്ച ഇരുനേതാക്കളും പുറത്തിറക്കിയ ഒരു സംയുക്ത പ്രസ്താവനയില്‍ പറയുന്നു. യു.എസ് തങ്ങളുടെ അടുത്ത സഖ്യകക്ഷികളുമായി മാത്രമാണു ഇത് ചെയ്യുന്നത്. സൈനിക, സൈനികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍ യു.എസ് ഇന്ത്യക്ക് കൈമാറുമെന്നും ഇതില്‍ പറയുന്നു. സൈനികാവശ്യങ്ങള്‍ക്കായി ആണവ സാങ്കേതിക വിദ്യ ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ ഇക്കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.

ഇതുകൂടാതെ, ഡിസംബറില്‍ പാരീസില്‍ നടന്ന അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയില്‍ തയ്യാറാക്കിയ ഉടമ്പടിയില്‍ ഒപ്പുവെക്കാനും ഒബാമ മോദിയെ പ്രേരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് രംഗം എന്ന നിലയില്‍ ഇന്ത്യയിലെ ഫോസില്‍ ഇന്ധനത്തിന്റെ വന്‍തോതിലുള്ള ഉപയോഗം ഹരിതഗൃഹ വാതകങ്ങളുടെ വന്‍തോതിലുള്ള ബഹിര്‍ഗമനത്തിന് കാരണമായേക്കും.

എല്ലാര്‍ക്കും വീടും എല്ലാ വീട്ടിലും വൈദ്യുതിയും എന്നതടക്കം വലിയ പട്ടികയാണ് തനിക്ക് ചെയ്യാനുള്ളതെന്ന് മോദി പറയുന്നു. വിദൂര ഗ്രാമങ്ങളിലടക്കം ബ്രോഡ്ബാന്‍ഡ് ബന്ധം നല്‍കുന്ന സ്മാര്‍ട്ട് സിറ്റികളും, 2022-ഓടെ വന്‍ തോതില്‍ റോഡ്, തുറമുഖ അടിസ്ഥാന സൌകര്യങ്ങളും ഇന്ത്യ വികസിപ്പിക്കുമെന്നും മോദി പറഞ്ഞു.

“ഇതെല്ലാം വെറും ആഗ്രഹങ്ങളല്ല, സമയബന്ധിതമായി നടപ്പാക്കുന്നവയാണ്.” കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനവും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന് മുന്‍ഗണനയും നല്‍കിക്കൊണ്ടായിരിക്കും ഇതെല്ലാം ചെയ്യുക.

യു.എന്‍ രക്ഷാസമിതിയിലെ ഇന്ത്യന്‍ അംഗത്വത്തെക്കുറിച്ചും മോദി സൂചിപ്പിച്ചു. ഇതും സംയുക്ത പ്രസ്താവനയിലുണ്ട്.

“20-ആം നൂറ്റാണ്ടിനനുസൃതമായി രൂപപ്പെടുത്തിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍ക്കൂടി കണക്കിലെടുത്താല്‍ നമ്മുടെ സഹകരണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിക്കും,” എന്നും മോദി ഇതേപ്പറ്റി സൂചിപ്പിച്ചു.

നിറഞ്ഞ സദസിനെയാണ് മോദി അഭിസംബോധന ചെയ്തത്. കുറേയേറെ ഇരിപ്പിടങ്ങളില്‍ ഇന്ത്യന്‍ അധികൃതരും മറ്റുമായിരുന്നു എങ്കിലും. പ്രസംഗത്തിന് മുമ്പ് വിതരണം ചെയ്ത കുറിപ്പിലെ ഒരു വരിപോലും മോദി പ്രസംഗത്തില്‍ വായിച്ചില്ല.

വാഷിംഗ്ടണ്‍ പോസ്റ്റ് ഉടമയും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസും പരിപാടിക്കെത്തിയിരുന്നു. ഇന്ത്യയിലെ ആമസോണ്‍ നിക്ഷേപം 5 ബില്ല്യനാക്കി ഉയര്‍ത്താനായി, ഇനിയും 3 ബില്ല്യണ്‍ കൂടി നിക്ഷേപിക്കുമെന്ന് ബെസോസ് ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍