UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പല്ലു കൊഴിയുന്ന ചില പുലികള്‍

Avatar

അഴിമുഖം പ്രതിനിധി

നമ്മുടെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ കാണുമ്പോള്‍ ഏത് ലോകത്താണ് ഇവര്‍ ജീവിക്കുന്നതെന്ന് തോന്നിപ്പോകും. ഉദാഹരണത്തിന്, ഇപ്പോള്‍ നമ്മുടെ ദേശീയ മാധ്യമങ്ങള്‍ കൊണ്ടാടുന്ന നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ കാര്യം തന്നെയെടുക്കാം. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി നടന്ന ചില നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപി വിജയം നേടിയതോടെ മോദിയെ പുലിയെന്നും ഷായെ തന്ത്രങ്ങളുടെ അവസാനവാക്കെന്നുമാണ് ഇപ്പോള്‍ മാധ്യമ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ 2009ല്‍ ഇവരുടെ വിലയിരുത്തല്‍ ഇതിന് കടകവിരുദ്ധമായിരുന്നു എന്ന് കാണാം. ഈ രണ്ട് തിരഞ്ഞെടുപ്പ് വിലയിരുത്തലുകളും കാണുമ്പോള്‍ കൂടുതല്‍ വിമര്‍ശനാത്മകമായ അവലോകനങ്ങള്‍ നിരീക്ഷകര്‍ നടത്തണമെന്നാണ് സാധാരണക്കാര്‍ക്ക് തോന്നുക. പക്ഷെ അവര്‍ ഇപ്പോഴും വിശ്വസിക്കുന്നത് സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കള്‍ മോദിയും ഷായുമാണെന്നാണ്.

രാഹുല്‍ ഗാന്ധിയെന്ന യുവാവ് കോണ്‍ഗ്രസിനെ എവിടെയും എത്തിക്കുമെന്ന് ആ പാര്‍ട്ടിയില്‍ അന്ധമായി വിശ്വസിക്കുന്നവര്‍ പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മൂല്യച്യുതിക്ക് കാരണം ഇന്ദിരാ ഗാന്ധിയാണെന്ന കാര്യത്തിലും ഈ ആരാധകര്‍ക്ക് തര്‍ക്കമുണ്ടാവില്ല.

പുലികളെ കുറിച്ചുള്ള ചര്‍ച്ചയിലേക്ക് മടങ്ങിവരുമ്പോള്‍ 2009 ലെ ദേശീയ തിരഞ്ഞെടുപ്പ് ഫലങ്ങളും അതിന് അനുബന്ധമായി വന്ന മാധ്യമ വിശകലനങ്ങളുമാണ് ഓര്‍മ്മയില്‍ എത്തുക.

2009ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല ആന്ധ്രപ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ് (ജെഎംഎമ്മിന് ഒപ്പം), മഹാരാഷ്ട്ര (എന്‍സിപിക്ക് ഒപ്പം) ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് (യുപിഎ) സമ്പൂര്‍ണ തേരോട്ടമായിരുന്നു. ഒഢീഷയില്‍ നവീന്‍ പട്‌നായികിന്റെ മുന്നില്‍ ഒഴികെ. സമയത്തിന്റെ വൃത്തം കൂടുതല്‍ വലുതാക്കിയാല്‍ അസമിലും കേരളത്തിലും പശ്ചിമ ബംഗാളിലും (തീര്‍ച്ചയായും തൃണമൂലിനൊപ്പം) അവര്‍ വിജയപതാക പാറിച്ചു. ബിഹാര്‍, യുപി തുടങ്ങിയ ചിലയിടങ്ങളില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടിവരികയും ചെയ്തു (രണ്ടാം യുപിഎ സര്‍ക്കാരിന്റെ തുടക്ക കാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്). പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും ജാര്‍ഖണ്ഡില്‍ ജെഎംഎമ്മുമായും സഖ്യത്തിലേര്‍പ്പെടാനും മഹാരാഷ്ട്രയില്‍ എന്‍സിപിയുമായുള്ള സംഖ്യം നിലനിറുത്താനും കോണ്‍ഗ്രസ് നേതൃത്വം കാണിച്ച സൂക്ഷ്മത ഇവിടെ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുകയും ചെയ്യുന്നു.

ഇനി 2014 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കാം. ലോക്‌സഭ തിരഞ്ഞെടുപ്പിലും സീമാന്ധ്രയിലെ (ടിഡിപിയോടൊപ്പം) നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി പ്രശംസനീയമായ വിജയം നേടി. എന്നാല്‍ മോദി തരംഗം നിലനിന്നപ്പോഴും ഒഢീഷ നിയമസഭ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു. പിന്നീട് ഹരിയാന, ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അവര്‍ വിജയിച്ചു. ഏറെക്കാലം നീണ്ടുനിന്ന ശിവസേനയുമായുള്ള ബാന്ധവം വിച്ഛേദിച്ച അവര്‍ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം നേടുകയും പിന്നീട് അവരുമായി തന്നെ പരിഹാസ്യമായ സൗഹൃദം പുന:സ്ഥാപിക്കുകയും ചെയ്തു. ജമ്മുകാശ്മീരില്‍ 44 ലോ അതിലധികമോ സീറ്റുകള്‍ സ്വന്തമാക്കുമെന്ന തന്ത്രിവാദം അമ്പെ പൊട്ടി. അവിടെ ചില അവിഹിത കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി ഭരണത്തിലേറാന്‍ പറ്റുമോ എന്ന തന്ത്രപരമായ ആലോചനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഇപ്പോള്‍ ഡല്‍ഹിയാണ് മുന്നില്‍. അഭിപ്രായ വോട്ടെടുപ്പുകള്‍ വിശ്വസിക്കാമെങ്കില്‍ കനത്ത പരാജയമാണ് നേതാവിനെയും അദ്ദേഹത്തിന്റെ തന്ത്രമുഖ്യനെയും കാത്തിരിക്കുന്നത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൊത്തമുള്ള ഏഴ് സീറ്റും ജയിച്ച ശേഷം ഡല്‍ഹി നിയമസഭയിലേക്ക് ഉടനടി തിരഞ്ഞെടുപ്പ് നടത്താതിരിക്കുക എന്ന അത്യപൂര്‍വ തന്ത്രം പയറ്റിയ പ്രതിഭകളാണിവര്‍. തിരുവന്തപുരം ജില്ലയിലെ പൂച്ചാക്കല്‍ പഞ്ചായത്തിലെ ഒരു സാധാരണ ബിജെപി പഞ്ചായത്ത് മെമ്പര്‍ പോലും ഡല്‍ഹിയില്‍ ഈ ഒമ്പത് മാസം കഴിഞ്ഞ് നടക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് അത്ഭുതം കൂറും. അത്ര തന്ത്രപരമായിരുന്നു തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം വിജയ് ഗോയലില്‍ നിന്നും ഹര്‍ഷ വര്‍ദ്ധനിലേക്കും പിന്നെ സതീഷ് ഉപാധ്യയായിലേക്കും അതിന് ശേഷം കിരണ്‍ ബേദിയിലേക്കും വന്ന തമാശകള്‍ വേറെയും.

അപ്പോള്‍ 2004 മുതല്‍ 2014 വരെ വിജയകരമായി തേരോടിച്ച സോണിയ ഗാന്ധി – മന്‍മോഹന്‍ സിംഗ് കൂട്ടുകെട്ടിനെ കുറിച്ചും നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മോദി – ഷാ ഭരണം ഇത്ര നാളെ കഴിഞ്ഞിട്ടുള്ളൂ എന്നു കൂടി ആലോചിക്കുമ്പോള്‍. അവിടെയാണ് ആരാണ് പുലിയെന്നും ആരാണ് തന്ത്രമുഖ്യനെന്നും തിരിച്ചറിയേണ്ടി വരിക. ആ തിരിച്ചറിവ് ഒരിക്കലും പുറത്ത് നിന്നും വരില്ല. പ്രതിപക്ഷമോ, കോണ്‍ഗ്രസ് പാര്‍ട്ടിയോ എഎപിയോ മാധ്യമങ്ങളോ അത് പറഞ്ഞു തരില്ല. മറിച്ച് തിരിച്ചറിവുകള്‍ വരുന്നത് ഉള്ളില്‍ നിന്ന് തന്നെയായിരിക്കും. കൊട്ടാരവിപ്ലവങ്ങളാണ് ജനകീയരോഷങ്ങളെക്കാള്‍ ഭരണമാറ്റങ്ങള്‍ക്ക് കൊടിപിടിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍